by liji HP News | Jun 14, 2024 | Latest News, കേരളം
കൊച്ചി: തീപിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് തുടങ്ങിയവ എത്രയും വേഗം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്. പേപ്പര്‍ വര്‍ക്കുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുവൈത്ത് അമീറും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തത്തെ അതീവ ഗൗരവത്തോടെയാണ് കുവൈത്ത് സര്‍ക്കാരും കാണുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നറിയാന്‍ കുവൈത്ത് സര്‍ക്കാര്‍ അന്വേഷണം നടത്തിവരികയാണ്. ഇനി ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ദുരന്തം അറിഞ്ഞ ഉടന്‍ തന്നെ പ്രധാനമന്ത്രി അടിയന്തര യോഗം വിളിക്കുകയും കുവൈത്ത് സര്‍ക്കാരിനെ ബന്ധപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കുവൈത്ത് അമീറിനെയും പ്രധാനമന്ത്രി വിളിച്ചിരുന്നു.
കുവൈത്ത് സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. മരിച്ചവരെ തിരിച്ചറിയാനും പരിശോധനകളും കുറഞ്ഞ സമയത്തിനകം നടത്തി മൃതദേഹം വിട്ടുനല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ എല്ലാ സഹായവുമായി ഒപ്പം നിന്നു. അഞ്ചു ആശുപത്രികളില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. 25 ഓളം ഇന്ത്യാക്കാരാണ് പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്കെല്ലാം മികച്ച ചികിത്സയാണ് നല്‍കി വരുന്നത്. ഇവര്‍ അടുത്ത ദിവസം തന്നെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് പറഞ്ഞു.
by liji HP News | Jun 14, 2024 | Latest News, കേരളം
പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി മടങ്ങിയാലും ജനങ്ങള്‍ക്ക് ആശങ്ക മാറണമെന്നില്ല. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ പറ്റിയും അവിടെ സ്വീകരിച്ച നടപടികളെയും പെരുമാറ്റത്തെയുംകുറിച്ചുമൊക്കെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് പരാതിക്കാരനെ ഫോണ്‍ വിളിച്ചു ചോദിക്കുകയും സ്റ്റേഷനില്‍ നിന്ന് ലഭിച്ച സേവനം ഒന്നു മുതല്‍ പത്ത് വരെ മാര്‍ക്ക് നല്‍കി റേറ്റ് ചെയ്യാനും ആവശ്യപ്പെടുകയും ചെയ്താലോ? അങ്ങനെയൊരു പുതിയ പദ്ധതിയുമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം പ്രവര്‍ത്തനം ആരംഭിച്ചതായി കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി മടങ്ങിയാലും ജനങ്ങള്‍ക്ക് ആശങ്ക മാറണമെന്നില്ല. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ പറ്റിയും അവിടെ സ്വീകരിച്ച നടപടികളെയും പെരുമാറ്റത്തെയുംകുറിച്ചുമൊക്കെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് പരാതിക്കാരനെ ഫോണ്‍ വിളിച്ചു ചോദിക്കുകയും സ്റ്റേഷനില്‍ നിന്ന് ലഭിച്ച സേവനം ഒന്നു മുതല്‍ പത്ത് വരെ മാര്‍ക്ക് നല്‍കി റേറ്റ് ചെയ്യാനും ആവശ്യപ്പെടുകയും ചെയ്താലോ? അങ്ങനെയൊരു പുതിയ പദ്ധതിയുമായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം പ്രവര്‍ത്തനം ആരംഭിച്ചു.
അഞ്ച് സബ് ഡിവിഷനിലായി 34 പൊലീസ് സ്റ്റേഷനുകളും വനിത സെല്ലും സൈബര്‍ സെല്ലും ഉള്‍പ്പെടുന്നതാണ് എറണാകുളം റൂറല്‍ ജില്ലാ. ഇവിടെ ഒരു ദിവസം ശരാശരി 150 പരാതികള്‍ ലഭിക്കുന്നു. 2024 ഫെബ്രുവരി 12ന് ആരംഭിച്ച ‘ഉറപ്പ്’ എന്ന ഈ പദ്ധതിയിലൂടെ ഓരോ പരാതിക്കാരനെയും പൊലീസ് ടീം ഫോണ്‍ വിളിച്ച് പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സമീപനം, രസീത് ലഭിച്ചോ ഇല്ലയോ എന്ന വിവരം, അന്വേഷണവുമായി ബന്ധപ്പെട്ട അഭിപ്രായം എന്നിവ അന്വേഷിക്കുന്നു. പരാതിയില്‍ പൊലീസ് സ്റ്റേഷന്‍ സ്വീകരിച്ച നിലപാടില്‍ ഒന്നു മുതല്‍ പത്ത് വരെ മാര്‍ക്ക് നല്‍കി അനുഭവം റേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് ജനമനസ്സുകളില്‍ ഇടം നേടിയിട്ടുണ്ട്. നാലുമാസത്തിനിടെ 12,000 പരാതിക്കാരെയാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് നീന്ന് തിരിച്ചു വിളിച്ചന്വേഷിച്ചത്. ഈ ഫോണ്‍ വിളികള്‍ പരാതിക്കാര്‍ക്ക് നല്‍കുന്ന ആശ്വാസവും ആത്മവിശ്വാസവും വളരെ വലുതാണ് അതിലുപരി ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നുള്ള വിളിയാണെന്നറിയുമ്പോള്‍ അത് പരാതിക്കാര്‍ക്ക് കരുത്തും ധൈര്യവും നല്‍കുന്നു.
ചില ഫോണ്‍ വിളികള്‍ പരാതിക്കുപുറമേ ജീവിതത്തെപറ്റിയും നിലവിലെ അവസ്ഥയെപറ്റിയും അനുഭവങ്ങളെപ്പറ്റിയുമാകുമ്പോള്‍ മണിക്കൂറുകള്‍ നീണ്ടുപോകാറുണ്ട്. പ്രശ്‌നപരിഹാരത്തെക്കാള്‍ പ്രശ്‌നങ്ങള്‍ കേള്‍ക്കപ്പെടുന്നു എന്നൊരു സമാധാനം പരാതിക്കാര്‍ക്ക് ലഭിക്കും. ഒന്നു കേട്ടാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ ആണ് പലര്‍ക്കും എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
by liji HP News | Jun 14, 2024 | Latest News, കേരളം
കൊച്ചി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവര്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. നെടുമ്പാശേരി വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, കീര്‍ത്തി വര്‍ധന്‍ സിങ് എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു.
തമിഴ്‌നാട് വേണ്ടി മന്ത്രി കെ എസ് മസ്താന്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിച്ചു. കുവൈത്ത് ദുരന്തത്തില്‍ മരിച്ച 23 മലയാളികള്‍ ഉള്‍പ്പെടെ 31 പേരുടെ മൃതദേഹങ്ങള്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിനു വച്ചത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ ഓരോരുത്തരുടേയും നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി പ്രത്യേകം ആംബുലന്‍സുകള്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. പൊലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കുക.
കുവൈത്ത് ദുരന്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇതില്‍ 23 മലയാളികള്‍, ഏഴ് തമിഴ്‌നാട്ടുകാര്‍, ഒരു കര്‍ണാടകസ്വദേശി എന്നിങ്ങനെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയില്‍ ഇറക്കിയത്. കസ്റ്റംസ് ക്ലിയറന്‍സിനുശേഷം വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചു. തുടര്‍ന്ന് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു.
by liji HP News | Jun 14, 2024 | Latest News, കേരളം
ആലപ്പുഴ: ചെങ്ങന്നൂരില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. മാന്നാര്‍ ഭുവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. അപകട സമയത്ത് ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
ആല-പെണ്ണൂക്കര ക്ഷേത്രം റോഡില്‍ വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. ചെങ്ങന്നൂരില്‍നിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് തീ അണച്ചത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി.
സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ വാഹനത്തില്‍ പരിശോധന നടത്തി. ബസിന് എല്ലാ രേഖകളുമുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
by liji HP News | Jun 14, 2024 | Latest News, കേരളം
ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 3 മണിക്ക് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച സാഹചര്യത്തിലാണ് സമയം മാറ്റിയത്
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ നടക്കാനിരുന്ന പരിപാടികളും കലാപ്രകടനങ്ങളും ഒഴിവാക്കിയിരുന്നു. സമ്മേളനം മാറ്റിവെക്കാൻ ആലോച്ചിരുന്നുവെങ്കിലും പ്രതിനിധികൾ എത്തിയ സാഹചര്യത്തിൽ പരിപാടി തുടരാൻ തീരുമാനിക്കുകയായിരുന്നു
ഇന്ന് എട്ട് വിഷയങ്ങളിൽ ചർച്ചകളും മേഖല അടിസ്ഥാനത്തിലുള്ള എട്ട് സമ്മേളനങ്ങളും നടക്കും. നാളത്തെ ചർച്ചകൾ കൂടി കഴിഞ്ഞ് പ്രമേയം അവതരിപ്പിക്കും. നാളെ വൈകുന്നേരമാണ് സമാപനം.
by liji HP News | Jun 14, 2024 | Latest News, കേരളം
കോഴിക്കോട്: ഓഫീസും വീടും മുന്നോട്ടുകൊണ്ടുപോകാനുള്ള ഓട്ടത്തിനിടെ ആകെ നട്ടംതിരിഞ്ഞിരിക്കുമ്പോൾ ഒരു ഫോൺവിളിക്കപ്പുറം വീട്ടുപണിക്കും കുഞ്ഞുങ്ങളെ നോക്കാനുമൊക്കെ ആളെ കിട്ടിയാലോ. പാചകംമുതൽ പ്രായമായവരെ പരിചരിക്കൽവരെയുള്ള പലവിധ ജോലികൾക്ക് കുടുംബശ്രീ ‘ക്വിക്ക് സെർവ്’ ടീം ഒരുങ്ങുന്നു.
നഗരത്തിൽ ഒരുമാസത്തിനുള്ളിൽ ക്വിക്ക് സെർവ് പ്രവർത്തനസജ്ജമാകും.
ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകൾക്കായി ഇത്തരമൊരു തൊഴിൽപദ്ധതി തുടങ്ങുന്നത്. കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. കോർപ്പറേഷൻ കുടുംബശ്രീ സമഗ്ര തൊഴിൽദാനപദ്ധതിയായ വീ ലിഫ്റ്റിലുൾപ്പെടുത്തിയാണ് ക്വിക്ക് സെർവ് പ്രവർത്തിക്കുക. കിടപ്പുരോഗികൾ, വയോജനങ്ങൾ, കുട്ടികൾ എന്നിവരുടെ പരിചരണം, സാധാരണയുള്ള വീട്ടുജോലികൾ, ശുചീകരണം, പാചകം എന്നിവയാണ് ആദ്യഘട്ടത്തിലുണ്ടാവുക.
Recent Comments