ഒഴുക്കിൽപ്പെട്ട യുവതിയുടെ നിലവിളി; ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമിക്കുന്ന യുവാവ് രക്ഷകനായി

ഒഴുക്കിൽപ്പെട്ട യുവതിയുടെ നിലവിളി; ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമിക്കുന്ന യുവാവ് രക്ഷകനായി

പത്തനംതിട്ട: ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തി വിശ്രമിക്കുന്നതിനിടെ മറ്റൊരു ജീവൻ രക്ഷിക്കാനുള്ള നിയോ​ഗം രഞ്ജിത്തിനെ തേടിയെത്തി. പമ്പയുടെ ആഴങ്ങളിൽനിന്ന് മാലക്കര വടക്കുംമൂട്ടിൽ രഞ്ജിത് ആർ മോഹൻ (40) കൈ പിടിച്ചുയർത്തിയത് ഒരു യുവതിയുടെ ജീവനാണ്. ‌

ആറന്മുള കോയിപ്രം നെല്ലിക്കൽ വെളുത്തേടത്തുകടവിൽ ഇന്നലെ രാവിലെയാണ് കാൽവഴുതി വീണ യുവതി ഒഴുക്കിൽപെട്ടത്. 50 മീറ്ററോളം ഒഴുകിയ ശേഷം നദിയോരത്തെ വള്ളിയിൽ പിടിത്തം കിട്ടി. നദിയുടെ മറുകരയിലുള്ള വീടിനു പുറത്തു നിൽക്കുമ്പോഴാണ് യുവതിയുടെ നിലവിളി രഞ്ജിത് കേൾക്കുന്നത്.

യുവതിയോട് വള്ളിയിൽനിന്ന് പിടിവിടല്ലെന്നു പറഞ്ഞ ശേഷം രഞ്ജിത് 2 സുഹ‍ൃത്തുക്കളുമൊത്ത് ബൈക്കിൽ 3 കിലോമീറ്റർ ചുറ്റി അക്കരെ കടവിലെത്തി. അടുത്ത് വീടുകളൊന്നും ഇല്ലാതിരുന്നതിനാൽ യുവതിയുടെ നിലവിളി ആർക്കും കേൾക്കാനും കഴിഞ്ഞില്ല. യുവതിയുടെ ബക്കറ്റും ചെരിപ്പും കണ്ടതോടെ അടുത്താണെന്നുറപ്പിച്ച് കരയിലൂടെ നടന്നു. യുവതിയെ കണ്ടെത്തിയ രഞ്ജിത് ‘ഞങ്ങളുടെ ജീവൻ കൊടുത്തും നിന്നെ രക്ഷിക്കും’ എന്നു പറഞ്ഞ് പുഴയിലിറങ്ങി നിലയില്ലാത്ത വെള്ളത്തിൽ നിന്ന് വലിച്ച് കരയ്ക്കടുപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളായ ഉണ്ണിയും വിജയനും ചേർന്നു യുവതിയെ കരയ്ക്കുകയറ്റി. ഉടൻ ആശുപത്രിയിലെത്തിച്ചു.

3 മാസം മുൻപാണ് രഞ്ജിത്തിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് മൂന്ന് മാസം മുൻപ് ചികിത്സയുടെ ഭാ​ഗമായി ആൻജിയോപ്ലാസ്റ്റി ചെയ്ത് വിശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ജീവൻ രക്ഷിക്കാനുള്ള നിയോ​ഗം രഞ്ജിത്തിനെ തേടിയെത്തിയത്. വിശ്രമത്തിലായതിനാൽ നല്ല ഒഴുക്കുള്ള സമയത്ത് 100 മീറ്ററോളം ദൂരം പുഴയ്ക്കു കുറുകെ നീന്താൻ സാധിക്കില്ലെന്നു തോന്നി. അതിനാലാണ് ബൈക്കിൽ പോയതെന്ന് രഞ്ജിത് പറഞ്ഞു.

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പൊലീസിനെതിരെ പരാതി നല്‍കാം

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പൊലീസിനെതിരെ പരാതി നല്‍കാം

മലപ്പുറം: പൊലീസിന്റെ പെരുമാറ്റത്തില്‍ പരാതിയുണ്ടെങ്കില്‍ ഓണ്‍ലൈനായി പരാതി നല്‍കാം. മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ ഈ സംവിധാനം നിലവില്‍വരും. സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസുകാരുടെ പെരുമാറ്റത്തില്‍ പരാതികളുണ്ടെങ്കില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത ശേഷം ഓണ്‍ലൈനായി പരാതി നല്‍കാന്‍ കഴിയുക.

പരാതി സ്വീകരിക്കാന്‍ തയാറാകുന്നില്ലെങ്കിലും ഓണ്‍ലൈനില്‍ പരാതി നല്‍കാം. സംസ്ഥാന വ്യാപകമായി വരുന്ന പദ്ധതി ആദ്യം നടപ്പിലാക്കുന്നത് മലപ്പുറം ജില്ലയിലെ പൊലീസ്സ്റ്റേഷനുകളിലും തൃശ്ശൂര്‍ സിറ്റിയിലുമാണ്. മലപ്പുറത്തെ പൊലീസ്സ്റ്റേഷനുകളില്‍ ക്യുആര്‍ കോഡ് പതിച്ചു. പൊലീസ്സ്റ്റേഷനില്‍നിന്ന് ദുരനുഭവം നേരിട്ടാല്‍ എളുപ്പത്തിലും വേഗത്തിലും സ്റ്റേഷനില്‍നിന്നുതന്നെ പരാതിപ്പെടാം. ഇങ്ങനെ നല്‍കുന്ന പരാതികള്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലാണ് ലഭിക്കുക. പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സഹായകമാകുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ പറഞ്ഞു.

മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു; രക്ഷയ്‌ക്കെത്തി അമ്മയാന

മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു; രക്ഷയ്‌ക്കെത്തി അമ്മയാന

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിച്ച് അമ്മയാന. കിണറിന്റെ തിണ്ട് ഇടിച്ച് മുകളിലേക്ക് കയറാന്‍ വഴിയൊരുക്കിയാണ്് കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയാനയെയും കൊണ്ട് കാട്ടാനക്കൂട്ടം കാടുകയറി.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സാജുവിന്റെ കിണറ്റിലാണ് കുട്ടിയാന വീണത്. കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ നോക്കുമ്പോഴാണ് കുട്ടിയാന കിണറ്റില്‍ വീണത് അറിയുന്നത്. തൊട്ടടുത്ത് തന്നെ അമ്മയാന നിലയുറപ്പിച്ചിരുന്നു. ഇതിന് പുറമേ കുറച്ച് അകലെയായി കാട്ടാനക്കൂട്ടവും തമ്പടിച്ചിരുന്നു. കുട്ടിയാന കിണറ്റില്‍ വീണത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയെങ്കിലും കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നതിനാല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചില്ല. തുടക്കത്തില്‍ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തിയത്. പടക്കം പൊട്ടിച്ചും മറ്റും കാട്ടാനക്കൂട്ടത്തെ തുരത്താനാണ് ശ്രമിച്ചത്. അതിനിടെയാണ് കുട്ടിയാനയെ അമ്മയാന രക്ഷിച്ചത്.

കിണറിന്റെ തിണ്ട് ഇടിച്ച് മണ്ണ് താഴേയ്ക്ക് ഇട്ടാണ് അമ്മയാന കുട്ടിയാനയെ രക്ഷിച്ചത്. തുടര്‍ന്ന് മുകളിലേക്ക് കയറി വന്ന കുട്ടിയാനയ്‌ക്കൊപ്പം ആനക്കൂട്ടം കാടുകയറി. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. കാട്ടാനശല്യം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാരുടെ ഇടയില്‍ പ്രതിഷേധം ശക്തമാണ്.

കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; വന്‍ദുരന്തം ഒഴിവായി

കൊച്ചി: കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുന്നതിനിടെ, തേവര എസ്എച്ച് സ്‌കൂളിലെ ബസാണ് കത്തിയത്. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ഇന്ന് രാവിലെയാണ് സംഭവം. കുണ്ടന്നൂരില്‍ നിന്ന് തേവര ഭാഗത്തേയ്ക്ക് തിരിയുന്ന ഭാഗത്ത് വച്ചാണ് ബസിന് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു. വഴിയേപോയ കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചു. അഗ്നിശമന സേന എത്തി തീ പൂര്‍ണമായി അണച്ചു. ബസിന്റെ മുന്‍ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. മിനി ബസിന് തീപിടിക്കാനുള്ള കാരണം സംബന്ധിച്ച് ഫയര്‍ഫോഴ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വലിയ തിരക്കുള്ള ഭാഗത്ത് വച്ചാണ് ബസിന് തീപിടിച്ചത്.

സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ

സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരംവരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

അതിനിടെ, കേരള തീരത്തും തമിഴ്നാട് തീരത്തും വ്യാഴാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭാര്യ; കുളത്തില്‍ ചാടി ആത്മഹത്യാശ്രമം

ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭാര്യ; കുളത്തില്‍ ചാടി ആത്മഹത്യാശ്രമം

കൊല്ലം:ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം. കുമ്മിള്‍ സ്വദേശി രാമചന്ദ്രനാണ് വെട്ടേറ്റത്. ഭാര്യ ഷീലയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മദ്യപിച്ച് രാമചന്ദ്രന്‍ വീട്ടിലെത്തി വഴക്കിടുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. എട്ടുമാസം മുന്‍പ് രാമചന്ദ്രനെ ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിക്കുകയും മദ്യപാനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരാഴ്ച മുന്‍പ് രാമചന്ദ്രന്‍ വീണ്ടും മദ്യപാനം തുടങ്ങുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് മകളെ മര്‍ദിക്കാനെത്തിയ രാമചന്ദ്രനെ ഭാര്യ ഷീല തടഞ്ഞിരുന്നു. ഇന്ന് കൊടുവാളുമായി എത്തിയ രാമചന്ദ്രന്‍ ഗീതയെ വെട്ടാന്‍ ശ്രമിച്ചു. കൊടുവാള്‍ പിടിച്ചുവാങ്ങിയ ഭാര്യ രാമചന്ദ്രന്റെ മുഖത്തും കൈയിലും കഴുത്തിലും വെട്ടുകയായിരുന്നു.അതിന് ശേഷം ഷീല കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു കടയ്ക്കല്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് യുവതിയെ രക്ഷിച്ചത്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും വിദ്ഗധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.