നടന്‍ എം സി ചാക്കോ അന്തരിച്ചു

നടന്‍ എം സി ചാക്കോ അന്തരിച്ചു

കൊച്ചി: പ്രശസ്ത നാടകനടന്‍ എം സി ചാക്കോ ( എംസി കട്ടപ്പന) അന്തരിച്ചു. 75 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു.

മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലേറെ വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന്, വാഴ്‌വേ മായം, പെരുന്തച്ചന്‍, ആരും കൊതിക്കുന്ന മണ്ണ് തുടങ്ങിയവ ചാക്കോ അഭിനയിച്ച ശ്രദ്ധേയ നാടകങ്ങളാണ്.2007 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി.

കോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കോഴിക്കോട്: കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. നാദാപുരം മേഖലയില്‍ കനത്തമിന്നലില്‍ വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് രാവിലെ മുതല്‍ മലപ്പുറം ജില്ലയിലും കനത്തമഴയാണ്. കനത്തമഴയും മൂടല്‍മഞ്ഞുമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചത്. നാലുവിമാനങ്ങളാണ് നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കും വഴിതിരിച്ചുവിട്ടത്.ദുബൈ,ദമാം എന്നിവിടങ്ങളില്‍ നിന്ന് വന്ന വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായപ്പോള്‍ വിമാനങ്ങളെല്ലാം കരിപ്പൂരില്‍ തിരിച്ചെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട രണ്ടു വിമാനങ്ങള്‍ വൈകുകയാണ്. ദോഹയിലേക്കും ബഹ്‌റൈനിലേക്കും പോകേണ്ട വിമാനങ്ങളാണ് വൈകുന്നത്. മൂടല്‍മഞ്ഞ് കാരണം കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത്. ഇതുമൂലം കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിട്ടു.

ജൂണ്‍ മൂന്നിന് പ്രവേശനോത്സവം, സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്

ജൂണ്‍ മൂന്നിന് പ്രവേശനോത്സവം, സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്. ജൂണ്‍ മൂന്നിന് എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

ഈ മാസം 28ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തും. എസ്എസ്എസ്എല്‍സി പരീക്ഷ നിലവാരം ഉയര്‍ത്തുന്നത് സംബന്ധിച്ച് കോണ്‍ക്ലേവ് ചര്‍ച്ച നടത്തും. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പ്രവേശനോത്സവത്തിന് മുന്നോടിയായി സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികള്‍ നടത്തണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

ശബരിമല നട ഇന്ന് തുറക്കും; പ്രതിഷ്ഠാ ദിനം 19ന്

പത്തനംതിട്ട: എടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. എടവം ഒന്നായ നാളെ പുലർച്ചെ പതിവു പൂജകൾക്കു ശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭ​ഗവതി സേവ ഉൾപ്പെടെയുണ്ടാകും.

19നാണ് പ്രതിഷ്ഠാ ദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ വാഹനാപകടത്തിൽ മരണപ്പെട്ടു

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ വാഹനാപകടത്തിൽ മരണപ്പെട്ടു

പാലക്കാട്: നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ വാഹനാപകടത്തിൽ മരിച്ചു. കുളപ്പുള്ളി ചുവന്ന ​​ഗേറ്റിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം.

പട്ടാമ്പി ഭാ​ഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐപിടി കോളജിനു സമീപത്തു വച്ച് എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. വാവന്നൂർ സ്വദേശിയാണ് രതീഷ്.
നാടൻപാട്ട് കലാ രം​ഗത്ത് സജീവ സാന്നിധ്യമായിരുന്നു രതീഷ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ഇരുചക്രവാ​ഹനയാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക!; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

ഇരുചക്രവാ​ഹനയാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക!; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: ഇരുചക്രവാഹനയാത്രയിൽ വസ്ത്രധാരണപിശകുകളും ചിലപ്പോൾ അപകടങ്ങൾക്ക് കാരണമായേക്കാം. പിന്നിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള സുരക്ഷാ കവചമാണ് സാരീ​ഗാർഡ്. ഇരുചക്രവാഹനങ്ങളിൽ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം. ചൂട്, കാറ്റ്, പൊടി പുക, വെയിൽ, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീർണ്ണ സാങ്കേതിക, ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം ചെയ്യാനാവും വിധത്തിലുമാവണം വസ്ത്രധാരണമെന്ന് കേരള മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.

‘മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ഷോളുകൾ, വിശേഷ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങൾ ശരീരത്തോട് ഇറുകി ചേർന്നുനിൽക്കുന്ന വിധത്തിലാക്കാൻ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കുക. വസ്ത്രധാരണം ഒരു സ്വകാര്യവൈകാരികവിഷയമാണെങ്കിലും ജീവന്മരണാവസ്ഥകൾക്കിടയിലെ ഏക കച്ചിത്തുരുമ്പ് സുരക്ഷാ മുൻകരുതലുകൾ മാത്രമാണ്. സുരക്ഷാ നിർദ്ദേശങ്ങൾ ഒരിക്കലും സുഖദായകങ്ങളോ സൗകര്യപ്രദങ്ങളോ വിശ്വാസപ്രമാണാനുസാരിയോ ആയിരിക്കുകയുമില്ല’- കേരള മോട്ടോർ വാഹനവകുപ്പ് കുറിച്ചു.

കുറിപ്പ്:

ഇരുമെയ്യാണെങ്കിലും…11.O

വസ്ത്രധാരണം തികച്ചും ഒരു വ്യക്തിസ്വാതന്ത്ര്യവിഷയമാണ് എന്ന പൊതുബോധത്തിൽ, മിക്കപ്പോഴും വിവാദമാക്കപ്പെടുന്ന ഒരു രാഷ്ട്രീയസാമൂഹികകാലഘട്ടമാണിത്. സ്വകാര്യമാണെങ്കിലും, ആവിഷ്കാരസ്വാതന്ത്ര്യമായും അഹങ്കാരപ്രദർശനമായും പൊതുയിടപ്രധാനവുമാണത്. തൊഴിലിടങ്ങളിൽ മാത്രമല്ല വിശേഷാവസരങ്ങളിലും വിവിധ വിശ്വാസങ്ങൾക്കും ഒക്കെ വ്യത്യസ്ത വസ്ത്രധാരണനിഷ്ഠകളുള്ള ഒരു സമൂഹമാണ് നമ്മുടേത്

യാത്രകളിൽ സുരക്ഷയ്ക്ക് നാം അത്ര പരിഗണന നൽകുന്നില്ല എന്നതിൻ്റെ സൂചനകളാണ് വർദ്ധിച്ചുവരുന്ന അപ്രതീക്ഷിതമായ പുതുമയാർന്ന കാരണങ്ങളാലുള്ള റോഡപകടങ്ങൾ. വസ്ത്രധാരണപിശകുകൾ മരണകാരണമായ ഇരുചക്രവാഹന അപകടങ്ങൾ എണ്ണത്തിൽ അത്ര കുറവല്ല എന്ന് കണക്കുകളും പറയുന്നു

വസ്ത്രവുമായി ബന്ധപ്പെട്ട ഒരു സുരക്ഷാ കവചം, പിന്നിലിരിക്കുന്നയാളുടെ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള ഒന്ന് മോട്ടോർ സൈക്കിളുകളിൽ MVAct Sec 128, CMV Rule 123, KMV Rule 255 പ്രകാരം നിർബന്ധമാക്കിയിട്ടുള്ളത് പരക്കെ അറിയപ്പെടുന്നതു തന്നെ സാരീ ഗാർഡ് എന്നാണ്

Saree Guard, Mud Guard, Exhaust heat Guard, Hand guard, തുടങ്ങി നിരവധി സുരക്ഷാകവചങ്ങളുണ്ടെങ്കിലും ടൂ വീലറിൽ യാത്രക്കാരൻ്റെ “ബോഡി ഗാർഡ്” ആയി ഒന്നുമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക

ടൂവീലറുകളിൽ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം. ചൂട്, കാറ്റ്, പൊടി പുക, വെയിൽ, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീർണ്ണ സാങ്കേതിക,ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം ചെയ്യാനാവും വിധത്തിലുമാവണമത്. ‘കാലൻ്റെ കയറി’ലും ‘കാലകൈയ്യന്മാർക്കി’ടയിലുമാണ് എന്നും യാത്രയെന്നതിനാൽ ഒരപകടം പ്രതിരോധിക്കാൻ തക്കവിധമുള്ള കവച കുണ്ഡലങ്ങൾ കൂടിയാവണം വസ്ത്രധാരണം

ചീറിപ്പാഞ്ഞുവരുന്ന കുഞ്ഞൻ ബോളിനെ നേരിടാൻ ബാറ്റ്സ്മാനും വിക്കറ്റ്-ഗോൾകീപ്പർമാരും ഏറെ കവചങ്ങൾ ധരിക്കുന്നത് നമുക്കറിയാം. ഒരു ബൈക്ക് റാലി റൈഡർ അഭിമുഖീകരിക്കുന്നതിനേക്കാൾ അപ്രതീക്ഷിത സാഹചര്യങ്ങളുള്ള റോഡുകളിൽ ഒരു സുരക്ഷാശീലം വസ്ത്രധാരണത്തിലും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്

മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ഷോളുകൾ, വിശേഷവിശ്വാസവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങൾ ശരീരത്തോട് ഇറുകി ചേർന്നുനിൽക്കുന്ന വിധത്തിലാക്കാൻ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കുക

വസ്ത്രധാരണം ഒരു സ്വകാര്യവൈകാരികവിഷയമാണെങ്കിലും, ജീവന്മരണാവസ്ഥകൾക്കിടയിലെ ഏക കച്ചിത്തുരുമ്പ് സുരക്ഷാ മുൻകരുതലുകൾ മാത്രമാണ്. സുരക്ഷാ നിർദ്ദേശങ്ങൾ ഒരിക്കലും സുഖദായകങ്ങളോ സൗകര്യപ്രദങ്ങളോ വിശ്വാസപ്രമാണാനുസാരിയോ ആയിരിക്കുകയുമില്ല.