by Midhun HP News | May 7, 2024 | Latest News, കേരളം
ദുബൈ: പതിനാറ് ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്തോനേഷ്യയില്‍. തിങ്കളാഴ്‌ച രാവിലെ ദുബൈയിലെത്തിയതിന് ശേഷം അവിടെ നിന്ന് 10.10 നാണ് ഇന്തോനേഷ്യയിലേക്ക് യാത്ര തിരിച്ചത്. സ്വകാര്യ സന്ദര്‍ശനത്തിനായി പോയ മുഖ്യമന്ത്രി കുടുംബത്തോടൊപ്പം മൂന്ന് രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.
മുഖ്യമന്ത്രിയുടെ ഭാര്യ, മകള്‍ വീണയും ഭര്‍ത്താവ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും വിദേശയാത്രയിലൊപ്പമുണ്ടാകും. യുഎഇ, ന്തോനേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം. ഈ മാസം 12 വരെ അദ്ദേഹവും കുടുംബവും ഇന്തോനേഷ്യയില്‍ ഉണ്ടാകും. പിന്നീട് സിങ്കപ്പൂരിലേയ്ക്ക് പോകും. 18 വരെ സിങ്കപ്പൂരിലായിരിക്കും. തിരിച്ച് അന്ന് രാത്രിയോടെ ദുബൈയിലെത്തും. 19 മുതല്‍ 21 വരെ അദ്ദേഹം ദുബൈയില്‍ തങ്ങുമെന്നാണ് അനൗദ്യോഗികവിവരം. പിന്നീട് കേരളത്തിലേക്ക് തിരികെ എത്തും.
റിയാസിന്റെയും ഭാര്യയുടെയും യാത്ര മേയ് രണ്ടിന് തുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി നെടുമ്പാശ്ശേരിയില്‍നിന്ന് യാത്ര പുറപ്പെട്ടത്. മുഹമ്മദ് റിയാസും ഭാര്യയും യുഎഇ യിലേക്കാണ് ആദ്യം പോയത്. ആറാം തിയതിയോടെ ഇരുവരും ഇന്തോനേഷ്യയിലെത്തും. ആറുമുതല്‍ 12 വരെ മുഖ്യമന്ത്രിയും ഭാര്യയും ചെറുമകനും ഇന്തോനേഷ്യയിലുണ്ടാകും. പിന്നീടുള്ള ദിവസങ്ങളില്‍ എല്ലാവരുടെയും യാത്ര ഒരുമിച്ചാണ്. 12 മുതല്‍ 18 വരെയാണ് സിങ്കപ്പൂര്‍ സന്ദര്‍ശനം. 19ന് യുഎഇയിലേക്ക് പോകും. 21 വരെയാണ് യാത്ര.
ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍ തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

by Midhun HP News | May 7, 2024 | Latest News, കേരളം
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങള്‍ ഏറ്റവും അപകടകരമാകുന്നതെന്തുകൊണ്ട്? മറ്റു വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരുചക്രവാഹനവും അതിന്റെ ഡ്രൈവിംഗും ഏറ്റവും സങ്കീര്‍ണ്ണമാണ് എന്നത് തന്നെയാണ് കാരണം. മറ്റെല്ലാത്തരം വാഹനങ്ങളിലും, കൈകാലുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ തക്കവണ്ണം ശരീരം സീറ്റിനോട് ചേര്‍ത്ത് പിടിച്ചാണ് ഇരിയ്‌ക്കേണ്ടത്. ഇരുചക്രവാഹനത്തില്‍ പ്രഷ്ഠഭാഗം സീറ്റിലും കൈപ്പത്തികള്‍ ഹാന്‍ഡിലിലും കാല്‍പാദങ്ങള്‍ ഫൂട്ട് റെസ്റ്റുകളിലും അമര്‍ത്തി ‘അള്ളി’പ്പിടിച്ചിരിയ്ക്കണം. പുറകിലിരിക്കുന്നയാളുടെ ചെറിയ അലംഭാവം പോലും അത്യന്തം അപകടകരമാണെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
‘മേല്‍വിവരിച്ച ഒന്നൊന്നര ഇരിപ്പില്‍ കൈകാലുകളുടെ സ്ഥാനങ്ങള്‍ അണുവിടമാറാതെ ബലമായി ഉറപ്പിച്ച്, ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെ വേണം സ്റ്റിയറിംഗ്, ആക്‌സിലറേഷന്‍, ബ്രേക്കിംഗ്, ഗിയര്‍, ക്ലച്ച്, സിഗ്‌നലിംഗ് ലൈറ്റിംഗ് ഹോണ്‍ തുടങ്ങിയ എല്ലാ നിയന്ത്രണോപാധികളും പ്രവര്‍ത്തിപ്പിക്കുവാന്‍.വിരലുകള്‍, കൈപ്പത്തികള്‍, പാദമദ്ധ്യങ്ങള്‍, ഉപ്പൂറ്റികള്‍ ഉള്‍പ്പെടെ വേണ്ടി വരുന്ന വ്യത്യസ്ത ചലനങ്ങള്‍ അഥവാ Micro Skills ഇരുചക്ര ഡ്രൈവിംഗ് സങ്കീര്‍ണ്ണവും ദുഷ്‌കരവുമാക്കുന്നു. ഇരുചക്രവാഹനയാത്രയില്‍ ഏറെ വെല്ലുവിളിയാണ് ഈ സൂക്ഷ്മചലനങ്ങള്‍’- മോട്ടോര്‍ വാഹനവകുപ്പിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

by Midhun HP News | May 7, 2024 | Latest News, കേരളം
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളം, തമിഴ്‌നാട് തീരങ്ങളില്‍ ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രതപാലിക്കണം.
ജാഗ്രതാ നിര്‍ദേശങ്ങള്‍
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

by Midhun HP News | May 7, 2024 | Latest News, കേരളം
ഇടുക്കി: കുടുംബപ്രശ്‌നങ്ങള്‍ മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുവള്ളൂര്‍ സ്വദേശി വാസുദേവന്‍ (28), തിരുച്ചിറപ്പള്ളി സ്വദേശി ദീനു (27), തഞ്ചാവൂര്‍ സ്വദേശികളായ ഗോപി (24), വിജയ് (23) എന്നിവരാണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്.
ചെണ്ടുവരെ എസ്റ്റേറ്റില്‍ തൊഴിലാളി ലയങ്ങളിലെത്തിയ സംഘം കുടുംബപ്രശ്‌നങ്ങളുണ്ടാകാനും കുടുംബാംഗങ്ങളുടെ മരണം സംഭവിക്കാനും സാധ്യതയുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. മൂന്ന് കുടുംബങ്ങളില്‍നിന്നായി 25,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. പ്രശ്‌നപരിഹാരത്തിനായി ഏലസും തകിടും വീട്ടുകാര്‍ക്ക് നല്‍കി. സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
തുടര്‍ന്ന് സംഭവം പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പണം പിടിച്ചെടുത്ത് തിരികെ നല്‍കി. ഒരുദിവസത്തെ തടങ്കലിനുശേഷം പ്രതികളെ ജാമ്യത്തില്‍ വിട്ടു. വട്ടവട മേഖലയിലും ഇത്തരത്തിലുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസ് അറിയിച്ചു.

by Midhun HP News | May 7, 2024 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഇന്ന് ഉച്ചയ്ക്ക് അടിയന്തരയോഗം വിളിച്ചു.

രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ (വിആര്‍ഡിഎല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈല്‍ ഫീവറാണെന്നു കണ്ടെത്തിയത്. പിന്നീട് സ്രവങ്ങള്‍ പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നു വെസ്റ്റ്നൈല്‍ ഫീവറാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുകു മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകാരിയാകുക.
by Midhun HP News | May 7, 2024 | Latest News, കേരളം
കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥൻ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. മരിച്ചത് പ്രീത(39), മകൾ ശ്രീനന്ദ(14) എന്നിവരാണ്. കൃത്യം നടത്തിയത് പരവൂർ സ്വദേശി ശ്രീജുവാണ്. ഗൃഹനാഥനും മകനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. പരവൂര്‍ പൂതക്കുളം കൃഷിഭവനത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം.
മരിച്ച പ്രീത, പൂതക്കുളം സഹകരണബാങ്കിലെ ആർ ഡി സ്റ്റാഫാണ്. പതിനേഴുകാരനായ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയം ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെ നിലയും ഗുരുതരമാണ്. ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷമാണ് കഴുത്തറുത്തത്. രാവിലെ വീട് തുറക്കാത്തതിനെ തുറന്ന് അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ പ്രീതയുടെയും ശ്രീനന്ദയുടെയും ജീവന്‍ രക്ഷിക്കാനായില്ല.

Recent Comments