കെ കെ ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ്: പ്രവാസി മലയാളിക്കെതിരെ കേസ്

കെ കെ ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ്: പ്രവാസി മലയാളിക്കെതിരെ കേസ്

കോഴിക്കോട്: വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ കെ ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ് ഇട്ട സംഭവത്തില്‍ ഗള്‍ഫ് മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ എം മിന്‍ഹാജ് ആണ് പ്രതി.

കലാപാഹ്വാനം, മാനഹാനി ഉണ്ടാക്കി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തു ദിവസം മുമ്പാണ് ശൈലജ പൊലീസിന് പരാതി നല്‍കിയത്. നേരത്തെ കെ കെ ശൈലജയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കുറ്റം ചുമത്തി ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ ന്യൂമാഹി പൊലീസ് കേസെടുത്തിരുന്നു. ന്യൂ മാഹി സ്വദേശി അസ്‌ലമിനെതിരെയാണ് കേസ്. മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലായിരുന്നു വ്യാജപ്രചാരണം. ശബ്ദസന്ദേശം അസ്മലിന്റെതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് താറാവുകളില്‍

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് താറാവുകളില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ ചെറുതന പഞ്ചായത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താനക്കണ്ടത്തില്‍ ദേവരാജന്‍, ചിറയില്‍ രഘുനാഥന്‍ എന്നിവരുടെ താറാവുകള്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.

രഘുനാഥന് 2 മാസം പ്രായമുള്ള 2000 താറാവുകളും ദേവരാജന് 3 മാസം പ്രായമുള്ള 15,000 താറാവുകളുമാണുള്ളത്. ഭോപ്പാലിലെയും തിരുവല്ലയിലെയും ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനയ്ക്കയച്ച മൂന്ന് സാമ്പിളുകള്‍ പോസിറ്റീവ് ഫലം നല്‍കി.

ജില്ലയിലെ കുട്ടനാട്, ചെറുതല, എടത്വ എന്നിവിടങ്ങളില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തൊടുങ്ങിയിരുന്നു. അതേത്തുടര്‍ന്ന് സാമ്പിളകുള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗബാധിത പ്രദേശങ്ങളിലെ താറാവുകളിലെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. കളിയാട്ടം, കര്‍മ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയാണ് ബല്‍റാം. സ്‌കൂള്‍ പഠനകാലത്തുതന്നെ സാഹിത്യവാസനയുണ്ടായിരുന്ന ബല്‍റാം ഒന്‍പതാം ക്‌ളാസില്‍ പഠിയ്ക്കുമ്പോഴാണ് ഗ്രാമം എന്ന പേരില്‍ ആദ്യ നോവല്‍ എഴുതിയത്. അദ്ദേഹത്തിന്റെ ഇരുപതാം വയസ്സിലായിരുന്നു നോവല്‍ പ്രസിദ്ധീകരിച്ചത്. ബല്‍റാം വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം സ്വീകരിച്ച് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ തിരക്കഥ എഴുതിയ സിനിമയാണ് കളിയാട്ടം. ജയരാജ് ആണ് ഈ തിരക്കഥ സിനിമയാക്കിയത്.തെയ്യം കലാകാരന്‍മാരുടെ ജീവിതത്തിലെ സാഹസികതയും അര്‍പ്പണവും കഷ്ടപ്പാടുകളും കണ്ണീരും കുട്ടിക്കാലംമുതലെ അടുത്തറിഞ്ഞ ബല്‍റാം ഇത് തിരക്കഥയാക്കുകയായിരുന്നു.

വി കെ പ്രകാശ് സംവിധാനം ചെയ്ത കര്‍മ്മയോഗി എന്ന സിനിമയ്ക്കാണ് പിന്നീട് ബല്‍റാം തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഹാംലറ്റ് എന്ന ഷേക്‌സ്പിയര്‍ നാടകത്തെ കേരളീയ പശ്ചാത്തലത്തില്‍ പുനരവതരിപ്പിച്ച സിനിമയായിരുന്നു കര്‍മ്മയോഗി. തുടര്‍ന്ന് 2021 ല്‍ ടി ദീപേഷ് സംവിധാനം ചെയ്ത അക്വേറിയം എന്ന സിനിമയ്ക്കും ബല്‍റാം തിരക്കഥയും സംഭാഷണവും ഒരുക്കി.

വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാംപസില്‍ ഇടതുസംഘടന സംഘടിപ്പിച്ച പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസ് എംപി പ്രസംഗിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ സര്‍വകലാശാലാ രജിസ്ട്രാറോട് ആവശ്യപ്പെട്ടു.

സര്‍വകലാശാലാ ജീവനക്കാരുടെ ഇടതുസംഘടന സംഘടിപ്പിച്ച പരിപാടി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വിലക്കണമെന്ന് രജിസ്ട്രാര്‍ക്കു വിസി രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. സര്‍വകലാശാലാ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവരാണെന്നും ക്യാംപസിനുള്ളില്‍ പുറത്തു നിന്നുള്ളവര്‍ പ്രഭാഷണം നടത്തുന്നത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിസി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് രാഷ്ട്രീയ പ്രസംഗങ്ങള്‍ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാര്‍ അറിയിച്ചു. എന്നാല്‍ ഇതവഗണിച്ച് പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 240 രൂപ കുറഞ്ഞ്ക ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചൊവ്വാഴ്ച ഒറ്റയടിക്ക് 720 വര്‍ധിച്ച് 54,360 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായില്ല. തുടര്‍ന്നാണ് ഇന്ന് വില കുറഞ്ഞത്. ഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

സുഗന്ധഗിരി മരംമുറി: ഡിഎഫ്ഒ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

സുഗന്ധഗിരി മരംമുറി: ഡിഎഫ്ഒ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വയനാട് സുഗന്ധഗിരി മരംമുറിക്കേസില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന, കല്‍പ്പറ്റ ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. വനംവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി. ക്രമക്കേടില്‍ കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വയനാട് സുഗന്ധഗിരി വന ഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസറും 2 റേഞ്ച് ഓഫീസര്‍മാരും ഉള്‍പ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നായിരുന്നു ഉന്നതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിർദേശം നൽകിയിരുന്നു.