മൂര്‍ക്കനാട് ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി

മൂര്‍ക്കനാട് ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി

തൃശ്ശൂര്‍: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ദിവസം ഉത്സവത്തിന്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ച് സംഘര്‍ഷം നടന്നത്. മുന്‍പ് നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്ന് പൊലീസ് പറഞ്ഞു. സംഘം ചേര്‍ന്ന് ചേരിതിരിഞ്ഞ് നടന്ന സംഘര്‍ഷത്തില്‍ ആറോളം പേര്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നാല് പേര്‍ ഇപ്പോഴും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗുരുതര പരിക്കേറ്റ സന്തോഷ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഇയാളുടെ ആന്തരിക അവയവങ്ങള്‍ക്ക് കത്തി കുത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ല.

39 ഡിഗ്രി വരെ ചൂട്,12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തീരപ്രദേശത്ത് ‘കള്ളക്കടല്‍’ മുന്നറിയിപ്പ്

39 ഡിഗ്രി വരെ ചൂട്,12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തീരപ്രദേശത്ത് ‘കള്ളക്കടല്‍’ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കന്‍ഡില്‍ 20 cm നും 40 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മാര്‍ഗനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്‌ഫോടനം; രണ്ടുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്‌ഫോടനം; രണ്ടുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: പാനൂര്‍ മുളിയാത്തോട്ടില്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. മുളിയാത്തോട് സ്വദേശി വിനീഷ് (24), പുത്തൂര്‍ സ്വദേശി ഷെറിന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നത് എന്നാണ് സംശയം. മുളിയാന്തോട് ആളൊഴിഞ്ഞ വീടിന്റെ ടെറസിന് മുകളില്‍ വെച്ചാണ് സ്‌ഫോടനം നടന്നത്. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

അടിമാലിയില്‍ കഴുത്തിന് മുറിവേറ്റ യുവാവ് മരിച്ചു

അടിമാലിയില്‍ കഴുത്തിന് മുറിവേറ്റ യുവാവ് മരിച്ചു

അടിമാലി: ഇടുക്കി അടിമാലിയില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പണിക്കന്‍കുടി സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മുറിക്കുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആദര്‍ശിനെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിയായി ആദര്‍ശ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

നിര്‍മാണപ്രവൃത്തി: നാല് ട്രെയിനുകള്‍ റദ്ദാക്കി

നിര്‍മാണപ്രവൃത്തി: നാല് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴില്‍ ട്രെയിന്‍ നിയന്ത്രണം. നാല് ട്രെയിനുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) എട്ടുമുതല്‍ പത്തുവരെയും തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ 22 വരെയും തുടര്‍ന്ന് 23, 24, 28 , 29, 30, മെയ് ഒന്ന് തീയതികളിലും കോട്ടയം വഴിയാകും സര്‍വീസ് നടത്തുക.

എറണാകുളം -കോട്ടയം പാസഞ്ചര്‍ (06453), കോട്ടയം- എറണാകുളം പാസഞ്ചര്‍ (06434), ഷൊര്‍ണൂര്‍-എറണാകുളം ജംഗ്ഷന്‍ മെമു (06017), എറണാകുളം ജംഗ്ഷന്‍-ഷൊര്‍ണൂര്‍ മെമു (06018) എന്നിവയാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.

ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് (16127) വ്യാഴാഴ്ച എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്സ്പ്രസും (16341) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക എന്നും റെയില്‍വേ അറിയിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16342) വ്യാഴാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കാരയ്ക്കല്‍-എറണാകുളം എക്സ്പ്രസ് (16187) വ്യാഴാഴ്ച പാലക്കാട് യാത്ര അവസാനിപ്പിക്കും. എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ് (16188) ശനിയാഴ്ച പാലക്കാട് നിന്നാകും പുറപ്പെടുക. ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക. വ്യാഴാഴ്ചയുള്ള മധുര -ഗുരുവായൂര്‍ എക്സ്പ്രസ് (16327) എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചു.

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്.

2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഈ ചിത്രത്തിൽ അവതിരിപ്പിച്ചത്.

ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും മീര ജാസ്മിൻ നേടിയിട്ടുണ്ട്.

ആറ് വര്‍ശങ്ങള്‍ക്ക് ശേഷമാണ് മീര മകള്‍ക്ക് എന്ന സിനിമയിലൂടെ തിരിച്ചുവന്നത്. അതിന് ശേഷം ചെയ്ത ക്വീന്‍ എലിസബത്ത് എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. സിനിയുടെ പ്രമോഷന്‍ പരിപാടികള്‍ക്കെല്ലാം സജീവമായിരുന്ന താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിനും അവസരം നല്‍കിയിരുന്നില്ല. നിലവില്‍ ദ ടെസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് മീര.

മീരയുടെ സഹോദരി ജെനി സാറ ജോസഫ് സ്‌കൂള്‍ ബസ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ ജോര്‍ജ്ജ് അസിസ്റ്റന്റ് സിനിമോറ്റോഗ്രാഫറായും പ്രവൃത്തിച്ചിട്ടുണ്ട്.