by liji HP News | Apr 12, 2024 | Latest News, കേരളം
കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ടാങ്കറിലെ ഇന്ധന ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷയുടെ ഭാഗമായി എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രദേശത്തെ വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.
പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്നാണ് ഇന്ധന ചോര്‍ച്ച ഉണ്ടായത്. ഇത് നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനിടെ സുരക്ഷയുടെ ഭാഗമായാണ് എംസി റോഡില്‍ പനവേലിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രദേശത്ത് വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. കൂടാതെ പ്രദേശത്ത് വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.
by liji HP News | Apr 12, 2024 | Latest News, കേരളം
കൊച്ചി: കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാന കിണറ്റില്‍ വീണു. വനംവകുപ്പും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആനയെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് സ്ഥിരം പ്രശ്‌നക്കാരനായ ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ പറയുന്നു.
പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കോട്ടപ്പടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. ഇതില്‍ ഒരു കൊമ്പന്‍ ആണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ വീണത്. കിണറിന് ആഴം കുറവാണ്. നല്ല വീതിയുമുണ്ട്. അരിക് ഇടിച്ച് കാട്ടാനയെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനിടെ പ്രദേശത്ത് നിന്ന് കാട്ടിലേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട്. അതുകൊണ്ട് കാട്ടാനയെ പുറത്ത് എത്തിച്ച് തുറന്നുവിട്ടാല്‍ വീണ്ടും ജനവാസകേന്ദ്രത്തില്‍ എത്തുമെന്ന് നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
by liji HP News | Apr 12, 2024 | Latest News, കേരളം
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക.
ധാതുമണല്‍ ഖനനം നടത്താന്‍ സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി കരിമണല്‍ കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് മാസപ്പടിയായി മകള്‍ വീണയ്ക്ക് നല്‍കിയതെന്നും ആരോപിക്കുന്നു. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യത്തില്‍ നിന്നും മാത്യു കുഴല്‍നാടന്‍ പിന്മാറിയിരുന്നു. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നായിരുന്നു കുഴല്‍നാടന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
by liji HP News | Apr 12, 2024 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴയില്‍ യുവാവും യുവതിയും പാലത്തിന്റെ മുകളില്‍ നിന്ന് കായലിലേക്ക് ചാടി. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് മുകളില്‍ നിന്നാണ് രണ്ടു പേര്‍ കായലിലേക്ക് ചാടിയത്.ലോറി ഡ്രൈവറാണ് രണ്ടു പേര്‍ കായലിലേക്ക് ചാടുന്നത് കണ്ടത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് ചാടിയതെന്നാണ് ലോറി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. ആലപ്പുഴ-ചങ്ങാനാശ്ശേരി പാതയിലാണ് പള്ളാതുരുത്തി പാലം സ്ഥിതി ചെയ്യുന്നത്. സംഭവം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും അപ്പോള്‍ തന്നെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇപ്പോള്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
by liji HP News | Apr 12, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്. ഞായറാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട പാലക്കാട് താപനില കുറയുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നത്. എന്നാൽ ഏപ്രിൽ 15 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം.
തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ 38°C വരെയും എറണാകുളം, കാസർകോട് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36°C വരെയും (സാധാരണയേക്കാൾ 2 4 °C കൂടുതൽ) രേഖപ്പെടുത്താൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍:
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
by liji HP News | Apr 12, 2024 | Latest News, കേരളം
തിരുവനന്തപുരം: റംസാന്‍- വിഷു ചന്തകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെ, സംസ്ഥാനത്ത് ഇന്ന് ഉച്ചമുതല്‍ 300 വിഷു ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അറിയിച്ചു. നേരത്തേ തീരുമാനിച്ച സഹകരണ സ്ഥാപനങ്ങളിലും താലൂക്ക് അടിസ്ഥാനത്തില്‍ ഒന്നു വീതവുമുണ്ടാകും. 10 കിലോ അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍ ലഭിക്കുമെന്നും എം മെഹബൂബ് വ്യക്തമാക്കി.
ചന്തകള്‍ക്കു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് റംസാന്‍- വിഷു ചന്തകള്‍ നടത്താന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അനുമതി നല്‍കിയത്. ചന്തകള്‍ ‘സര്‍ക്കാര്‍ സ്‌പോണ്‍സേഡ്’ ആണെന്ന തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പ്രചാരണം പാടില്ലെന്നു കോടതി നിര്‍ദേശിച്ചു. ഏതെങ്കിലും തരത്തില്‍ ചട്ടലംഘനമുണ്ടായാല്‍ തെരഞ്ഞെടുപ്പു കമ്മിഷന് ഇടപെടാം. തെരഞ്ഞെടുപ്പു കഴിയുംവരെ സര്‍ക്കാര്‍ സബ്‌സിഡിക്കു വിലക്കുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം കണ്‍സ്യൂമര്‍ഫെഡിനു സര്‍ക്കാരിനോടു തുക ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആശ്വാസമാകുന്ന സ്‌പെഷല്‍ ചന്തകളുടെ നടത്തിപ്പ് സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ പ്രചാരണായുധമാക്കരുതെന്നു ഹൈക്കോടതി വ്യക്തമാക്കി. ജനങ്ങള്‍ക്ക് അവകാശപ്പെട്ടതു നല്‍കുന്നത് ഭരണനേട്ടമായി പറയാനാവില്ല. ജനങ്ങള്‍ക്ക് അവശ്യ സേവനം നല്‍കുന്നതു സര്‍ക്കാരിന്റെ ഔദാര്യമല്ല, ബാധ്യതയാണെന്നും കോടതി ഓര്‍മിപ്പിച്ചു.
Recent Comments