തൃശൂർ കുന്നംകുളത്ത് വഴിയരികിൽ സ്‌ഫോടകവസ്തു കണ്ടെത്തി

തൃശൂർ കുന്നംകുളത്ത് വഴിയരികിൽ സ്‌ഫോടകവസ്തു കണ്ടെത്തി

തൃശൂർ കുന്നംകുളത്ത് വഴിയരികിൽ സ്‌ഫോടകവസ്തു കണ്ടെത്തി. പ്രദേശവാസിയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. വഴിയരികിൽ നിന്ന് ഒരു പെട്ടിക്കുള്ളിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സ്ഫോടക വസ്തു ബോക്സിൽ നിന്ന് ലഭിക്കുന്നത്. ചിറ്റഞ്ഞൂരിൽ പ്രദേശവാസിയായ ആള് തേങ്ങ പെറുക്കുന്നതിനിടെയാണ് സ്ഫോടക വസ്തു ലഭിക്കുന്നത്.

ഒരു തെർമ്മോക്കോൾ പെട്ടിക്കുള്ളിലായിരുന്നു സ്ഫോടകവസ്തു. സ്ഫോടക വസ്തുവാണെന്ന് അറിയാതെ പ്രദേശവാസി ഇത് എടുത്തുകൊണ്ട് വീട്ടിലെത്തുകയായിരുന്നു. തുടർന്ന് പ്രദേശത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരുമാണ് ഇത് സ്ഫോടകവസ്തുവാണെന്ന് തിരിച്ചറിയുന്നത്.

പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് ബോംബം സ്ക്വാഡ് എത്തി പരിശോധന നടത്തുകയാണ്. 15-ാം തീയതി കുന്നംകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കെയാണ് സ്ഫോടക വസ്തു കണ്ടെത്തിയിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അടക്കം കുന്നംകുളത്ത് 15ന് നടക്കും. അതിനാൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തെ അതീവ ​ഗൗരവമായാണ് പൊലീസ് ഉൾപ്പെടെ നോക്കികാണുന്നത്. പാറമടയിൽ ഉൾപ്പെടെ സ്ഫോടനത്തിന് ഉപയോ​ഗിക്കുന്ന സ്ഫോടക വസ്തുവാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നി​ഗമനം.

പത്തനംതിട്ടയില്‍ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ടയില്‍ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. കൊച്ചരപ്പ് സ്വദേശി സിടി വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് ( 73) എന്നിവരാണ് മരിച്ചത്.

ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച നിലയിലായിരുന്നു. വര്‍ഗീസിന്റെ മൃതദേഹം പുറത്ത് കുളിമുറിയിലും അന്നമ്മയുടേത് വീട്ടിനുള്ളിലുമാണ് കണ്ടെത്തിയത്.

പത്താം ക്ലാസിലേക്ക് കടക്കണോ?; ഒമ്പതില്‍ താഴ്ന്ന ഗ്രേഡ് ഉള്ളവര്‍ക്കായി ഇനി ‘സേ പരീക്ഷ’യും

പത്താം ക്ലാസിലേക്ക് കടക്കണോ?; ഒമ്പതില്‍ താഴ്ന്ന ഗ്രേഡ് ഉള്ളവര്‍ക്കായി ഇനി ‘സേ പരീക്ഷ’യും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ് എ ഇയര്‍'(സേ) പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കുന്നത്.

സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി സേ പരീക്ഷ നടത്തി അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. മേയ് 10നു മുന്‍പ് ഈ പരീക്ഷ ഹൈസ്‌കൂളുകളില്‍ നടത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷയിലെ നിലവാരം മാനദണ്ഡമാക്കാതെ തന്നെ അടുത്ത ക്ലാസിലേക്കു പ്രവേശനം അനുവദിക്കുകയായിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം 8-ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കുന്ന രീതി തുടരും. എന്നാല്‍ വാര്‍ഷിക പരീക്ഷ എഴുതിയിരിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും മറ്റു കാരണങ്ങളാലും വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാത്ത 8-ാം ക്ലാസ് വരെയുള്ളവര്‍ക്കായി സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി വീണ്ടും പരീക്ഷ നടത്തും.

വാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റ പട്ടിക മേയ് 2ന് പ്രസിദ്ധീകരിക്കണം. 9-ാം ക്ലാസ് വരെയുള്ള കുട്ടികളില്‍ വാര്‍ഷിക പരീക്ഷയില്‍ മോശം പ്രകടനം കാഴ്ച വച്ചവര്‍ അടുത്ത ക്ലാസിലേക്കു പ്രവേശനം നല്‍കും മുമ്പായി വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കണമെന്ന് എസ്സിഇആര്‍ടി പുറത്തിറക്കിയ കരട് രേഖയില്‍ നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ തുടക്കമായാണ് 9-ാം ക്ലാസില്‍ ഇത്തവണ സേ പരീക്ഷ നടത്തുന്നത്. അടുത്ത അധ്യയന വര്‍ഷം മുഴുവന്‍ ക്ലാസിലും ഇതു നടപ്പാക്കിയേക്കും. പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിയ്ക്കുന്നു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിയ്ക്കുന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഒന്‍പത് ദിവസത്തിനിടെ 2300 രൂപയാണ് വര്‍ധിച്ചത്.

ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകള്‍

ലോക്സഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകള്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 2122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളില്‍ ദൃശ്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്ലയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വ്വെയിലന്‍സ് ടീം എന്നിവയുടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിക്കുന്നുണ്ട്.

20 ലോക്സഭാ മണ്ഡലങ്ങളിലെ ആര്‍.ഒമാരുടെ കീഴില്‍ സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളില്‍ 391 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന കാലയളവില്‍ എല്ലാ വരണാധികാരികളുടെയും ഓഫീസുകളുമായി ബന്ധപ്പെടുത്തി 187 ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിയിരുന്നു.

2 ജില്ലകളിൽ ഒഴിക്കെ എല്ലായിടത്തും യെല്ലോ അലര്‍ട്ട്

2 ജില്ലകളിൽ ഒഴിക്കെ എല്ലായിടത്തും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകൾക്ക് പുറമേ തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും വരും ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ വകുപ്പിന്‍റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ പലയിടത്തും താപനില 40 കടന്നതായി രേഖപ്പെടുത്തിയിരുന്നു. ഇത് ഔദ്യോഗിക കണക്കായി സ്വീകരിക്കാറില്ല. വയനാടും ഇടുക്കിയും ഒഴികെയുള്ള സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഇന്ന് (11-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് (11-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.