കള്ളനെന്നു മുദ്രകുത്തി ജയിലിലടച്ചു, കോടതി മോചിപ്പിച്ചു; ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

കള്ളനെന്നു മുദ്രകുത്തി ജയിലിലടച്ചു, കോടതി മോചിപ്പിച്ചു; ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

കൊല്ലം: കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലിടച്ച യുവാവ് കുറ്റ വിമുക്തനായതിനു പിന്നാലെ ജീവനൊടുക്കി. മോഷണക്കേസിൽ അറസ്റ്റിലായി വർഷങ്ങൾക്ക് ശേഷം കോടതി മോചിപ്പിച്ച അഞ്ചൽ അ​ഗസ്ത്യക്കോട് രതീഷ് ഭവനിൽ രതീഷ് (38) ആണ് മരിച്ചത്. കേസിലെ യഥാർഥ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് രതീഷിനെ കോടതി കുറ്റ വിമുക്തനാക്കിയത്.

പൊലീസിന്റെ ശാരീരിക പീഡനത്തിൽ ആരോ​ഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായത് രതീഷിനു താങ്ങാൻ ആയില്ലെന്നു ബന്ധുക്കൾ പറയുന്നു. രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കൾ: കാർത്തിക, വൈ​ഗ. സംസ്കാരം നടത്തി.

അഞ്ചൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ പൊലീസ് വേട്ടയാടിയതു 2014 സെപ്റ്റംബറിലാണ്. ടൗണിലെ മെഡിക്കൽ സ്റ്റോറിൽ കവർച്ച ചെയ്തെന്നരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടിയ മർദ്ദനം ഏറ്റ് രതീഷ് കസ്റ്റഡിയിൽ തളർന്നു വീണതായി അന്നു വിവരം പുറത്തു വന്നിരുന്നു. കോടതി റിമാൻഡ് ചെയ്ത രതീഷിനു മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നു.

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക.

ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്ലിന് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേരാണ് എതിര്‍കക്ഷികള്‍. കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു.

ഹര്‍ജിയില്‍ 12 ന് വിധി പുറപ്പെടുവിക്കുമെന്നാണ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിധിപ്പകര്‍പ്പ് തയ്യാറാക്കുന്നത് പൂര്‍ത്തിയാകാത്തതിനാലാണ് വിധി പ്രസ്താവം മാറ്റിയത്. ധാതു മണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്കു അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

പൂരാവേശത്തില്‍ തൃശൂര്‍; വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ചെറുപൂരങ്ങളുടെ വരവ്

പൂരാവേശത്തില്‍ തൃശൂര്‍; വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ചെറുപൂരങ്ങളുടെ വരവ്

തൃശൂര്‍: പൂരാവേശത്തില്‍ തൃശൂര്‍. രാവിലെ കണിമംഗലം ശാസ്താവിന്റെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പോടെയാണ് പൂരത്തിന് തുടക്കമായത്. പിന്നാലെ മറ്റു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്.

അഞ്ച് ആനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നത്. മണികണ്ഠനാല്‍ പന്തലിലേക്ക് എത്തുമ്പോള്‍ ഒമ്പത് ആനകളാകും അണിനിരക്കുക. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് രാവിലെ ഏഴു മണിക്ക് ആരംഭിക്കും. കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി രാവിലെ എട്ടിന് പുറപ്പെടും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത്. മഠത്തില്‍ വരവ് പഞ്ചവാദ്യം രാവിലെ 11 ന് തുടങ്ങും. പാറമേക്കാവിലമ്മയുടെ എഴുന്നള്ളത്ത് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് നടക്കുക.

ഇലഞ്ഞിത്തറമേളം ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് തുടങ്ങും. ശ്രീമൂലസ്ഥാനത്തെ മേളം 2.30 ന് നടക്കും. പൂരത്തിന്റെ വര്‍ണവൈവിധ്യമായ കുടമാറ്റം വൈകീട്ട് 5.30 ന് നടക്കും. വെടിക്കെട്ട് പുലര്‍ച്ചെ മൂന്നിന് നടക്കും. എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തിയ നെയ്തലക്കാവിലമ്മ ആരവങ്ങള്‍ക്കും പുഷ്പവൃഷ്ടിക്കുമിടെ വടക്കുന്നാഥന്റെ തെക്കേഗോപുരനട തുറന്നതോടെയാണ് തൃശൂര്‍ ഈ കൊല്ലത്തെ പൂരത്തിലേക്ക് കടന്നത്. കോടതി നിര്‍ദേശ പ്രകാരം കടുത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

സ്വര്‍ണവില എങ്ങോട്ട്?, വീണ്ടും പുതിയ ഉയരത്തില്‍

സ്വര്‍ണവില എങ്ങോട്ട്?, വീണ്ടും പുതിയ ഉയരത്തില്‍

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. ഇന്ന് 400 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 54,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 6815 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒറ്റയടിക്ക് 720 വര്‍ധിച്ച് 54,360 രൂപയായി ഉയര്‍ന്ന് ചൊവ്വാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. ഇന്നലെ സ്വര്‍ണവില 240 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും വില തിരിച്ചുകയറുകയായിരുന്നു. അന്താരാഷ്ടവിപണിയിലെ വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

പൂരാവേശത്തില്‍ തൃശൂര്‍; വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ചെറുപൂരങ്ങളുടെ വരവ്

തൃശൂര്‍ പൂരം എങ്ങനെ കാണണം?, ചടങ്ങുകള്‍ എന്തൊക്കെ?; വിശദാംശങ്ങള്‍

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഉത്സവങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍ പൂരം . കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ പാരമ്പര്യമാണ് കണക്കാക്കുന്നത്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകള്‍ വര്‍ഷം തോറും തൃശ്ശൂരില്‍ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍പൂരം ആഘോഷിക്കുന്നത്.

പൂരത്തിന്റെ മുഖ്യ പങ്കാളിത്തം തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കാണ്. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളില്‍ ഒന്നായ ബാലികാഭാവത്തിലുള്ള ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.

പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുംനാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണ് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങള്‍ക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുംനാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് ആണ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നത്.

പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്‌ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. തലേന്ന് നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാകുന്നത്.

തിരുവമ്പാടി ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ ചടങ്ങുകള്‍:

വെള്ളിയാഴ്ച രാവിലെ 7.30ന് പുറത്തേയ്ക്ക് എഴുന്നള്ളിപ്പ്. ഷൊര്‍ണൂര്‍ റോഡ്, നായ്ക്കനാല്‍, റൗണ്ട് വഴി പഴയ നടക്കാവിലേക്ക്്. മൂന്ന് ആന, നടപാണ്ടി സഹിതം 10.15 നോട് കൂടി മഠത്തില്‍ ഇറക്കിപൂജ. രാവിലെ 11.30ന് പാണികൊട്ടി പഞ്ചവാദ്യം ആരംഭിക്കുന്നു. മഠത്തില്‍ വരവിന്റെ തുടക്കത്തില്‍ മൂന്ന് ആനകള്‍. റൗണ്ട് എത്തിയാല്‍ ഏഴ് ആനകളായി മാറും (11.30ന് നായ്ക്കനാല്‍ വരെ പഞ്ചവാദ്യം)

നായ്ക്കനാലില്‍ ഉച്ചതിരിഞ്ഞ് 3ന് എത്തുന്നതോടെ പഞ്ചവാദ്യം കഴിഞ്ഞ് ചെണ്ടമേളം ആരംഭിക്കുന്നു. 15 ആനകള്‍ ശ്രീമൂലസ്ഥാനത്ത് എ്ത്തുന്നതോടെ 4.45ന് പാണ്ടിമേളം അവസാനിക്കുന്നു.

ആനകളും വാദ്യക്കാരും പടിഞ്ഞാറെ ഗോപുരം വഴി അകത്ത് പ്രവേശിച്ച് വൈകീട്ട് 5.10ന് ആനകള്‍ തെക്കേഗോപുരം ഇറങ്ങി നിരന്ന് നില്‍ക്കുന്നു. 5.30ന് കുടമാറ്റം. 6.30ന് കുടമാറ്റം കഴിഞ്ഞ് തിരുവമ്പാടി ഭഗവതി എംഒ റോഡില്‍ കൂടി നീങ്ങി രാജാവിന്റെ പ്രതിമ വരെ പോയി തിരിച്ച് റൗണ്ടില്‍ എത്തി 15 ആനകളുമായി നിരന്ന് നില്‍ക്കുന്നു.

ശേഷം എഴുന്നള്ളിപ്പ് ആന തേക്കിന്‍കാട്ടില്‍ കൂടി പഴയനടക്കാവ് വഴി ആരംഭത്തില്‍ നില്‍ക്കുന്നതോടെ ചിറക്കല്‍ കാണിപൂജ നടത്തി മഠത്തിലേക്ക് ആനയിക്കുന്നു. 7.30ന് മഠത്തില്‍ ഇറങ്ങി പൂജ.

രാത്രി 11.30ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മഠത്തില്‍ നിന്ന് മൂന്ന് ആനയുടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് നായ്ക്കനാല്‍ പന്തലില്‍ എഴുന്നള്ളിപ്പ് അവസാനിക്കുന്നു. മൂന്നിനും ആറിനും ഇടയിലാണ് പ്രധാനവെടിക്കെട്ട്.

രാവിലെ 8.30ന് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തോട് കൂടി ശ്രീമൂലസ്ഥാനത്തേയ്ക്ക് പോകുന്നു. നായ്ക്കനാല്‍ മുതല്‍ ശ്രീമൂലസ്ഥാനം വരെ കുടമാറ്റവും ഉണ്ടായിരിക്കും.

ഉച്ചയ്ക്ക് 12.30ന് ഒരുമണിക്കും ഇടയിലാണ് സമാപന വെടിക്കെട്ട്. ശ്രീമൂലസ്ഥാനത്ത് രണ്ടു ഭഗവതിമാരും വിടച്ചൊല്ലി തിരിച്ചുപോകുന്നു. വൈകീട്ട് അഞ്ചിന് അമ്പലത്തില്‍ ആറാട്ടിന് വേണ്ടി മഠത്തിലേക്ക് പുറപ്പെടുന്നു. വൈകീട്ട് 6.15ന് അമ്പലത്തില്‍ മടങ്ങിയെത്തുന്നു. രാത്രി എട്ടിന് ഉത്രംവിളക്ക് നടത്തി ഭക്തര്‍ കൊടിയിറക്കുന്നതോടെ പൂരത്തിന്റെ പരിസമാപ്തി കുറിക്കുന്നു.

പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലെ ചടങ്ങുകള്‍:

പൂരം കൊടിയേറ്റത്തിന് ശേഷം ഭഗവതി നേരിട്ട് എല്ലാ ദേശങ്ങളിലും എഴുന്നള്ളി ദോഷങ്ങളെയും ദുരിതങ്ങളെയും അകറ്റി ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കുന്നു എന്നാണ് സങ്കല്‍പ്പം. കൊടിയേറ്റം മുതല്‍ കൊടിയിറങ്ങുന്നതുവരെ എല്ലാ ദിവസവും ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടില്‍ ഭഗവതിക്ക് പറ സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

ഭഗതവതിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച ശേഷം കവുങ്ങിന്‍ കൊടിമരം ദേശക്കാര്‍ ഉയര്‍ത്തുന്നതോടെ പൂരത്തിന് തുടക്കമായി. ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാല്‍ തറയിലെ അരയാലിന്റെ മുകളിലും സിംഹചിഹ്നമുള്ള മഞ്ഞക്കൊടികളാണ് ഉയര്‍ത്തുന്നത്.

കൊടിയേറ്റത്തിന് മുന്നോടിയായി തലേന്ന് ക്ഷേത്രം തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മികത്വത്തില്‍ ശുദ്ധിക്രിയകളും പ്രത്യേക ഹോമങ്ങളും നടത്തുന്നുണ്ട്. ദിവസവും നടക്കുന്ന ആറാട്ടുചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രിമാര്‍ കാര്‍മികത്വം വഹിക്കുന്നു. ആറാട്ടുകടവില്‍ തന്ത്രിപൂജ, മഞ്ഞള്‍പ്പൊടി കൊണ്ട് അഭിഷേകം, മലര്‍ നിവേദ്യം, പൂജ എന്നിവ പ്രത്യേകമായി നടക്കും.

വെള്ളിയാഴ്ച ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിന്റെ പൂരം തുടങ്ങുന്നത്. പൂരത്തില്‍ പങ്കുചേരുവാനായി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ സര്‍വ്വാലങ്കാര വിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നള്ളുന്നു. പാറമേക്കാവ് ക്ഷേത്രാങ്കണത്തില്‍ നിന്നു തുടങ്ങുന്ന ചെമ്പട മേളം അവസാനിച്ച് അതിനു ശേഷം പാണ്ടിമേളം തുടങ്ങുന്നു. ഇതിനോടൊപ്പം ചെറിയ തോതിലുള്ള ഒരു കുടമാറ്റവും നടക്കുന്നു. പാണ്ടിമേളം ഒരു കലാശം കഴിഞ്ഞ് എഴുന്നള്ളത്ത് വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയില്‍ എത്തുന്നു.

പിന്നീടാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പാണ്ടി മേളത്തില്‍ വാദ്യകലാരംഗത്തെ കുലപതികളാണ് പങ്കെടുക്കാറ്. കൂത്തമ്പലത്തിനു മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്.

വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് തെക്കോട്ടിറക്കം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്.

പാറമേക്കാവിന്റെ 15 ആനകള്‍ തെക്കോട്ടിറങ്ങി പഴയന്നൂര്‍ ഭഗവതിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് പോയി ഭഗവതിയെ വണങ്ങിയ ശേഷം നിരന്നു നിള്‍ക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നില്‍ക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.

കൊടിയിറക്ക് ദിവസം പാറമേക്കാവ് ഭഗവതി പടിഞ്ഞാറെ ചിറയില്‍ സന്ധ്യയ്ക്ക് ആറാട്ട് നടത്തി മൂന്ന് ആനകളോടെ പഞ്ചാവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രസന്നിധിയില്‍ എത്തിയ ശേഷം നൂറില്‍പ്പരം കലാകാരന്മാരുടെ പാണ്ടിമേളത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു. ഏഴ് പ്രദക്ഷിണം ചെയ്ത് ഇറക്കി എഴുന്നള്ളിപ്പ് അവസാനിക്കുകയും ആന കൊടിമരം ഇളക്കിമാറ്റുകയും ചെയ്യുന്നതോടെ പൂരച്ചടങ്ങുകള്‍ അവസാനിക്കുന്നു.

പിറവത്ത് റോഡ് നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍; മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

പിറവത്ത് റോഡ് നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍; മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊച്ചി: പിറവം മണീട് വെട്ടിത്തറയില്‍ റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞു വീണ് രണ്ടു തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി. ഏലപ്പാറ സ്വദേശി വേണു, വണ്ണപ്പുറം സ്വദേശി രാജന്‍ എന്നിവരാണ് മണ്ണിനുള്ളില്‍ കുടുങ്ങിയത്. ഇവരെ ഫയര്‍ഫോഴ്‌സ് സംഘം സുരക്ഷിതമായി പുറത്തെടുത്തു.

ഏഴക്കരനാട് പിഎംജിഎസ് വൈ പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മ്മാണത്തിന് പുഴയുടെ സൈഡ് കെട്ടാന്‍ വാനം താഴ്ത്തുന്നതിനിടെയാണ് അപകടമുണ്ടായത്. പുറത്തെടുത്ത തൊഴിലാളികള്‍ക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം.