by liji HP News | Apr 13, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി. കളി സ്ഥലമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. പഠനം ക്ലാസ് മുറികള്‍ക്കകത്ത് മാത്രമായി പരിമിതപ്പെടുത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ചട്ടപ്രകാരമുള്ള കളിസ്ഥലങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നാലുമാസത്തിനകം മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണണ്‍ ഉത്തരവിട്ടു.
സിബിഎസ്ഇ, സിഐഎസ്ഇ സ്‌കൂളുകളുടെ ചട്ടങ്ങളില്‍ സ്‌കൂളുകളില്‍ കളിസ്ഥലത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. കേരള വിദ്യാഭ്യാസ നിയമങ്ങളിലും ചട്ടങ്ങളില്‍ ഇതുണ്ടായിരുന്നില്ലെന്നും സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തെ നിരവധി സ്‌കൂളുകള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്ഥാപിതമായതാണെന്നും അതിനാല്‍ തന്നെ കെട്ടിടനിര്‍മാണങ്ങള്‍ ഉള്‍പ്പടെ വിവിധ കാരണങ്ങളാല്‍ മതിയായ കളിസ്ഥലങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന ചട്ടങ്ങളില്‍ ഇത്തരമൊരു കാര്യം ഇല്ലാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും, എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റും ഇത് മുതലെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ആവശ്യമായ കളിസ്ഥലം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു.
കളിസ്ഥലങ്ങള്‍ കുട്ടികളുടെ പഠനാന്തരീക്ഷത്തില്‍ അഭിവാജ്യഘടകമാണ്. അത് കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം കുട്ടികളുട ശാരീരികവും മാനസികവുമായി കഴിവുകള്‍ വികസിപ്പിക്കുന്നുവെന്ന് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കുട്ടികളുടെ വിദ്യാഭ്യാസം ക്ലാസ് മുറിക്കകത്തായി പരിമിതപ്പെടുത്താതെ സ്‌പോര്‍ട്‌സുകളും ഗെയിമുകളും പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
by liji HP News | Apr 13, 2024 | Latest News, കേരളം
ഇടുക്കി: ഇടുക്കി രാജാക്കാട് കുത്തുങ്കലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ശിവഗംഗ സ്വദേശി റെജീന(35) ആണ് അപകടത്തില്‍ മരിച്ച ഒരാള്‍.
തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
by liji HP News | Apr 13, 2024 | Latest News, കേരളം
പാലക്കാട്:ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു.
വൈകി ഓടുന്ന ട്രെയിനുകള്‍
ഡോ. എംജിആര്‍- ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ഇന്ന് ഒരു മണിക്കൂറും 20 മിനിറ്റും.
ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12685)15നു മൂന്ന് മണിക്കൂറും 10 മിനിറ്റും
മംഗളൂരു സെന്‍ട്രല്‍ – തിരുനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) 15നും ഒരു മണിക്കൂര്‍
തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് 15ന് ഒരു മണിക്കൂര്‍
മംഗളൂരു സെന്‍ട്രല്‍ – ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22638)16,17 തീയതികളില്‍ ഒരു മണിക്കൂറും 20 മിനിറ്റും
കണ്ണൂര്‍- ഷൊര്‍ണൂര്‍ ജങ്ഷന്‍ മെമു (06024) 16,17തീയിതകളില്‍ ഒരു മണിക്കൂറും 10 മിനിറ്റും വൈകും.
by liji HP News | Apr 13, 2024 | Latest News, കേരളം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെ. പുലര്‍ച്ചെ രണ്ടിന് ശേഷം മേല്‍ശാന്തി പള്ളിശേരി മധുസൂദനന്‍ നമ്പൂതിരി ശ്രീലക വാതില്‍ തുറക്കും. നേരത്തെ ഓട്ടുരുളിയില്‍ തയ്യാറാക്കി വച്ച കണിക്കോപ്പുകളില്‍ നെയ്ത്തിരി തെളിച്ചു കണ്ണനെ കണിച്ച് വിഷുകൈനീട്ടം നല്‍കും. ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരി, ചക്ക, മാങ്ങ, കൊന്നപ്പൂവ്, ഗ്രന്ഥം, സ്വർണം, വസ്ത്രം, നാണയം, നാളികേരം എന്നിവ വച്ചാണ് കണിയൊരുക്കുന്നത്.
ശ്രീലകത്ത് മുഖമണ്ഡപത്തില്‍ സ്വര്‍ണ സിംഹാസനത്തില്‍ പൊന്‍തിടമ്പും കണിക്കോപ്പുകളും വച്ചും ഭക്തര്‍ക്കുള്ള കണിയൊരുക്കും. നമസ്‌കാര മണ്ഡപത്തിലും കണിവയ്ക്കും. നാലമ്പലത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഭക്തര്‍ക്ക് കണ്ണനെയും വിഷുക്കണിയും കാണാനാകും. കണി കണ്ടെത്തുന്നവര്‍ക്ക് മേല്‍ശാന്തി വിഷക്കൈനീട്ടം നല്‍കും. 3.42ന് വിഗ്രഹത്തിലെ മാലകള്‍ മാറ്റി, തൈലാഭിഷേകം, വാകച്ചാര്‍ത്ത് തുടങ്ങി പതിവു ചടങ്ങുകള്‍ നടക്കും. നെയ് വിളക്ക് ശീട്ടാക്കി ദര്‍ശനം 4.30 ന് തുടങ്ങും. പടിഞ്ഞാറെ ഗോപുരവും ഭഗവതിക്കെട്ടിലെ വാതിലും 3.15ന് മാത്രമെ തുറക്കുകയുള്ളു.
ഉച്ചപൂജയ്ക്ക് ദേവസ്വം വക നമസ്‌കാരം പ്രത്യേകതയാണ്. തെക്കുമുറി ഹരിദാസിന്റെ വഴിപാടായി വിഷുവിളക്ക് നെയ് വിളക്കായി ആഘോഷിക്കും. കാലത്തും ഉച്ചകഴിഞ്ഞും കാഴ്ച ശീവേലിക്കും പെരുവനം കുട്ടന്‍മാരാരുടെ മേളം. സന്ധ്യയ്ക്ക് താമരയൂര്‍ അനീഷ് നമ്പീശന്റെയും അനുനന്ദിന്റെയും തായമ്പക. രാത്രി നെയ് വിളക്കിന്റെ പ്രഭയില്‍ വിളക്കാചാര പ്രദക്ഷിണത്തില്‍ ഗുരുവായൂര്‍ കൃഷ്ണകുമാര്‍ (ഇടയ്ക്ക്) ഗുരുവായൂര്‍ മുരളി (നാഗസ്വരം) എന്നിവരുടെ നേതൃത്വത്തില്‍ ഇടയ്ക്ക നാഗസ്വര പ്രദക്ഷിണം.
by liji HP News | Apr 12, 2024 | Latest News, കേരളം
ജസ്‌ന തിരോധാന കേസിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നു തിരുവനന്തപുരം സിജെഎം കോടതി. ജസ്നയുടെ പിതാവ് ജെയിംസ് നൽകിയ ഹർജിയിലാണ് കോടതി നിർദേശം. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുവാദം. ഇതിൽ അടക്കം വിശദീകരണം നൽകാനാണ് നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകിയത്.
സിബിഐ അന്വേഷണം കാര്യക്ഷമം അല്ലെന്നായിരുന്നു ജസ്‌നയുടെ പിതാവ് ഹർജിയിൽ ആരോപിച്ചിരുന്നത്. എന്നാൽ പിതാവിന്റെ ആരോപണങ്ങൾ തള്ളി സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിബിഐ നൽകിയ റിപ്പോർട്ട് തള്ളമെന്ന് ജസ്നയുടെ അച്ഛൻ ജെയിംസ് ആവശ്യപ്പെട്ടിരുന്നു. ജസ്നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണമെന്നത്തിയില്ലെന്നതുൾപ്പെടെ ചൂണ്ടികാട്ടി സിജെഎം കോടതിയിൽ ഹർജി നൽകിയത്.
by liji HP News | Apr 12, 2024 | Latest News, കേരളം
തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ചൂടില്‍ വെന്തുരുകുന്നതിനിടെ, ആശ്വാസമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഈ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍:
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
Recent Comments