by liji HP News | Apr 12, 2024 | Latest News, കേരളം
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തിരക്കര സ്വദേശി പികെ വിജയനെയാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂള്‍ അധ്യാപകനാണ് വിജയന്‍. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
by liji HP News | Apr 12, 2024 | Latest News, കേരളം
കല്‍പ്പറ്റ: വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. നാലാംപ്രതി കന്യാകുമാരിക്കും എട്ടാംപ്രതി ബാബു ഇബ്രാഹിമിന് ആറ് വര്‍ഷവും എഴാം പ്രതി അനൂപ് മാത്യുവിന് എട്ടുവര്‍ഷവുമാണ് തടവ്. കൊച്ചി എന്‍ഐഎകോടതിയുടെതാണ് വിധി.
നാല് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. രൂപേഷ്, കന്യാകുമാരി, അനൂപ്, ബാബു ഇബ്രാഹിം എന്നിവരെയാണ് എന്‍ഐഎ സ്‌പെഷല്‍ ജഡ്ജ് കെ കമനീസാണ് ശിക്ഷിച്ചത്.
വയനാട് വെള്ളമുണ്ടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എബി പ്രമോദിനെ വീട് കയറി സായുധ സംഘം ഭീഷണിപ്പെടുത്തുകയും മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്ത കേസിലാണ് നാല് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതിയുടെ ശിക്ഷാവിധി. എട്ടുപേരുള്ള കേസില്‍ ബാക്കി മൂന്ന് പ്രതികള്‍ പിടിയിലാകാനുണ്ട്.
രൂപേഷിനും കന്യാകുമാരിക്കുമെതിരെ ഗൂഢാലോചനയും, തീവ്രവാദ പ്രവര്‍ത്തനങ്ങളും തെളിഞ്ഞതായും കോടതി വ്യക്തമാക്കി. അനൂപിനും, ബാബു ഇബ്രാഹിമിനുമെതിരെ തീവ്രവാദ സംഘടനയില്‍ അംഗമായതിനും, സഹായം ചെയ്തതിനും യുഎപിഎ നിയമത്തിലെ 38, 39 വകുപ്പുകള്‍ മാത്രമാണ് തെളിഞ്ഞത്.
by liji HP News | Apr 12, 2024 | Latest News, കേരളം
പാലക്കാട് മലമ്പുഴയിൽ അപകടത്തിൽപ്പെട്ട ആനയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ. എഴുന്നേൽക്കാനുളള ആനയുടെ ശ്രമം പരാജയപ്പെട്ടു. ആന്തരിക അവയവങ്ങളുടെ പരുക്ക് സാരമുള്ളതാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
ആനയുടെ കാലിൻ്റെ കുഴ തെറ്റിയതാകാമെന്ന് നിഗമനം. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. വനത്തിൽ താത്ക്കാലിക സൗകര്യമൊരുക്കിയാണ് ആനയെ നിരീക്ഷിക്കുന്നത്. വിദഗ്ധ ചികിത്സ നൽകി വരുകയാണെന്നും ചീഫ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു.
വിഷയത്തിൽ പരാതിയുമായി ആന പ്രേമിസംഘം രംഗത്തെത്തി. കാട്ടാനക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്നാണ് ആരോപണം. ആനയെ സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നൽകണമായിരുന്നെന്നും വനം വകുപ്പ് ജിപി എന്തുകൊണ്ട് വിഷയത്തിൽ ഇടപെടുന്നില്ലെന്നുമാണ് ആക്ഷേപം.
ആനപ്രേമിസംഘം വനം മന്ത്രിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി നൽകി. ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്. ആനയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. എന്നാൽ ആനയെ ട്രെയിന്‍ ഇടിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് ഇന്നലെ വനംവകുപ്പ് സര്‍ജൻ വ്യക്തമാക്കിയത്. നേരിട്ട് ഇടിയേറ്റതിന്‍റെ പരിക്കുകളോ പാടുകളോ ആനയുടെ ശരീരത്തിൽ ഇല്ല. ട്രെയിന്‍ വന്ന സമയത്ത് വേഗത്തില്‍ ഓടി വീണ് പരുക്കേറ്റതായിരിക്കാമെന്നായിരുന്നു വിലയിരുത്തല്‍.
by liji HP News | Apr 12, 2024 | Latest News, കേരളം
പാരീസ്: വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരത്തിനായി മത്സരിക്കാന്‍ ഇന്ത്യന്‍ ചിത്രത്തിന് അവസരം.30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പായല്‍ കപാഡിയയുടെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന ഇന്ത്യന്‍ ചിത്രമാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മലയാളം, ഹിന്ദി ദ്വിഭാഷാ ചിത്രമാണ് ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്. മലയാളികളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘ സ്വം ‘ ആണ് ഏറ്റവും ഒടുവില്‍ മത്സര വിഭാഗത്തില്‍ വന്ന ഇന്ത്യന്‍ സിനിമ. 1994ലാണ് സ്വം മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മുംബൈയില്‍ ജോലിക്കെത്തുന്ന മലയാളി നഴ്‌സുമാര്‍ സ്വകാര്യ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ ചലച്ചിത്രകാരിയാണ് മുംബൈ സ്വദേശിയായ പായല്‍ കപാഡിയ.
പായലിന്റെ ‘ എ നൈറ്റ് ഒഫ് നോയിംഗ് നത്തിംഗ് ‘ എന്ന ഡോക്യുമെന്ററിക്ക് 2021ല്‍ കാനില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ‘ ഗോള്‍ഡന്‍ ഐ’ ബഹുമതി ലഭിച്ചിരുന്നു. 2017ല്‍ പായലിന്റെ ആഫ്റ്റര്‍നൂണ്‍ ക്ലോഡ്‌സ് എന്ന ചിത്രവും കാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫ്രാന്‍സിസ് ഫോര്‍ഡ് കാപ്പോളയുടെ ‘ മെഗലോപൊലിസ്’, പോള്‍ ഷ്രേഡറുടെ ‘ ഓ കാനഡ’ തുടങ്ങിയ ചിത്രങ്ങളോടാണ് പായല്‍ മത്സരിക്കുന്നത്.
മേയ് 14 മുതല്‍ 25 വരെയാണ് കാന്‍ ഫിലിംഫെസ്റ്റിവല്‍. ദിവ്യപ്രഭയും കുഞ്ചാക്കോ ബോബനും അഭിനയിച്ച ‘ അറിയിപ്പ് ‘ (2022) പ്രശസ്തമായ ലൊക്കാര്‍നോ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് പുരസ്‌കാരത്തിനായി മത്സരിച്ചിരുന്നു. ഓഡീഷനിലൂടെയാണ് ദിവ്യയും കനിയും തെരഞ്ഞെടുക്കപ്പെട്ടത്. മുംബയിലും രത്‌നഗിരിയിലുമായിട്ടായിരുന്നു ചിത്രീകരണം. മലയാളത്തില്‍ നിന്ന് അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂണ്‍ എന്നിവരും ആനന്ദ് സ്വാമി (തമിഴ്), ചായ കഥം, ലവ്ലീന്‍ മിശ്ര (ഹിന്ദി) എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്.
by liji HP News | Apr 12, 2024 | Latest News, കേരളം
കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍മന്ത്രി തോമസ് ഐസക്കിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ, തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിക്കരുതെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഇഡി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോമസ് ഐസക് സ്ഥാനാര്‍ത്ഥിയാണെന്നും തെരഞ്ഞെടുപ്പിന്റെ ഈ വേളയില്‍ സ്ഥാനാര്‍ത്ഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു ജസ്റ്റിസ് ടി ആര്‍ രവി വ്യക്തമാക്കിയത്. എന്നാല്‍ കിഫ്ബി കേസില്‍ ഇ ഡി കൈമാറിയ ഫയലുകള്‍ പരിശോധിച്ചതില്‍നിന്ന് ചില കാര്യങ്ങളെക്കുറിച്ച് സംശയമുണ്ട്. ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
മസാല ബോണ്ടുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ ഇഡി നിരന്തരം സമന്‍സ് അയയ്ക്കുന്നതിനെതിരെ മുന്‍മന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജികളിലായിരുന്നു കോടതി നിര്‍ദ്ദേശം. വിശദീകരണം തേടുന്നതിന് നേരിട്ടു ഹാജരാകണോ രേഖാമൂലം മതിയോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജികള്‍ മേയ് 22നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇഡി അപ്പീല്‍ നല്‍കിയത്. തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകാതെ നിരന്തരം ഒഴിഞ്ഞുമാറുകയാണെന്നാണ് ഇഡിയുടെ വിശദീകരണം.
by liji HP News | Apr 12, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവൻ ആഭരണ രൂപത്തിൽ ലഭിക്കാൻ ഇനി 60,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.
ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.
സാധാരണനിലയില്‍ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വര്‍ണവില കുതിക്കാറുള്ളത്. എന്നാല്‍ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വര്‍ണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.
Recent Comments