by liji HP News | Apr 22, 2024 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. എങ്കിലും 54000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില. 54,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാംതീയതി മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തുടര്‍ന്ന് രണ്ടുദിവസത്തിനിടെ ഏകദേശം 500 രൂപയാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
by Midhun HP News | Apr 21, 2024 | Latest News, കേരളം
തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം.
70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്.
by Midhun HP News | Apr 21, 2024 | Latest News, കേരളം
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ഇനി നാലു നാൾ കൂടി. കേരളം അടക്കം 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വോട്ടു രേഖപ്പെടുത്തുക. 13 സംസ്ഥാനത്തായി 1210 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ഈ മണ്ഡലങ്ങളിൽ പ്രചാരണം ഉച്ചസ്ഥായിയിലെത്തി.
കർണാടകത്തിലെ ഉഡുപ്പി ചിക്‌മഗളൂരു, ഹസ്സൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമക്കൂറു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബംഗളൂരു റൂറൽ, നോർത്ത്, സെൻട്രൽ, സൗത്ത്, കോളാർ, ചിക്കബല്ലാപുർ എന്നീ 14 മണ്ഡലങ്ങളിലും അസമിലെ കരിംഗഞ്ച്, സിൽച്ചാർ, ദാരങ് ഉദൽഗുഡി, നാഗോൺ, ദിഫു മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും.
ബിഹാറിൽ കിഷൻഗഞ്ച്, കതിഹാർ, പുർണിയ, ഭഗാൽപുർ, ബാങ്ക, ഛത്തീസ്‌ഗഢിൽ രാജ്‌നന്ദഗാവ്, കാങ്കർ, മഹാസമുന്ദ്, മധ്യപ്രദേശിൽ ടിക്കംഗഡ്, ദാമോഹ്, ഖജുരാഹോ, സത്‌ന, റേവ, ഹോഷംഗബാദ്, ബേതുൽ, മഹാരാഷ്ട്രയിൽ ബുൽദാന, അകോല, അമരാവതി, വാർധ, യവത്‌മൽ വാഷിം, ഹിംഗോലി, നന്ദഡ്, പർഭാനി മണ്ഡലങ്ങളും 26 ന് പോളിങ് ബൂത്തിലെത്തും.
ഔട്ടർ മണിപ്പുർ, ത്രിപുര ഈസ്റ്റ്, രാജസ്ഥാനിൽ ടോങ്ക് സവായ് മധോപുർ, അജ്‌മീർ, പാലി, ജോധ്‌പുർ, പാർമർ, ജലോർ, ഉദയ്‌പുർ, ബൻസ്വാര, ചിറ്റോർഗഡ്, രാജ്‌സമന്ദ്, ഭിൽവാര, കോട്ട, ബൽവാർ–-ബാരൻ, ഉത്തർപ്രദേശിൽ അംറോഹ, മീറത്ത്, ബാഗ്‌പത്, ഗാസിയാബാദ്, ഗൗതംബുദ്ധ നഗർ, ബുലന്ദ്‌ഷഹർ, അലിഗഢ്, മഥുര, ബംഗാളിൽ ഡാർജിലിങ്, റായിഗഡ്, ബലൂർഘട്ട്, ജമ്മു -കശ്‌മീരിൽ ജമ്മു എന്നിവിടങ്ങളിലും 26നാണ് വോട്ടെടുപ്പ്. കലാപബാധിത ഔട്ടർ മണിപ്പുരിലെ 13 മണ്ഡലങ്ങളിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്.
by Midhun HP News | Apr 21, 2024 | Latest News, കേരളം
ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്‌ചാത്തലത്തിൽ, കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്. ചെക്പോസ്റ്റുകളിൽ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങൾ തിരിച്ചയ്ക്കാനാണ് നിർദേശം.
കേരള അതിർത്തിയിലെ 12 ചെക് പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. വെറ്ററിനറി ഡോക്ടർ, ഇൻസ്പെക്ടർ അടക്കം അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടാവുക.ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവന്‍ താറാവുകളെയും കൊന്നു. 17,480 താറാവുകളെയാണ് കൊന്നത്. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്കുള്ള നിരോധനം ഏപ്രിൽ 26 വരെ തുടരും. അടിയന്തര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. പക്ഷികളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങളും അസ്വാഭാവിക ലക്ഷണങ്ങളും നിരീക്ഷണ വിധേയമാക്കാന്‍ എല്ലാ മൃഗാശുപത്രികളിലേയും വെറ്ററിനറി സര്‍ജന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നേരത്തെ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
by Midhun HP News | Apr 21, 2024 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ടയിലെ കള്ളവോട്ട് പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ നടപടി. രണ്ട് പോളിങ് ഉദ്യോഗസ്ഥരെയും ബൂത്ത് ലെവല്‍ ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്തു. പോളിങ് ഓഫീസര്‍മാരായ ദീപ, കല എസ് തോമസ്, ബിഎല്‍ഒ അമ്പിളി എന്നിവര്‍ക്കെതിരെയാണ് നടപടി.
ആറുവര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തു എന്നായിരുന്നു പരാതി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു ചെയ്തുവെന്നാണ് പരാതിയിലുള്ളത്. കള്ളവോട്ട് ചെയ്യാന്‍ വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്തുകളിച്ചുവെന്നും എല്‍ഡിഎഫ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പത്തനംതിട്ട മണ്ഡലത്തില്‍പ്പെട്ട ആറന്മുളയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കും. അതിനുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുമെന്നും വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
by liji HP News | Apr 20, 2024 | Latest News, കേരളം
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തിൽ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയാണ് പാർവതി സിവിൽ സർവീസസ് വിജയിച്ചത്. അപകടത്തിനുശേഷം ഇടതുകൈ കൊണ്ടാണ് പാർവതി എഴുതിയത്. 282ാം റാങ്ക് ആണെങ്കിലും ഭിന്നശേഷി വിഭാഗത്തിൽ ആയത്കൊണ്ട് ഐഎഎസ് കിട്ടുമെന്നാണ് പ്രതീക്ഷ.
2010 ലുണ്ടായ വാഹനാപകടത്തിലാണ് അമ്പലപ്പുഴ സ്വദേശി പാർവതിക്ക് വലതുകൈ നഷ്ടമായത്. പിന്നീട് കൃത്രിമ കൈ വച്ചുപിടിപ്പിച്ച് ഇടതുകൈകൊണ്ട് എഴുതി ശീലിച്ചു. ഇടതുകൈകൊണ്ട് എഴുതിയ പരീക്ഷയിലാണ് ഇപ്പോൾ ഐഎഎസ് നേടിയതും. ജീവിതത്തിൽ പാർവതി പഠിച്ച പാഠം നിശ്ചയദാർഢ്യത്തെ ഒന്നിനും തോൽപ്പിക്കാനാകില്ല എന്നതാണ്.
ഇടംകൈ ഉപയോഗിച്ചായിരുന്നു പാര്‍വതിയുടെ തുടര്‍ന്നുള്ള പഠനം. എഴുതാനടക്കം ഇടംകൈയായിരുന്നു കരുത്ത്. പഠനത്തിൽ മിടുക്കിയായ പാര്‍വതി രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ആദ്യ ശ്രമത്തിൽ പ്രിലിമിനറി കടമ്പ പോലും കടക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം ശ്രമത്തിൽ, ഭിന്നശേഷിക്കാരിയെന്ന പരിഗണനയോടെ ഐഎഎസ് പദവിയിലെത്താനാകുമെന്നാണ് പാര്‍വതിയും കുടുംബവും പ്രതീക്ഷിക്കുന്നത്.
ലിസ്റ്റിൽ പേര് പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇത്ര നല്ല റാങ്ക് പ്രതീക്ഷിച്ചില്ലെന്നും പാർവതി പറഞ്ഞു. ഒന്നുമുതൽ 12 വരെ സർക്കാർ സ്കൂളിലാണ് പാർവതി പഠിച്ചത്. വേഗക്കുറവ് ഉണ്ടായിരുന്നതിനാല്‍ സിവില്‍ സര്‍വീസ് പരീക്ഷ വലിയ കടമ്പയായിരുന്നുവെന്ന് പാര്‍വതി പറഞ്ഞു. ജീവിതത്തിലെ വലിയ തിരിച്ചടികളില്‍ പതറാതെ മനക്കരുത്ത് കൈമുതലാക്കി ഐഎഎസ് നേടിയ പാര്‍വതിയുടെ നേട്ടം മലയാളികൾക്കും അഭിമാനമാണ്.
Recent Comments