തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു

തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു

തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് പുറക് വശത്ത് താമസിക്കുന്ന അരീക്കുഴി വീട്ടിൽ സ്റ്റീഫൻ്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് വീഴുകയായിരുന്നു.

എരുമപ്പെട്ടി വെറ്റിനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പൂർണ്ണ ആരോഗ്യ മുണ്ടായിരുന്ന പശുവിന് രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സൂര്യാഘാതം ഏറ്റാണ് പശു ചത്തത് എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ അച്ഛനും രണ്ടു മക്കളും മരിച്ചു. തൃശൂര്‍ സ്വദേശികളായ ശിവകുമാര്‍ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍ നിന്ന് വന്ന കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

കുഞ്ചത്തൂരില്‍ വച്ചായിരുന്നു സംഭവം. കാസര്‍കോടുനിന്നും മംഗളൂരുവിലേക്ക് പോയ ആംബുലന്‍സുമായാണ് കാര്‍ കൂട്ടിയിടിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ മൂന്ന് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്. നാര്‍ക്കോട്ടിക് സെല്‍ എസിപി ടിപി ജേക്കബ് ഒരാഴ്ചയ്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തര മേഖല ഐജി കെ സേതുരാമന്‍ ഉത്തരവിട്ടു. പീഡനക്കേസില്‍ ഡോക്ടര്‍ തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടും കമ്മിഷണര്‍ നല്‍കിയിരുന്നില്ല, ഇതോടെ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണര്‍ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐജി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.

ഡോ. കെവി പ്രീതിക്കെതിരായ പരാതിയില്‍ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധം തുടരുന്നു; സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി

പ്രതിഷേധം തുടരുന്നു; സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ മുടങ്ങി. പ്രതിഷേധം കാരണം തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാനായില്ല. മുട്ടത്തറ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ അപേക്ഷകർ ആരും എത്തിയില്ല. എറണാകുളത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ ടെസ്റ്റുകൾ ബഹിഷ്‌കരിക്കുകയായിരുന്നു.

കോഴിക്കോടും അപേക്ഷകർ എത്താത്തതിനാൽ ടെസ്റ്റ് നടന്നില്ല. മുട്ടത്തറയിൽ മൂന്ന് പേർ ടെസ്റ്റിന് എത്തിയെങ്കിലും ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന് ഐഎൻടിയുസി അറിയിച്ചു. പൊലീസ് സംരക്ഷണയിൽ ടെസ്റ്റ് നടത്താൻ ശ്രമിച്ചെങ്കിലും തടസ്സപ്പെടുകയായിരുന്നു. ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും ടെസ്റ്റുകൾ മുടങ്ങിയിരുന്നു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്നലെ പ്രതിഷേധിച്ചത്. ടെസ്റ്റിന് എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുന്ന സാഹചര്യമാണ് കഴിഞ്ഞ ദിവസം കണ്ടത്.

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു. പാലക്കാട് കോയമ്പത്തൂര്‍ പാതയില്‍ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപമാണ് അപകടം. ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം. തിരവനന്തപുരത്ത്- ചെന്നൈക്ക് പോകുന്ന എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്.

അപടകത്തെ തുടര്‍ന്ന് വനം വുകപ്പ് അധികൃതര്‍ എത്തി ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നു. 2.15 ടെയാണ് ആന ചെരിഞ്ഞത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രണ്ടു വയസ്സ് തോന്നിക്കുന്ന പിടിയാനയുടെ തലയ്ക്കും പിന്‍ഭാഗത്തും ഗുരുതര പരിക്കേറ്റിരുന്നു. അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ആനകള്‍ ചിതറിയോടി.സംഭവത്തില്‍ ലോക്കോപൈലറ്റിനെതിരെ കേസെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഈ മേഖലയില്‍ ട്രെയിന്‍ വേഗ പരിധി ലോക്കോപൈലറ്റുമാര്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് വനം വകുപ്പ് ആരോപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്. 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിംഗ്.

1351 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുക. പ്രമുഖ പാർട്ടി നേതാക്കളായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കോൺഗ്രസ്‌ നേതാവ് ദിഗ്വിജയ് സിംഗ്, പ്രഹ്ളാ ജോഷി, ശിവരാജ് സിംഗ് ചൗഹാൻ, എസ് പി നേതാവ് ഡിമ്പിൾ യാഥവ്‌, സുപ്രിയ സുലെ എന്നി പ്രമുഖരും മൂന്നാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന മണ്ഡലങ്ങൾ. രാജ്യത്തെ 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.