by liji HP News | Apr 13, 2024 | Latest News, Uncategorized, കേരളം
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ സിബിഐ സംഘം കോളജ് ഹോസ്റ്റലിലെത്തി. ഫൊറന്‍സിക് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. സിബിഐ ഡിഐജി, എസ്പിമാരായ എ കെ ഉപാധ്യായ, സുന്ദര്‍വേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തോളം പേരാണ് സംഘത്തിലുള്ളത്.
സിദ്ധാര്‍ത്ഥന്‍ മരിച്ച ദിവസം സ്ഥലത്തുണ്ടായിരുന്നവര്‍ എല്ലാം ഇന്ന് ഹാജരാകണമെന്ന് സിബിഐ നിര്‍ദേശം നല്‍കിയിരുന്നു. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റും. സിബിഐ ആവശ്യപ്പെടുന്ന എല്ലാ രേഖഥകളും സഹായങ്ങളും നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിരുന്നു.
സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന പരാതി ബന്ധുക്കളടക്കം ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് ശാസ്ത്രീയ പരിശോധന. സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റലിലെ ശുചി മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതിന്റെ വാതില്‍ പൊളിച്ച് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ സിദ്ധാര്‍ത്ഥനെ കണ്ടെത്തിയതെന്നാണ് വിദ്യാര്‍ത്ഥികളടക്കം മൊഴി നല്കിയത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് പരിശോധന നടത്തുന്നത്.
സിബിഐ എസ്പിമാരായ സുന്ദര്‍വേല്‍, എന്‍കെ ഉപാധ്യായ എന്നിവരുടെ നേതൃത്വത്തില്‍ പത്തംഗ സിബിഐ സംഘമാണ് വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്നത്. ഇതില്‍ രണ്ട് മലയാളി ഉദ്യോഗസ്ഥരുണ്ട്. നേരത്തെ സിദ്ധാര്‍ത്ഥന്റെ ബന്ധുക്കളുടെയും ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഹോസ്റ്റലില്‍ പ്രാഥമിക പരിശോധനയും പൂര്‍ത്തിയാക്കിയിരുന്നു.
by liji HP News | Apr 13, 2024 | Latest News, കേരളം
മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവ്. അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് കോടതി നടപടി. ഏഴ് കോടി മുടക്കിയിയിട്ട് ലാഭവിഹിതം നൽകിയില്ലെന്ന് പരാതി. പറവ ഫിലിംസിന്റെയും പാർട്ണർ ഷോണിന്റെയും അക്കൗണ്ടുകളാണ് മരവിപ്പിക്കുക. നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിക്കാൻ ഉത്തരവിട്ടത്. ചിത്രത്തിന്‍റെ നിര്‍മാണത്തിന് ഏഴുകോടി രൂപ മുതല്‍മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചതെന്നാണു ഹര്‍ജി.
ആഗോളതലത്തില്‍ ഇതുവരെ 220 കോടി രൂപ ചിത്രം കളക്‌ഷന്‍ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമുകള്‍ മുഖേന ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 22 കോടി രൂപ ചെലവ് വരുമെന്നു പറഞ്ഞാണ് ഏഴു കോടി രൂപ വാങ്ങിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
by liji HP News | Apr 13, 2024 | Latest News, കേരളം
മലപ്പുറം: ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആനക്കര സ്വദേശി ശ്രീരാഗ് (23)ആണ് മരിച്ചത്. 4 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക് വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടമുണ്ടായത്. ശ്രീരാഗ് സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ വന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്കും കാർ ഇടിച്ചുകയറി. ശ്രീരാഗിനെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. പരുക്കേറ്റ് മറ്റ് നാലുപേരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ഇവരുടെ നില ഗുരുതരമല്ല.
by liji HP News | Apr 13, 2024 | Latest News, കേരളം
തിരുവനന്തപുരം: മാനവീയം വീഥിയില്‍ പുലര്‍ച്ചെ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനു വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കാണ് കഴുത്തിനു വെട്ടേറ്റത്. ധനുകൃഷ്ണയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഷെമീര്‍ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
റീല്‍സ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഘര്‍ഷം. നേരത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മാനവീയം വീഥിയില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
by liji HP News | Apr 13, 2024 | Latest News, കേരളം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 6650 രൂപയിലും ഒരു പവന്‍ എട്ട് ഗ്രാമിന് 53,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്രവിലയില്‍ സ്വര്‍ണം ഔണ്‍സിന് 2343 ഡോളര്‍ വരെയെത്തി. ഇന്നലെ ഗ്രാമിന് 100 രൂപ കൂടി 6720 രൂപയിലും പവന് 800 രൂപ കൂടി 53,760 രൂപയിലുമാണ് വ്യാപാരം നടന്നത്.
by liji HP News | Apr 13, 2024 | Latest News, കേരളം
കൊച്ചി: പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആർപിഫ്. വിഷു പ്രമാണിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിലക്കുറവിൽ പടക്കം വാങ്ങി തീവണ്ടിയിൽ എത്തിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരീക്ഷണം ശക്തമാക്കിയത്. പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് മൂന്നു വർഷം വരെയാണ് തടവ്. കൂടാതെ പിഴയും കിട്ടും.
ആർപിഎഫ് ക്രൈം ഡിവിഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡാണ് പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. പാലക്കാട്, മംഗലാപുരം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. എസ്ഐയോ എഎസ്ഐയോ നേതൃത്വം നൽകുന്ന നാലംഗ സംഘമാണ് ഓരോ സ്ക്വാഡിലും ഉണ്ടാവുക. 24 മണിക്കൂറും പരിശോധനയുണ്ടാകും.
മഫ്തിയിലാണ് പരിശോധനയ്ക്ക് എത്തുക. പിടിവീണാൽ റെയിൽവേ നിയമം 164, 165 വകുപ്പുകൾ പ്രകാരം കേസെടുക്കും. മൂന്നു വർഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ് ഇത്. കനത്ത ചൂടുള്ള കാലാവസ്ഥയിൽ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീപിടിക്കാനുമുള്ള സാധ്യതയുള്ളതിനാലാണ് നടപടി കർശനമാക്കുന്നത്.
Recent Comments