ചൂട് കുറയുമോ?, ഇന്നുമുതൽ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രതാനിര്‍ദേശം

ചൂട് കുറയുമോ?, ഇന്നുമുതൽ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്. ഏപ്രില്‍ 11 മുതല്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട പാലക്കാട് താപനില കുറയുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട് ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 15 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം.

തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ 38°C വരെയും എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ 36°C വരെയും (സാധാരണയേക്കാള്‍ 2 4 °C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

‘ഞാന്‍ എല്ലാവരേക്കാളും മുകളിൽ’: കോടതിയില്‍ ഇളയരാജ

‘ഞാന്‍ എല്ലാവരേക്കാളും മുകളിൽ’: കോടതിയില്‍ ഇളയരാജ

താൻ എല്ലാവരേക്കാളും മുകളിലാണെന്ന് സം​ഗീത സംവിധായകൻ ഇളയരാജ. പകർപ്പവകാശ ഹർജിയുമായി ബന്ധപ്പെട്ട വാദത്തിനിടെയായിരുന്നു പരാമർശം. ഇളയരാജയുടെ 4500 പാട്ടുകൾ വിവിധ സിനിമാ നിർമാതാക്കളിൽ നിന്നു സ്വകാര്യ കമ്പനി വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയായിരുന്നു പരാമർശം.

എന്നാൽ ഇതിനെതിരെ ഇളയരാജ രം​ഗത്തെത്തുകയായിരുന്നു. തുടർന്ന് പാട്ടുകളുടെ പകർപ്പവകാശം ഇളയരാജയ്ക്കാണെന്ന് 2019ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. ഇതിനെതിരെയാണ സ്വകാര്യ കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

നിർമാതാക്കളിൽ നിന്നു പണം വാങ്ങിയതോടെ ഇളയരാജയ്ക്ക് പാട്ടുകളുടെ മേലുള്ള അവകാശം നഷ്ടമായെന്നാണ് കമ്പനി ചൂണ്ടിക്കാട്ടിയത്. ഈ ഹർജിയിലെ വാദത്തിനിടെയാണ് കമ്പനി ഇളയരാജയ്ക്കെതിരെ രം​ഗത്തെത്തിയത്. എല്ലവരേക്കാളും മുകളിലാണ് താനെന്നാണ് ഇളയരാജ കരുതുന്നത് എന്നായിരുന്നു കമ്പനിയുടെ പരാമർശം. അത് താൻ എല്ലാവരേക്കാളും മുകളിലാണ് എന്നാണ് ഇളയരാജയുടെ അഭിഭാഷകൻ പറഞ്ഞത്. കേസ് ഏപ്രിൽ 16ലേക്കു നീട്ടി.

വിജിലൻസ് കേസിൽ അഞ്ചാം പ്രതി; പഞ്ചായത്ത് ക്ലർക്ക് തൂങ്ങി മരിച്ച നിലയിൽ

വിജിലൻസ് കേസിൽ അഞ്ചാം പ്രതി; പഞ്ചായത്ത് ക്ലർക്ക് തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്ത് ഓഫിസ് ക്ലർക്ക് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. വെള്ളനാട് കുളക്കോട് അനൂപ് അവന്യയിൽ അഭിനവം വീട്ടിൽ എസ്.സുനിൽ കുമാർ (50) ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിൽ തൂങ്ങിയ നിലയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ഭാര്യ ധന്യ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളനാട് പഞ്ചായത്തിൽ കോവിഡ് ചികിത്സ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുകയായിരുന്നു സുനിൽ കുമാർ. ഇതിന്റെ മനോവിഷമത്തിലായിരുന്നു സുനിൽ കുമാറെന്ന് ബന്ധുക്കൾ മൊഴിനൽകി.

കിടപ്പുമുറിയിൽനിന്ന് ഒരു കുറിപ്പ് പൊലീസിന് ലഭിച്ചു. അതിൽ കുറ്റിച്ചൽ പഞ്ചായത്തിൽ മണ്ണ് എടുക്കുന്നതിനു പാസ് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയിരുന്നെന്ന് ആര്യനാട് പൊലീസ് പറഞ്ഞു. വെള്ളനാട് പഞ്ചായത്തിൽ കോവിഡ് ചികിത്സ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ 5-ാം പ്രതിയായിരുന്നു സുനിൽ കുമാർ. അഭിനവ്, അഭിചന്ദ് എന്നിവർ മക്കളാണ്.

തോമസ് ഐസക്കിന്റെ ചോദ്യം ചെയ്യല്‍; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങി ഇ.ഡി

തോമസ് ഐസക്കിന്റെ ചോദ്യം ചെയ്യല്‍; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങി ഇ.ഡി

കിഫ്ബി മസാല ബോണ്ട് കേസില്‍ ഡോ ടി എം തോമസ് ഐസക്കിനെ വിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഐസക്കിന്റെ ചോദ്യം ചെയ്യല്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീലിന് നീങ്ങുകയാണ് ഇ.ഡി. ഇക്കാര്യത്തില്‍ സോളിസിറ്റര്‍ ജനറലില്‍ നിന്ന് നിയമോപദേശം തേടും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അവധിക്കാല ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചേക്കും.

റിയല്‍ എസ്റ്റേറ്റ് സംബന്ധമായ തെളിവുകളാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മസാല ബോണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയുടെ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. മസാലബോണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി ഉണ്ടായിരുന്നില്ല.

ഐസക്കിന്റെ ചോദ്യം ചെയ്യല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മതിയെന്ന് ഇഡിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മസാലബോണ്ടുമായി ബന്ധപ്പെട്ട് ചില ഇടപാടുകള്‍ക്ക് തോമസ് ഐസകില്‍ നിന്നും വിശദീകരണം വേണമെന്നും എന്നാല്‍ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ ഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും ജസ്റ്റിസ് ടി ആര്‍ രവി വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജി മേയ് 22 ന് പരിഗണിക്കും.

മസാല ബോണ്ടുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളിലാണ് ഇഡി വ്യക്തത തേടുന്നതെന്നാണ് വിവരം. മസാലബോണ്ടുപയോഗിച്ച് ഭൂമി വാങ്ങാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ ചട്ടവിരുദ്ധമായി ഭൂമി വാങ്ങിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതില്‍ തോമസ് ഐസകിന്റെ പങ്കിന് തെളിവുള്ളതായും ഇഡി അവകാശപ്പെടുന്നു.

റിയാസ് മൗലവി വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

റിയാസ് മൗലവി വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. കേസിന്റെ വിധിയുമായി സ്ഥലംമാറ്റത്തിന് ബന്ധമില്ലെന്ന് കോടതിവൃത്തങ്ങൾ സൂചിപ്പിച്ചു.

മദ്രസ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. കേസിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്നും കോടതി വിമര്‍ശിച്ചിരുന്നു.

തെരഞ്ഞെടുപ്പു വേളയിൽ കോടതി വിധി രാഷ്ട്രീയചർച്ചയായി മാറി. ഇതേത്തുടർന്ന് എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും, ദുർബലമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടതെന്നുമാണ് അപ്പീലിൽ പറയുന്നത്.

‘ഹൃദയത്തിന് ഇരട്ടിപ്പണി’; അതിതീവ്ര ചൂട്‌ കാലത്ത്‌ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

‘ഹൃദയത്തിന് ഇരട്ടിപ്പണി’; അതിതീവ്ര ചൂട്‌ കാലത്ത്‌ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കാലാവസ്ഥ മാറ്റത്തെ തുടർന്ന് റെക്കോർഡ് ചൂടാണ് ഈ വര്‍ഷം ആഗോളതലത്തിൽ രേഖപ്പെടുത്തുന്നത്. അതിതീവ്ര ചൂട് കാരണം പലവിധത്തിവുള്ള ആരോ​ഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ് അതിൽ പ്രധാനം. ശരീരത്തിന്റെ സാധാരണ താപനില നിലനിര്‍ത്തുന്നതിനും രക്തയോട്ടം വര്‍ധിപ്പിക്കേണ്ടതിനും വേനൽക്കാലത്ത് നമ്മുടെ ഹൃദയം കൂടുതല്‍ പണിയെടുക്കേണ്ടി വരും.

ഇത് ഹൃദയത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ഹൃദയാഘാതത്തിന് വരെ കാരണമാവുകയും ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. ഉഷ്ണ തരംഗം നേരിട്ട് അപകടമുണ്ടാക്കുക മാത്രമല്ല, ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. വെള്ളം നന്നായി കുടിക്കുന്നത് ചൂടുകാലാവസ്ഥയില്‍ ശരീരത്തിന്റെ സാധാരണ താപനില നിലനിര്‍ത്താന്‍ സഹായിക്കും. അമിത ചൂടുള്ള സമയത്ത് പുറത്തിറങ്ങുന്നതും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം.

അതിതീവ്ര ചൂടിനെ ചെറുക്കുന്നതിന് ശരീരം ‘തെർമോറെ​ഗുലേഷൻ മെക്കാനിസം’ ഉപയോ​ഗപ്പെടുത്തും. ശരീരം തണുപ്പിക്കുന്നതിന്, വിയർപ്പ് വർധിപ്പിക്കുകയും ചർമ്മത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു. ഇത് ഹൃദയത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ആരോഗ്യമുള്ള ഹൃദയമുള്ളവർക്ക് ഈ സമ്മർദ്ദം സഹിക്കാമെങ്കിലും, ഹൃദ്രോഗികൾക്ക് ഈ അവസ്ഥ ഉയർന്ന അപകടസാധ്യതയുണ്ടാക്കും. ഉയർന്ന താപനില ഹൃദയത്തിൻ്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു.

വേനൽക്കാലത്ത് ഹൃദ്രോ​ഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനൽക്കാലത്ത് ഡൈയൂററ്റിക്സ് പോലുള്ള ചില മരുന്നുകൾ കഴിക്കുന്ന രോഗികളിൽ ക്ഷീണവും നിർജ്ജലീകരണവും അനുഭവപ്പെടാം. ഡോക്ടറുടെ നിർദേശപ്രകാരം വേനൽക്കാലത്ത് ഈ മരുന്നുകളുടെ അളവു ക്രമീകരിക്കുന്നത് നല്ലതാണ്.

അതിതീവ്ര ചൂടിൽ കഠിനമായ വ്യായാമമോ ശാരീരിക പ്രവർത്തനമോ ചെയ്യുന്നത് ഒഴിവാക്കാം

അതിതീവ്ര ചൂട് സമയത്ത് പുറത്തിറങ്ങുന്നത് ഹൃദ്രോ​ഗികളിൽ തലകറക്കത്തിനും ബോധക്ഷയത്തിനും കാരണമാകും. അത്തരം സാഹചര്യം ഒഴിവാക്കുന്നതാണ് നല്ലത്.

ശരീരത്തിൽ ജലാംശം നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കണം.

ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ കൃത്യമായി മെഡിക്കൽ പരിശോധന നടത്തുകയും മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം.

കഠിനമായ വിയർപ്പ്, ബലഹീനത, തണുത്തതും ഇറുകിയതുമായ ചർമ്മം, ബോധക്ഷയം, ഛർദ്ദി എന്നിവ ഉഷ്ണ തരംഗത്തിനിടയിലുള്ള ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ അടിയന്തര വൈദ്യസഹായം തേടേണ്ടതുണ്ട്.