നവകേരള ബസ് സർവീസിലേക്ക്; ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം

നവകേരള ബസ് സർവീസിലേക്ക്; ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം

നവകേരള ബസിൽ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോൺടാക്ട് ക്യാരേജ് പെർമിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി. പെർമിറ്റ് മാറ്റം നടത്തിയത് ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ആരോപണത്തെ തുടർന്ന്. 1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്.

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അതുണ്ടായില്ല.ബസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് ബസ് കൈമാറിയിരുന്നു. ഇതിനിടെയാണ് ഗതാഗത മന്ത്രി മാറിയത്. ബസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടാവാത്തതിനാല്‍ നിര്‍മ്മാണം തടസപ്പെട്ടു.

അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്‌സും മാറ്റിയിട്ടില്ല.

ജെസ്‌ന ഗര്‍ഭിണിയായിരുന്നില്ല, രക്തക്കറ അടങ്ങിയ വസ്ത്രം കിട്ടിയിട്ടില്ലെന്ന് സിബിഐ, തുടരന്വേഷണത്തില്‍ തീരുമാനം 23ന്

ജെസ്‌ന ഗര്‍ഭിണിയായിരുന്നില്ല, രക്തക്കറ അടങ്ങിയ വസ്ത്രം കിട്ടിയിട്ടില്ലെന്ന് സിബിഐ, തുടരന്വേഷണത്തില്‍ തീരുമാനം 23ന്

തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണം സംബന്ധിച്ച തീരുമാനം തിരുവനന്തപുരം സിബിഐ കോടതി 23-ന് പ്രഖ്യാപിക്കും. കേസില്‍ അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണം തുടരണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ജെസ്നയുടെ രക്തംപുരണ്ട വസ്ത്രം പരിശോധിച്ചില്ലെന്നും പിതാവ് കോടതിയില്‍ പറഞ്ഞിരുന്നു. സാധ്യമായ രീതിയില്‍ എല്ലാത്തരത്തിലും അന്വേഷണം നടത്തിയിരുന്നുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

ജസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നു എന്ന പിതാവിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്പെക്ടര്‍ നിപുല്‍ ശങ്കര്‍ ഖണ്ഡിച്ചു. വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി സിബിഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തുകയായിരുന്നു.

കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്ന് ജസ്നയുടെ അച്ഛന്‍ ജയിംസ് ആരോപിച്ചു. എന്നാല്‍, കേസില്‍ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് നിപുല്‍ ശങ്കര്‍ കോടതിയെ അറിയിച്ചു. എല്ലാ കാര്യങ്ങളും തങ്ങള്‍ അന്വേഷിച്ചുവെന്നും ഇനി തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് സിബിഐ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്ന. 2018 മാര്‍ച്ച് 22-നാണ് ജെസ്നയെ കാണാതായത്. അന്ന് 20 വയസ്സായിരുന്നു. ലോക്കല്‍ പൊലീസും സ്പെഷ്യല്‍ ടീമും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് പിന്നീട് സിബിഐയ്ക്ക് കൈമാറിയത്. കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന പരീക്ഷയ്ക്ക് മുന്നോടിയായി പഠനാവധിയിലായിരുന്നു.

ജെസ്ന പോകുന്നുവെന്ന വിവരമൊന്നും ആണ്‍സുഹൃത്തിനും നല്‍കിയിട്ടില്ല. സംശയിക്കുന്ന ഒന്നും ഫോണ്‍വിളികളില്‍നിന്ന് ലഭിച്ചില്ല. വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവം; മാതാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവം; മാതാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അഞ്ജനയ്ക്കെതിരെ ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസില്‍ അമ്മയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രണ്ടാനച്ഛനെ അറസ്റ്റ് ചെയ്‌തിരുന്നു. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ഏഴ് വയസാകാരനാണ് രണ്ടാനച്ഛനില്‍ നിന്നും ക്രൂര പീഡനം ഏറ്റത്. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടിയതയും പരാതിയില്‍ പറയുന്നു.

കുട്ടിയെ ഉപദ്രവിക്കുന്ന സമയം അമ്മ തടഞ്ഞില്ല എന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ എടുത്തതും ഇപ്പോള്‍ അറസ്റ്റ് രേകപ്പെടുത്തിയതും. കഴിഞ്ഞ ആറ് മാസമായി കുട്ടിയെ രണ്ടാനച്ഛന്‍ നിരന്തരം മര്‍ദിച്ചിരുന്നു.

കുട്ടിയുടെ അടി വയറ്റില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നും കുട്ടിയെകൊണ്ട് പച്ചമുളക് തീറ്റിച്ചെന്നുമാണ് പരാതി. നായയെ കെട്ടുന്ന ബെല്‍റ്റുകൊണ്ടും ചിരിച്ചതിന് ചങ്ങല കൊണ്ടും മര്‍ദിച്ചുവെന്നും പൊലീസ് പറയുന്നു. കൂടാതെ കുട്ടിയെ ഫാനില്‍ കെട്ടിതൂക്കിയതായും പരാതിയുണ്ട്.

വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് പരസ്പരം കൈമാറി; അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ

വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് പരസ്പരം കൈമാറി; അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ

ആലപ്പുഴ: ഐടിഐ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തിൽ ചെങ്ങന്നൂരിൽ അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ. ഹോർട്ടികൾചർ ഒന്നാം വർഷ വിദ്യാർത്ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു (20), പെണ്ണുക്കര സ്വദേശി ആദർശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു (19), നെടുമുടി സ്വദേശി അജിത്ത് പ്രസാദ് (18), കൈനകരി സ്വദേശി അതുൽ ഷാബു (19) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നു ഫോട്ടോ എടുത്ത് ഒന്നാം പ്രതി നന്ദു ഇന്റർനെറ്റിൽനിന്ന് എടുത്ത നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് രണ്ടാം പ്രതിക്ക് സമൂഹമാധ്യമം വഴി കൈമാറുകയായിരുന്നു. തുടർന്ന് മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അറിഞ്ഞ പെൺകുട്ടി ഐടിഐ പ്രിൻസിപ്പൽ മുഖാന്തരം പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്തു, സിപിഎം നേതാവിനെതിരെ കള്ളവോട്ട് പരാതി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്തു, സിപിഎം നേതാവിനെതിരെ കള്ളവോട്ട് പരാതി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശ്ശേരി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഗണേഷൻ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുമുണ്ട്. നിയമ വിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തെരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്തിട്ടുമുണ്ട്.

തൃശൂർ പൂരം: ഇന്നും നാളെയും പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്

തൃശൂര്‍: തൃശൂര്‍ പൂരം പ്രമാണിച്ച് പരശുറാം എക്‌സ്പ്രസിനും (16649/16650) എറണാകുളം – കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്‌സ് പ്രസിനും (16305/16306) പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഇന്നും നാളെയുമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

പൂരം ദിവസമായ വെള്ളിയാഴ്ച വൈകീട്ട് മുതല്‍ പിറ്റേന്ന് രാവിലെ വരെ തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിയ്ക്കുന്നതാണ്.സ്റ്റേഷനുകളിലേയ്ക്ക് വരുന്ന വഴികളില്‍ കൂടുതല്‍ വെളിച്ചവും പ്ലാറ്റുഫോമുകളില്‍ ആവശ്യത്തിന് കുടിവെള്ള സൗകര്യവും ഒരുക്കും. യാത്രികരുടെ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ്, ആര്‍പിഎഫ് സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്യസിയ്ക്കുന്നതാണ്.