എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

കൊച്ചി: ആറു ദശാബ്ദത്തോളം നീണ്ട കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത് കാവ് ഉന്നതിയിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരമായി ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവെച്ചു. എറണാകുളം കലക്ട്രേറ്റില്‍ രാത്രി വൈകിയും നടന്ന അവസാന വട്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ബന്ധപ്പെട്ട കക്ഷികള്‍ കരാറില്‍ ഒപ്പുവച്ചത്. മലയിടുംതുരുത്ത് കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ സമവായത്തില്‍ എത്തിച്ചേര്‍ന്ന കാര്യം സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയെ അറിയിക്കും.

കരാര്‍ പ്രകാരം, കുടിയൊഴിപ്പിക്കപ്പെടുന്ന പര്യത്ത്കാവിലെ ഏഴു ദലിത് കുടുംബങ്ങള്‍ക്ക് നിലവില്‍ താമസിക്കുന്ന ഭൂമിയുടെ പിന്‍ഭാഗത്തായി 5 സെന്റ് വീതം ഭൂവുടമകളായ ശങ്കരന്‍ നായരുടെ കുടുംബം വിട്ടു നല്‍കും. ഈ സ്ഥലത്തേക്ക് റോഡിന് ആവശ്യമായ സ്ഥലവും ഉടമകള്‍ നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ 1000 ചതുരശ്ര അടിയില്‍ കുറയാത്ത വീടുകള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കും.

വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നതു വരെ പര്യത്ത്കാവ് ഉന്നതിയിലെ വീട്ടുകാര്‍ക്ക് നിലവിലെ അവരുടെ വീടുകളില്‍ തന്നെ കഴിയാം. നിലവില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്തു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചെടുക്കാനും കുടുംബങ്ങള്‍ക്ക് അവകാശമുണ്ട്. വീടുകളുടെ നിര്‍മാണം അടക്കം എല്ലാ നടപടിക്രമങ്ങളുടെയും ഉത്തരവാദിത്തം മൂവാറ്റുപുഴ ആര്‍ഡിഒ, ഡിവൈഎസ്പി എന്നിവര്‍ക്കാണ്.

കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് തുടരുന്ന സമരങ്ങളും മറ്റുമായി കോടതിയുടെ പരിഗണനയിലുള്ള എല്ലാ സിവില്‍, ക്രിമിനല്‍ കേസുകളും പരസ്പരം പിന്‍വലിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. മന്ത്രി റോജി എം ജോണ്‍, എംഎല്‍എ വിപി സജീന്ദ്രന്‍, കലക്ടര്‍ ജി പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ നാലുതവണ ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയാണ് സമവായത്തിലെത്തിയത്. കരാറില്‍ റോജി എം ജോണും സജീന്ദ്രനുമാണ് സാക്ഷികളായി ഒപ്പുവെച്ചിരിക്കുന്നത്.

തന്റെ ഭൂമി പട്ടികജാതി വിഭാഗത്തിൽപെട്ട കാളു കുറുമ്പൻ അന്യായമായി കയ്യേറിയെന്ന് ആരോപിച്ച് 58 വർഷം മുമ്പാണ് മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻ നായർ നിയമപോരാട്ടം തുടങ്ങിയത്. ശങ്കരൻ നായരും കാളു കുറുമ്പനും മരിച്ചിട്ടും നിയമപോരാട്ടം അവസാനിച്ചില്ല. ശങ്കരൻ നായരുടെ പെൺമക്കളുടെ മക്കൾ കേസ് ഏറ്റെടുത്ത് മുന്നോട്ടുപോവുകയായിരുന്നു. മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ പോരാട്ടം നീണ്ടു. സുപ്രീംകോടതിയും ശങ്കരൻ നായർക്ക് അനുകൂലമായി വിധിച്ചു. ഇതേത്തുടർന്ന് ഭൂമി അളന്നുതിരിക്കാൻ അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് സെന്‍സസ് നടപടികള്‍ക്ക് ഇന്ന് തുടക്കം. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യൂമറേഷന്‍ ഇന്നു മുതല്‍ ലഭ്യമാകും. ഈ മാസം 30 വരെ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാം. രണ്ടു ഘട്ടങ്ങളിലായിട്ടാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക.

പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ അടുത്ത 15 ദിവസത്തേക്കാണ് അവസരമുണ്ടാകുക. പൊതുജനങ്ങള്‍ക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാം. ഇതിനായി se.census.gov.in എന്ന പോര്‍ട്ടലില്‍ പ്രവേശിക്കണം. സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാം.

തുടര്‍ന്ന് വീടിന്റെ ലൊക്കേഷന്‍ കൃത്യമായി അടയാളപ്പെടുത്തുമ്പോള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങളും വീട്ടിലെ സൗകര്യങ്ങളും സംബന്ധിച്ച 33 ചോദ്യങ്ങളടങ്ങിയ ഡിജിറ്റല്‍ ഫോം സ്‌ക്രീനില്‍ തെളിയും. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറിലേക്ക് ഒരു റഫറന്‍സ് നമ്പര്‍ സന്ദേശമായി ലഭിക്കും. ഭാവി ആവശ്യങ്ങള്‍ക്കായി ഈ കോഡ് സുരക്ഷിതമായി സൂക്ഷിച്ചുവെക്കേണ്ടതാണ്.

നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍, അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഫോമില്‍ പൂരിപ്പിക്കേണ്ടത്. ആദ്യഘട്ട സെൻസസിൽ ആകെ 34 ചോദ്യങ്ങളാണുള്ളത്. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ എന്യൂമറേറ്ററെ അറിയിക്കാനും അവസരമുണ്ടാകും. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തില്‍ പ്രധാനമായും നടക്കുന്നത്.

ഓൺലൈൻ വിവരശേഖരണത്തിന് പിന്നാലെ, ജൂലൈ 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ ഭവന സന്ദർശനത്തിനായി നേരിട്ട് വീടുകളിലെത്തും. ഈ സമയം, നേരത്തെ സെൽഫ് എന്യൂമറേഷൻ വഴി വിവരങ്ങൾ നൽകിയവർ തങ്ങൾക്ക് ലഭിച്ച റഫറൻസ് നമ്പർ മാത്രം ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും കേരളത്തിൽ നടക്കുക.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,100 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 13,875 രൂപയായി.

ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയതോടെ വിലയില്‍ വര്‍ധനവിന്റെ ട്രെന്‍ഡ് തുടങ്ങിയത്. മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വര്‍ധിച്ചു. കഴിഞ്ഞ ആഴ്ച 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ ബാധിച്ചത്. അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘സലിം കൈ പിടിച്ച് പറഞ്ഞു, എല്ലാം പൂര്‍ത്തിയാകുന്നതു പോലെ, അറംപറ്റിയ വാക്കുകള്‍’; വിങ്ങലോടെ വിഡി സതീശന്‍

‘സലിം കൈ പിടിച്ച് പറഞ്ഞു, എല്ലാം പൂര്‍ത്തിയാകുന്നതു പോലെ, അറംപറ്റിയ വാക്കുകള്‍’; വിങ്ങലോടെ വിഡി സതീശന്‍

നടനും പ്രിയ സുഹൃത്തുമായ സലിം കുമാറിന്റെ ഓര്‍മകളില്‍ വിങ്ങി മുഖ്യമന്ത്രി വിഡി സതീശന്‍. തനിക്ക് നഷ്ടമായത് കൂടെപ്പിറപ്പിനെയാണെന്നാണ് വിഡി സതീശന്‍ പറയുന്നത്. പറവൂരില്‍ സലിം കുമാര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011 ല്‍ മന്ത്രിയാകാന്‍ സാധിക്കാതെ വന്നപ്പോള്‍ സലിം കുമാര്‍ കുറേ കരഞ്ഞുവെന്നാണ് സതീശന്‍ പറയുന്നത്.

പിന്നീട് താന്‍ മുഖ്യമന്ത്രിയായപ്പോള്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ സലിം കുമാര്‍ എത്തിയതും അദ്ദേഹം ഓര്‍ത്തു. താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ജീവിതലക്ഷ്യം പൂര്‍ത്തിയായെന്ന് വികാരനിര്‍ഭരനായി സലിം കുമാര്‍ പറഞ്ഞുവെന്നാണ് വിഡി സതീശന്‍ പറയുന്നത്.

”രോഗബാധിതനായിരുന്നു എങ്കിലും അവിശ്വസനീയമായ ഒരു വേര്‍പാടാണ് പെട്ടെന്നുണ്ടായത്. സത്യത്തില്‍ നമ്മുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ പോയ ഒരു അനുഭവമാണ് എല്ലാവര്‍ക്കും. അടുപ്പമുള്ളവര്‍ക്കെല്ലാം അദ്ദേഹം കുടുംബത്തില്‍ അംഗമായിരുന്നു, സഹോദരനായിരുന്നു, മകനായിരുന്നു. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരാളായിരുന്നു” വിഡി സതീശന്‍ പറയുന്നു.

സഹോദരനെ, കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു. കാണാതിരുന്നാലും ഫോണ്‍ ചെയ്യാതിരുന്നാലും കുറെ ദിവസങ്ങള്‍ കൂടി നമ്മള്‍ കൂട്ടിമുട്ടിയാലും സ്‌നേഹവും ആ ഹൃദയബന്ധവും എത്ര വലുതാണ് എന്ന് എനിക്ക് ബോധ്യമാക്കി തന്ന ഒരാള്‍ കൂടിയാണ് സലിം കുമാറെന്നും അദ്ദേഹം പറയുന്നു.

പറവൂരിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ സലിംകുമാറിനെ കുറിച്ച് ചിന്തിക്കും. സലിംകുമാറിന്റെ സാന്നിധ്യം എല്ലാ സ്ഥലത്തും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം വെള്ളപ്പൊക്കം വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍ വരും, തിരഞ്ഞെടുപ്പ് വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍ വരും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അപ്പോള്‍ സലിംകുമാറിന്റെ സാന്നിധ്യം നമ്മുടെ തൊട്ടരികില്‍ ഉണ്ടാകും.അതുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹം, അദ്ദേഹത്തിന്റെ ലോകത്തേക്ക് യാത്രയാകുമെന്നും വിഡി സതീശന്‍ പറയുന്നു.

സലിം കുമാറിനെ അവസാനമായി കണ്ടപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ”ഏറ്റവും അവസാനം അദ്ദേഹം പങ്കെടുത്ത ഒരു പൊതുചടങ്ങ് എനിക്കിവിടെ നല്‍കിയ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം എനിക്ക് ഈ പറവൂരില്‍ നല്‍കിയ പൗരസ്വീകരണമാണ്. അന്ന് എന്നോട് എന്റെ അടുത്ത് ചേര്‍ന്നിരുന്നുകൊണ്ട് എന്റെ കൈ പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു, ‘എനിക്ക് എല്ലാം പൂര്‍ത്തിയായതുപോലെയാണ്’ എന്ന്; അറം പറ്റിയ വാക്കുകള്‍ പോലെയാണ് ഇപ്പോള്‍ എനിക്ക് അത് തോന്നുന്നത്.” എന്നാണ് വിഡി സതീശന്‍ പറയുന്നത്.

‘ 2011ല്‍ മന്ത്രിയാകാതെ വന്നപ്പോള്‍ താന്‍ വീട്ടില്‍ ഇരുന്ന് ഒരുപാട് കരഞ്ഞുവെന്ന് സലിം പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍, ഇവിടെ വന്ന് പറവൂരിലെ സ്വീകരണത്തില്‍ പങ്കെടുക്കുന്നത് കാണാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി, ജീവിതത്തില്‍ എല്ലാം പൂര്‍ത്തിയായതുപോലെ’ എന്നും സലിം കുമാര്‍ പറഞ്ഞുവെന്നാണ് സതീശന്‍ പറയുന്നത്. ‘ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്’ എന്നുപറഞ്ഞ് തിരിച്ചു കൈപിടിച്ച് ഞാന്‍ ആശ്വസിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അന്ന് സലിം കുമാര്‍ തന്നോട് യാത്ര ചോദിക്കുകയായിരുന്നു എന്ന് പിന്നീട് മരണവിവരം കേട്ടപ്പോള്‍ മനസ്സിലായി. അത്ര വികാരനിര്‍ഭരമായിട്ടാണ് തന്റെ കൈ പിടിച്ചുകൊണ്ട് അത് പറഞ്ഞതെന്നും വിഡി സതീശന്‍ പറയുന്നു ആരു വിചാരിച്ചാലും നമ്മുടെ ഹൃദയത്തില്‍ നിന്ന് സലിം കുമാറിനെ അടര്‍ത്തി മാറ്റാന്‍ പറ്റില്ല. നമ്മുടെ ഹൃദയത്തില്‍ ഒരു സ്ഥാനം… നമ്മുടെ കുടുംബാംഗങ്ങള്‍ക്ക്, ഇഷ്ടപ്പെട്ടവര്‍ക്ക്, നമ്മള്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നവര്‍ക്ക് ഹൃദയത്തില്‍ ഒരു ഇടം കൊടുത്ത സ്ഥലത്ത്, സലിംകുമാര്‍ അങ്ങ് തീര്‍ച്ചയായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികൾക്ക് ആശ്വാസം; താൽക്കാലികമായി മുടങ്ങിയ ഗൾഫ് സർവീസുകൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുനരാരംഭിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; താൽക്കാലികമായി മുടങ്ങിയ ഗൾഫ് സർവീസുകൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുനരാരംഭിക്കുന്നു

കണ്ണൂർ: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന മലബാറിലെ പ്രവാസികൾക്ക് ആശ്വാസം പകർന്നു കൊണ്ട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രമുഖ കമ്പനികൾ പുനരാരംഭിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് താൽക്കാലികമായി റദ്ദാക്കേണ്ടി വന്ന സർവീസുകളാണ് വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി സാധാരണ നിലയിലാകുന്നത്.

പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് ( ജൂൺ 23 മുതൽ കണ്ണൂരിൽ നിന്നുള്ള പ്രതിദിന അബുദാബി സർവീസ് പുനരാരംഭിക്കും. ഇൻഡിഗോ കമ്പനിയുടെ പ്രതിദിന അബുദാബി സർവീസുകളും ഏറെ ജനപ്രിയമായ കണ്ണൂർ-ഫുജൈറ സർവീസും ജൂൺ 25 മുതൽ വീണ്ടും പ്രവർത്തനം തുടങ്ങും. ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്കും മികച്ച വാർത്തയാണുള്ളത്. ഇൻഡിഗോ ജൂലൈ 8 മുതൽ ദോഹ സർവീസുകളുടെ സമയക്രമത്തിൽ പരിഷ്കാരം വരുത്തി കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കും.

വരും ആഴ്ചകളിൽ വിമാനങ്ങളുടെ സമയക്രമം കൂടുതൽ സുസ്ഥിരമാകുമെന്നും ഗൾഫ് മേഖലയിലേക്കുള്ള ബാക്കി നേരിട്ടുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് മാസത്തോടെ പൂർണ്ണമായി ആരംഭിക്കാൻ സാധിക്കുമെന്നും കണ്ണൂർ വിമാനത്താവളത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പുനരാരംഭിക്കുന്ന ഈ സർവീസുകൾ വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് വലിയ തോതിൽ പ്രയോജനം ചെയ്യും.

അന്താരാഷ്ട്ര സർവീസുകൾക്ക് പുറമെ രാജ്യത്തിനകത്തുള്ള ആഭ്യന്തര കണക്റ്റിവിറ്റിയും വിമാനക്കമ്പനികൾ ശക്തമാക്കുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസം ബംഗളൂരുവിലേക്ക് പ്രത്യേക സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇൻഡിഗോ കമ്പനി ജൂലൈ 5 മുതൽ ഹൈദരാബാദിലേക്കും പുതിയ സർവീസ് ആരംഭിക്കും. അത്യാധുനിക എയർബസ് എ320 നിയോ വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുക.

പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങൾ ഒന്നൊന്നായി തിരിച്ചെത്തുന്നതോടെ, 2026 ജൂലൈ മാസത്തോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ സാധാരണ നിലയുടെ 80 ശതമാനത്തോളം കൈവരിക്കുമെന്നാണ് വിമാനത്താവള അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതോടെ ടിക്കറ്റ് നിരക്കിലെ വർദ്ധനവിന് ഒരു പരിധി വരെ ശമനമുണ്ടാകുമെന്നാണ് കർഷകരും പ്രവാസി സംഘടനകളും വിലയിരുത്തുന്നത്.

മൂന്നാറിൽ റേഷൻ കടയ്ക്ക് നേരെ വീണ്ടും കാട്ടാനയാക്രമണം; തകർക്കുന്നത് ഇത് ഇരുപത്തിയാറാം തവണ

മൂന്നാറിൽ റേഷൻ കടയ്ക്ക് നേരെ വീണ്ടും കാട്ടാനയാക്രമണം; തകർക്കുന്നത് ഇത് ഇരുപത്തിയാറാം തവണ

മൂന്നാർ: മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം റേഷൻ കട അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയായിരുന്നു പ്രദേശവാസികളെ മുഴുവൻ ഭീതിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശിയായ പുണ്യവേലിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയ്ക്ക് നേരെയാണ് കാട്ടാനക്കൂട്ടം അക്രമണം നടത്തിയത്. തന്റെ കടയ്ക്ക് നേരെ കാട്ടാനകളുടെ ആക്രമണം ഉണ്ടാകുന്നത് ഇത് ഇരുപത്തിയാറാമത്തെ തവണയാണെന്ന് ഉടമ പുണ്യവേൽ പറഞ്ഞു.

പുലർച്ചെ തോട്ടം മേഖലയിൽ നിലയുറപ്പിച്ച ആനക്കൂട്ടം റേഷൻ കടയുടെ ജനാലകൾ പൂർണ്ണമായി തകർത്ത് അകത്തുണ്ടായിരുന്ന ഭക്ഷ്യധാന്യങ്ങളും മറ്റ് സാധനങ്ങളും വലിച്ച് പുറത്തിടുകയും വലിയ തോതിൽ കേടുപാടുകൾ വരുത്തുകയുമാണുണ്ടായത്. കട തകർത്തതിന് ശേഷം ആനകൾ സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനും വലിയ രീതിയിൽ നാശനഷ്ടങ്ങൾ വരുത്തി. വാഹനത്തിന്റെ പുറകുവശത്തെ ചില്ല് പൂർണ്ണമായും തകർത്ത നിലയിലാണ്.

ചൊക്കനാട് ഉൾപ്പെടെയുള്ള മൂന്നാർ മേഖലകളിൽ കാട്ടാനശല്യം നിലവിൽ അതിരൂക്ഷമാണെന്ന് നാട്ടുകാർ ഒന്നടങ്കം കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരുവിധ സുരക്ഷയുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. വനംവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി അടിയന്തരമായി ആനകളെ കാട്ടിലേക്ക് തുരത്തണമെന്നും, നിരന്തരം അക്രമിക്കപ്പെടുന്ന റേഷൻ കടയ്ക്കും പ്രദേശത്തെ വാഹനങ്ങൾക്കും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.