by liji HP News | Apr 18, 2024 | Latest News, കേരളം
തൃശ്ശൂര്‍: സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞതോടെ പൂര ലഹരിയിലേക്ക് കടന്ന് തൃശൂര്‍. ഇന്ന് പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക.
രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക. പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് കയറുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തും. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ ശ്രീമൂലസ്ഥാനത്ത് എത്തും.
വടക്കുംനാഥന്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് വലം വച്ച് തെക്കേ ഗോപുരം തുറന്ന് പുറത്തേക്കിറങ്ങും. വടക്കുംനാഥനെ വണങ്ങി മാരാര്‍ ശംഖ് വിളിക്കുന്നതോടെ പൂര വിളംബരം. പിന്നീടുള്ള 36 മണിക്കൂര്‍ നാദ, മേള വര്‍ണ്ണ വിസ്മയങ്ങളുടെ വിസ്മയത്തിനാണ് തൃശൂര്‍ സാക്ഷിയാകുക.
by Midhun HP News | Apr 17, 2024 | Latest News, കേരളം
കൊച്ചി: ബലാൽസംഗ കേസിൽ പ്രതിയായ ഇൻസ്പെക്ടർ സൈജു എം വി മരിച്ച നിലയിൽ. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നെടുമങ്ങാട് സ്വദേശിയായ സൈജു രണ്ട് ബലാത്സംഗ കേസിൽ പ്രതിയായിരുന്നു. മലയിൻകീഴ് ഇന്‍സ്പെക്ടറായിരിക്കെയാണ് സൈജു എം വിക്കെതിരെ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും പൊലീസില്‍ പീഡന പരാതി നല്‍കിയത്. പരാതിയുമായി എത്തിയ ഡോക്ടറെ സൌഹൃദം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു ഒരു പരാതി. ഈ കേസിൽ ജാമ്യം ലഭിക്കാൻ പൊലീസ് ജിഡി റജിസ്റ്ററിൽ സൈജോ കൃത്രിമം കാണിച്ചെന്ന് പിന്നീട് കോടതി കണ്ടെത്തി ജാമ്യം റദ്ദാക്കിയിരുന്നു. നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.സൈജുവിനെതിരെ നേരത്തെയും പീഡന പരാതി ഉയർന്നിരുന്നു.
by liji HP News | Apr 17, 2024 | Latest News, കേരളം
ആറ്റിങ്ങൽ ബി ആർ സി യുടെ പരിധിയിലുള്ള 5 പ്രതിഭാ കേന്ദ്രങ്ങളിലും അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പുകൾ ആരംഭിച്ചു. ആലന്തറ, ഭഗവതികോണം, മുക്കുടിൽ, ഒറ്റൂർ പെരുമാതുറ, എന്നീ കേന്ദ്രങ്ങളിലാണ് കുട്ടികളുടെ സർഗാത്മകശേഷിയും അക്കാദമിക് നിലവാരവും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ടുള്ള ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന മേഖലകളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പരമാവധി ഊന്നൽ കൊടുത്തുകൊണ്ട് സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പ്രതിഭാ കേന്ദ്രങ്ങൾ കുട്ടികളുടെ സാമൂഹിക വൈയക്തിക മനോഭാവത്തിൽ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്.
ഓരോ പ്രതിഭാ കേന്ദ്രങ്ങളിലും വേനൽപ്പാട ക്യാമ്പിന് മുൻപായി സംഘാടകസമിതികൾ കൂടുകയും പ്രതിഭാ കേന്ദ്രം
വിഭാവനം ചെയ്യുന്ന വിവിധ പരിപാടികളുടെ ആസൂത്രണവും നിർവഹണവും നടത്തുകയും ചെയ്തു. പ്രവർത്തി പരിചയം, ആർട്ട് എഡ്യൂക്കേഷൻ, മ്യൂസിക്, ലോ ഷൻ നിർമ്മാണം, നാടൻ കളികൾ പരിചയപ്പെടൽ,കായിക വിദ്യാഭ്യാസം, തുടങ്ങി വിവിധ പരിപാടികളാണ് ഓരോ പ്രതിഭാ കേന്ദ്രങ്ങളിലും അഞ്ചുദിവസമായി നടക്കുന്ന ക്യാമ്പിന് ആസൂത്രണം ചെയ്തിരിക്കുന്നത്.പ്രാദേശികമായി അറിയപ്പെടുന്ന കലാകാരന്മാർ,കർഷകർ അധ്യാപകർ വിവിധ മേഖലകളിൽ പ്രഗത്ഭ്യം സൃഷ്ടിച്ചിട്ടുള്ള വ്യക്തികൾ തുടങ്ങിയവർ ഓരോ ദിവസവും ക്യാമ്പുകളിൽ ആർ പി മാരായി എത്തുന്നുണ്ട്.
by liji HP News | Apr 17, 2024 | Latest News, കേരളം
കൊല്ലം: അവധിക്കാല യാത്രകളുമായി കൊല്ലം കെഎസ്ആർടിസി ഡിപ്പോ. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് അവധിക്കാലയാത്രകള്‍ നടത്തുന്നത്. ഏപ്രില്‍ 18ന് വയനാട് ഉല്ലാസയാത്ര പുറപ്പെട്ട് 21ന് രാത്രിയില്‍ മടങ്ങിയെത്തും. പ്രവേശന ഫീസും, രണ്ടു ദിവസത്തെ താമസവും, മുത്തങ്ങ ജംഗിള്‍ സഫാരിയും അടക്കം 4100 രൂപയാണ് നിരക്ക്.
ഏപ്രില്‍ 19 ന് രാവിലെ 5 മണിക്ക് പത്മനാഭപുരം-കന്യാകുമാരി യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. 780 രൂപയാണ് നിരക്ക്. ഏപ്രില്‍ 20ന് രാവിലെ 5 മണിക്ക് പുറപ്പെടുന്ന ഇടുക്കി യാത്രയ്ക്ക് – അയ്യപ്പന്‍ കോവില്‍ തൂക്കുപാലം, കാല്‍വരി മൗണ്ട്, രാമക്കല്‍മേട് സന്ദർശനം- 1070 രൂപയാണ് നിരക്ക്.
കൊല്ലം ജില്ലയിലെ ചെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ കാനനയാത്ര- റോസ്മലയിലേക്കും തെന്മലയിലേക്കും ഏകദിന ഉല്ലാസയാത്ര. ഏപ്രില്‍ 20ന് രാവിലെ 6 30ന് പുറപ്പെടുന്ന യാത്രയില്‍ പ്രവേശന ഫീസുള്‍പ്പെടെ 770 രൂപയാണ് നിരക്ക്.
എറണാകുളം ജില്ലയിലെ പാണിയേലിപോരിലേക്കും ഉല്ലാസയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 21ന് ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക് യാത്ര പുറപ്പെടും. നിരക്ക്:1050 രൂപ. പൊൻമുടിയിലേക്ക് 21ന് രാവിലെ 6 മണിക്ക് ഉല്ലാസയാത്ര എന്‍ട്രി ഫീസുകള്‍ ഉള്‍പ്പെടെ 770 രൂപയാണ് നിരക്ക്.
by liji HP News | Apr 17, 2024 | Latest News, കേരളം
പാലക്കാട്: സംസ്ഥാനത്ത് ഇനി ഡബിള്‍ ഡെക്കര്‍ തീവണ്ടിയും. കോയമ്പത്തൂര്‍ – കെഎസ്ആര്‍ ബംഗലൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണ ഓട്ടം ഇന്നു നടക്കും. കോയമ്പത്തൂരില്‍ നിന്ന് പൊള്ളാച്ചി വഴിയാവും യാത്ര.
രാവിലെ എട്ടിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് 10. 45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും ട്രെയിന്‍ എത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും.
റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എ സി ചെയര്‍ കാര്‍ തീവണ്ടിയാണിത്. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല. ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.
by liji HP News | Apr 17, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. രാത്രി എഴിന് വടക്കുനാഥ ക്ഷേത്ര മൈതാനത്തു വെടിക്കെട്ടിന് തുടക്കമാകും. തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും തുടര്‍ന്ന് പാറമേക്കാവും. 8.30 വരെയാണ് സാമ്പിള്‍ വെടിക്കെട്ടിന് അനുവദിച്ചിരിക്കുന്ന സമയം.
വെടിക്കെട്ടിന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുന്നത് ഒരാളാണെന്ന പ്രത്യേകയും ഇത്തവണയുണ്ട്. ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശിനാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല.
നഗരം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. 20ന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും. 19നാണ് പൂരം.
Recent Comments