‘തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു, ലൂര്‍ദ് മാതാവിനും പ്രണാമം, എന്റെ നേരെ വന്ന കല്ലുകളില്‍ സത്യം അവര്‍ തിരിച്ചറിഞ്ഞു’: സുരേഷ് ഗോപി

‘തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു, ലൂര്‍ദ് മാതാവിനും പ്രണാമം, എന്റെ നേരെ വന്ന കല്ലുകളില്‍ സത്യം അവര്‍ തിരിച്ചറിഞ്ഞു’: സുരേഷ് ഗോപി

തൃശൂര്‍: ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് തനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാര്‍ക്കും എന്റെ ലൂര്‍ദ് മാതാവിനും പ്രണാമം. ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് എനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നത്. ഒഴുക്കിനെതിരെ നീന്തി കയറുക. ഒഴുക്കിനെതിരെ എന്ന് പറയുന്നിടത്ത് വ്യക്തിപരമായി ഒരു പാട് ദ്രോഹമാണ് വലിയ കല്ലുകളായി എന്റെ നേരെ തള്ളിവിട്ടത്. കരകയറാന്‍ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു. വിവിധ വിഷയങ്ങളില്‍ സത്യം ആരും വിളിച്ച് പറഞ്ഞില്ല. അതിന്റെ സത്യം തൃശൂരിലെ ജനങ്ങള്‍… പ്രജാ ദൈവങ്ങള്‍ എന്നാണ് ഞാന്‍ വിളിക്കുന്നത്. ആ സത്യം അവര്‍ തിരിച്ചറിഞ്ഞു’- സുരേഷ് ഗോപി പറഞ്ഞു.

‘അവരെ വഴിത്തെറ്റിക്കാന്‍ നോക്കിയെടുത്തൊന്നും സാധിച്ചില്ല. അവരെ വക്രവഴിയിലേക്ക് നയിക്കാന്‍ ശ്രമിച്ചപ്പോള്‍ ദൈവം അവരുടെ കൂടെ നിന്നു. തുടര്‍ന്ന് എനിലൂടെ അവരുടെ നിശ്ചയങ്ങള്‍ തിരിച്ചുവിട്ടെങ്കില്‍ ഇത് അവര്‍ നല്‍കുന്ന അനുഗ്രഹം കൂടിയാണ്. ഇത് ഒരു അതിശയമെന്ന് തോന്നിയാലും ഇത് സംഭവിക്കേണ്ടത് തന്നെയായിരുന്നു. തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു. അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായിരിക്കുന്നത്. ജനങ്ങളെ ഞങ്ങളുടെ പക്ഷത്തേയ്ക്ക് എത്തിക്കുന്നതിന് പ്രവര്‍ത്തിച്ച 1200ഓളം ബൂത്തുകളിലെ പ്രവര്‍ത്തകര്‍, ആ ബൂത്തുകളിലെ വോട്ടര്‍മാര്‍ അടക്കം പ്രചാരണത്തിന് ഇറങ്ങി. എറണാകുളത്ത് നിന്നും മറ്റു ജില്ലകളില്‍ നിന്നുമൊക്കെ നിരവധി അമ്മമാര്‍ അടക്കം ഇവിടെ വന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആയിരത്തിലധികം ആളുകള്‍ വന്നു. അവരാണ് ഈ 42 ദിവസത്തിനിടയ്ക്ക് എന്നെ പ്രോജക്ട് ചെയ്ത് കാണിച്ചത്. അടുത്ത അഞ്ചുവര്‍ഷം പ്രവര്‍ത്തിക്കുന്നതിന് ഞാന്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും എത്തിക്കുന്നതിന് പ്രവര്‍ത്തകര്‍ അധ്വാനിച്ചു. നരേന്ദ്രമോദി എന്റെ രാഷ്ട്രീയ ദൈവമാണ്.’- സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു; 53,000 കടന്ന് കുതിച്ച് സ്വര്‍ണവില

ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു; 53,000 കടന്ന് കുതിച്ച് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 53,500 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്.

ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വര്‍ധിച്ചത്. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് തിരിച്ചുകയറിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

‘ട്രോളിയവരൊക്കെ എവിടെ?’; തൃശൂര്‍ ഇങ്ങെടുക്കുവാ കേട്ടോ

‘ട്രോളിയവരൊക്കെ എവിടെ?’; തൃശൂര്‍ ഇങ്ങെടുക്കുവാ കേട്ടോ

ഒടുവില്‍ സുരേഷ് ഗോപി തൃശൂര്‍ ഇങ്ങെടുത്തു. കൊച്ചു കുട്ടികള്‍ പോലും ഏറ്റു പറഞ്ഞ പ്രയോഗം. തൃശൂര്‍ ഞാനിങ്ങെടുക്കുവാ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഈ വാക്കുകള്‍ മലയാളികള്‍എല്ലാ പരാജയ കഥകള്‍ക്കുമാണ് ഉപയോഗിച്ചതെങ്കില്‍ ഇന്ന് കഥമാറുകയാണ്.

അമിത ആത്മവിശ്വാസത്തോടെ അന്ന് സുരേഷ് ഗോപിയുടെ വാക്കുകള്‍ ആദ്യം തിരിച്ചടിക്കുകയാണുണ്ടായത്. യുഎഡിഎഫില്‍ നിന്നും ടിഎന്‍ പ്രതാപന്‍ പ്രതാപത്തോടെ ലോക്‌സഭയിലേക്ക് പോകുന്ന കാഴ്ചയാണ് 2019ല്‍ കേരളം കണ്ടത്. പിന്നീട് എന്തിനും ഏതിനും തൃശൂര്‍ ഇങ്ങെടുക്കുവാ എന്നുള്ള പ്രയോഗം മലയാളികള്‍ ഉപയോഗിച്ചു. ട്രോളുകള്‍ നിറഞ്ഞു… ഒടുവില്‍ ഒരിടത്തും ജയിക്കാതെ സുരേഷ് ഗോപി പാര്‍ലമെന്റംഗമായി. ആര്‍ട്ടിക്കിള്‍ 80ന്റെ ആനുകൂല്യത്തില്‍ രാജ്യസഭാംഗമായി നിലനിര്‍ത്തിയപ്പോള്‍ എന്തെങ്കിലും കാണാതെയാവില്ല അത്തരമൊരു നീക്കം ബിജെപി നടത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ഉണ്ടായി. ഔദാര്യത്തിന്റെ നോമിനേഷന്‍ എന്നുള്ള വിമര്‍ശനവും എതിര്‍ഭാഗത്ത് നിന്നുയര്‍ന്നു. എന്തായാലും ഈ നോമിനേഷന്‍ സുരേഷ് ഗോപിക്ക് അമിത ആത്മവിശ്വാസത്തിന്റെ ഡബിള്‍ ബെല്ലാണ് നല്‍കിയത്.

2019ല്‍ തോറ്റെങ്കിലും ബിജെപിയുടെ വോട്ട് നില 2014ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചു. 17.5 ശതമാനം വര്‍ധിപ്പിച്ച് 2,93,822 വോട്ടാണ് സുരേഷ് ഗോപി നേടിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂരില്‍ സുരേഷ് ഗോപിക്ക് സീറ്റ് ഉറപ്പിച്ച് നല്‍കി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ സുരേഷ് 40,457 ആയിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടുകള്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലെത്തിയപ്പോള്‍ വീണ്ടും സുരേഷ് ഗോപി പറഞ്ഞു, ഞാന്‍ തൃശൂര്‍ എടുക്കും. വേണമെങ്കില്‍ കണ്ണൂരും. ഡല്‍ഹിയിലെ ഒരു നരേന്ദ്രന്‍ വിചാരിച്ചാല്‍ കേരളവും ഇങ്ങെടുക്കും. ഇത്തവണ പല തരത്തില്‍ കളിയാക്കിയവരോടും സുരേഷ് ഗോപി പറഞ്ഞു, ഞാന്‍ കൈ കൊണ്ടല്ല ഹൃദയം കൊണ്ടാണ് തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞത്. ഏറ്റവും ഒടുവില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി എത്തിയതോടെ സുരേഷ് ഗോപിയുടെ താരപരിവേഷത്തിന് കൂടുതല്‍ മികവുണ്ടായി എന്നതാണ് യാഥാര്‍ഥ്യം.

ശബരിമല വിഷയം കത്തിനിന്ന സാഹചര്യത്തിലാണ് 2019 ല്‍ സുരേഷ് ഗോപിയെ തൃശൂരില്‍ പരീക്ഷിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായത്. ശബരിമലയെപ്പറ്റി പ്രചാരണത്തിനിടെ ഒന്നും പറയരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയെങ്കിലും ആ വിഷയം ഉയര്‍ത്തിതന്നെയാണ് സുരേഷ് ഗോപി മുന്നേറിയത്. എന്നാല്‍ ‘ഇക്കുറി തൃശൂരില്‍ നിന്നൊരു കേന്ദ്രമന്ത്രി, മോദിയുടെ ഗ്യാരണ്ടി’ എന്നുപറഞ്ഞുകൊണ്ടാണ് തൃശൂരില്‍ സുരേഷ് ഗോപി പ്രചാരണം ശക്തമാക്കിയത്. എതിരാളികള്‍ ട്രോളി ഒരു വശത്താക്കിയെങ്കിലും തനി സിനിമാ സ്‌റ്റൈലിലായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം. സ്ഥാനാര്‍ത്ഥിയെ കാണാനും സെല്‍ഫിയെടുക്കാനും ജനങ്ങള്‍ ഒത്തുകൂടി. എന്നാല്‍ ഇതെല്ലാം വോട്ടായി മാറുമോ എന്ന് ബിജെപിക്ക് തന്നെ സംശയമുണ്ടായിരുന്നു.

സ്ത്രീകളുടെ പിന്തുണ നേടാനായതാണ് സുരേഷ് ഗോപിക്ക് അനുകൂലമായതെന്നാണ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍. സ്ത്രീ ശക്തി സമ്മേളനവും സുരേഷ് ഗോപിക്ക് ഗ്രേസ് മാര്‍ക്കായി. തന്നില്‍ സംസ്ഥാന ബിജെപിക്ക് നിയന്ത്രണം ഒന്നുമില്ലെന്നും കേന്ദ്രത്തിന്റെ സ്വന്തം ആളാണെന്നും ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും പ്രതീതി ഉണ്ടാക്കാനും സുരേഷ് ഗോപിക്കായി. ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചുകൊണ്ടു ന്യൂനപക്ഷ സമൂഹത്തിന്റെ പിന്തുണയും ഉറപ്പാക്കാന്‍ കഴിഞ്ഞു. ചരിത്രത്തിലാദ്യമായി തൃശൂര്‍ പൂരവും തെഞ്ഞെടുപ്പ് വിഷയമായത് സുരേഷ് ഗോപിക്ക് അനുകൂലമായെന്നാണ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍. ഏതാലായും പ്രബലരായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറിനെയും യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനെയും പിന്തള്ളി തൃശൂര്‍ സുരേഷ് ഗോപി എടുത്തു…

രാഹുലിന്‍റെ ലീഡ് ഒരു ലക്ഷം കടന്നു; സുരേഷ് ഗോപി 30,000 വോട്ടിനു മുന്നില്‍;എല്‍ഡിഎഫ് ആലത്തൂരില്‍ മാത്രം

രാഹുലിന്‍റെ ലീഡ് ഒരു ലക്ഷം കടന്നു; സുരേഷ് ഗോപി 30,000 വോട്ടിനു മുന്നില്‍;എല്‍ഡിഎഫ് ആലത്തൂരില്‍ മാത്രം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി താമര വിരിയുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 30,000 കടന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്, ശക്തമായ ത്രികോണ മത്സരം നടന്നിട്ടും വോട്ടെണ്ണലിന്റെ ഓരോഘട്ടത്തിലും കൃത്യമായ ലീഡ് ഉയര്‍ത്താന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞു.

വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി വിജയം ഉറപ്പിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കമ്പോള്‍ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് 57,000 വോട്ടിന് മുന്നിലാണ്. എറണാകുളത്ത് ഹൈബിയുടെ ലീഡ് അരലക്ഷം കടന്നു.

കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എംകെ രാഘവന്റെ ഭൂരിപക്ഷം 30,000 കടന്നു. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം കാല്‍ലക്ഷത്തിലേറെയാണ്. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് 22,000ത്തിലേറെ വോട്ടിന് ലീഡ് ചെയ്യുന്നു. മലപ്പുറത്തും പൊന്നാനിയിലും ഇക്കുറി മാറ്റമുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറിന്‍റെ ലീഡ് നില 50,000 കടന്നു. കാസര്‍കോട്, കണ്ണൂര്‍, വടകര, ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ ലീഡ് 13,000 കടന്നു. ആറ്റിങ്ങലിലും മാവേലിക്കരയിലും മാത്രമാണ് കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെ.

പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിന് എതിരെ മലിനീകരണ നിയന്ത്രണ ബോർഡ്

പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിന് എതിരെ മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സത്യവാങ്മൂലം. പാതാളം ബണ്ട് ദീർഘകാലം അടച്ചിടുന്നത് ജൈവ മാലിന്യം അടിഞ്ഞുകൂടുന്നതിനു ഇടയാക്കുന്നവെന്നു മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു. മത്സ്യക്കുരുതിയുടെ കാരണം വിശദമാക്കുന്ന സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ.

പെരിയാറിലെ ഒഴുക്ക്, കുറഞ്ഞ നിലക്കെങ്കിലും നിലനിർത്തണമെന്നു നിർദ്ദേശം നിർദ്ദേശം നൽകിയിരുന്നു. 2017ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരമാണ് ജലസേചന വകുപ്പിനു നിർദ്ദേശം നൽകിയതെന്നും ഈ നിർദ്ദേശം ജലസേചന വകുപ്പ് നടപ്പാക്കിയില്ലെന്നും മലിനീകരണം നിയന്ത്രണ ബോർഡ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പെരിയാറിൽ രാസ മാലിന്യം ഒഴുക്കിയതിനെ തുടർന്നു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ കോടികളുടെ നഷ്ടമാണ് മത്സ്യ കർഷകർക്കുണ്ടായത്. വരാപ്പുഴ, ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. കൊച്ചി കോർപറേഷൻ മേഖലയിലേക്കു വിഷപ്പുഴ ഒഴുകിയെന്നാണു ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93 വയസായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ പകിട്ടുകളില്ലാത്ത കാലത്ത് പരിമിതികളോട് പൊരുതി കാലത്തിനൊപ്പം സഞ്ചരിച്ചു.

നവഭാരതം പത്രം ഉടമ എകെ ഭാസ്‌കറിന്റെയും മീനാക്ഷിയുടെയും മകനായി കൊല്ലം കായിക്കരയിലാണു ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആര്‍പി ഭാസ്‌കറുടെ ജനനം. മകന്‍ ഈ രംഗത്തു വരുന്നതില്‍ അച്ഛനു താല്‍പര്യമില്ലായിരുന്നു. ‘നവഭാരത’ത്തില്‍ അച്ഛന്‍ അറിയാതെ അപരനാമത്തില്‍ വാര്‍ത്തയെഴുതിയാണു പത്രപ്രവര്‍ത്തന തുടക്കം.

ദി ഹിന്ദു, സ്റ്റേറ്റ്സ്മാന്‍, പേട്രിയേറ്റ്, ഡെക്കാന്‍ ഹെറാള്‍ഡ് തുടങ്ങിയ പത്രങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും ബിആര്‍പി സേവനമനുഷ്ഠിച്ചു. മാധ്യമജീവിതത്തിന്റെ റിട്ടയര്‍മെന്റ് കാലത്തും ഒട്ടേറെ പത്രങ്ങളിലും മാഗസിനുകളിലും കോളങ്ങള്‍ എഴുതി സജീവമായിയിരുന്നു ബിആര്‍പി.

ബംഗ്ലദേശ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുജീബുല്‍ റഹ്മാനുമായുള്ള അഭിമുഖം, ഡോ. ഹര്‍ഗോവിന്ദ് ഖുറാന നൊബേല്‍ സമ്മാനം നേടിയ വാര്‍ത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ബിആര്‍പിയെ ഈ രംഗത്ത് അടയാളപ്പെടുത്തി. മാധ്യമ മേഖലയിലെ മികവിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കന്ന പരമോന്നത പുരസ്‌കാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബിആര്‍പി ഭാസ്‌കറിന്റെ ന്യൂസ് റൂമിന് മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.