by liji HP News | Jun 15, 2024 | Latest News, കേരളം
ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകന്‍ മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21), സൂഖ് വാഖിഫിലെ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും ഹസീനയുടേയും ഏക മകന്‍ മുഹമ്മദ് ഹബീല്‍ (21) എന്നിവരാണ് മരിച്ചത്.
മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്.രണ്ടു പേരും തല്‍ക്ഷണം മരിച്ചു.മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. മുഹമ്മദ് ത്വയ്യിബ് ഖത്തര്‍ മിലിട്ടറി ജീവനക്കാരനും മുഹമ്മദ് ഹബീല്‍ ദോഹ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയുമാണ്.
by liji HP News | Jun 15, 2024 | Latest News, കേരളം
തൃശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ, ആലൂർ, ആനക്കര, കുമ്പിടി, തൃത്താല, കക്കാട്ടിരി, ചാലിശ്ശേരി, കൂറ്റനാട്, തണ്ണീർകോട്, പെരിങ്ങോട്, ചാത്തന്നൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കവും മുഴക്കവും അനുഭവപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂരിലെ കുന്ദംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയിലാണ് നേരിയ ഭൂചലനമുണ്ടായതെന്നും നാല് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനത്തില്‍ തീവ്രത 3 രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണിതെന്നും അധികൃതര്‍ അറിയിച്ചു.
ഉഗ്ര ശബ്ദം കേട്ട് ഞെട്ടിപ്പോയെന്നും കടയുടെ ഷീറ്റും ഉപകരണങ്ങളും ഉള്‍പ്പെടെ കുലുങ്ങിയെന്നും പാലക്കാടെ അരി മില്ലിലെ ഷബീര്‍ പെരുമണ്ണൂര്‍ പറഞ്ഞു.വലിയ വാഹനങ്ങള്‍ പോകുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീട് ഭൂചലനമാണെന്ന് അറിഞ്ഞതെന്നും തൃശൂര്‍ സ്വദേശിയായ അഡ്വ. പ്രബിൻ പറഞ്ഞു. ഭൂചലനമുണ്ടായപ്പോള്‍ എന്താണെന്ന് സംഭവിക്കുന്നതെന്നറിയാതെ ഞെട്ടിയെന്നും ഏതാനും സെക്കന്‍ഡ് മാത്രമാണ് പ്രകമ്പനം ഉണ്ടായതെന്നും നാട്ടുകാര്‍ പ്രതികരിച്ചു.
by liji HP News | Jun 15, 2024 | Latest News, കേരളം
തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ നാലാം ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം. കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ചാണ് സഭ തുടങ്ങിയതെങ്കിലും ഇപ്പോള്‍ തന്നെ സമ്മേളനം നടത്തേണ്ടിയിരുന്നോ എന്നാണ് ചോദ്യം ഉയര്‍ന്നത്.
മേഖലാ യോഗങ്ങളുടെ റിപ്പോര്‍ട്ടിങ്ങും വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോര്‍ട്ടിങ്ങും സമാപന ദിവസമായ ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗവും ഇന്നുനടക്കും. ഇന്നലെ തുടക്കം കുറിച്ച സഭയില്‍ വിവിധ മേഖലയില്‍ ഉള്ള പ്രമുഖര്‍ പങ്കെടുത്തു. പ്രധാനികളായ ചില പ്രതിനിധികള്‍ സമ്മേളനത്തിന് എത്തിയിട്ടില്ല. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കൂടിയായ എംഎ യൂസഫലിയും പങ്കെടുക്കുന്നില്ല.
ഇന്നലെ പ്രവാസി കേരളീയ പ്രധിനിധികളുടെ ആശംസ പ്രസംഗങ്ങളും വിഷയാവതരണവും മേഖലാ ചര്‍ച്ചകളും നടന്നു.മേഖലാ യോഗത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ 19 ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
ഫലഭൂയിഷ്ഠമായ മണ്ണ്, അനുകൂലമായ കാലാവസ്ഥ എന്നിവ വലിയ സാധ്യത നല്‍കുന്നുവെന്നും വിദ്യാഭ്യാസ മേഖലയിലും ആഫ്രിക്കന്‍ രാജ്യങ്ങളെ കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും ചര്‍ച്ചയായി. എമിഗ്രേഷന്‍ കരട് ബില്‍ 2021 സംബന്ധിച്ചു നടന്ന ചര്‍ച്ച പ്രവാസികളുടെ ബില്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ചു. പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവാസി മിഷന്‍ ആരംഭിക്കേണ്ടതുണ്ടെന്നും പുനഃരധിവാസം മെച്ചപ്പെടുത്തുന്നതിനായി പ്രവാസി ലോട്ടറി ആരംഭിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.
by liji HP News | Jun 15, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. നേരത്തെ ഈ സമയപരിധി 2024 ജൂണ്‍ 14 ആയിരുന്നു.
ഇതിനോടകം തന്നെ പലതവണ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ സമയം നല്‍കിയിരുന്നു. ഇപ്പോള്‍ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി വീണ്ടും നീട്ടി. സെപ്തംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.
മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ നിര്‍ബന്ധമായും കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.
2016ലെ ആധാര്‍ എന്റോള്‍മെന്റ്, അപ്‌ഡേറ്റ് റെഗുലേഷന്‍സ് അനുസരിച്ച് വ്യക്തികള്‍ ആധാര്‍ എന്റോള്‍മെന്റ് തീയതി മുതല്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകള്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
by liji HP News | Jun 15, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം.
ജില്ലാ പൊലീസ് മേധാവിമാര്‍ മുതല്‍ എഡിജിപിമാര്‍ വരെയുള്ളവര്‍ പങ്കെടുക്കുന്ന യോഗം പൊലീസ് ആസ്ഥാനത്താണ് ചേരുക. ക്രൈം ബ്രാഞ്ച് മേധാവി, ഇന്റലിജന്‍സ് മേധാവി അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്തെ ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ്- ഗുണ്ടാ ബന്ധവും പ്രധാന അജണ്ടയാണ്. സമീപകാലത്ത് ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ് ഗുണ്ടാ ബന്ധവും പുറത്തുവന്നത് സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ചര്‍ച്ച ചെയ്യും.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ ഇരുപതോളം ഉദ്യോഗസ്ഥരെയാണ് ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്. 23 പേരെ പിരിച്ചുവിടുകയും ചെയ്തു. പ്രധാനമായും യോഗത്തില്‍ ഇക്കാര്യങ്ങളൊക്കെയാകും ചര്‍ച്ച ചെയ്യുക. ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വിരുന്നില്‍ ആലപ്പുഴയിലെ ഡിവൈഎസ്പി എംജി സാബു പങ്കെടുത്തത് വിവാദമായിരുന്നു.
by liji HP News | Jun 14, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നിലവില്‍ ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം തിങ്കളാഴ്ചയോടെ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് തിങ്കളാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്. നേരത്തെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം ദുര്‍ബലമാണെങ്കിലും സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്.
ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ, കേരള തീരത്ത് ശനിയാഴ്ച രാത്രി 7.00 മണി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
Recent Comments