കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച തൃശൂർ സ്വദേശിക്കു വീടുവച്ചു നല്‍കുമെന്ന്സുരേഷ് ഗോപി

കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച തൃശൂർ സ്വദേശിക്കു വീടുവച്ചു നല്‍കുമെന്ന്സുരേഷ് ഗോപി

തൃശൂർ: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച തൃശൂർ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ (44) കുടുംബത്തിന് വീടുവച്ചു നല്‍കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോട് കേന്ദ്ര മന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കി.

ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താൽക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയത്. ഒരാഴ്ച മുൻപാണ് ബിനോയ് കുവൈത്തിലേക്ക് പോയത്. ഏറെക്കാലമായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന ബിനോയും കുടുംബവും അടുത്തിടെയാണ് താൽക്കാലിക ഷെഡ് നിർമിച്ച് അങ്ങോട്ടേക്കു മാറിയത്. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം വീട്ടിലെത്തിക്കുന്നതിനു മുൻപേ തെക്കന്‍ പാലയൂര്‍ കൊച്ചിപ്പാടത്തെ ബിനോയിയുടെ വീട്ടിലും മന്ത്രി എത്തിയിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് വില 53,200 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറിയിരുന്നു.

കരുണാകരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ച നടത്തി സുരേഷ് ഗോപി; ഇന്ദിര ഗാന്ധി ഭാരത മാതാവ്

കരുണാകരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ച നടത്തി സുരേഷ് ഗോപി; ഇന്ദിര ഗാന്ധി ഭാരത മാതാവ്

കെ കരുണാകന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ച നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗുരുത്വം നിർവഹിക്കാനാണ് എത്തിയത്. കേരളത്തിലെ കോൺഗ്രസിന്റെ പിതാവ് കരുണാകരൻ. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ എന്നും സുരേഷ് ഗോപി പറഞ്ഞു

ഇന്ദിരാ ഗാന്ധിയെയും സുരേഷ് ഗോപി പുകഴ്ത്തി. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരാ ഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റെ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു

ധീരനായ ഭരണകർത്താവ് എന്ന നിലയിൽ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്രമന്ത്രി പദവിയിൽ ഇരുന്ന് കൊണ്ട് ഗുരുത്വം നിർവഹിക്കാനാണ് എത്തിയത്. കെ മുരളീധരനോ മറ്റാർക്കെങ്കിലുമോ തടയാൻ ആകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

വിതുരയിൽ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

വിതുരയിൽ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

തിരുവനന്തപുരം വിതുരയിൽ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ആന്ധ്ര സ്വദേശിയെയും സുഹൃത്തിനെയും നാട്ടുകാർ പിടികൂടി വിതുര പൊലീസിൽ ഏൽപ്പിച്ചു. രാവിലെയോടെയാണ് സംഭവം. വിതുര തോട്ടുമുക്കിൽ 7 മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ സിറ്റ് ഔട്ടിന് സമീപം കളിച്ച് കൊണ്ട് ഇരുന്ന കുട്ടിയെ ആന്ധ്ര സ്വദേശിയും സുഹൃത്തും എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സൂര്യനെല്ലി പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസെടുത്തു

സൂര്യനെല്ലി പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസെടുത്തു

കൊച്ചി: സൂര്യനെല്ലി കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സിബി മാത്യൂസിനെതിരെ പൊലീസ് കേസെടുത്തു. മണ്ണന്തല പൊലീസാണ് കേസെടുത്തത്. ഇതുസംബന്ധിച്ച പരാതിയിൽ നടപടിയെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നിർഭയം എന്ന ആത്മകഥയിലാണ് സിബി മാത്യൂസ് സൂര്യനെല്ലി കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്.

സിബി മാത്യൂസിന് എതിരായ പരാതി പരിഗണിച്ച് ഏഴ് ദിവസത്തിനകം നടപടിയെടുക്കാൻ മണ്ണന്തല പൊലീസിന് ഹൈക്കോടതി നിർദേശവും നൽകിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്. മുൻ പൊലീസ് ഉദ്യോഗസ്ഥനായ കെകെ ജോഷ്വയാണ് സിബി മാത്യൂസിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ആത്മകഥയിൽ പെൺകുട്ടിയുടെ പേരില്ലെങ്കിലും തിരിച്ചറിയാനാവുന്ന വിധത്തിൽ വിവരങ്ങളുണ്ടെന്നാണ് പരാതി. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ വിവരങ്ങൾ വിലാസം സഹിതം പുസ്തകത്തിലുണ്ട്. ഇത് ഐപിസി 228 എ പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് പരാതിയിൽ പറയുന്നു. സിബി മാത്യൂസിന് എതിരായ പരാതി തള്ളിയ പൊലീസ് മേധാവിയുടെ നടപടി ഹൈക്കോടതി അസാധുവാക്കി.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടി എന്നാണ് ആത്മകഥയിൽ പരാമർശിച്ചിട്ടുളളത്. ഇത് ലൈംഗിക അതിക്രമത്തിന് ഇരയായ ആളെക്കുറിച്ചു തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഒരാളുടെ വിവരങ്ങൾ തിരിച്ചറിയാവുന്ന വിധം പരസ്യപ്പെടുത്തുന്നത് ഐപിസി 228 എ പ്രകാരം കുറ്റകരമാണെന്ന് കോടതി പറഞ്ഞു.

പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു

പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. ചിറക്കല്‍ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സൂരജിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.