by liji HP News | Apr 18, 2024 | Latest News, കേരളം
പാലക്കാട്: ബംഗളൂരു – കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം. ഇന്നലെ രാവിലെ എട്ടിനു കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ പൊള്ളാച്ചി വഴി 11.05നു പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലും 11.10നു പാലക്കാട് ജംഗ്ഷനിലുമെത്തി. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അറിയിച്ചു.
1.20ന് പാലക്കാട് ജംഗ്ഷനില്‍ നിന്നു പുറപ്പെട്ടു 3.45നു കോയമ്പത്തൂരിലെത്തി. സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണു പരീക്ഷണ ഓട്ടം നടത്തിയത്. ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡെക്കര്‍ എസി ചെയര്‍ കാറാണിത്. സ്ഥിരം സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല.
by liji HP News | Apr 18, 2024 | Latest News, കേരളം
തൃശൂര്‍: ശക്തന്‍ തമ്പുരാനോടുള്ള നന്ദി സൂചകമായി പതിവ് തെറ്റിക്കാതെ തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ. പഴയകാലം മുതല്‍ തുടരുന്ന ആചാരപ്രകാരം പൗരസ്ത്യ കല്‍ദായ സുറിയാനി സഭ തൃശ്ശൂര്‍ പുത്തന്‍പേട്ടയിലെ മാര്‍ത്ത് മറിയം വലിയ പള്ളിയില്‍ നിന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്തയാണ് എണ്ണ കൈമാറിയത്.
ശക്തന്‍ തമ്പുരാന്‍ നാടിന്റെ വാണിജ്യവളര്‍ച്ച ലക്ഷ്യമിട്ട് നസ്രാണികളെ തൃശൂരില്‍ കൊണ്ടുവന്ന് കുടിയിരുത്തിയെന്നതാണ് ചരിത്രം. ഇവര്‍ക്ക് പള്ളിപണിയാനും ആരാധന നടത്താനും അടക്കം തമ്പുരാന്‍ സൗകര്യവും ഒരുക്കിയിരുന്നു. ശക്തന്‍ തമ്പുരാനോടും തൃശൂര്‍ എന്ന നാടിനോടും കൂറുപുലര്‍ത്തിയാണ് വര്‍ഷാവര്‍ഷം തൃശൂര്‍ പൂരത്തിന് സംഭാവനയായി എണ്ണ കൈമാറുന്നത്. ദേവസ്വം ഭാരവാഹികളും മാര്‍ത്ത് മറിയം വലിയ പള്ളി വികാരി ഫാ. കെ ആര്‍ ഇനാശു, ഫാ. ജിനു ജോസ്, കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാജന്‍ ജോസ് മണ്ണുത്തി, കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ജോസ് താഴത്ത്, ലിയോണ്‍സ് കാങ്കപ്പാടന്‍ മാര്‍ത്ത് മറിയം വലിയ പള്ളി കൈക്കാരന്മാരായ സോജന്‍ ജോണ്‍, ജോര്‍ജ് ജോയ്, പാരിഷ് കൗണ്‍സില്‍ അംഗമായ ചാള്‍സ് ചിറ്റില്ലപ്പിള്ളി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
by liji HP News | Apr 18, 2024 | Latest News, കേരളം
കൊച്ചി: മൂവാറ്റുപുഴ സ്‌പെഷ്യല്‍ സബ് ജയിലിന്റെ മതില്‍ക്കെട്ടിനകത്തേക്ക് മദ്യക്കുപ്പിയും ബീഡിയും ചെമ്മീന്‍ റോസ്റ്റും അടക്കമുള്ള പൊതികള്‍ എറിഞ്ഞയാളെ പൊലീസ് പിടികൂടി. തൃക്കാക്കര എച്ച്എംടി കോളനി കുന്നത്ത് കൃഷ്ണകൃപ വീട്ടില്‍ വിനീത് (32) ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. മോഷണക്കേസില്‍ സബ്ജയിലില്‍ കഴിയുന്ന സഹോദരന് വേണ്ടിയാണ് പൊതികള്‍ വലിച്ചെറിഞ്ഞത്.
ഇന്നലെ സഹോദരനെ കാണാന്‍ വിനീത് സബ് ജയിലില്‍ എത്തിയിരുന്നു. ജയിലില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് മദ്യം അടക്കം വലിച്ചെറിഞ്ഞത്.ഒരു പൊതിയില്‍ ഒരു കുപ്പി മദ്യവും മിനല്‍ വാട്ടറുമായിരുന്നു. മറ്റൊന്നില്‍ പതിനഞ്ച് കൂട് ബീഡിയും മൂന്നാമത്തെ പൊതിയില്‍ ഒരു ലൈറ്ററും 7 പായ്ക്കറ്റ് ചെമ്മീന്‍ റോസ്റ്റുമാണ് ഉണ്ടായിരുന്നത്.സാധനങ്ങള്‍ അടുക്കളയുടെ പിന്‍ഭാഗത്താണ് വന്നുവീണത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

by liji HP News | Apr 18, 2024 | Latest News, കേരളം
കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. സഹായത്രികയും സുഹൃത്തുമായ അജ്‌മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളാണ്.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. തസ്കിയ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലേക്ക് മാറ്റി. സുഹൃത്ത് അജ്മിയയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
by liji HP News | Apr 18, 2024 | Latest News, കേരളം
തിരുവനന്തപുരം: നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം ഓടിക്കുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് ഡ്രൈവറുടെ ഏകാഗ്രത കുറവുകൊണ്ടാണെന്നും, ഇതിനുള്ള കാരണങ്ങളും പറയുന്നതാണ് എംവിഡിയുടെ കുറിപ്പ്.
മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്
വാഹനം ഓടിക്കുന്നതിനിടെ അപകടങ്ങള്‍ ഉണ്ടാകുന്നത് ഡ്രൈവറുടെ ശ്രദ്ധ അല്ലെങ്കില്‍ ഏകാഗ്രത നഷ്ടപ്പെടുമ്പോഴാണ് എന്നത് നമുക്കറിയാം. പക്ഷെ ഈ ഏകാഗ്രതയ്ക്ക് ഭംഗം വരുന്ന കാരണങ്ങള്‍ അറിയാമോ ?
ഈ കാരണങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം. കാഴ്ചയ്ക്ക് തടസ്സം നേരിടുക, അനിയന്ത്രിതമായ ദിശ മാറ്റം, ഡ്രൈവറുടെ മനസ്സിനുണ്ടാകുന്ന ജാഗ്രതക്കുറവ് എന്നിവയാണവ.
ഡ്രൈവിംഗ് തടസ്സങ്ങളെ ഇങ്ങിനെ സംഗ്രഹിക്കാം.
1) Eyes off the road
2) Hands off the wheel
3) Mind off the work
ഇവയിലേതിലെങ്കിലും ഒന്നിന്റേയോ യോജ്യമായ സംയുക്തകാരണങ്ങളാലോ ആണ് ഒരപകടം അടിസ്ഥാനപരമായി സംഭവിക്കുന്നത്. ഈ മൂന്ന് ഡിസ്ട്രാക്ഷനുകളും ഒരുമിച്ച് വരുന്ന ഒരു പക്ഷെ ഏകസാഹചര്യം ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കുക എന്നതായിരിക്കും…. മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം ഒരു ഹാന്‍ഡ് ഹെല്‍ഡ് ഉപകരണമായ മൊബൈല്‍ ഫോണുകള്‍ ഡ്രൈവിങ്ങിനിടെ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാകുന്നത് ബോധപൂര്‍വ്വമുള്ള ഒരു സമ്പൂര്‍ണ്ണഡിസ്ട്രാക്ഷന്‍ ആയതിനാലാണ്.
ഈ ‘ത്രിവേണീസംഗമം’ ഒരു പക്ഷെ ഇന്ന് നിങ്ങളെ അപകടപ്പെടുത്തിയില്ല എങ്കില്‍ അത് മറ്റുള്ളവരുടെ കാരുണ്യമായി കരുതലായി കരുതുക. ഡ്രൈവിങ്ങിനിടെ നാം കാണിക്കുന്ന ഈ ബഹുനൈപുണ്യപ്രവൃത്തി ഒരു പുണ്യപ്രവൃത്തിയേയല്ല. മിക്ക റോഡപകടങ്ങളിലും മൊബൈല്‍ ഉപയോഗം അദൃശ്യമായ ഒരു പ്രധാനകാരണവുമാകാറുണ്ട്.
by liji HP News | Apr 18, 2024 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ വെള്ളക്കുളങ്ങരയില്‍ പേവിഷബാധയേറ്റ ആള്‍ മരിച്ചു. പറവൂര്‍ കലായില്‍ സ്വദേശി പി എം സൈമണ്‍ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. രണ്ടാഴ്ച മുമ്പാണ് സൈമണിനെ തെരുവുനായ കടിച്ചത്. നായ കടിച്ചെങ്കിലും സൈമണ്‍ പ്രതിരോധ കുത്തിവെയ്പ് എടുത്തിരുന്നില്ല.
Recent Comments