വീട്ടില്‍ വരുന്നവരോട് രാഷ്ട്രീയം ചോദിക്കാറില്ല; സുരേഷ് മുന്‍പും വന്നിട്ടുണ്ട്; നല്ലൊരു വ്യക്തിയെന്ന് ശാരദ ടീച്ചര്‍

വീട്ടില്‍ വരുന്നവരോട് രാഷ്ട്രീയം ചോദിക്കാറില്ല; സുരേഷ് മുന്‍പും വന്നിട്ടുണ്ട്; നല്ലൊരു വ്യക്തിയെന്ന് ശാരദ ടീച്ചര്‍

കണ്ണൂര്‍: സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ രാഷ്ട്രീയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. ഇക്കാര്യത്തില്‍ പുതുമയില്ല. ഇതിനുമുന്‍പും സുരേഷ് ഗോപി വീട്ടിലെത്തിയിട്ടുണ്ട്. സുരേഷ് ഗോപിയും കുടുംബവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും വീട്ടില്‍ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ടീച്ചര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സുരേഷ് പല പ്രാവശ്യം വീട്ടില്‍ വന്നിട്ടുണ്ട്. കണ്ണൂരില്‍ എത്തിയാല്‍ വിളിക്കും. രാവിലെയാണ് ഭക്ഷണം ആവശ്യമെങ്കില്‍ രാവിലെ ഇങ്ങോട്ട് വരും. ഉച്ചയ്ക്കാണെങ്കില്‍ ഉച്ചഭക്ഷണം വേണമെന്ന് പറയും. ആദ്യമായി സഖാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ഞാന്‍ സുരേഷ് ഗോപിയെ കാണുന്നത്. അതിനിടെ നഴ്‌സ് പറഞ്ഞു സുരേഷ് ഗോപി ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. പാവപ്പെട്ട ആളുകളെ സഹായിക്കും. ഓപ്പറേഷന്‍ ചെയ്യാനുള്ള പണം നല്‍കുമെന്നോക്കെ പറഞ്ഞപ്പോള്‍ അങ്ങനെയുമുള്ള മനസ്സ് ഉള്ളവരുണ്ടല്ലോ എന്നാണ് തോന്നിയത്’-ടീച്ചര്‍ പറഞ്ഞു.

‘വീട്ടില്‍ വരുന്നതിലൊന്നും രാഷ്ട്രീയം കാണാനില്ല. സുരേഷിനെ രാഷ്ട്രീയക്കാരനായിട്ടല്ല, നല്ലൊരു വ്യക്തിയായിട്ടാണ് കാണുന്നത്. നായനാരെയാണ് ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന് സുരേഷ് ഗോപി എന്നോടും പറഞ്ഞിട്ടുണ്ട്. എന്റെ വീട്ടില്‍ വരുന്നവരോട് താന്‍ രാഷ്ട്രീയം ചോദിക്കാറില്ല. ഈയിടയായി വിട്ടീല്‍ വരാറില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ താന്‍ കാണാന്‍ വന്നാല്‍ അത് അമ്മയ്ക്ക് വിഷമമാകുമെന്ന് സുരേഷ് പറഞ്ഞു’- ടീച്ചര്‍ പറഞ്ഞു. സന്ദര്‍ശനം ഉച്ചയ്ക്കായതിനാല്‍ ഭക്ഷണം ഇവിടവച്ചാണെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്ന് രാവിലെ കണ്ണൂരിലെത്തിയ സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദര്‍ശിക്കും. ശേഷം കൊട്ടിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. പിന്നീട് തൃശൂരിലേക്ക് മടങ്ങും.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി (63) അന്തരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ആയിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

മലയാള മനോരമയില്‍ മൂന്നു പതിറ്റാണ്ടിലേറെ പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം അസിസ്റ്റന്റ് എഡിറ്റര്‍ ആയിരിക്കെ 2020ല്‍ ആണ് വിരമിച്ചത്. ഭാര്യ: കൊച്ചുറാണി ജോര്‍ജ്. മക്കള്‍: അമ്മു ജോര്‍ജ് (അയര്‍ലന്‍ഡ്), തോമസ് ജോര്‍ജ്. ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനുള്ള സ്‌റ്റേറ്റ്‌സ്മാന്‍ പുരസ്‌കാരം രണ്ട് തവണ നേടി. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള ലാഡ്‌ലി മീഡിയ ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ഇല്ല. വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറാത്താവാഡയ്ക്ക് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴയെ സ്വാധീനിക്കുന്നത്.

മഴയ്ക്ക് ഒപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഇന്നും നാളെയും കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

റായ്ബറേലിയോ വയനാടോ?; കടുത്ത ധര്‍മ്മസങ്കടത്തിലെന്ന് രാഹുല്‍ഗാന്ധി

റായ്ബറേലിയോ വയനാടോ?; കടുത്ത ധര്‍മ്മസങ്കടത്തിലെന്ന് രാഹുല്‍ഗാന്ധി

മലപ്പുറം: എതു സീറ്റ് ഒഴിയണമെന്ന കാര്യത്തില്‍ താന്‍ ധര്‍മ്മസങ്കടത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എംപിയായി റായ്ബറേലിയില്‍ തുടരണോ, വയനാട്ടില്‍ തുടരണോ എന്നതില്‍ ധര്‍മ്മ സങ്കടത്തിലാണ്. ഏതു മണ്ഡലം ഒഴിഞ്ഞാലും ഒപ്പമുണ്ടാകും. തന്റെ ദൈവം വയനാട്ടിലെ ജനങ്ങളാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലത്തിലെ എടവണ്ണയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിക്ക് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കുന്നത് ദൈവമാണെന്ന് പറഞ്ഞു. എന്നാല്‍ താന്‍ അങ്ങനെയല്ല. വെറുമൊരു സാധാരണക്കാരനാണ്. പരമാത്മാവ് ആണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് മോദി പറയുന്നത്. വിചിത്രമായ പരമാത്മാവിനെക്കുറിച്ചാണ് മോദി പറയുന്നത്. ഈ പരമാത്മാവ് എല്ലാ തീരുമാനങ്ങളും അദാനിക്കും അംബാനിക്കും വേണ്ടിയാണ് എടുപ്പിക്കുന്നതെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പില്‍ നടത്തിയത്. ഭരണഘടന ഇല്ലാതായാല്‍ പാരമ്പര്യം ഇല്ലാതാകും.

ഭരണഘടനയെ തൊട്ടുകളിക്കരുതെന്ന് ജനം പ്രധാനമന്ത്രിയെ ഓര്‍മ്മപ്പെടുത്തി. ധാര്‍ഷ്ട്യത്തെ വിനയം കൊണ്ട് വോട്ടര്‍മാര്‍ തോല്‍പ്പിച്ചു. രാജ്യത്തെ പാവപ്പെട്ട ജനങ്ങളാണ് തന്റെ ദൈവം. വയനാട്ടിലെ ജനങ്ങളാണ് എന്റെ ദൈവം. അതുകൊണ്ടു തന്നെ എന്തു തീരുമാനമെടുക്കണമെന്ന് വയനാട്ടിലെ ജനങ്ങളോട് ചോദിക്കുന്നു. എന്തു തീരുമാനമെടുത്താലും വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ക്ക് സന്തോഷം പകരുന്നതായിരിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ലോക്‌സഭയിലേക്ക് വമ്പിച്ച മാര്‍ജിനില്‍ രണ്ടാം തവണയും വിജയിച്ചശേഷം ആദ്യമായിട്ടാണ് രാഹുല്‍ഗാന്ധി വയനാട്ടിലെത്തുന്നത്. എല്‍ഡിഎഫിന്റെ ആനിരാജയെയാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ നിന്നും രാഹുല്‍ഗാന്ധി വിജയിച്ചിരുന്നു. ഇതോടെയാണ് ഏതെങ്കിലും ഒരു മണ്ഡലം ഒഴിയേണ്ട സ്ഥിതി വന്നത്. സോണിയാഗാന്ധിയാണ് നേരത്തെ റായ്ബറേലിയെ പ്രതിനിധീകരിച്ചിരുന്നത്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലം എന്ന നിലയില്‍ റായ്ബറേലി രാഹുല്‍ഗാന്ധി നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കെഎസ്ആര്‍ടിസി ബസില്‍ കയറാം; സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റ് നടപ്പിലാക്കുന്നു. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലാണ് പരിഷ്‌കാരം. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.

ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ കൊമേഴ്‌സ്യല്‍ വിഭാഗം സ്‌പോണ്‍സര്‍ഷിപ്പുകള്‍വഴി ലഭ്യമാക്കും. ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള ബസുകളില്‍ മുപ്പതിനകം പുതുക്കിയ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ജൂലൈ 31നകം ഓര്‍ഡിനറി ബസുകളടക്കം എല്ലാ ബസുകളിലും നടപ്പാക്കാനും യൂണിറ്റ്, മേഖല, വര്‍ക്ഷോപ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് (രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങള്‍ ) ഉണ്ടായിരിക്കും. ഡെസ്റ്റിനേഷന്‍ നമ്പര്‍ ഒന്ന് മുതല്‍ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കാണ് നല്‍കുക. 15 മുതല്‍ 99വരെ മറ്റ് കെഎസ്ആര്‍ടിസി ഡിപ്പോകള്‍ (പാറശാലയില്‍നിന്ന് തുടങ്ങി കാഞ്ഞങ്ങാട് വരെ), 100 മുതല്‍ 199 വരെ ഓരോ ജില്ലയിലെയും സിവില്‍ സ്റ്റേഷന്‍, മെഡിക്കല്‍ കോളേജ്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ക്കും നല്‍കും. ഒന്നിലധികം ജില്ലകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ ഈ നമ്പരിനോടൊപ്പം ജില്ലാ കോഡും ചേര്‍ക്കണം.

200 മുതല്‍ 399വരെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവയ്ക്കാണ് മാറ്റിവച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ക്ക് സ്റ്റേറ്റ് കോഡ് കൂടെ ഉണ്ടായിരിക്കും. ഡെസ്റ്റിനേഷന്‍ നമ്പര്‍ ആറ് ആയിരിക്കും.

കുറിപ്പ്:

കെ എസ് ആർ ടി സി ബസുകളിൽ ഡെസ്റ്റിനേഷൻ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു…

ഭാഷാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനും സാർവത്രികമായി അംഗീകരിക്കപ്പെട്ട അക്കങ്ങൾ ഉൾപ്പെടുത്തിയ സ്ഥലനാമ ബോർഡുകൾ കെഎസ്ആർടിസി തയ്യാറാക്കുകയാണ്.

ഡെസ്റ്റിനേഷൻ ബോർഡുകൾ വായിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കും ഭാഷ അറിയാത്ത യാത്രക്കാർക്കും, മറ്റ് യാത്രക്കാർക്കും ഡെസ്റ്റിനേഷൻ ബോർഡുകൾ വായിച്ച് മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കുറക്കുന്നതിനും അന്തർ സംസ്ഥാന യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും വളരെ എളുപ്പത്തിൽ സ്ഥലനാമങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്ന തരത്തിലും ഡെസ്റ്റിനേഷൻ ബോർഡുകളിൽ സ്ഥലനാമ നമ്പർ ഉൾപ്പെടുത്തുകയാണ്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 1 മുതൽ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്പറിംഗ് സംവിധാനവും, റെയിൽവേ സ്‌റ്റേഷൻ,എയർപോർട്ട്, മെഡിക്കൽ കോളേജുകൾ, സിവിൽ സ്‌റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്പറുകളും നൽകും.

ഡെസ്റ്റിനേഷൻ നമ്പറുകൾ നൽകുന്നത്

പ്രധാനമായും……..

ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് നൽകും [രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങൾ ഉണ്ടായിരിക്കും]

ഡെസ്റ്റിനേഷൻ നമ്പർ ഒന്നു മുതൽ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്ആർടിസി ഡിപ്പോകൾക്ക് നൽകുന്നു.

തിരുവനന്തപുരം – TV – 1

കൊല്ലം – KM – 2

പത്തനംതിട്ട – PT – 3

ആലപ്പുഴ – AL – 4

കോട്ടയം – KT -5

ഇടുക്കി /കട്ടപ്പന – ID -6

എറണാകുളം – EK -7

തൃശ്ശൂർ -TS -8

പാലക്കാട് -PL -9

മലപ്പുറം -ML -10

കോഴിക്കോട് -KK -11

വയനാട് -WN -12

കണ്ണൂർ -KN -13

കാസർ ഗോഡ് -KG -14

ഡെസ്റ്റിനേഷൻ നമ്പർ 15 മുതൽ 99 വരെ മറ്റ് കെഎസ്ആർടിസി ഡിപ്പോകൾക്ക് നൽകും.

ഡെസ്റ്റിനേഷൻ നമ്പർ 100 മുതൽ 199 വരെ ഓരോ ജില്ലയിലെയും സിവിൽ സ്റ്റേഷൻ മെഡിക്കൽ കോളേജ് വിമാനത്താവളം റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ എന്നിവക്ക് നൽകുന്നതാണ്.

[ഒരു ജില്ലയിൽ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസ്സുകളിൽ ഈ നമ്പർ മാത്രം നൽകും. ഒന്നിലധികം ജില്ലകളിൽ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിൽ നമ്പറിനോടൊപ്പം ജില്ലാ കോഡ് കൂടി ചേർക്കും]

ഉദാഹരണമായി തിരുവനന്തപുരം ജില്ലയിൽ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിൽ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിനെ 103 എന്ന ഡെസ്റ്റിനേഷൻ നമ്പറും മറ്റു ജില്ലകളിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് വരുന്ന ബസുകളിൽ തിരുവനന്തപുരം ഇൻറർനാഷണൽ എയർപോർട്ടിന് TV 103 എന്ന ഡെസ്റ്റിനേഷൻ നമ്പറും നൽകുന്നതാണ്.

TV : തിരുവനന്തപുരം ജില്ലാ കോഡ്

103:വിമാനത്താവളത്തിനുള്ള ഡെസ്റ്റിനേഷൻ നമ്പർ

ഒരു ജില്ലയിൽ തന്നെ ഇത്തരത്തിലുള്ള രണ്ട് സ്ഥലങ്ങൾ, ഉദാഹരണം രണ്ട് വിമാനത്താവളങ്ങൾ ഉണ്ടെങ്കിൽ A ,B തുടങ്ങി ഇംഗ്ലീഷ് അക്ഷരങ്ങൾ ഉൾപ്പെടുത്തുന്നു.

ഉദാഹരണമായി മറ്റ് ജില്ലകളിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് വരുന്ന ബസ്സുകൾ…..

തിരുവനന്തപുരം ഇൻറർനാഷണൽ എയർപോർട്ട് : TV 103 A

തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് : TV 103 B

തിരുവനന്തപുരം ജില്ലയിൽ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകൾക്ക്…

തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് : 103 A

തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് : 103 B

ഡെസ്റ്റിനേഷൻ നമ്പർ 200 മുതൽ 399 വരെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവയ്ക്ക് നൽകുന്നു.

സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങൾക്ക് സ്റ്റേറ്റ് കോഡ് രണ്ടക്ഷരം ഇംഗ്ലീഷ് ആൽഫബറ്റ് കൂടെ ഉണ്ടായിരിക്കും സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളുടെ ഡെസ്റ്റിനേഷൻ നമ്പർ ആയി ചേർക്കും.

ഉദാഹരണം

ബാംഗ്ലൂർ : KA 01

ചെന്നൈ : TN Ol

കർണാടക സ്റ്റേറ്റ് കോഡ് : KA

തമിഴ്നാട് സ്റ്റേറ്റ് കോഡ് : TN

ഡിപ്പോയുടെ അടുത്ത് ബൈപ്പാസിൽ നിർത്തുന്ന സ്ഥലങ്ങൾക്ക് ഡിപ്പോ ഡെസ്റ്റിനേഷൻ നമ്പറിന്റെ കൂടെ 1, 2,.. എന്ന് ചേർക്കും.

ഉദാഹരണമായി കൊല്ലം ഡിപ്പോയുടെ അടുത്ത് അയത്തിൽ എന്ന സ്ഥലത്തിന് 2-1 എന്ന് ഡെസ്റ്റിനേഷൻ നമ്പർ നൽകുന്നു ഇതിൽ 2 എന്നത് കൊല്ലം ഡിപ്പോയുടെ ഡെസ്റ്റിനേഷൻ നമ്പർ ആണ്.

400 മുതൽ ഡെസ്റ്റിനേഷൻ നമ്പറുകൾ ഓരോ ജില്ലയിലെയും മുകളിൽ പറഞ്ഞവയിൽ ഉൾപ്പെടാത്ത സ്ഥലങ്ങൾക്ക് റൂട്ടുകൾ അനുസരിച്ച് നൽകുന്നു. പ്രധാന റൂട്ട് നമ്പറിന് താഴെയായി ബസ് കടന്നുപോകുന്ന വഴി മനസ്സിലാക്കുന്നതിനായി ഇടയിലുള്ള പ്രധാന സ്ഥലങ്ങളുടെ ഡെസ്റ്റിനേഷൻ നമ്പർ ഉൾപ്പെടുത്തുന്നതാണ്.

മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനായി ഓടയുടെ ഗതിമാറ്റിയെന്ന് കോണ്‍ഗ്രസ്; ഇന്ന് കൊടുമണില്‍ ഹര്‍ത്താല്‍

മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനായി ഓടയുടെ ഗതിമാറ്റിയെന്ന് കോണ്‍ഗ്രസ്; ഇന്ന് കൊടുമണില്‍ ഹര്‍ത്താല്‍

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതി മാറ്റിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം. കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നില്‍ ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിലെ ഓട നിര്‍മാണം തടഞ്ഞു കൊടി കുത്തിയ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൊടുമണ്‍ പഞ്ചായത്തില്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ഇന്നലെ ഉച്ചയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓട നിര്‍മാണം തടഞ്ഞു കൊടികുത്തിയത്. കെട്ടിട നിര്‍മാണ സമയത്തു പുറമ്പോക്ക് കയ്യേറിയതു കണ്ടെത്താതിരിക്കാനാണ് ഓടയുടെ ഗതിമാറ്റിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. തുടര്‍ന്നു പൊലീസെത്തി ഏഴു പേരെ അറസ്റ്റ് ചെയ്തുനീക്കി. അറസ്റ്റ് അന്യായമാണെന്ന് ആരോപിച്ചു സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീടു പ്രവര്‍ത്തകരെ വിട്ടയച്ചു. ഓട റോഡിന്റെ അതിര്‍ത്തിലേക്കു മാറ്റി സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം, റോഡിന്റെ പുറമ്പോക്കു കയ്യേറിയിട്ടില്ലെന്നും കെട്ടിടം നിര്‍മിക്കുന്നതിനു മുന്‍പാണു റോഡിന്റെ അലൈന്‍മെന്റ് നടത്തിയതെന്നും വികസനത്തിനായി ഇനിയും സ്ഥലം വിട്ടു നല്‍കാന്‍ തയാറാണെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.