by liji HP News | Jun 12, 2024 | Latest News, കേരളം
ആലപ്പുഴ: വാഹനത്തില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കി. ആലപ്പുഴ ആര്‍ടിഒ എ കെ ദീലുവാണ് നടപടിയെടുത്തത്.
വാഹനം സഞ്ജു തന്നെ സൂക്ഷിക്കണം. പുറത്തിറക്കാന്‍ പാടില്ല. അറ്റകുറ്റപ്പണി വേണ്ടി വന്നാല്‍ നന്നാക്കുന്നതിന് എംവിഡിയുടെ അനുമതി വാങ്ങണമെന്നും ആലപ്പുഴ ആര്‍ടിഒ നിര്‍ദേശിച്ചു.ശിക്ഷാനടപടിയുടെ ഭാഗമായി എടപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്റ് റിസര്‍ച്ചില്‍ നടത്തിയ പരിശീലനത്തില്‍ സഞ്ജുവിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ഇതു പരിഗണിച്ചാണ് ആര്‍സി റദ്ദാക്കുന്നത് ഒരു വര്‍ഷത്തേയ്ക്ക് ചുരുക്കിയതെന്ന് ആര്‍ടിഒ പറഞ്ഞു. ഇക്കാലയളവില്‍ ഉടമയും വാഹനവും നിരീക്ഷണത്തിലായിരിക്കും.
ഇയാളും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സന്നദ്ധ സേവനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട് കഴിയുന്നവര്‍ക്കായി 15 ദിവസത്തെ സേവനമാണ് ചെയ്യേണ്ടത്. സഞ്ജുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളും മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിക്കും.
by liji HP News | Jun 12, 2024 | Latest News, കേരളം
കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസില്‍ നടി ആശ ശരത്തിന് ആശ്വാസം. ആശാ ശരത്തിനെതിരായ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പൊലീസ് എടുത്ത വഞ്ചന കേസിലെ നടപടികള്‍ ആണ് സ്റ്റേ ചെയ്തത്.
പ്രാണ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. നടി കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ആശാ ശരത്തിന് ഓഹരിയുള്ള കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എസ്പിസിയന്നും ഈ കമ്പനിയുമായി ചേര്‍ന്ന് ഓണ്‍ലൈനിലൂടെ വന്‍തുക തട്ടിപ്പ് നടത്തി എന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത. എന്നാല്‍ താനുമായി ഒരുബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന് കാണിച്ച് പിന്നീട് ആശാ ശരത്ത് രംഗത്തുവന്നു. ആശാ ശരത്ത് നേതൃത്വം നല്‍കുന്ന പ്രാണ ഡാന്‍സ് ആപ്പും തട്ടിപ്ലപിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം.
by liji HP News | Jun 12, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള സര്‍വകലാശാള ക്യാമ്പസിലുള്ള യൂണിവേഴ്‌സിറ്റി എന്‍ജിനിയറിങ് കോളജില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പ്രോഗ്രാം വൈസ് ചാന്‍സലര്‍ തടഞ്ഞു. ഇത് സംബന്ധിച്ച നിര്‍ദേശം വിസി ഡോ. കുന്നുമ്മല്‍ മോഹന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്തമാസം അഞ്ചിന് സണ്ണി ലിയോണിയുടെ ഡാന്‍സ് പ്രോഗ്രാം നടത്താനായിരുന്നു തീരുമാനം. ഈ പരിപാടിക്ക് സര്‍വകലാശാലയുടെ അനുമതി തേടിയിരുന്നില്ല.
തിരുവന്തപുരം എന്‍ജിനിയറിങ് കോളജിലും കഴിഞ്ഞവര്‍ഷം കുസാറ്റിലും സംഘടിപ്പിച്ച പരിപാടിയില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ഇതോടെ പുറത്തുനിന്നുള്ള ഡിജെ പാര്‍ട്ടികള്‍, സംഗീതനിശ തുടങ്ങിയവ ക്യാമ്പസില്‍ നടത്തുന്നതിന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് സര്‍വകലാശാലയുടെ അനുമതിയില്ലാതെ സണ്ണി ലിയോണിയുടെ സ്‌റ്റേജ് ഷോ നടത്താന്‍ കേരളയിലെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി സംഘടന തീരുമാനിച്ചത്. എന്നാല്‍ ഒരു കാരണവശാലും വിദ്യാര്‍ഥികള്‍ ഇത്തരം പരിപാടികള്‍ ക്യാമ്പസിലോ പുറത്തോ യൂണിയന്റെ പേരില്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് വിസി.
by liji HP News | Jun 12, 2024 | Latest News, കേരളം
തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായി മെഷീനിൽ കുടുങ്ങി. തിരുവനന്തപുരം പാളയം നൂർമഹൽ ഹോട്ടലിലാണ് സംഭവം. നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിനി അധീഷ്യക്കാണ് അപകടം പറ്റിയത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മഴ പെയ്തതോടെ പെൺകുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടയിലാണ് അപകടം. കാൽ വഴുതി വീണ പെൺകുട്ടിയുടെ തല മെഷീനിൽ ഇടിക്കുകയായിരുന്നു. പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീനിൽ മുടി കുരുങ്ങിയതിനൊപ്പം ഉരുകി പിടിക്കുകയും ചെയ്തു. ഉടൻ മെഷീൻ ഓഫാക്കിയതിനാൽ വലിയ അപകടമൊഴിവായി. ഫയർഫോഴ്സ് എത്തി മുടി മുറിച്ച് വിദ്യാർത്ഥിനിയെ രക്ഷിച്ചു. കുട്ടിക്ക് മറ്റു പരിക്കുകളില്ല.
by liji HP News | Jun 12, 2024 | Latest News, കേരളം
കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിക്കുന്നതോടെ ഒന്നര വർഷത്തിനകം പുലിമുട്ടിൻ്റെ നീളം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കി മുതലപ്പൊഴി തുറമുഖം അപകടര ഹിതമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു.
മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനത്തിന് മൂന്ന് യാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മൂന്നു ഷിഫ്റ്റിലായി പരിശീലനം നേടിയ 30 സീ റെസ്ക്യൂ ഗാർഡുകളും മറൈൻ എൻഫോഴ്സ്മെൻ്റ്, കോസ്റ്റൽ പൊലീസിലെ അംഗങ്ങൾ എന്നിവർ ഹാർബറിൽ സദാജാഗരൂകരാണ്.
കടൽ പ്രക്ഷുബ്ധമാകുന്ന കാലയളവിൽ തുറമുഖം അടച്ചിടാനായി ചർച്ച നടത്തിയെങ്കിലും മത്സ്യത്തൊഴിലാളി സംഘടനകളും പ്രദേശത്തെ സമുദായ സംഘടനകളും എതി ർപ്പ് പ്രകടിപ്പിച്ചു. തുടർന്ന്, സംഘടനകൾ നിർദേശിച്ച പ്രകാരം കടലറിവുള്ളതും മത്സ്യബന്ധനത്തിൽ നേരിട്ട് ഏർപ്പെടുന്നതുമായ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രാദേശിക തലത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതി കാലാവസ്ഥ വിലയിരുത്തി കടൽ പ്രക്ഷുബ്ധമാകുന്ന വേള യിൽ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിക്കാൻ ധാരണയായതായും വി ശശി എംഎൽ എയുടെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.
by liji HP News | Jun 12, 2024 | Latest News, കേരളം
കണ്ണൂര്‍: സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ രാഷ്ട്രീയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. ഇക്കാര്യത്തില്‍ പുതുമയില്ല. ഇതിനുമുന്‍പും സുരേഷ് ഗോപി വീട്ടിലെത്തിയിട്ടുണ്ട്. സുരേഷ് ഗോപിയും കുടുംബവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും വീട്ടില്‍ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ടീച്ചര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സുരേഷ് പല പ്രാവശ്യം വീട്ടില്‍ വന്നിട്ടുണ്ട്. കണ്ണൂരില്‍ എത്തിയാല്‍ വിളിക്കും. രാവിലെയാണ് ഭക്ഷണം ആവശ്യമെങ്കില്‍ രാവിലെ ഇങ്ങോട്ട് വരും. ഉച്ചയ്ക്കാണെങ്കില്‍ ഉച്ചഭക്ഷണം വേണമെന്ന് പറയും. ആദ്യമായി സഖാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ഞാന്‍ സുരേഷ് ഗോപിയെ കാണുന്നത്. അതിനിടെ നഴ്‌സ് പറഞ്ഞു സുരേഷ് ഗോപി ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. പാവപ്പെട്ട ആളുകളെ സഹായിക്കും. ഓപ്പറേഷന്‍ ചെയ്യാനുള്ള പണം നല്‍കുമെന്നോക്കെ പറഞ്ഞപ്പോള്‍ അങ്ങനെയുമുള്ള മനസ്സ് ഉള്ളവരുണ്ടല്ലോ എന്നാണ് തോന്നിയത്’-ടീച്ചര്‍ പറഞ്ഞു.
‘വീട്ടില്‍ വരുന്നതിലൊന്നും രാഷ്ട്രീയം കാണാനില്ല. സുരേഷിനെ രാഷ്ട്രീയക്കാരനായിട്ടല്ല, നല്ലൊരു വ്യക്തിയായിട്ടാണ് കാണുന്നത്. നായനാരെയാണ് ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന് സുരേഷ് ഗോപി എന്നോടും പറഞ്ഞിട്ടുണ്ട്. എന്റെ വീട്ടില്‍ വരുന്നവരോട് താന്‍ രാഷ്ട്രീയം ചോദിക്കാറില്ല. ഈയിടയായി വിട്ടീല്‍ വരാറില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ താന്‍ കാണാന്‍ വന്നാല്‍ അത് അമ്മയ്ക്ക് വിഷമമാകുമെന്ന് സുരേഷ് പറഞ്ഞു’- ടീച്ചര്‍ പറഞ്ഞു. സന്ദര്‍ശനം ഉച്ചയ്ക്കായതിനാല്‍ ഭക്ഷണം ഇവിടവച്ചാണെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്ന് രാവിലെ കണ്ണൂരിലെത്തിയ സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദര്‍ശിക്കും. ശേഷം കൊട്ടിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. പിന്നീട് തൃശൂരിലേക്ക് മടങ്ങും.
Recent Comments