കെ ജി റ്റി ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്സുകളിൽ സീറ്റൊഴിവ്

കെ ജി റ്റി ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്സുകളിൽ സീറ്റൊഴിവ്

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 2723666) എന്നീ ക്രേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ ജി റ്റി ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, കെ ജി റ്റി ഇ പ്രസ് വർക്ക്, കെ ജി റ്റി ഇ പോസ്റ്റ്-പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2024-25 കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

അപേക്ഷകർ എസ് എസ് എൽ സി അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകുല്യം ലഭിക്കും. ഒബിസി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം അതാത് കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 ഫോൺ – 0471 2474720, 0471 2467728 എന്ന വിലാസത്തിൽ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. വെബ്സൈറ്റ്: www.captkerala.com .

അതിശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

അതിശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് ആണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. റായലസീമക്കും കർണാടക തീരദേശത്തിനും മുകളിലായി രണ്ട് ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കേരളതീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നതിനാൽ തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണം. കേരള – ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍; ഇത്തവണ 52 ദിവസം

ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍; ഇത്തവണ 52 ദിവസം

തിരുവനന്തപുരം: ട്രോളിങ് നിരോധനത്തിന് തയ്യാറെടുത്ത് തീരദേശം. ഒമ്പതിന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന നിരോധനം ജൂലൈ 31 വരെ 52 ദിവസം തുടരും. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം. ഇക്കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും.

അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുംമുമ്പ് കേരളതീരം വിട്ടുപോകാന്‍ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കും. ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിങ് ബോട്ടുകള്‍ കടലില്‍നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും.

നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ. കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവയുടെ സേവനം ഉറപ്പാക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.

പക്ഷിപ്പനി ബാധിച്ച് ആദ്യമനുഷ്യമരണം; മെക്‌സിക്കോയില്‍ 59കാരന്‍ മരിച്ചു

പക്ഷിപ്പനി ബാധിച്ച് ആദ്യമനുഷ്യമരണം; മെക്‌സിക്കോയില്‍ 59കാരന്‍ മരിച്ചു

മെക്‌സിക്കോ സിറ്റി: ലോകത്ത് ആദ്യമായി പക്ഷപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചു. ഇത്തരത്തിലൊരു സംഭവം ആദ്യമായാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 59 കാരനാണ് മരിച്ചത്. എന്നാല്‍ എങ്ങനെയാണ് ഇയാള്‍ക്ക് രോഗംവന്നതെന്ന് ഡബ്ല്യുഎച്ച്ഒ വെളിപ്പെടുത്തിയിട്ടില്ല.

സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസിന്റെ പടരുന്നതിനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 59കാരന് വിട്ടുമാറാത്ത വൃക്കരോഗവും ടൈപ്പ് 2 പ്രമേഹവും ഉണ്ടായിരുന്നതായും വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മെക്‌സിക്കോ ആരോഗ്യവകുപ്പ് അറിയിച്ചു.

മെക്സിക്കോയിലെ കോഴികളില്‍ എ (എച്ച്5എന്‍ 2) വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ആരോഗ്യസംഘടന അറിയ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തില്‍ ഇന്‍ഫ്ലുവന്‍സ എ(എച്ച്5എന്‍2) വൈറസ് ബാധിച്ചതായി ലബോറട്ടറി സ്ഥിരീകരിച്ച ആദ്യത്തെ കേസാണിത്. മരിച്ചയാള്‍ കോഴികളുമായോ മറ്റ് മൃഗങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. ഇയാള്‍ക്ക് ഒന്നിലധികം രോഗങ്ങള്‍ ഉണ്ടായിരുന്നു. മറ്റ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് മൂന്നാഴ്ചയോളം കിടപ്പിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ഏപ്രിലിലുണ്ടായ മരണത്തോടെ മെക്‌സിക്കോ വൈറസ് ബാധയേക്കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിക്കുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ചിട്ടും തലയ്ക്ക് ഗുരുതര പരിക്ക്; യുവാവിന്റെ മൃതദേഹം ഓടയില്‍; ദുരൂഹത

ഹെല്‍മറ്റ് ധരിച്ചിട്ടും തലയ്ക്ക് ഗുരുതര പരിക്ക്; യുവാവിന്റെ മൃതദേഹം ഓടയില്‍; ദുരൂഹത

കോട്ടയം: പുതുപ്പള്ളി ചാലുങ്കല്‍പ്പടിയില്‍ ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പില്‍ രഘൂത്തമന്റെ മകന്‍ വിഷ്ണു രാജ് ആണ് മരിച്ചത്. പരുമലയില്‍ ജോലിചെയ്യുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെല്‍മെറ്റ് ധരിച്ചിരുന്നതായും എന്നിട്ടും തലയ്ക്ക് ഗുരുതര പരിക്കേറ്റതുമാണ് സംശയത്തിന് കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ചാലുങ്കപ്പടിയിലെ വളവിലാണ് വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കുന്നവരാണ് ബുള്ളറ്റ് അപകടത്തില്‍പ്പെട്ടതായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓടയ്ക്കുള്ളില്‍ നിന്നും വിഷ്ണുരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍വിവരം പൊലീസിനെ അറിയിച്ചു.
ബുള്ളറ്റിന്റെ പിന്‍ഭാഗത്ത് ക്രാഷ് ഗാര്‍ഡുകള്‍ ചളുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും വാഹനം ഇടിച്ച് ഓടയില്‍ വീണതാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മരിച്ച സംഘത്തില്‍ മലയാളികളും

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മരിച്ച സംഘത്തില്‍ മലയാളികളും

ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മരിച്ച കര്‍ണാടക സംഘത്തില്‍ മലയാളികളും. കര്‍ണാടക ട്രക്കിങ് അസോസിയേഷന്‍ മുഖേനെ മെയ് 22നാണ് 29 അംഗ സംഘം ട്രക്കിങ്ങനായി ഉത്തരാഖണ്ഡിലേക്ക് പോയത്.

ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വികെ സിന്ധു (45) എന്നിവരുടെ മൃതദേഹങ്ങളാണ് അപകടത്തില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഒന്‍പത് അംഗം സഞ്ചരിച്ച ട്രക്കിങ് പാത മോശം കാലാവസ്ഥയെ തുടര്‍ന്ന് അടഞ്ഞുപോകുകയായിരുന്നു. 5 മൃതദേഹങ്ങള്‍ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എസ്ബിഐയില്‍ സീനിയര്‍ മാനേജരായി വിരമിച്ച ആശ ഭര്‍ത്താവ് സുധാകറുമൊത്താണ് ട്രക്കിങിന് പോയത്. സിന്ധു ഡെല്ലില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. 13 പേരെ രക്ഷപ്പെടുത്തി. കര്‍ണാടകയിലെ റവന്യൂ മന്ത്രി ഉത്തരാഖണ്ഡിലെത്തി ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മരിച്ചവരുടെ വിവരങ്ങള്‍ നാട്ടിലേക്ക് അറിയിച്ചത്.