തിങ്കളാഴ്ച വരെ കൊടും ചൂട് തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ കൊടും ചൂട് തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനം കടുത്ത ചൂട് നേരിടുന്ന കേരളത്തിന് ആശ്വാസമാകും. അതിനിടെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 20 cm നും 40 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മാര്‍ഗനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

ട്രെയിനില്‍ നിന്ന് ചാലക്കുടി പുഴയില്‍ വീണ മധ്യപ്രദേശ് സ്വദേശി മരിച്ചു

ട്രെയിനില്‍ നിന്ന് ചാലക്കുടി പുഴയില്‍ വീണ മധ്യപ്രദേശ് സ്വദേശി മരിച്ചു

തൃശൂര്‍: ട്രെയിനില്‍നിന്ന് ചാലക്കുടി പുഴയില്‍ വീണ മധ്യപ്രദേശ് സ്വദേശി മരിച്ചു. രാംകിഷന്‍ ഭാവേദി (32) ആണ് രാവിലെ ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍നിന്നു പുഴയിലേക്കു വീണത്.

രാവിലെ പത്തു മണിയോടെ പുഴയിലേക്ക് ഒരാള്‍ വീണു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ചാലക്കുടി പുഴയില്‍ പരിശോധന നടത്തുകയായിരുന്നു. ഒരു ബാഗ് പൊന്തി കിടക്കുന്നതായി കണ്ടു. സേനാംഗങ്ങളായ അനില്‍ മോഹന്‍, നിമേഷ് ആര്‍ എം എന്നിവര്‍ പുഴയില്‍ ഇറങ്ങി പരിശോധന നടത്തിയതില്‍ ബാഗിനൊപ്പം ആളുമുണ്ടെന്ന് കണ്ടെത്തി. ഉടനെ ബാഗിനെയും ആളെയും കരയിലേക്ക് എത്തിച്ചു പൊലീസിന് കൈമാറുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

വില്‍പ്പന നടത്തിയ പുരയിടത്തില്‍ അനുവാദമില്ലാതെ മൃതദേഹം സംസ്‌കരിച്ചു; കോടതി ഇടപെടല്‍

വില്‍പ്പന നടത്തിയ പുരയിടത്തില്‍ അനുവാദമില്ലാതെ മൃതദേഹം സംസ്‌കരിച്ചു; കോടതി ഇടപെടല്‍

പിറവം: ആമ്പല്ലൂര്‍ പഞ്ചായത്തില്‍ മറ്റൊരു പുരയിടത്തില്‍ അടക്കിയ വയോധികയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും അടക്കം ചെയ്തു.വില്‍പന നടത്തിയ പുരയിടത്തില്‍ അനുവാദമില്ലാതെ സംസ്‌കരിച്ച മൃതദേഹം കോടതി ഇടപെടലിനെ തുടര്‍ന്ന് ആമ്പല്ലൂര്‍ പഞ്ചായത്ത് അധികൃതര്‍ പുറത്തെടുത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. സ്ഥലം ഉടമയുടെ ഒന്നര വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണു നടപടി.

2022 ഓഗസ്റ്റില്‍ മരിച്ച കുലയറ്റിക്കര കോണത്തു ചാത്തങ്കരിയില്‍ സരോജിനിയുടെ മൃതദേഹമാണു മകന്‍ അനുവാദമില്ലാതെ ഒലിപ്പുറം റോഡിലെ എടയ്ക്കാട്ടുവയല്‍ മൂത്തേടത്ത് ട്രീസ ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു സംസ്‌കരിച്ചത്. മുന്‍പ് സരോജിനിയുടെ കുടുംബ സ്വത്തില്‍ ഉള്‍പ്പെട്ട സ്ഥലമായിരുന്നു ഇത്. രണ്ടു ദിവസത്തിനു ശേഷമാണു സ്ഥലത്തു മൃതദേഹം സംസ്‌കരിച്ച വിവരം ഉടമ അറിയുന്നത്. പഞ്ചായത്തിലും റവന്യു അധികൃതര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്നു 2022 ഒക്ടോബര്‍ 7നു മൃതദേഹം മാറ്റി സംസ്‌കരിക്കാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടു.

ഇതനുസരിക്കാന്‍ മകന്‍ തയാറാകാത്തതിനാല്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അനാഥ മൃതദേഹങ്ങള്‍ മാത്രമേ ഏറ്റെടുത്തു പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാകൂ എന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്. മുന്‍പു കുടുംബ സ്വത്തില്‍ ഉള്‍പ്പെട്ട സ്ഥലമായിരുന്നതിനാല്‍ അബദ്ധത്തില്‍ സംസ്‌കരിച്ചതാണെന്നായിരുന്നു മകന്റെ വാദം. സബ് കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നു സ്ഥലം അളക്കുകയും അടുത്ത പുരയിടത്തിലാണു സംസ്‌കരിച്ചതെന്നു വ്യക്തമായിട്ടും മൃതദേഹം മാറ്റാന്‍ മകന്‍ തയാറായില്ല.

മകന്റെ പ്രവൃത്തിയിലൂടെ മാതാവിന്റെ മൃതദേഹം ഉപേക്ഷിച്ചതായി കണക്കാക്കാനെ കഴിയൂ എന്നു നിരീക്ഷിച്ചാണു പഞ്ചായത്തിനോടു മൃതദേഹം മാറ്റി സംസ്‌കരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. സബ് കലക്ടറുടെ ഉത്തരവിനെതിരെ മകന്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി.

‘പഴനി മോഡല്‍’; ഗുരുവായൂര്‍ നാലമ്പലം ശീതീകരിക്കുന്നു

‘പഴനി മോഡല്‍’; ഗുരുവായൂര്‍ നാലമ്പലം ശീതീകരിക്കുന്നു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തില്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തും. പഴനി ക്ഷേത്രത്തില്‍ ഈയിടെ ഏര്‍പ്പെടുത്തിയ സമാന സംവിധാനം നടപ്പാക്കാനാണ് ആലോചന. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാഗമായതിനാല്‍ സാധാരണ രീതിയിലുള്ള എസി പ്രായോഗികമല്ല. അതിനാല്‍ പ്രദക്ഷിണവഴികളിലും തണുത്ത കാറ്റ് ലഭിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്.

മുഴുവന്‍ ചെലവും വഴിപാടായി ഏറ്റെടുക്കാന്‍ ഒരു ഭക്തന്‍ തയാറായിട്ടുണ്ട്. എട്ടിനു ചേരുന്ന ദേവസ്വം ഭരണസമിതിയോഗം തീരുമാനമെടുക്കും. പഴനി ക്ഷേത്രത്തില്‍ ഈയിടെ ഏര്‍പ്പെടുത്തിയ സമാന സംവിധാനത്തെപ്പറ്റി പഠിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ഭരണസമിതി അംഗങ്ങള്‍, എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്നലെ പഴനി സന്ദര്‍ശിച്ചു. അവിടെ ഇതു നടപ്പാക്കിയ എന്‍ജിനീയറിങ് സംഘം അടുത്തദിവസം ഗുരുവായൂരിലെത്തും.

മാസപ്പടി; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണം; ഹർജിയിൽ ഇന്ന് വിധി

മാസപ്പടി; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണം; ഹർജിയിൽ ഇന്ന് വിധി

തിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ഇന്ന് വിധി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്.

ധാതു മണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്കു അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. മുഖ്യമന്ത്രി, മകൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് മാത്യു കുഴൽനാടൻ എംഎൽഎ ഹർജി ഫയൽ ചെയ്തത്.

ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്. ആരോപണങ്ങൾ വിജിലൻസ് നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന വാദമുയർത്തി സർക്കാർ ​ഹർജിയെ എതിർത്തു. ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് പുനഃപരിശോധിക്കാൻ വിജിലൻസ് കോടതിക്കാവില്ലെന്നും സമാന സ്വഭാവമുള്ള ​ഹർജികൾ നേരത്തെ തീർപ്പാക്കിയെന്നും സർക്കാർ വാദിച്ചിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പി കെ ബിജു ഇഡിക്ക് മുന്നില്‍; അറിയാവുന്ന മറുപടി കൊടുക്കുമെന്ന് ബിജു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പി കെ ബിജു ഇഡിക്ക് മുന്നില്‍; അറിയാവുന്ന മറുപടി കൊടുക്കുമെന്ന് ബിജു

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം നേതാവ് പി കെ ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി. ഇതാദ്യമായിട്ടാണ് ബിജു ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കരുവന്നൂര്‍ കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

കേസില്‍ അറസ്റ്റിലായ പി കെ അരവിന്ദാക്ഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജുവിനെ ചോദ്യം ചെയ്യാന്‍ വിളിച്ചത്. കരുവന്നൂര്‍ ബാങ്കു തട്ടിപ്പു കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി പി കെ ബിജുവിന് സാമ്പത്തിക ഇടപാടുണ്ടെന്നാണ് ആരോപണം.അതിനാല്‍ ഏതു സാഹചര്യത്തിലാണ് സതീഷ് സഹായിച്ചതെന്ന് ബിജുവില്‍ നിന്നും വിശദീകരണം തേടേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കൂടാതെ, കരുവന്നൂര്‍ ബാങ്കു ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച രണ്ടംഗ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ പി കെ ബിജുവാണ്.

കരുവന്നൂര്‍ ബാങ്കു തട്ടിപ്പിനെപ്പറ്റി അന്വേഷണം നടത്തിയ ആളെന്ന നിലയില്‍, തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കൃത്യമായി അറിയാവുന്ന ആളാണ് ബിജു. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ബിജുവില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

ഇഡി വിളിച്ചിരിക്കുന്നു. എന്താണെന്നറിയില്ല. അവരു ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എനിക്ക് അറിയാവുന്ന മറുപടി കൊടുക്കാമെന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. നോക്കാം, ഇതു കഴിഞ്ഞിട്ട് നോക്കാമെന്ന് പി കെ ബിജു ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.