സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാന്‍ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍ രജിസ്‌ട്രേഷനായി കൂടുതല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകള്‍ എത്തുന്നതിനും അന്തര്‍ സംസ്ഥാന യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നിനും ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകളുടെ ത്രൈമാസ നികുതി കുറയ്ക്കും. ടൂറിസ്റ്റ് ബസുകളില്‍ നിലവിലെ സീറ്റ് ഒന്നിന് 2000 രൂപ എന്ന നിരക്ക് 900 രൂപയായി കുറയ്ക്കും. സ്ലീപ്പര്‍ ബസിലെ സീറ്റ് ഒന്നിന് 3000 രൂപ 1500 രൂപയായി കുറയ്ക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന നികുതി നിരക്ക് ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം അനുവദിക്കുന്നതിനായി 2022-23 അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദേശ മദ്യ ചട്ടങ്ങളില്‍ ഭേഗതി വരുത്തിയിരുന്നു. 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ വീര്യമുള്ള ബിയറും വൈനും ഒഴികെയുള്ള മറ്റു ഉല്‍പ്പന്നങ്ങളെ ലോ ആല്‍ക്കഹോളിക് ബിവറേജ് എന്നൊരു പ്രത്യേക വിഭാഗമായി പരിഗണിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മദ്യ ഉല്‍പ്പന്നങ്ങളുടെ ഘടനയില്‍ വ്യക്തത വരുത്തുന്നതിനായി അവയ്ക്ക് അനുയോജ്യമായ വില്‍പ്പന നികുതി നിരക്ക് കേരള പൊതുവില്‍പ്പന നികുതി നിയമം പ്രകാരം നിശ്ചയിക്കേണ്ടതുണ്ട്. പത്തുശതമാനം വരെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന നിരക്ക് 125 ശതമാനമായും 10 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന നികുതി നിരക്ക് 175 ശതമാനമായും ക്രമീകരിക്കുമെന്നും വി ഡി സതീശന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ട്രോളിങ് നിരോധനം: മീന്‍വില ഇരട്ടിയായി, മത്തിയും അയലയും തൊട്ടാല്‍ ‘പൊള്ളും’

ട്രോളിങ് നിരോധനം: മീന്‍വില ഇരട്ടിയായി, മത്തിയും അയലയും തൊട്ടാല്‍ ‘പൊള്ളും’

കൊച്ചി: ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി, അയല, കിളിമീന്‍ എന്നിവയ്ക്കാണ് ഈ സീസണില്‍ ഏറ്റവും വിലവര്‍ധന. ചാള, ചെമ്മീന്‍, ആവോലി എന്നിവയുടെ വില ഇരട്ടിയായി വര്‍ധിച്ചു.

ഞാറയ്ക്കലില്‍ മത്തി 350 രൂപയ്ക്കുകിട്ടുമെങ്കിലും കൊച്ചിയില്‍ അത് 400 കടന്നു. ഓണ്‍ലൈന്‍ വിപണിയില്‍ വില ഉയര്‍ന്ന് 480-500 ആയി. കിളിമീന്‍ വില 480-500 നിലവാരത്തിലാണ്. അയല വളരെ കുറച്ചു മാത്രമാണ് ലഭ്യമായിട്ടുള്ളത്. കൊച്ചി മാര്‍ക്കറ്റില്‍ വേളൂരി – 360, കൊഴുവ -240, ചെമ്മീന്‍(നാരന്‍) 500, കരിമീന്‍ -500 രൂപ. എന്നിങ്ങനെയാണു മീന്‍ വില.

വേളൂരി കിലോയ്ക്ക് 240 മുതലും കൊഴുവ 150 രൂപ മുതലും കൊച്ചി ഞാറയ്ക്കലില്‍ വില. കിളി മീന്‍ 410, കേര 450, കരിമീന്‍ 600, തിലാപ്പിയ 340 എന്നിങ്ങനെണു മറ്റു മീനുകളുടെ വില. മുവാറ്റുപുഴ മേഖലയില്‍ മത്തി ഒറ്റദിവസം കൊണ്ട് 100 രൂപ കയറി. 400നു മുകളിലെത്തി. കിളിമീന്‍ 550, കൊഴുവ 350, കേര -500-600, ചെമ്മീന്‍ 600- 700 എന്നിങ്ങനെയാണു മറ്റുള്ളവയുടെ വിലനിലവാരം.

ട്രോളിങ് നിരോധനം വന്നിട്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ നിന്നും മീന്‍ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. അശാസ്ത്രീയ മത്സ്യബന്ധനമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നു. വിപണിയില്‍ എത്തുന്ന ഉപഭോക്താക്കള്‍ മുന്‍പത്തേക്കാള്‍ കുറഞ്ഞ അളവിലാണ് ഇപ്പോള്‍ മീന്‍ വാങ്ങുന്നത്. മീന്‍വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്കകള്‍ വ്യക്തമാക്കുന്നത്.

വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തും, ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും; ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് ബജറ്റ്

വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തും, ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും; ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് ബജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താന്‍ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇതിനായി മുന്‍കാലങ്ങളില്‍ പ്രസക്തമായിരുന്ന ഭൂനിയമങ്ങള്‍ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യുമെന്നും വി ഡി സതീശന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഭൂമിയുടെ ലഭ്യത കുറവ്, ഭൂമി സ്വായത്തമാക്കുന്നതിനുള്ള പരിമിതികള്‍, നിയമപരമായ വ്യക്തതയില്ലായ്മ എന്നിവയാണ് കേരളത്തിലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസന അഭിലാഷങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നത്. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഴിയുന്ന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും. നിലവില്‍ നിക്ഷേപകര്‍ ഭൂമി തേടി വരുമ്പോള്‍ വിശാലമായ ഭൂമി ഉപയോഗിക്കപ്പെടാതെ കിടക്കുകയോ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയോ ആണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സമഗ്രമായ ലാന്‍ഡ് മാനേജ്‌മെന്റ് നയം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്താന്‍ ലാന്‍ഡ് ബാങ്ക് സൃഷ്ടിക്കുന്നതിനായി ലാന്‍ഡ് മാനേജ്‌മെന്റ് ഫ്രെയിംവര്‍ക്ക് ഉണ്ടാക്കുകയും ആവശ്യമായ നിയമനിര്‍മമാണം നടത്തുകയും ചെയ്യും. വാണിജ്യ സംരംഭങ്ങള്‍ക്കായി ഭൂമി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കും. വലിയ പദ്ധതികള്‍ക്കായി ലാന്‍ഡ് പൂളിങ് ഫ്രെയിംവര്‍ക്ക് അവതരിപ്പിക്കും. ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും.ഇതിനായി കിന്‍ഫ്ര, ഇന്‍കെല്‍ എന്നി സര്‍ക്കാര്‍ ഏജന്‍സികളെ ശക്തിപ്പെടുത്തുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി തിരുത്തിയെഴുതുന്ന വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ. മലബാറിന്റെ ആരോഗ്യ സ്വപ്നങ്ങൾക്ക് ചിറകേകുന്ന പ്രഖ്യാപനങ്ങൾക്കൊപ്പം ദീർഘകാലമായി മുടങ്ങിക്കിടന്ന നിർണ്ണായക പദ്ധതികൾ പുനരുജ്ജീവിപ്പിക്കുന്ന നയങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ബജറ്റിലെ പ്രധാന ആരോഗ്യ പ്രഖ്യാപനങ്ങൾ ഇങ്ങനെ:

രണ്ടാം മെഡിക്കൽ കോളജും ഹരിപ്പാട് പദ്ധതിയും: തലസ്ഥാന നഗരിയുടെ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളജ് സ്ഥാപിക്കും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിടുകയും പിന്നീട് മുടങ്ങുകയും ചെയ്ത ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മലപ്പുറത്തിന് പുതിയ കാൻസർ സെന്റർ: മലപ്പുറം താലൂക്ക് ആശുപത്രിയെ അത്യാധുനിക സൌകര്യങ്ങളോടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ജനറൽ ആശുപത്രിയായി ഉയർത്തും. ഇതിനൊപ്പം മലപ്പുറം ജില്ലയിൽ പുതിയ കാൻസർ സെന്ററും സ്ഥാപിക്കും.

കാൻസർ പ്രതിരോധവും മൊബൈൽ ലാബുകളും: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കാൻസർ രോഗബാധ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിന് ബജറ്റിൽ മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. ഇതിനായി അത്യാധുനിക സൌകര്യങ്ങളുള്ള പുതിയ മൊബൈൽ ടെസ്റ്റിങ് ലാബുകൾ സജ്ജമാക്കാൻ 20 കോടി രൂപ വകയിരുത്തി.

40 കഴിഞ്ഞവർക്ക് വാർഷിക പരിശോധന: ജീവിതശൈലീ രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 40 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും വർഷത്തിലൊരിക്കൽ നിർബന്ധിത ആരോഗ്യ പരിശോധന ഉറപ്പാക്കാനുള്ള പുതിയ പദ്ധതി നടപ്പിലാക്കും.

ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി: കേരളത്തെ മികച്ച രാജ്യാന്തര ആരോഗ്യസംവിധാനങ്ങളുടെ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് ‘കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി’ സ്ഥാപിക്കും. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി 100 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ആഗോള ആരോഗ്യ ടൂറിസം മേഖലയിലെ പ്രധാന ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാൻ ‘റീച്ച് കേരള’ പദ്ധതിയും ബജറ്റിലുണ്ട്.

മെഡിക്കൽ കോളജുകളുടെ വികസനം: കാസർകോട്, മഞ്ചേരി, വയനാട്, ഇടുക്കി എന്നീ പിന്നോക്ക ജില്ലകളിലെ മെഡിക്കൽ കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. ഇതിനൊപ്പം സംസ്ഥാനത്തെ മുൻനിര മെഡിക്കൽ കോളജുകൾക്ക് തനതായ വികസനത്തിനായി സ്വയംഭരണ പദവി നൽകുമെന്നും ബജറ്റിൽ പറയുന്നു.

അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നും കെയർ ഗിവർ കോഴ്സും: വിപണിയിൽ കനത്ത വിലയുള്ള അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകൾ കുറഞ്ഞ ചെലവിൽ രോഗികൾക്ക് ലഭ്യമാക്കാൻ സർക്കാർ പ്രത്യേക നടപടി സ്വീകരിക്കും. കൂടാതെ, വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവരെയും വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരെയും പരിചരിക്കുന്നതിനായി സർക്കാർ കോളേജുകളിൽ പുതിയ ‘കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ’ ആരംഭിക്കും.

കഴിഞ്ഞവര്‍ക്ക് ആരോഗ്യ പരിശോധന, 2 പുതിയ മെഡിക്കല്‍ കോളജുകള്‍

കഴിഞ്ഞവര്‍ക്ക് ആരോഗ്യ പരിശോധന, 2 പുതിയ മെഡിക്കല്‍ കോളജുകള്‍

കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ക്കും. ആദിവാസികള്‍ക്ക് ചികിത്സാ പദ്ധതി നടപ്പാക്കും. 40 കഴിഞ്ഞവര്‍ക്ക് രോഗ നിര്‍ണയം വേഗത്തിലാക്കാന്‍ പ്രത്യേക സെന്ററുകള്‍ ആരംഭിക്കും.

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്
ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന – 2076 കോടി വകയിരുത്തി. ചികിത്സാച്ചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. കാസര്‍കോട്, വയനാട്, മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കേളജുകളിലെ സൗകര്യം മെച്ചപ്പെടുത്തും. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് പ്രവര്‍ത്തന ക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. 100 കോടി വകയിരുത്തി. കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ റീച്ച് കേരള പദ്ധതി.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ മകൾക്കൊപ്പം പദ്ധതി.

ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കും.

കായിക, യുവജന മേഖലയ്ക്ക് 177 കോടി. കോളജ് ക്യാംപസുകളിലെ കളിസ്ഥലങ്ങള്‍ ഉപയോഗക്ഷമമാക്കും. 2036ലെ ഒളിംപിക്‌സിന് കായിക താരങ്ങളെ യോഗ്യരാക്കാന്‍ വിഷന്‍ 2036 പദ്ധതി നടപ്പാക്കും.

വിദ്യാര്‍ഥികളുടെ ഇ ഗ്രാന്റുകള്‍ സമയബന്ധിതമായി നടപ്പാക്കും.ഭിന്നശേഷിക്കാര്‍ക്ക് പൊതു ഇടങ്ങളില്‍ റാംപ് അടക്കമുള്ള സൗകര്യങ്ങള്‍. അര്‍ഹമായ സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും.

നിപ ബാധിതന്റെ നില ഗുരുതരമായി തുടരുന്നു; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

നിപ ബാധിതന്റെ നില ഗുരുതരമായി തുടരുന്നു; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള 43കാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പത്തുദിവസം പിന്നിട്ടിട്ടും രോഗി ഇപ്പോഴും വെന്റിലേറ്റര്‍ സഹായത്തിലാണുള്ളത്. ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം മോണോക്ലോണല്‍ ആന്റിബോഡി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കിവരുന്നുണ്ട്. റിബാവറിന്‍, റെംഡെസിവിര്‍, മോണോക്ലോണല്‍ ആന്റിബോഡി എന്നിവയുള്‍പ്പെടെയുള്ള ആധുനിക ചികിത്സകളാണ് നല്‍കുന്നത്.

ഐസൊലേഷന്‍ വാര്‍ഡിലാണ് രോഗിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്നത് ആശാവഹമായ കാര്യമാണ്. സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന ഒമ്പതില്‍ ആറുപേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ടുണ്ട്. മറ്റുമൂന്നുപേര്‍ക്കും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ല. പരിശോധന ഫലങ്ങള്‍ വരുന്ന മുറയ്ക്കാകും ഇവരെ വിട്ടയക്കുക. സംസ്ഥാനത്ത് പുതിയതായി നിപ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം ഷിഗെല്ല ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുന്നത് ആശങ്കയാകുന്നുണ്ട്. വ്യാഴാഴ്ച മാത്രം 19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂര്‍ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂര്‍ 2 എന്നിങ്ങനെയാണ് ഷിഗെല്ല രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂണില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നില്‍വില്‍ കോഴിക്കോട് (33), വയനാട് (18), തൃശൂര്‍ (9), ആലപ്പുഴ (3), മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂര്‍ (7) എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 186 ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളില്‍ ആചരിക്കും. ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും കലക്ടര്‍മാരുമായും ആരോഗ്യമന്ത്രി കെ മുരളീധരന്‍ ബുധനാഴ്ച നടത്തിയ യോഗത്തിലാണ് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനമായത്.