by liji HP News | May 28, 2024 | Latest News, കേരളം
കൊച്ചി: കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്‌സലിന്റെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിനെതിരെ ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍. സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞാണ് ഡിവൈഎസ്പി തങ്ങളെ കൊണ്ടുപോയതെന്ന് സസ്‌പെന്‍ഷനിലായ പൊലീസുകാര്‍ വിശദീകരണം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഡിവൈഎസ്പിയെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
എന്നാല്‍ പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി പറയുന്നത്. ഈയിടെ റിലീസായ സിനിമയില്‍ ഫെയ്‌സല്‍ അഭിനയിച്ചിരുന്നു. ഫെയ്‌സലിനെ കാണണമെന്ന പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി മേലധികാരികള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്.
ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് സാബുവും പൊലീസുകാരും കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്‌സലിന്റെ അങ്കമാലി പുളിയനം കാട്ടുചിറയിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ കുടുങ്ങിയത്. യാത്രയയപ്പിന്റെ ഭാഗമായി മസിനഗുഡി ടൂര്‍ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞായറാഴ്ച വൈകീട്ട് ഡിവൈഎസ്പിയും സംഘവും ഫെയ്‌സലിന്റെ വീട്ടിലെത്തിയത്. അല്‍പസമയത്തിനകം യൂണിഫോമിലുള്ള പൊലീസ് സംഘം വരുന്നതുകണ്ട് ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു.
ഫെയ്‌സലിനെ പൊലീസുകാര്‍ക്കു മുന്‍പരിചയമില്ലായിരുന്നുവെന്ന് ഏതാണ്ടു ബോധ്യമായിട്ടുണ്ട്. ഡിവൈഎസ്പി സാബു മുന്‍പ് എറണാകുളം റൂറലില്‍ ജോലി ചെയ്തിട്ടുണ്ട്. എസ്‌ഐക്കു ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കാന്‍ അധികാരമില്ലെന്നു പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. സ്റ്റേഷനിലെത്തിച്ചശേഷം ഫെയ്‌സലിനെയും വീട്ടിലെ ജോലിക്കാരന്‍ ഷബ്‌നാസിനെയും കരുതല്‍ അറസ്റ്റോടെയും പൊലീസുകാരെ വിവരങ്ങള്‍ രേഖപ്പെടുത്തിയും വിട്ടയച്ചു.
by liji HP News | May 28, 2024 | Latest News, കേരളം
തൃശൂര്‍: നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് കോട്ടയം ജില്ലയിലും സമാനമായ സംഭവം ഉണ്ടായത്.
ഇന്ന് രാവിലെ 8.15 ഓടേയാണ് സംഭവം. നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ വല്ലപ്പുഴ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പാമ്പ് കടിച്ചതായി യുവതി പറഞ്ഞത്. പുറത്തിറങ്ങിയ യുവതി തന്നെ പാമ്പ് കടിച്ചതായും ബെര്‍ത്തില്‍ പാമ്പ് ഉണ്ടെന്നും യാത്രക്കാര്‍ പാമ്പിനെ കണ്ടതായും പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മറ്റു യാത്രക്കാരോട് യുവതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് അവിടെ ഉണ്ടായിരുന്ന മറ്റു യാത്രക്കാരാണ് യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കോട്ടയത്താണ് യുവതി പഠിക്കുന്നത്. കോട്ടയത്തേയ്ക്ക് പോകുന്നതിന് വേണ്ടിയാണ് ട്രെയിനില്‍ കയറിയത്. ഷൊര്‍ണ്ണൂര്‍ ഇറങ്ങി അവിടെ നിന്ന് കോട്ടയത്തേയ്ക്ക് പോകാന്‍ വേണ്ടിയാണ് പാസഞ്ചര്‍ ട്രെയിനില്‍ കയറിയത്. പാമ്പ് കടിച്ചതോടെ യുവതി യാത്രാമധ്യ വല്ലപ്പുഴയില്‍ ഇറങ്ങുകയായിരുന്നു. ആയുര്‍വേദ ഡോക്ടര്‍ ആയത് കൊണ്ട് കാലില്‍ തുണിയും മറ്റും കെട്ടി പ്രാഥമിക കാര്യങ്ങള്‍ ചെയ്ത ശേഷമാണ് യുവതി വല്ലപ്പുഴയില്‍ ഇറങ്ങിയത്.
by liji HP News | May 28, 2024 | Latest News, കേരളം
തിരുവനന്തപുരം: ഈ മാസം വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ ഇന്ന് 3500 കോടി രൂപ കടമെടുക്കും. റിസര്‍വ് ബാങ്ക് വഴി കടപ്പത്രമിറക്കിയാണ് പണ സമാഹരണം.
ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ തുടങ്ങാന്‍ 800 കോടിയോളം രൂപ ആവശ്യമാണ്. ഈ മാസവും അടുത്ത മാസവുമായി 7,500 കോടി രൂപയാണ് വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ വേണ്ടത്. ഇതിനായി അടുത്ത മാസം ആദ്യം വീണ്ടും സര്‍ക്കാര്‍ കടമെടുക്കും.
സെക്രട്ടേറിയറ്റില്‍ മാത്രം 5 സ്‌പെഷല്‍ സെക്രട്ടറിമാരടക്കം 150 പേരാണു വിരമിക്കുന്നത്. വിരമിക്കുന്നവരില്‍ നല്ലൊരു പങ്കും ആനുകൂല്യങ്ങള്‍ ട്രഷറിയില്‍ തന്നെ നിക്ഷേപിക്കുന്നുണ്ട്. അതിനാല്‍, ഫലത്തില്‍ സര്‍ക്കാരിനു 7,500 കോടിയുടെ ബാധ്യത ഒറ്റയടിക്കു വരില്ല.
by liji HP News | May 27, 2024 | Latest News, കേരളം
പാലക്കാട്: ഹോമിയോ ഡോക്ടറായ യുവതി വീട്ടില്‍ മരിച്ച നിലയില്‍. പാലക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിനി റംലത്ത് ആണ് മരിച്ചത്. 40 വയസായിരുന്നു. പേവിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
രണ്ടുമാസം മുന്‍പ് വളര്‍ത്തുനായ യുവതിയെ കടിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് ഇവര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്കും ഇവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്തിരുന്നു.
ചികിത്സയിലിരിക്കെ ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ ഞായറാഴ്ച രാത്രി ഭര്‍ത്താവിനൊപ്പം ഇവര്‍ വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. നായ കടിച്ചതിന് പിന്നാലെ ഇവര്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് അറിയാന്‍കഴിഞ്ഞതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലേ മരണം പേവിഷബാധയേറ്റാണോ എന്ന കാര്യത്തില്‍ വ്യക്തതവരുത്താനാവൂ എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
by liji HP News | May 27, 2024 | Latest News, കേരളം
മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനായി ഏകജാലകം വഴി മലപ്പുറം ജില്ലയില്‍ അപേക്ഷിച്ചത് 82,434 വിദ്യാർത്ഥികള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ അപേക്ഷിച്ചത് മലപ്പുറത്താണ്. സംസ്ഥാനത്ത് ആകെ 4,65,960 വിദ്യാർത്ഥികളാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളത്. എസ്.എസ്.എല്‍.സി എഴുതിയ 79,637 പേർ, സി.ബി.എസ്.ഇ – 2,031, ഐ.സി.എസ്.ഇ- 12, മറ്റ് സിലബസുകള്‍ – 754, വിവിധ ജില്ലകളില്‍ നിന്നുള്ള 7,621 വിദ്യാർത്ഥികള്‍ എന്നിങ്ങനെയാണ് ജില്ലയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്.
സ്‌പോർട്സ് ക്വാട്ടയിലേക്ക് 1,693 പേരും അപേക്ഷ നല്‍കിയിട്ടുണ്ട്. പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം 25ന് വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. 29ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും. പ്ലസ്‌വണ്ണിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായുള്ള സീറ്റുകള്‍ ജില്ലയിലില്ല. സർക്കാർ, എയ്ഡഡ് സ്‌കൂളില്‍ – 52,600, അണ്‍ എയ്ഡഡ് – 11,275 ഉള്‍പ്പെടെ ആകെ 63,875 സീറ്റുകളാണ് ജില്ലയിലുള്ളത്. വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് വിഭാഗങ്ങളിലായുള്ള സീറ്റുകളുടെ എണ്ണം യഥാക്രമം 2,790, 1,124, 1,360 എന്നിങ്ങനെയും. ഇതടക്കം 69,149 സീറ്റുകളാണ് ജില്ലയിലുള്ളത്.
by liji HP News | May 27, 2024 | Latest News, കേരളം
കൊച്ചി: തമ്മനം ഫൈസല്‍ എന്ന കുപ്രസിദ്ധഗുണ്ടയുടെ വീട്ടില്‍ റെയ്ഡിനായി പൊലീസ് എത്തിപ്പോള്‍ സല്‍ക്കാരമുറിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. എസ്‌ഐയെ കണ്ടതിന് പിന്നാലെ ശുചിമുറിയില്‍ ഡിവൈഎസ്പി ഓടിയൊളിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. ഡിവൈഎസ്പിയെ കൂടാതെ രണ്ട് പൊലീസുകാരും വിരുന്നില്‍ പങ്കെടുത്തു. ഇവരെ സസ്‌പെന്റ് ചെയ്തു.
അങ്കമാലിയിലെ പുളിയനത്തെ വീട്ടിലാണ് ഉന്നത പൊലീസ് ഉദ്യേഗസ്ഥനുള്‍പ്പടെ തമ്മനം ഫൈസല്‍ വിരുന്ന് ഒരുക്കിയത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവും രണ്ട് പൊലീസുകാരുമാണ് വിരുന്നില്‍ പങ്കെടുത്തത്. ഏറെ നാളായി ഫൈസലിന്റെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഗുണ്ടാനേതാവിനെ കേന്ദ്രീകരിച്ച് എത്തിയപ്പോഴാണ് അവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം കണ്ടെത്തിയത്. എസ്‌ഐയെ കണ്ടപ്പോള്‍ ഡിവൈഎസ്പി ഉള്‍പ്പെട വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് റെയ്ഡ് ശക്തമാക്കിയത്. അതിനിടെയാണ് പൊലീസ് – ഗുണ്ട ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നത്. ഡിവൈഎസ്പിക്ക് നേരെ നേരത്തെയും ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തമാസം റിട്ടയര്‍ ചെയ്യാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് എംജി സാബു.
Recent Comments