by Midhun HP News | Apr 3, 2026 | Latest News, കേരളം
കൊച്ചി: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും.
ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഃഖവെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. സെന്‍റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നൽകും.
ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്‍റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും. അതേ സമയം, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി ഗൾഫ് മേഖലകളിലെ പല പള്ളികളിലെയും ചടങ്ങുകൾ ഓൺലൈനായാകും നടത്തുക. ദുബൈയിൽ ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പള്ളികളിലെ അധികാരികൾക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ ആയി ചടങ്ങുകൾ നടത്താൻ സഭകൾ തീരുമാനിച്ചത്.
by Midhun HP News | Apr 2, 2026 | Latest News, കേരളം
മരണത്തിലും മകനെ വിട്ടുപിരിയാതെ ആ അമ്മ, വസ്ത്രം ഉണക്കാൻ ടെറസിലേക്ക് പോയപ്പോള്‍ ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, മകന്റെ വിയോഗത്തിൽ മനംനൊന്ത് പിന്നാലെ അമ്മയും ജീവനൊടുക്കി.
ബെംഗളൂരു: കളിച്ചുകൊണ്ടിരുന്ന 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി. പടിഞ്ഞാറൻ ബെംഗളൂരുവിലെ ഭൈരവേശ്വരനഗറിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ പ്രതിഭ (29), മകൻ അഗസ്ത്യ എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ പ്രതിഭയുടെ ഭർത്താവ് മഹാന്തേഷ് ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. ഉണങ്ങിയ വസ്ത്രങ്ങൾ എടുക്കാനായി പ്രതിഭ ടെറസിലേക്ക് പോയ സമയത്ത് കുഞ്ഞ് ഇഴഞ്ഞു നീങ്ങി കുളിമുറിയിൽ എത്തുകയായിരുന്നു. തുടർന്ന് കുളിമുറിയിൽ വെള്ളം നിറച്ചു വെച്ചിരുന്ന ബക്കറ്റിൽ അബദ്ധത്തിൽ കുഞ്ഞ് വീഴുകയായിരുന്നു. പ്രതിഭ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്.
തന്റെ അശ്രദ്ധ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന കുറ്റബോധം പ്രതിഭയെ തളർത്തി. തുടർന്ന് വീട്ടിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളികകൾ കൂട്ടത്തോടെ കഴിച്ച് മരിക്കാന്‍ ശ്രമിച്ചു. അതിന് ശേഷം കൈത്തണ്ട മുറിക്കുകയും ചെയ്തു, പിന്നീട് ജീവനൊടുക്കുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈകുന്നേരം 6:3ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മഹാന്തേഷ്, വീട് അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്പെയർ കീ ഉപയോഗിച്ച് അകത്തു കയറിയപ്പോഴാണ് ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടത്.
സംഭവസ്ഥലത്തുനിന്ന് പോലീസ് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ‘എന്റെ മകന്റെ മരണത്തിന് ഉത്തരവാദി ഞാൻ മാത്രമാണ്, കുറ്റബോധത്തോടെ എനിക്ക് ഇനി ജീവിക്കാൻ കഴിയില്ല’ എന്ന് കുറിപ്പിൽ പറയുന്നു. കൂടാതെ മരിക്കാന്‍ ചെയ്യാൻ സ്വീകരിച്ച വഴികളെക്കുറിച്ചും 15 ഓളം ഗുളികകൾ കഴിച്ചതിനെക്കുറിച്ചും കുറിപ്പിൽ പരാമർശമുണ്ട്.


by Midhun HP News | Apr 2, 2026 | Latest News, കേരളം
കൊച്ചി: നാല് മാസങ്ങള്‍ക്ക് ശേഷം വിപിഎസ് ലേക്ഷോറിന്റെ സ്‌നേഹത്തണലില്‍ വീണ്ടുമൊരു കല്യാണമണ്ഡപമൊരുങ്ങി, മുന്‍നിശ്ചയിച്ച തീരുമാനങ്ങള്‍ക്ക് മേല്‍ ആരോഗ്യാവസ്ഥ പ്രതിസന്ധി തീര്‍ത്തപ്പോള്‍ ചികിത്സയിലിരുന്ന വധുവിന് മുന്നില്‍ ആശുപത്രിയുടെ കരുതലിന്റെ വാതിലുകള്‍ തുറന്നു. ഗാസ്‌ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് കൊച്ചുമുറി എടയത്ത് വീട്ടില്‍ പ്രഹ്ലാദന്റെയും രമാദേവിയുടെയും മകള്‍ ദിയ ജി പ്രഹ്ലാദിന്(26) കായംകുളം ഗോവിന്ദമുട്ടം പുത്തന്‍കണ്ടത്തില്‍ പരേതനായ ഡി. ജയന്‍, അനിത ദമ്പതികളുടെ മകന്‍ ജിതിന്‍ ജയന്‍ താലിചാര്‍ത്തി.
ആശുപത്രിക്കുള്ളിലെ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ 10.30നും 11നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹം മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിച്ചതാണ്. ഇതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വയറുവേദന അനുഭവപ്പെട്ട് ദിയ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. ഇതിനോടകം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ബന്ധുക്കള്‍ പൂര്‍ത്തീകരിച്ചിരുന്നു. അതിനാല്‍ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചു. യാത്ര ചെയ്യാന്‍ ദിയയുടെ നിലവിലെ ആരോഗ്യസ്ഥിതി അനുവദിക്കാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ തന്നെ വിവാഹം നടത്തുകയായിരുന്നു. ഇതേ സമയം കായംകുളം ദേവികുളങ്ങര ഓഡിറ്റോറിയത്തില്‍ മറ്റ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് വിവാഹ സല്‍ക്കാര പരിപാടികളും നടത്തി. വിവാഹ ദിനത്തില്‍ അപകടത്തില്‍പെട്ട ആലപ്പുഴ സ്വദേശി ആവണിയെ വരന്‍ ഷാരോണ്‍ വിപിഎസ് ലേക്ഷോറിലെ അത്യാഹിത വിഭാഗത്തില്‍ വെച്ച് താലിചാര്‍ത്തിയത് കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു.
അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആശുപത്രി ജീവനക്കാരും ദിയക്കും ജിതിനുമൊപ്പം ബന്ധുക്കളായി ചേര്‍ന്നുനിന്നു. വി.പി.എസ് ലേക്ഷോര്‍ എംഡി എസ്‌കെ. അബ്ദുള്ള, സിഇഓ ജയേഷ് വി നായര്‍, ഗ്രൂപ്പ് സിഒഒ ലക്ഷ്മണ്‍ സേതുരാമന്‍, ചികിത്സക്ക് നേതൃത്വം വഹിക്കുന്ന സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്ററോളജി ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. എച്ച് രമേഷ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മായ പീതാംബരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. എച്ച്. രമേഷും ഡോ. പി. മായയും ചേര്‍ന്ന് താലി മാലയും ജയേഷ് വി. നായര്‍ പൂമാലകളും എടുത്ത് നല്‍കി.
സൗദി അറേബ്യയില്‍ െഹല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫിസറാണ് ജിതിന്‍. എം.എ ഇംഗ്ലീഷ് പൂര്‍ത്തീകരിച്ച് തുടര്‍പഠനത്തിനായി തയാറെടുക്കുകയാണ് ദിയ. വിവാഹ ദിനത്തില്‍ യാത്ര ചെയ്യാനാകുംവിധം ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായാല്‍ നേരിട്ട് കായംകുളത്ത് എത്താമെന്നായിരുന്നു ആലോചന. എന്നാല്‍, വ്യാഴാഴ്ച ആകുമ്പോഴേക്കും യാത്ര ചെയ്യാനാകുന്ന ഘട്ടത്തിലെത്തിയിരുന്നില്ല. തുടര്‍ന്നാണ് ആശുപത്രിയിലെ അമ്പലത്തില്‍ വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. മാനേജ്‌മെന്റും ഡോക്ടര്‍മാരും സന്തോഷത്തോടെ സ്വാഗതം ചെയ്ത് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് നല്‍കി. ദിയ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
വിവാഹത്തിനായി എല്ലാ സൗകര്യങ്ങളുമൊരുക്കി ഒപ്പം നിന്ന വിപിഎസ് ലേക്ഷോര്‍ ആശുപത്രി അധികൃതരോട് നന്ദിയുണ്ടെന്ന് വരന്‍ ജിതിന്‍ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിലും കാര്യങ്ങള്‍ ഭംഗിയായി നടന്നു. എല്ലാവരുടെയും സ്‌നേഹവും പരിഗണനയും പ്രാര്‍ഥനകളും തങ്ങള്‍ക്ക് ഇവിടെ ലഭിച്ചുവെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Apr 2, 2026 | Latest News, കേരളം
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോട്ടയം നോളേഡ്ജ് സെന്ററിൽ സൗജന്യ എ ആർ അപ്ലിക്കേഷൻ ഡെവലപ്പ്മെന്റ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 4ന് രാവിലെ 10 മണി മുതൽ 12 മണി വരെയാണ് ക്ലാസ്. ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ പ്രോമ്റ്റ് എഞ്ചിനീയറിങ് വർക്ക്ഷോപ്പും ഉണ്ടായിരിക്കും.
സീറ്റുകൾ പരിമിതമാണ്. കൂടുതൽ വിവരങ്ങൾ, രജിസ്ട്രേഷൻ എന്നിവയ്ക്കായി 6282841772, 0481 2304031 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാനായി താഴെ ക്ലിക്ക് ചെയ്യുക.
https://forms.gle/YH8ictceHsTNYwwz5


by Midhun HP News | Apr 2, 2026 | Latest News, കേരളം
ഡല്‍ഹി: സഭാ നടപടികള്‍ക്കിടെ ലോക്‌സഭയ്ക്കുള്ളില്‍ മന്ത്രിമാരും അംഗങ്ങളും തമ്മില്‍ ദീര്‍ഘനേരം സംസാരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സ്പീക്കര്‍ ഓം ബിര്‍ല. സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഭാവിയില്‍ അത്തരക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തുമെന്നും ഓം ബിര്‍ല പറഞ്ഞു.
ഉച്ചയ്ക്ക് 12 മണിക്ക് ‘സീറോ അവര്‍’ ആരംഭിച്ച ഉടനെയാണ് സ്പീക്കര്‍ തന്റെ അതൃപ്തി അറിയിച്ചത്. സഭ നടപടികള്‍ പുരോഗമിക്കുമ്പോള്‍ മന്ത്രിമാരും അംഗങ്ങളും തമ്മില്‍ അരമണിക്കൂറോളം നേരം പരസ്പരം സംസാരിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സ്പീക്കര്‍ പറഞ്ഞു. ഹ്രസ്വവും പ്രധാനപ്പെട്ടതുമായ സംഭാഷണങ്ങള്‍ സഭയ്ക്കുള്ളില്‍ അനുവദനീയമാണെന്നും എന്നാല്‍ ദീര്‍ഘനേരം സഭയ്ക്കുള്ളില്‍ സംസാരിക്കരുതെന്നു അദ്ദേഹം പറഞ്ഞു.
ദീര്‍ഘനേരം സഭയ്ക്കുള്ളില്‍ സംസാരിക്കുന്നവരടെ പേര് ഇനി മുതല്‍ പരസ്യമായി പറയേണ്ടി വരുമെന്നും സഭയുടെ അന്തസ്സ് കാത്ത്‌സൂക്ഷിക്കേണ്ടത് പ്രധാനമാണെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ ഒരു അംഗത്തിന്റെ പേര് സഭയില്‍ വിളിച്ചു പറയുന്നത് ആ അംഗത്തിനുള്ള താക്കീതായാണ് കണക്കാക്കുന്നത്. നേരത്തെ ചോദ്യോത്തരവേളയില്‍ സ്പീക്കറുടെ കസേരയ്ക്ക് പുറംതിരിഞ്ഞുനിന്ന് സഹപ്രവര്‍ത്തകനോട് സംസാരിച്ച സ്വതന്ത്ര എംപി പപ്പു യാദവിനെയും സ്പീക്കര്‍ ശാസിച്ചു. അദ്ദേഹത്തെപ്പോലെയുള്ള മുതിര്‍ന്ന അംഗങ്ങളില്‍ നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകരുതെന്ന് ഓം ബിര്‍ള ഓര്‍മ്മിപ്പിച്ചു.


by Midhun HP News | Apr 2, 2026 | Latest News, കേരളം
നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ ശരത്. തന്റെ മക്കളോടും താന്‍ അതാണ് പറഞ്ഞു കൊടുത്തിട്ടുള്ളതെന്നും ആശ ശരത്. തന്റെ നൃത്ത വിദ്യാലയത്തില്‍ വച്ച് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ അധ്യാപകനെ തല്ലിയിട്ടുണ്ടെന്നും ആശ ശരത് പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആശ ശരത് ആ സംഭവം തുറന്നു പറഞ്ഞത്.
“നോ പറയേണ്ട സ്ഥലത്തൊക്കെ നോ പറഞ്ഞിട്ടുണ്ട്. നോ പറയാന്‍ മടിയുള്ള ആളേയല്ല ഞാന്‍. നോ പറയേണ്ടിടത്തും പ്രതികരിക്കേണ്ടിയത്തും ആരാണെന്ന് പോലും നോക്കാതെ പ്രതികരിച്ചിട്ടുള്ള ആളാണ് ഞാന്‍. ആ പ്രായത്തില്‍ അഭിനയിക്കാന്‍ വന്നത് കൊണ്ട് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. ചില വസ്ത്രങ്ങള്‍ ധരിക്കാന്‍ പറ്റിയില്ലെങ്കില്‍ ശക്തമായി തന്നെ ഞാന്‍ പറയും. എനിക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവര്‍ക്ക് വേണ്ടിയും ഞാന്‍ സംസാരിക്കാറുണ്ട്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണമെന്ന് തന്നെയാണ് മക്കളോടും ഞാന്‍ പറയാറുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ സ്‌കൂളിലെ ഒരു കുട്ടിയോട് ഒരു അധ്യാപകന്‍ മോശമായി പെരുമാറി. എന്നെ വിളിച്ച് കുട്ടിയുടെ രക്ഷിതാവ് ഇക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നുപോയ അവസ്ഥയായിരുന്നു. ഞാന്‍ ആ സമയം നാട്ടിലായിരുന്നു. ഉടനെ തന്നെ തിരിച്ച് ദുബായിലെത്തി. അയാളെ വിളിച്ചു. നിങ്ങള്‍ മോശമായി പെരുമാറിയോ എന്ന് ചോദിച്ചു. ഇല്ലെന്ന് അയാള്‍ പറഞ്ഞു. കുട്ടി അങ്ങനെയാണല്ലോ പറയുന്നത്, നിങ്ങളങ്ങനെ ചെയ്തുവോ എന്ന് ചോദിച്ചു. അയാള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്. അങ്ങനെയൊന്നും ചെയ്തില്ല, ഞാന്‍ തുടങ്ങിയതേയുള്ളൂ എന്ന് അയാള്‍ പറഞ്ഞു.
ജീവിതത്തില്‍ ഞാന്‍ ആരേയും അടിച്ചിട്ടില്ല. എന്റെ മക്കളെപ്പോലും പക്ഷെ ഞാന്‍ അയാളുടെ മുഖത്തടിച്ചു. അടിക്കാതെ വേറെ വഴിയില്ല. കൊല്ലണ്ടേ അവനെ? അധ്യാപകനാണ്. കേസ് കൊടുക്കേണ്ട എന്ന് രക്ഷിതാക്കള്‍ പറഞ്ഞപ്പോള്‍ കേസ് കൊടുക്കുമെന്ന് ഞാന്‍ പറഞ്ഞു. അയാളെ അറസ്റ്റ് ചെയ്തു. അവസരങ്ങള്‍ കിട്ടില്ലെന്ന് ഭയക്കാതെ പെണ്‍കുട്ടികള്‍ പ്രതികരിക്കണം”.


Recent Comments