പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടഞ്ഞു; വിദ്യാര്‍ഥിനിയുടെ ബാഗില്‍ മലമ്പാമ്പ്

പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടഞ്ഞു; വിദ്യാര്‍ഥിനിയുടെ ബാഗില്‍ മലമ്പാമ്പ്

തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ കുഞ്ഞു മലമ്പാമ്പിനെ കണ്ടെത്തി. ചേലക്കര എല്‍എഫ് കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയന്നൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്‌കൂളിലെത്തി ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടയുകയും കുട്ടി കൈ വലിക്കുകയുമായിരുന്നു. സഹപാഠി ബാഗിന്റെ സിബ്ബ് അടച്ചതോടെ പാമ്പ് ബാഗില്‍ത്തന്നെ കുടുങ്ങിക്കിടന്നു. പിന്നീട് അധ്യാപകരെത്തി സ്‌കൂളിനു പുറത്തെത്തിച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് മലമ്പാമ്പിനെ കണ്ടത്. വിദ്യാര്‍ഥിനിയുടെ വീട് പാടത്തോടു ചേര്‍ന്നാണ്. ഇവിടെ നിന്ന് പാമ്പ് വീട്ടില്‍ കയറിയതാകാമെന്നും വിദ്യാര്‍ഥികള്‍ ബാഗും ചെരുപ്പുമെല്ലാം നന്നായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും അധ്യാപകര്‍ നിര്‍ദേശിച്ചു.

‘സാന്‍ ഫെര്‍ണാണ്ടോ’ നാളെ എത്തും; വിഴിഞ്ഞം ട്രയല്‍ 12ന് തുടങ്ങും, കമ്മിഷനിങ് സെപ്റ്റംബറില്‍

‘സാന്‍ ഫെര്‍ണാണ്ടോ’ നാളെ എത്തും; വിഴിഞ്ഞം ട്രയല്‍ 12ന് തുടങ്ങും, കമ്മിഷനിങ് സെപ്റ്റംബറില്‍

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതായും ട്രയല്‍ ഓപ്പറേഷന്‍ 12ന് ആരംഭിക്കുമെന്നും തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. ജൂലായ് 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ ആദ്യത്തെ കണ്ടെയ്‌നര്‍ കപ്പല്‍ ‘സാന്‍ ഫെര്‍ണാണ്ടോ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോണോവാല്‍ മുഖ്യാതിഥിയാവും.

അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷന്‍, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബര്‍-ഒക്ടോബര്‍ മാസത്തില്‍ കമ്മീഷന്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡില്‍ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖല നിക്ഷേപമാണ്. ആദ്യ കണ്ടയിനര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോ ജൂലൈ 11ന് വിഴിഞ്ഞത്ത് എത്തിച്ചേരും.

ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നര്‍ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്ന തുറമുഖമാണ്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതല്‍ 9000 ടിഇയു വരെ ശേഷിയുള്ള സാന്‍ ഫെര്‍ണാണ്ടോ കപ്പലില്‍ നിന്നുള്ള 2000 കണ്ടെയ്‌നറുകള്‍ ട്രയല്‍ ഓപ്പറേഷന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്‌നറുകളുടെ നീക്കങ്ങള്‍ക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പല്‍ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടര്‍ച്ചയായി വാണിജ്യ കപ്പലുകള്‍, കണ്ടെയ്‌നര്‍ കപ്പലുകള്‍ എന്നിവ എത്തിച്ചേരും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന നിലയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ട്രയല്‍ ഓപ്പറേഷന്‍ രണ്ടു മുതല്‍ മൂന്നു മാസം വരെ തുടരും. ട്രയല്‍ ഓപ്പറേഷന്‍ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയല്‍ പ്രവര്‍ത്തനം തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഏകദേശം 400 മീറ്റര്‍ നീളമുള്ള വലിയ കണ്ടെയ്‌നര്‍ കപ്പല്‍ തുറമുഖത്തേക്ക് എത്തും. തുടര്‍ന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുന്‍നിര ഷിപ്പിങ് കമ്പനികള്‍ തുറമുഖത്ത് എത്തും. വലിയകപ്പലുകള്‍ തുറമുഖത്ത് കണ്ടയര്‍ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്‌നറുകള്‍ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാന്‍സ്ഷിപ്‌മെന്റ് പൂര്‍ണതോതില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചതായും 2960 മീറ്റര്‍ പുലിമുട്ട്, 800 മീറ്റര്‍ കണ്ടെയ്‌നര്‍ ബര്‍ത്ത്, 600 മീറ്റര്‍ അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. സംരക്ഷണ ഭിത്തി നിര്‍മാണം, റോഡ് കണക്ടിവിറ്റിയുടെ ബാക്കി ജോലികള്‍ എന്നിവ പുരോഗമിക്കുകയാണ്. തുറമുഖ പ്രവര്‍ത്തനത്തിന് ആവശ്യമായ 32 ക്രെയിനുകളില്‍ 31 എണ്ണവും പ്രവര്‍ത്തന സജ്ജമായി. നാല് ടഗ്ഗുകള്‍ കമ്മീഷന്‍ ചെയ്തു. പൈലറ്റ് കം പട്രോള്‍ ബോട്ട്, നാവിഗേഷന്‍ എയ്ഡ്, പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിങ്, 220 കെ വി സബ് സ്‌റ്റേഷന്‍, 33 കെ വി പോര്‍ട്ട് സബ് സ്‌റ്റേഷന്‍, ചുറ്റുമതില്‍, കണ്ടെയ്‌നര്‍ ബാക്കപ്പ് യാര്‍ഡ് എന്നിവയും പ്രവര്‍ത്തന സജ്ജമായി.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ കെ രാജന്‍, കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, സജി ചെറിയാന്‍, ജി ആര്‍ അനില്‍, ശശി തരൂര്‍ എംപി, മേയര്‍ ആര്യാ രാജേന്ദ്രന്‍, എം വിന്‍സെന്റ് എംഎല്‍എ, അദാനി പോര്‍ട്ട് സി ഇ ഒ കരണ്‍ അദാനി, വിശിഷ്ടവ്യക്തികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ട്രയല്‍ റണ്‍ എന്തിന്

വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ പ്രവര്‍ത്തനത്തിന് ഉയര്‍ന്ന കൃത്യതയും പ്രവര്‍ത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. ഡ്വെല്‍ ടൈംസ്, വെസല്‍ ടേണ്‍റൗണ്ട്, ബെര്‍ത്ത് പ്രൊഡക്ടിവിറ്റി, വെഹിക്കിള്‍ സര്‍വീസ് ടൈം, ഷിപ്പ് ഹാന്‍ഡ്‌ലിംഗ് പ്രൊഡക്ടിവിറ്റി, ക്രെയിന്‍ പ്രൊഡക്ടിവിറ്റി തുടങ്ങിയ പ്രധാന പാരാമീറ്ററുകളില്‍ ആഗോള നിലവാരം ഉണ്ടായിരിക്കേണ്ടത് തുറമുഖ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനും പ്രധാന പ്രവര്‍ത്തനവൈദഗ്ധ്യം തെളിയിക്കുന്നതിനും ഡമ്മി കണ്ടെയ്‌നറുകള്‍ ഘടിപ്പിച്ച ബാര്‍ജുകള്‍ മതിയാകില്ല. യഥാര്‍ത്ഥ കണ്ടെയ്‌നറുകള്‍ (ചരക്കുകള്‍ നിറച്ച കണ്ടെയ്‌നര്‍) വിന്യസിക്കുന്ന ട്രയല്‍ റണ്‍ നടത്തി വിജയിക്കണം. അതിനുവേണ്ടിയാണ് കമ്മീഷനിങ്ങിന് മുമ്പ് ട്രയല്‍ റണ്‍ നടത്തുന്നത്.

ലഹരിവിരുദ്ധ സെമിനാറും ബോധവൽക്കരണ പഠന ക്ലാസും സംഘടിക്കുന്നു; ഉദ്ഘാടനം കിരൺ നാരായൺ ഐ പി എസ്

ലഹരിവിരുദ്ധ സെമിനാറും ബോധവൽക്കരണ പഠന ക്ലാസും സംഘടിക്കുന്നു; ഉദ്ഘാടനം കിരൺ നാരായൺ ഐ പി എസ്

ലഹരിവിരുദ്ധ സെമിനാറും ബോധവൽക്കരണ പഠന ക്ലാസും സംഘടിക്കുന്നു.
എസ് സി, എസ് ടി ആറ്റിങ്ങൽ മോണിറ്ററിംഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ 3, 4, 5 വാർഡുകൾ കേന്ദ്രീകരിച്ചാണ് ലഹരിവിരുദ്ധ സെമിനാറും ബോധവൽക്കരണ പഠന ക്ലാസും സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം റൂറൽ എസ് പി കിരൺ നാരായൺ ഐ പി എസ്, നാളെ ഉച്ചയ്ക്ക് 2 മണിയ്ക്ക് കിഴുവിലം ജി വി ആർ എം യു പി സ്കൂളിൽ പരിപാടി ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ ഡി വൈ എസ് പി എസ്. മഞ്ജു ലാൽ അധ്യക്ഷനാകും.

പ്രോഗ്രാം കൺവീനർ ശാന്തശീലൻ കാട്ടുംപുറം, എക്‌സസൈസ് ഇൻസ്പെക്ടർ രാധാകൃഷണൻ പിള്ള, ആറ്റിങ്ങൽ എസ് എച്ച്‌ജ് ഒ വി. ജയകുമാർ, ചിറയിൻകീഴ് ബ്ലോക്ക് മെമ്പർ എ.എസ് ശ്രീകണ്ഠൻ, എസ് സി, എസ് ടി മോണിറ്ററിംഗ്‌ കമ്മിറ്റി കൺവീനർ ബാലകൃഷ്ണ‌ൻ, കിഴുവിലം ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് മെമ്പർ വിനീത, 4 -ാം വാർഡ് മെമ്പർ ജയന്തികൃഷ്ണ‌, 5 -ാം വാർഡ് മെമ്പർ പ്രസന്ന, ജി വി ആർ എം യു പി എസ്
ഹെഡ്മിസ്ട്രസ് ശ്രീജ.ഐ.പി, ജില്ലാ മോണിറ്ററിംഗ്‌ കമ്മിറ്റി മെമ്പർ കെ.പി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.

കെ എസ് പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം എ സനേഷിന്

കെ എസ് പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം എ സനേഷിന്

തൃശൂര്‍: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍കുമാറിന്റെ സ്മരണയ്ക്കായി തൃശ്ശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രഫി അവാര്‍ഡ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ എ സനേഷിന്. സനേഷിന്റെ ‘സീക്കിങ് സോലേസ് ഇന്‍ സോളിറ്റിയൂഡ്’ എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്. 15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്തിമോപചാരച്ചടങ്ങില്‍ ഭാര്യ മറിയാമ്മയുടെ ദൃശ്യമാണ് സനേഷിന് അവാര്‍ഡ് നേടി കൊടുത്തത്. 40ലേറെ എന്‍ട്രികളില്‍നിന്നാണ് ചിത്രം തെരഞ്ഞെടുത്തത്. പി മുസ്തഫ, വി എസ് ഷൈന്‍, എന്‍ പത്മനാഭന്‍ എന്നിവരടങ്ങിയ ജൂറിയാണ് ചിത്രം വിധിനിര്‍ണ്ണയിച്ചത്.

കേരളമീഡിയ അക്കാദമിയും തൃശ്ശൂര്‍ പ്രസ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സാഹിത്യ അക്കാദമിയില്‍ ജൂലായ് 12ന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ രാജന്‍ അവാര്‍ഡ് സമ്മാനിക്കും.

സ്വർണവിലയിൽ മാറ്റമില്ല; 54,000ൽ താഴെ തന്നെ

സ്വർണവിലയിൽ മാറ്റമില്ല; 54,000ൽ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.53,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 6710 രൂപ നൽകണം.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില കഴിഞ്ഞ രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. മെയ് മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു.

പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

ഒഴുക്കിൽപ്പെട്ട യുവതിയുടെ നിലവിളി; ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമിക്കുന്ന യുവാവ് രക്ഷകനായി

ഒഴുക്കിൽപ്പെട്ട യുവതിയുടെ നിലവിളി; ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമിക്കുന്ന യുവാവ് രക്ഷകനായി

പത്തനംതിട്ട: ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തി വിശ്രമിക്കുന്നതിനിടെ മറ്റൊരു ജീവൻ രക്ഷിക്കാനുള്ള നിയോ​ഗം രഞ്ജിത്തിനെ തേടിയെത്തി. പമ്പയുടെ ആഴങ്ങളിൽനിന്ന് മാലക്കര വടക്കുംമൂട്ടിൽ രഞ്ജിത് ആർ മോഹൻ (40) കൈ പിടിച്ചുയർത്തിയത് ഒരു യുവതിയുടെ ജീവനാണ്. ‌

ആറന്മുള കോയിപ്രം നെല്ലിക്കൽ വെളുത്തേടത്തുകടവിൽ ഇന്നലെ രാവിലെയാണ് കാൽവഴുതി വീണ യുവതി ഒഴുക്കിൽപെട്ടത്. 50 മീറ്ററോളം ഒഴുകിയ ശേഷം നദിയോരത്തെ വള്ളിയിൽ പിടിത്തം കിട്ടി. നദിയുടെ മറുകരയിലുള്ള വീടിനു പുറത്തു നിൽക്കുമ്പോഴാണ് യുവതിയുടെ നിലവിളി രഞ്ജിത് കേൾക്കുന്നത്.

യുവതിയോട് വള്ളിയിൽനിന്ന് പിടിവിടല്ലെന്നു പറഞ്ഞ ശേഷം രഞ്ജിത് 2 സുഹ‍ൃത്തുക്കളുമൊത്ത് ബൈക്കിൽ 3 കിലോമീറ്റർ ചുറ്റി അക്കരെ കടവിലെത്തി. അടുത്ത് വീടുകളൊന്നും ഇല്ലാതിരുന്നതിനാൽ യുവതിയുടെ നിലവിളി ആർക്കും കേൾക്കാനും കഴിഞ്ഞില്ല. യുവതിയുടെ ബക്കറ്റും ചെരിപ്പും കണ്ടതോടെ അടുത്താണെന്നുറപ്പിച്ച് കരയിലൂടെ നടന്നു. യുവതിയെ കണ്ടെത്തിയ രഞ്ജിത് ‘ഞങ്ങളുടെ ജീവൻ കൊടുത്തും നിന്നെ രക്ഷിക്കും’ എന്നു പറഞ്ഞ് പുഴയിലിറങ്ങി നിലയില്ലാത്ത വെള്ളത്തിൽ നിന്ന് വലിച്ച് കരയ്ക്കടുപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളായ ഉണ്ണിയും വിജയനും ചേർന്നു യുവതിയെ കരയ്ക്കുകയറ്റി. ഉടൻ ആശുപത്രിയിലെത്തിച്ചു.

3 മാസം മുൻപാണ് രഞ്ജിത്തിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് മൂന്ന് മാസം മുൻപ് ചികിത്സയുടെ ഭാ​ഗമായി ആൻജിയോപ്ലാസ്റ്റി ചെയ്ത് വിശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ജീവൻ രക്ഷിക്കാനുള്ള നിയോ​ഗം രഞ്ജിത്തിനെ തേടിയെത്തിയത്. വിശ്രമത്തിലായതിനാൽ നല്ല ഒഴുക്കുള്ള സമയത്ത് 100 മീറ്ററോളം ദൂരം പുഴയ്ക്കു കുറുകെ നീന്താൻ സാധിക്കില്ലെന്നു തോന്നി. അതിനാലാണ് ബൈക്കിൽ പോയതെന്ന് രഞ്ജിത് പറഞ്ഞു.