by liji HP News | Jun 7, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്രമഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കാസര്‍കോട്, കണ്ണുര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ഞായറാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

by liji HP News | Jun 7, 2024 | Latest News, കേരളം
പത്തനംതിട്ട: ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീഴാന്‍ പോയ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി കണ്ടക്ടര്‍. സിനിമാ സ്റ്റൈലില്‍ യാത്രക്കാരനെ ഒറ്റക്കൈ കൊണ്ട് രക്ഷപ്പെടുത്തിയ ബിലു സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ്. കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയാണ് ബിലു
പന്തളം- ചവറ റൂട്ടില്‍ ഓടുന്ന ബസില്‍ കാറാളിമൂക്കില്‍ വച്ചാണ് സംഭവം. ബസിന്റെ പിന്നിലെ ഡോറിന് അരികില്‍ നിന്ന യാത്രക്കാരനെയാണ് ബിലു അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. യാത്രയ്ക്കിടെ നിയന്ത്രണംവിട്ട് വീണ് വാതിലിന്റെ ലോക്ക് തുറന്ന് പുറത്തേയ്ക്ക് വീഴാന്‍ പോയ യാത്രക്കാരനെയാണ് ബിലു രക്ഷിച്ചത്. ടിക്കറ്റ് നല്‍കി ബാലന്‍സ് വാങ്ങുന്നതിനിടെയാണ് യാത്രക്കാരന് ബാലന്‍സ് നഷ്ടപ്പെട്ടത്. വീഴുന്നത് കണ്ട് ഉടന്‍ തന്നെ ഒറ്റക്കൈ കൊണ്ട് യാത്രക്കാരനെ ബിലു ബസിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് അടക്കം വിളിച്ച് ബിലുവിനെ അഭിനന്ദിച്ചു.
‘പെട്ടെന്ന് എനിക്ക് പിടിക്കാന്‍ കഴിഞ്ഞതല്ല. അന്നേരത്തെ റിയാക്ഷനില്‍ അങ്ങനെ തോന്നിപ്പോയതാണ്. യാത്രക്കാരന്‍ ടിക്കറ്റ് എടുത്ത ശേഷം ബാലന്‍സ് വാങ്ങാന്‍ നില്‍ക്കുമ്പോഴാണ് സംഭവം. ബാലന്‍സ് ഇനി എത്രയാണ് തരാനുള്ളത് എന്ന് ചോദിക്കാനിരിക്കേ, ഒരു വളവ് വന്നു. വളവില്‍ വച്ച് യാത്രക്കാരന്‍ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. എനിക്ക് നോക്കാനുള്ള സമയം ഒന്നും കിട്ടിയില്ല. എന്നാല്‍ എനിക്ക് പെട്ടെന്ന് തോന്നിയ റിയാക്ഷനില്‍ കൈയില്‍ കയറി പിടിക്കുകയായിരുന്നു. യാത്രക്കാരന്റെ വലതുകൈ ആണ് എനിക്ക് ലഭിച്ചത്.നിരവധിപ്പേര്‍ വിളിച്ച് അഭിനന്ദിച്ചു’- ബിലു മാധ്യമങ്ങളോട് പറഞ്ഞു.
by liji HP News | Jun 7, 2024 | Latest News, കേരളം
തിരുവനന്തപുരം: നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ IOS/ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണെന്ന് കെഎസ്ഇബി അറിയിച്ചു. രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കാം. കണ്‍സ്യൂമര്‍ നമ്പരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബില്‍, പെയ്‌മെന്റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാനും ആപ്പില്‍ അവസരമുണ്ട്. ആപ്പില്‍ ലോഗിന്‍ ചെയ്യാതെതന്നെ 13 അക്ക കണ്‍സ്യൂമര്‍ നമ്പരും മൊബൈല്‍ ഒടിപിയും രേഖപ്പെടുത്തി അനായാസം പേയ്‌മെന്റ് ചെയ്യാന്‍ കഴിയും എന്നതടക്കം സൗകര്യങ്ങള്‍ പരിഷ്‌കരിച്ച് കൊണ്ട് ആണ് ആപ്പ് നവീകരിച്ചതെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
കുറിപ്പ്:
നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച കെ എസ് ഇ ബി മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ IOS/ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യം.
പുതുമകള്‍ ഇവയൊക്കെയാണ്…
ബില്ലുകള്‍ ഒരുമിച്ചടയ്ക്കാം
രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കാം. കണ്‍സ്യൂമര്‍ നമ്പരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബില്‍, പെയ്‌മെന്റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാനും അവസരമുണ്ട്.
ക്വിക്ക് പേ, രജിസ്റ്റര്‍ ചെയ്യാതെ തന്നെ.
ആപ്പില്‍ ലോഗിന്‍ ചെയ്യാതെതന്നെ 13 അക്ക കണ്‍സ്യൂമര്‍ നമ്പരും മൊബൈല്‍ ഒ ടി പിയും രേഖപ്പെടുത്തി അനായാസം പെയ്‌മെന്റ് ചെയ്യാം
ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാം
വൈദ്യുതി സംബന്ധമായ പരാതികള്‍ തികച്ചും അനായാസം രജിസ്റ്റര്‍ ചെയ്യാം
രജിസ്റ്റര്‍ ചെയ്യാം, വിവരങ്ങളറിയാം
ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്‌കണക്ഷന്‍ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കാന്‍ ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും രജിസ്റ്റര്‍ ചെയ്യാം.
സേവനങ്ങള്‍ വാതില്‍പ്പടിയില്‍
രജിസ്റ്റര്‍ ചെയ്യാം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫെയ്‌സ് മാറ്റം, പോസ്റ്റ് മാറ്റിയിടല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ വാതില്‍പ്പടിയില്‍ ലഭ്യമാകും
ലോഗിന്‍ ചെയ്യാം, തികച്ചും അനായാസം
ഫോണ്‍ നമ്പരോ ഇ മെയില്‍ ഐഡിയോ രേഖപ്പെടുത്തി അനായാസം ലോഗിന്‍ ചെയ്യാം.
ബില്‍ കാല്‍ക്കുലേറ്റര്‍
ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബില്‍ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ് ഒഴിവാക്കാം.
പഴയ ബില്ലുകള്‍ കാണാം
കണ്‍സ്യൂമര്‍ നമ്പരും രജിസ്റ്റേഡ് ഫോണ്‍ നമ്പരും രേഖപ്പെടുത്തി പഴയ ബില്ലുകള്‍ കാണാം, ഡൗണ്‍ലോഡ് ചെയ്യാം.

by liji HP News | Jun 7, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാംഗമായ നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനായി ഡല്‍ഹിയില്‍ എത്തിയ സുരേഷ് ഗോപിയെ ഇക്കാര്യം കേന്ദ്ര നേതൃത്വം അറിയിച്ചെന്നാണ് സൂചന. സുരേഷ് ഗോപി മന്ത്രിയാവാന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കേരളത്തില്‍ ശ്രദ്ധേയ വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ബന്ധം ചെലുത്തുകയായിരുന്നു. ഞായറാഴ്ച നരേന്ദ്രമോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ സുരേഷ് ഗോപിയും ഉണ്ടാവും എന്നാണ് വിവരം. ഞായറാഴ്ച തന്നെയായിരിക്കും മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞയെന്ന് മുതിര്‍ന്ന നേതാവ് പ്രഹ്ലാദ് ജോഷി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു. എന്‍ഡിഎയുടെ, നിയുക്ത എംപിമാരെ കൂടാതെ മുഖ്യമന്ത്രിമാരും മറ്റ് പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

by Midhun HP News | Jun 7, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 54,000 കടന്നു. പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 54000 കടന്നത്. നിലവില്‍ 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് തിരിച്ചുകയറി 53,000ന് മുകളില്‍ എത്തിയത്. ദിവസങ്ങള്‍ക്കകം 54000വും കടന്ന് കുതിക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.
by Midhun HP News | Jun 7, 2024 | Latest News, കേരളം
കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ ശക്തിയേറുന്നു. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ്കേ ന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ചതിനാല്‍ രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുകയും വയനാട് മണ്ഡലം വിട്ടുനല്‍കുകയും ചെയ്യാനാണ് സാധ്യത. 52 കാരിയായ പ്രിയങ്കയോട് വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നേരത്തെ തന്നെ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
രാഹുലിനൊപ്പം പത്തുതവണയും അല്ലാതെയും വയനാട് മണ്ഡലത്തില്‍ എത്തിയതോടെ പ്രിയങ്ക അവിടുത്തുകാര്‍ക്കും പരിചിതയാണ്. രാഹുല്‍ റായ്ബറേലി സീറ്റ് നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഹിന്ദി ഹൃദയഭൂമിയില്‍ രാഹുല്‍ തുടരുന്നത് നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. റായ്ബറേലിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അവിടെ ബിജെപി വിജയിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. എന്നാല്‍ വയനാട്ടിലെ സാഹചര്യം ഒരിക്കലും ബിജെപിക്ക് അനുകൂലമാകില്ലെന്നും അതിനാല്‍ വയനാട് പ്രിയങ്കയ്ക്ക് സുരക്ഷിതമായ ഇടമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തൃശൂരില്‍ സുരേഷ് ഗോപിയോട് ദയനീയമായി പരാജയപ്പെട്ട കെ മുരളധീരനെ വയനാട്ടില്‍ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യതയില്ല.
Recent Comments