കാലവർഷക്കാറ്റിൻ്റെ സ്വാധീനത്താൽ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ

കാലവർഷക്കാറ്റിൻ്റെ സ്വാധീനത്താൽ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ

തിരുവനന്തപുരം: കാലവർഷക്കാറ്റിൻ്റെ സ്വാധീനത്താൽ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗത തടസം ഉണ്ടായി. കൊച്ചി ഇൻഫോ പാർക്കിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.

ഔദ്യോഗികമായി കാലവർഷം എത്തിയതായി സ്ഥിരീകരിക്കാനുള്ള മാനദണ്ഡങ്ങൾ പൂർത്തിയായിട്ടില്ല. ഈ മാസം 31 ഓടെ ഇത് പൂർത്തിയാകുമെന്നാണ് കരുതുന്നത്. അതിനുശേഷമായിരിക്കും കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിക്കുക. കഴിഞ്ഞദിവസം കാലവർഷം ശ്രീലങ്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കന്യാകുമാരി കടലിലും ആൻഡമാൻ ദ്വീപസമൂഹങ്ങളിലും വ്യാപിച്ചിരുന്നു. കാലവർഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതിനെക്കാൾ വ്യത്യസ്തമായി ഇടിമിന്നൽ കുറയും. മാത്രമല്ല, അന്തരീക്ഷത്തിന് തണുപ്പും അനുഭവപ്പെടും. കാലവർഷത്തിന്റെ ഭാഗമായുള്ള മഴയുടെ വെള്ളത്തിനും തണുപ്പ് ഉണ്ടാകും.

ശക്തമായ മഴയെത്തുടർന്നു പൊന്മുടി അടച്ചു

ശക്തമായ മഴയെത്തുടർന്നു പൊന്മുടി അടച്ചു

തിരുവനന്തപുരം: ശക്തമായ മഴ കാരണം ജില്ലാ ദുരന്തനിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു.

ഇനി വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെയും വോൾട്ടേജ് അളക്കാം; തിരുവനന്തപുരം എൻജിനീയറിങ് കോളജിന് പേറ്റൻറ്

ഇനി വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെയും വോൾട്ടേജ് അളക്കാം; തിരുവനന്തപുരം എൻജിനീയറിങ് കോളജിന് പേറ്റൻറ്

തിരുവനന്തപുരം: കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരവും (CET) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ കോൺടാക്ട് രീതിയിൽ ഇൻസുലേഷൻ മാറ്റാതെ തന്നെ വോൾട്ടേജ് അളക്കാൻ സാധിക്കുന്ന ഉപകരണം ശ്രദ്ധേയമാകുന്നു. സാധാരണയായി ഇലക്ട്രിക്ക് സിസ്റ്റത്തിലെ വയറുകളുടെ ഇൻസുലേഷൻ മാറ്റി വോൾട്ട് മീറ്റർ പോലുള്ള ഉപകരണങ്ങൾ നേരിട്ട് ഘടിപ്പിച്ചാണ് വോൾട്ടേജ് അളക്കുന്നത്. പുതിയ ഉപകരണത്തിൽ ഇൻസുലേഷൻ മാറ്റാതെ തന്നെ വളരെ കൃത്യതയോടെ വോൾട്ടേജ് വ്യതിയാനം അളക്കാൻ കഴിയും. ഈ കണ്ടുപിടിത്തത്തിന് കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരത്തിനും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ് ലഭിച്ചു.

ഈ ഉപകരണം IOT ഉപകരണം, സ്മാർട്ട് എനർജി മീറ്റർ, സ്മാർട്ട് ഹോം എന്നിവയുമായി വളരെ കാര്യക്ഷമതയോടെ ഘടിപ്പിക്കാം. വ്യവസായശാലകളിലെ ഇലക്ട്രിക്ക് ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെ പരിപാലനത്തിനും ഈ ഉപകരണം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലായിരുന്നു ഗവേഷണം. ഡോ. ഷെനിൽ പി എസ് (CET യിലെ മുൻ അസോസിയേറ്റ് പ്രൊഫസർ നിലവിൽ ബാട്ടൺഹിൽ എൻജിനീയറിങ് കോളജ് അസോസിയേറ്റ് പ്രൊഫസർ), ഡോ. ബോബി ജോർജ് (പ്രൊഫസർ & ഹെഡ്- മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി ഐ ഐ ടി മദ്രാസ്) എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഗവേഷണം.

സ്‌പെഷ്യല്‍ ട്രെയിനുകള്‍: ഒരു മാസം കൂടി നീട്ടാന്‍ തീരുമാനിച്ച് റെയില്‍വേ

തിരുവനന്തപുരം: വിവിധ സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരു മാസംകൂടി നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചു. നാഗര്‍കോവില്‍ ജങ്ഷന്‍-താംബരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ (06012) ജൂണ്‍ 30 വരെയുള്ള ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തും.

താംബരം നാഗര്‍കോവില്‍ ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ (06011) ജൂലൈ ഒന്നുവരെയുള്ള തിങ്കളാഴ്ചകളിലും ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (06043) ജൂലൈ മൂന്ന്വരെയുള്ള ബുധനാഴ്ചകളിലും കൊച്ചുവേളി ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ് (06044) ജൂലൈ നാലുവരെയുള്ള വ്യാഴാഴ്ചകളിലും സര്‍വീസ് നടത്തും.

അവധി കഴിഞ്ഞ് വിദേശത്തേയ്ക്ക് മടങ്ങാന്‍ യാത്ര പറയുമ്പോള്‍ കുഴഞ്ഞുവീണു; യുവാവ് മരിച്ചു

അവധി കഴിഞ്ഞ് വിദേശത്തേയ്ക്ക് മടങ്ങാന്‍ യാത്ര പറയുമ്പോള്‍ കുഴഞ്ഞുവീണു; യുവാവ് മരിച്ചു

ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാന്‍ മാതാപിതാക്കളോടു യാത്ര പറയുമ്പോള്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചുനക്കര പോണാല്‍ പടീറ്റതില്‍ ജിയോ വില്ലയില്‍ അനില്‍ പി ജോര്‍ജിന്റെയും അടൂര്‍ ഏനാത്ത് പുതുശേരി കാവിള പുത്തന്‍വീട്ടില്‍ ഓമനയുടെയും മകന്‍ സ്വരൂപ് ജി അനില്‍ (29) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 11മണിയോടെയാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ 4.30ന് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തില്‍ ദുബായിലേക്കു പോകാന്‍ ഞായറാഴ്ച രാത്രി വീട്ടില്‍നിന്നു യാത്ര ചോദിച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ചെങ്ങന്നൂര്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായ് യുറാനസ് എയര്‍ കണ്ടിഷന്‍ റഫ്രിജറേഷന്‍ ട്രേഡിങ് കമ്പനി മാനേജിങ് പാര്‍ട്‌നറായ സ്വരൂപ് 3 മാസമായി നാട്ടിലുണ്ടായിരുന്നു.

15കാരിയെ പ്രണയം നടിച്ച് കൂട്ടുകാരന്റെ വീട്ടില്‍ എത്തിച്ച് പീഡനം; കൊല്ലത്ത് 20കാരന്‍ പിടിയില്‍

15കാരിയെ പ്രണയം നടിച്ച് കൂട്ടുകാരന്റെ വീട്ടില്‍ എത്തിച്ച് പീഡനം; കൊല്ലത്ത് 20കാരന്‍ പിടിയില്‍

കൊല്ലം: ചടയമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. കടന്നൂര്‍ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വര്‍ക്കല സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ശ്രീരാജ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം യുവാവ് ഫോണ്‍ വഴി ബന്ധം തുടര്‍ന്നു. പിന്നാലെ ശ്രീരാജിന്റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ പെണ്‍കുട്ടിയെ ശ്രീരാജ് സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്താവുന്നത്. അന്വേഷണത്തില്‍ യുവാവിനെ ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കടന്നൂരിലുള്ള കുന്നിന്‍ മുകളില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.