by Midhun HP News | Jun 27, 2026 | Latest News, കേരളം
തൃശൂര്‍: വാല്‍പാറയില്‍ കരടിയുടെ ആക്രമണത്തില്‍ തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഉത്തരേന്ത്യന്‍ തൊഴിലാളിയായ ദില്‍വാര്‍ അലിക്കാണ് പരിക്കേറ്റത്. അപ്പര്‍ പരലൈ എസ്റ്റേറ്റില്‍ തേയിലച്ചെടികള്‍ക്ക് മരുന്ന് തളിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഈ സമയം അഞ്ച് തൊഴിലാളികളാണ് ജോലിയില്‍ ഉണ്ടായിരുന്നത്.
തോട്ടത്തില്‍ ഒളിച്ചിരുന്ന കരടി ദില്‍വാര്‍ അലിയെ ആക്രമിക്കുകയായിരുന്നു. തലയില്‍ പരിക്കേറ്റ് തൊഴിലാളിയുടെ നിലവിളി കേട്ട് ഒപ്പമുണ്ടായിരുന്നവര്‍ ബഹളംവെച്ച് കരടിയെ വനമേഖലയിലേക്ക് ഓടിച്ചുവിട്ടു. പരിക്കേറ്റ ദില്‍വാര്‍ അലിയെ ആദ്യം വാല്‍പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആനമല കടുവ സങ്കേതത്തിന്റെ ഭാഗമായ വാല്‍പാറയില്‍ കരടി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം അടുത്തിടെ വര്‍ധിച്ചതായി വനംവകുപ്പ് അറിയിച്ചു. വാട്ടര്‍ഫോള്‍, കവര്‍കല്‍, റോട്ടിക്കട, അയ്യര്‍പാടി തുടങ്ങിയ മേഖലകളില്‍ കരടികളുടെ സാന്നിധ്യം കൂടുതലായതിനാല്‍ തേയിലത്തോട്ട തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കരടി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.
by Midhun HP News | Jun 27, 2026 | Latest News, കേരളം
തിരുവനന്തപുരം: എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ എട്ടു കോച്ചുകളാണ് ഉള്ളത്. 16 കോച്ചുള്ള പുതിയ ട്രെയിന്‍ മിക്കവാറും അടുത്ത മാസം ആദ്യ പകുതിയില്‍ തന്നെ ഓടിത്തുടങ്ങും.
16 കോച്ചുള്ള ട്രെയിന്‍ ബംഗളൂരു ഡിവിഷന് ലഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം 530ല്‍ നിന്ന് 1128 ആവും. 598 സീറ്റുകള്‍ അധികം ലഭിക്കുന്നത് ജോലിക്കും പഠിക്കാനുമായി കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് പ്രയോജനകരമാകും.
ബംഗളൂരു- എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിന്‍ 2.20ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവില്‍ എത്തിച്ചേരും. ബുധനാഴ്ച സര്‍വീസില്ല.

by Midhun HP News | Jun 27, 2026 | Latest News, കേരളം
കൊച്ചി: കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’യിലെ സ്വര്‍ണത്തിന്റെ ഗുണനിലവാരവും മാറ്റും പരിശോധിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന് ഹൈക്കോടതി നിര്‍ദേശം.
സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ, ജസ്റ്റിസ് രാജ വിജയരാഘവന്‍ വി, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ക്ക് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഏഴരപ്പൊന്നാനയുടെ സ്വര്‍ണപ്പാളികള്‍ അടുത്തിടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും വിധേയമാക്കിയിരുന്നു എന്ന് കാണിച്ച് എ ജി പ്രസാദ് കുമാര്‍ എന്ന ഭക്തന്‍ ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോടതി ഇടപെടല്‍. അറ്റകുറ്റപ്പണികള്‍ക്കിടയിലും നവീകരണത്തിനിടയിലും യഥാര്‍ത്ഥ സ്വര്‍ണപ്പാളികള്‍ മാറ്റി പകരം ചെമ്പോ മറ്റ് വിലകുറഞ്ഞ ലോഹങ്ങളോ ചേര്‍ത്തുവെന്നാണ് ഇദ്ദേഹം ആരോപിച്ചത്. ഇതേത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയും ദേവസ്വം ബോര്‍ഡിനോട് റിപ്പോര്‍ട്ട് തേടുകയുമായിരുന്നു.
ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിന് മാത്രം പുറത്തെടുക്കുന്ന, ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും ഉള്‍പ്പെടുന്ന എട്ട് സ്വര്‍ണ്ണ ആനവിഗ്രഹങ്ങളാണ് ഏഴരപ്പൊന്നാന.
കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറും നല്‍കിയ റിപ്പോര്‍ട്ടുകള്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടുത്തിയിരുന്നു. പ്രസക്തമായ എല്ലാ രജിസ്റ്ററുകളും പരിശോധിച്ച് ക്രോസ്-വെരിഫിക്കേഷന്‍ നടത്തിയതായും, ഏഴരപ്പൊന്നാനയില്‍ യാതൊരുവിധ അറ്റകുറ്റപ്പണികളും ക്രമക്കേടുകളും നടന്നതായോ ഉള്ള രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെയും കണ്ടെത്തലുകളെ അവിശ്വസിക്കേണ്ടതില്ലെങ്കിലും, ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന്റെ സ്വതന്ത്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും പരിശോധിച്ച്, ആരോപണങ്ങളിന്മേലുള്ള കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
അന്വേഷണ വേളയില്‍, സ്വര്‍ണത്തിന്റെ തൂക്കം, ഗുണനിലവാരം, മാറ്റ് എന്നിവ കൃത്യമായി പരിശോധിക്കുന്നതിനായി ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ ഒരു സ്വര്‍ണപ്പണിക്കാരന്റെ സേവനവും തേടേണ്ടതാണ്, കോടതി വ്യക്തമാക്കി. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈ 31-ലേക്ക് മാറ്റി.
by Midhun HP News | Jun 27, 2026 | Latest News, കേരളം
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ വയനാട്ടിലെ മലഞ്ചെരുവില്‍ കണ്ടെത്തി. ‘സര്‍വൈവല്‍ ത്രില്ലര്‍’ സിനിമയെ വെല്ലുന്ന ആസൂത്രണങ്ങളോടെയാണ് പത്താം ക്ലാസുകാരിയും പ്ലസ് ടു, പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ട് സുഹൃത്തുക്കളും ഈ യാത്ര നടത്തിയത്. നാടിനെയും പൊലീസിനെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവത്തിന്റെ പിന്നാമ്പുറ കഥ സിനിമാക്കഥയേക്കാള്‍ ഉദ്വേഗജനകമാണ്.
തുടക്കം ഇങ്ങനെ
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പത്താം ക്ലാസുകാരിയെ കാണാതാകുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നും പെണ്‍കുട്ടിയുടെ യൂണിഫോം കണ്ടെത്തി. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അവന്റെ സുഹൃത്തും രണ്ട് ഇരുചക്രവാഹനങ്ങളുമായി അപ്രത്യക്ഷമായ വിവരം ഇതിന് പിന്നാലെയാണ് പുറത്തറിയുന്നത്.
സിനിമയെ വെല്ലുന്ന ആസൂത്രണം
സിനിമയെ വെല്ലുന്ന ആസൂത്രണങ്ങളാണ് ഈ മൂവരും ചേര്‍ന്ന് നടത്തിയത്. ഈ ഒളിച്ചോട്ടത്തിന് പിന്നിലെ പ്രധാന വിവരങ്ങള്‍ ഇങ്ങനെയാണ്:
പണം കണ്ടെത്തല്‍: യാത്രയ്ക്കുള്ള പണത്തിനായി ഇവരില്‍ ഒരാളുടെ 18,000 രൂപ വിലവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ താമരശ്ശേരിയിലെ ഒരു കടയില്‍ 10,000 രൂപയ്ക്ക് വിറ്റു.
പോലീസിനെ വെട്ടിക്കല്‍: സൈബര്‍ സെല്ലിന്റെ അന്വേഷണം വഴിമുട്ടിക്കാനായി മറ്റ് രണ്ട് ഫോണുകളും ഇവര്‍ സ്വിച്ച് ഓഫ് ചെയ്തു.
താമസം: വനമേഖലയില്‍ തങ്ങുന്നതിനായി ടെന്റടിക്കാനുള്ള ടാര്‍പായ, അരി, ബ്രെഡ്, കത്തി, പാത്രങ്ങള്‍ എന്നിവ കരുതിയിരുന്നു.
നിര്‍ണായകമായത് ആ ഫോട്ടോ
സ്‌കൂളിന് സമീപം കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കണ്ട ഒരു റബ്ബര്‍ ടാപ്പിങ് തൊഴിലാളി എടുത്ത ഫോട്ടോയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ ചിത്രം സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചതോടെ മൂവരും ഒന്നിച്ചാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ ലക്കിടി ചുരം വഴി വയനാട്ടിലേക്ക് കടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.
നാടകീയമായ കണ്ടെത്തല്‍
വയനാട് വടുവന്‍ചാല്‍ ചിത്രഗിരി ഭാഗത്തുള്ള അഞ്ചേക്കര്‍ വരുന്ന കുന്നിന്‍ മുകളില്‍ ടെന്റടിച്ച് താമസിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ നാട്ടുകാര്‍ ആദ്യം പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. പോലീസും നാട്ടുകാരും എത്തിയെന്നറിഞ്ഞതോടെ മറ്റ് രണ്ട് പേര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്നു. ഒടുവില്‍ പാടിവയലിന് സമീപം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
വിദ്യാര്‍ഥികളെ മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു. നാടിനെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്.
by Midhun HP News | Jun 27, 2026 | Latest News, കേരളം
സ്വയംവര സിൽക്‌സിന്റെ വിവിധ ഷോറൂമുകളിലേക്കും കോർപ്പറേറ്റ് ഓഫീസിലേക്കും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സീനിയർ സെയിൽസ് ഗേൾസ്/മെൻ, സെയിൽസ് ഗേൾസ്/മെൻ, സെയിൽസ്/ഫ്ലോർ മാനേജർമാർ, സെയിൽസ് ട്രെയിനികൾ, കസ്റ്റമർ റിലേഷൻ/റിസപ്ഷനിസ്റ്റ്, അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, ബില്ലേഴ്സ്, ഫാഷൻ ഡിസൈനർമാർ, ഡ്രൈവർമാർ, കണ്ടന്റ് ക്രിയേറ്റർ, ഗ്രാഫിക് ഡിസൈനർ, വീഡിയോഗ്രാഫർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
കേരളത്തിലെ ഏത് ജില്ലയിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം.
ഫുൾടൈം, പാർട്ട് ടൈം അവസരങ്ങളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ESI, EPF, ഇൻസെന്റീവ്, ബോണസ്, താമസ-ഭക്ഷണ സൗകര്യം എന്നിവ ലഭിക്കും.
വാക്ക്-ഇൻ ഇന്റർവ്യൂ: ജൂൺ 27, 28, 29, 30 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ.
അഭിമുഖ വേദികൾ: സ്വയംവര സിൽക്‌സ്, എറണാകുളം, ആറ്റിങ്ങൽ, വർക്കല, പാരിപ്പള്ളി കോർപ്പറേറ്റ് ഓഫീസ്.
ഫോൺ: 9207265599
ഇ-മെയിൽ: careers@swayamvarasilks.comjb
by Midhun HP News | Jun 27, 2026 | Latest News, കേരളം
ആറ്റിങ്ങൽ: എൽ എം എസ് ജംഗ്ഷന് സമീപം ഷൈജീ നിവാസിൽ രവീന്ദ്രൻ നായരുടെ (എക്സ് ആർമി) ഭാര്യ തങ്കമണി (72) നിര്യാതയായി.
മകൾ: ഷൈജി മോൾ ആർ ടി
മരുമകൻ: ഉണ്ണികൃഷ്ണൻ (റിട്ടയേർഡ് സബ് ഇൻസ്പെക്ടർ)
Recent Comments