by Midhun HP News | May 14, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിയുടെ മദ്യവില്‍പനയാണ് നടന്നത്. 2022- 23ല്‍ ഇത് 18,510.98 കോടിയുടെതായിരുന്നു. മദ്യവില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപയാണ്, 2022-23 ല്‍ ഇത് 16,189.55 കോടി രൂപയായിരുന്നു.
സംസ്ഥാനത്ത് വില്‍പന നടത്തുന്ന മദ്യങ്ങളില്‍ 80ശതമാനവും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുമ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് 20ശതമാനം മാത്രമാണ്.
ബിവറേജസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 277 റീട്ടേയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് സംസ്ഥാനത്തെ മദ്യവില്‍പന. കൂടാതെ കണ്‍സ്യൂമര്‍ ഫെഡിന് കീഴില്‍ 39 ഔട്ട്‌ലെറ്റുകളുമുണ്ട്. സംസ്ഥാനത്ത 3.34 കോടി ജനങ്ങളില്‍ 29.8 ലക്ഷം പുരുഷന്‍മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുകള്‍. പ്രതിദിനം അഞ്ച് ലക്ഷത്തോളം ആളുകള്‍ മദ്യം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
by Midhun HP News | May 14, 2024 | Latest News, കേരളം
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയതോടെ അമ്മയെയും ഭാര്യയെയും അവസാനമായി കാണാനാകാതെ പ്രവാസി മരണത്തിന് കീഴടങ്ങി. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. ഒമാനിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഐടി ജീവനക്കാരനായിരുന്ന നമ്പി രാജേഷ്.
കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ മസ്‌ക്കറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. അവസാനമായി ഭര്‍ത്താവിനെ കാണാന്‍ ഭാര്യ അമൃത സി.രവിയും അമ്മ ചിത്രയും മസ്‌കറ്റിലേക്കു യാത്രതിരിച്ചിരുന്നു. എന്നാല്‍ രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ജീവനക്കാര്‍ സമരത്തിലാണെന്നും വിമാനം റദ്ദാക്കിയതായും അറിയുന്നത്.
ഈ മാസം 8 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. യാത്ര മുടങ്ങിയതായി പരാതിപ്പെട്ടപ്പോള്‍ എയര്‍ ഇന്ത്യ അധികൃതര്‍ അടുത്ത ദിവസം മറ്റൊരു വിമാന ടിക്കറ്റ് നല്‍കിയെങ്കിലും ആ വിമാനവും റദ്ദാക്കി. ഇതോടെ അമൃതയുടെയും അമ്മയുടെയും യാത്ര മുടങ്ങുകയായിരുന്നു. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അമൃത. മസ്‌കത്തില്‍ ഐടി മാനേജരായിരുന്നു നമ്പി രാജേഷ്. മക്കളായ അനികയും (യുകെജി) നമ്പി ശൈലേഷും (പ്രീ കെജി) കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

by Midhun HP News | May 14, 2024 | Latest News, കേരളം
പ്രശസ്ത നാടക നടൻ എം സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോജ്ജ് പള്ളി സെമിത്തേരിയിൽ നടക്കും.
1977ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ പുണ്യതീർത്ഥം തേടി എന്ന പ്രൊഫഷണൽ നാടകത്തിലാണ് എം.സി കട്ടപ്പന ആദ്യമായി അഭിനയിച്ചത്. തുടർന്ന് മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ അഭിനയിച്ചു. 2007ൽ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. 2014 ൽ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. കാഴ്ച, പകൽ, പളുങ്ക്, നായകൻ തുടങ്ങി സിനിമകളിലും 25 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
by Midhun HP News | May 14, 2024 | Latest News, കേരളം
മലപ്പുറം: 13 വയസുള്ള മകനെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച് പിന്നിൽ യാത്ര ചെയ്ത സംഭവത്തിൽ പിതാവിനെതിരെ കേസ്. മോട്ടോർ വാഹന വകുപ്പാണ് കേസെടുത്തത്. വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കി. 25,000 രൂപ പിഴയും ഈടാക്കും. കേസ് തുടർ നടപടികൾക്കായി കോടതിയിൽ സമർപ്പിച്ചു.
കഴിഞ്ഞ ദിവസം മഞ്ചേരി- അരീക്കോട് റോഡിൽ പുല്ലൂരിൽ നിന്നു കിടങ്ങഴിയിലേക്ക് പോകുന്ന ഭാഗത്താണ് പുല്ലൂർ സ്വദേശിയായ പിതാവും മകനും അപകടകരമാം വിധം സ്കൂട്ടറോടിച്ചത്. മകൻ വാഹനമോടിക്കുന്നതും പിതാവ് സിഗരറ്റു വലിച്ച് പിറകിൽ ഇരിക്കുന്നതും ഇതുവഴി പോയ ആരോ വീഡിയോയിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇതു വൈറലായതിനു പിന്നാലെയാണ് നടപടി.
ഉദ്യോഗസ്ഥർ മഫ്ടിയിൽ വാഹനമോടിച്ച സ്ഥലത്തും പരിസരങ്ങളിലും അന്വേഷിച്ച് വണ്ടി ഓടിച്ചവരെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പിതാവ് രണ്ട് മാസം മുൻപ് തൃശൂരിൽ നിന്നു വാങ്ങിയ സ്കൂട്ടറാണിതെന്നും ഓണർഷിപ്പ് മാറ്റിയിട്ടില്ലെന്നും തെളിഞ്ഞു. ഇതോടെ വാഹന ഉടമയ്ക്കെതിരെയും കേസെടുത്തു.
by Midhun HP News | May 14, 2024 | Latest News, കേരളം
കാസര്‍കോട്: അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസെടുത്തു. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്.
ക്രമക്കേടില്‍ സഹകരണ സംഘം സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മംതോടിയിലെ കെ രതീശനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ആദൂര്‍ പൊലീസ് കേസെടുത്തു. പ്രസിഡന്റ് ബെള്ളൂര്‍ കിന്നിങ്കാറിലെ കെ സൂപ്പി നല്‍കിയ പരാതിയിലാണ് നടപടി.
പ്രാഥമിക പരിശോധനയില്‍ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണം ഇല്ലാതെയാണ് ഏഴു ലക്ഷം രൂപ വരെ വായ്പ അനുവദിച്ചത്. ജനുവരി മുതല്‍ പല തവണകളായിട്ടാണ് വായ്പകള്‍ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
തുടര്‍ന്ന് വിവരം സഹകരണ സംഘം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. കേസെടുത്തതിന് പിന്നാലെ സെക്രട്ടറി ഒളിവില്‍ പോയതായാണ് സൂചന. ക്രമക്കേടില്‍ കേസെടുത്തതിന് പിന്നാലെ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന രതീശനെ സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

by Midhun HP News | May 14, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നേരിയ മഴ സാധ്യതതയെന്നു കാലാവസ്ഥാ വകുപ്പ്. 14 ജില്ലകളിൽ ഒറ്റപ്പെട്ട മഴയാണ് പ്രവചിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ടുണ്ട്. വരും മണിക്കൂറുകളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലും മഴ സാധ്യതയുണ്ട്.
ഉയർന്ന തിരമാല
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. വേഗത സെക്കൻഡിൽ 15 സെന്റി മീറ്ററിനും 50 സെന്റി മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.6 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 15 സെന്റി മീറ്ററിനും 50 സെന്റി മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
Recent Comments