‘അപ്പഴേ പറഞ്ഞില്ലേ ഇന്‍ഡിക്കേറ്റര്‍ കേടാണ് എന്ന്’; മുന്നറിയിപ്പ് വീഡിയോയുമായി മോട്ടോര്‍ വാഹനവകുപ്പ്

‘അപ്പഴേ പറഞ്ഞില്ലേ ഇന്‍ഡിക്കേറ്റര്‍ കേടാണ് എന്ന്’; മുന്നറിയിപ്പ് വീഡിയോയുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: റോഡില്‍ വലത്തോട്ടും ഇടത്തോട്ടുമൊക്കെ തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടാന്‍ മറക്കരുതെന്നാണ് മോട്ടോര്‍ വാഹന നിയമം പറയുന്നത്. അതുകൊണ്ട് ഇന്‍ഡിക്കേറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. അല്ലാത്തപക്ഷം അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ടേണ്‍ സിഗ്‌നല്‍ ലാമ്പ് ബള്‍ബുകള്‍ കേടായാല്‍ ഇന്‍ഡികേറ്റര്‍ ഇടുമ്പോള്‍ തന്നെ മനസിലാക്കാന്‍ സാധിക്കും. ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ഡൈറക്ഷന്‍ വാണിംഗ് ലാമ്പിന്റെ ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുന്നതായി കാണാം. സര്‍ക്യൂട്ടിലെ ലോഡ് കുറയുന്നത് കൊണ്ട് ആണ് റിലേ ഫംഗ്ഷന്‍ ടൈം കുറയുകയും ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുകയും ചെയ്യുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ബള്‍ബ് എത്രയും വേഗം മാറ്റി മാത്രമേ യാത്ര തുടരാവൂ എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

അപ്പഴേ പറഞ്ഞില്ലേ ഇന്‍ഡിക്കേറ്റര്‍ കേടാണ് കേടാണ് എന്ന് …….

ടേണ്‍ സിഗ്‌നല്‍ ലാമ്പ് ബള്‍ബുകള്‍ കേടായാല്‍ ഇന്‍ഡികേറ്റര്‍ ഇടുമ്പോള്‍ തന്നെ നമുക്ക് അത് മനസിലാക്കാം. ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ഡൈറക്ഷന്‍ വാണിംഗ് ലാമ്പിന്റെ ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുന്നതായി കാണാം അപ്പോള്‍ . സര്‍ക്യൂട്ടിലെ ലോഡ് കുറയുന്നത് കൊണ്ട് ആണ് റിലേ ഫംഗ്ഷന്‍ ടൈം കുറയുകയും ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുകയും ചെയ്യുന്നത്.

ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ബള്‍ബ് എത്രയും വേഗം മാറ്റി യാത്ര തുടരുക. അല്ലെങ്കില്‍ തീര്‍ച്ചയായും ഹാന്‍ഡ് സിഗ്‌നല്‍ കാണിച്ച് യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക.

പരാതി തീര്‍പ്പാക്കി മടങ്ങി, പിന്നാലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

പരാതി തീര്‍പ്പാക്കി മടങ്ങി, പിന്നാലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

പാലക്കാട്: ആലത്തൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും അന്നേദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീര്‍പ്പാക്കിയശേഷം സ്റ്റേഷനില്‍നിന്നു പോയി തിരികെ എത്തിയ രാജേഷ് സ്വയം തീ കൊളുത്തുകയായിരുന്നു എന്ന് ആലത്തൂര്‍ പൊലീസ് പറയുന്നു.

ഉച്ചയോടെ മണ്ണെണ്ണയില്‍ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ് ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ഉടന്‍ തന്നെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

പൃഥ്വിക്ക് നാഷണൽ അവാർഡ് ഉറപ്പ്; ആടുജീവിതം കണ്ട് പ്രേക്ഷകർ

പൃഥ്വിക്ക് നാഷണൽ അവാർഡ് ഉറപ്പ്; ആടുജീവിതം കണ്ട് പ്രേക്ഷകർ

അടുത്തകാലത്ത് ആടുജീവിതം സിനിമയോളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ആടുജീവിതം എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം. മലയാളികളികൾ ഏവരും വായിച്ച് ഹൃദ്യസ്ഥമാക്കിയ ആടുജീവിതം നോവൽ സിനിമയാകുമ്പോൾ എങ്ങനെ ഉണ്ടാകുമെന്ന് അറിയാൻ ആയിരുന്നു ഏവരും അക്ഷമരായി കാത്തിരുന്നത്. ഒടുവിൽ ചിത്രം ഇന്ന് തിയറ്ററിൽ എത്തി കഴിഞ്ഞിരിക്കുകയാണ്.

തന്റെ ജീവിതം ബി​ഗ് സ്ക്രീനിൽ കാണാൻ കഥാനായകൻ നജീബും എത്തിയിരുന്നു. ഇപ്പോഴിതാ ബ്ലെസിയുടെ 16 വർഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ ഡെഡിക്കേഷനും വെറുതെ ആയില്ലെന്നാണ് ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങൾ.”ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയർന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം”, എന്നാണ് ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്.

റിയലിസ്റ്റിക് ആയി പ്രേക്ഷകരെ പിടിച്ചിരുന്ന ആടുജീവിതം. ബ്ലെസി സാറിന്‍റെ പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ലെന്നും ആ അധ്വാനം വെറുതെ അല്ലെന്നുമാണ് മറ്റൊരാള്‍ പറയുന്നത്. പൃഥ്വിരാജ് നജീബ് ആയി ജീവിക്കുക ആയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. “ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. പുള്ളിക്ക് നാഷണൽ അവാർഡ് ഉറപ്പാണ്. എല്ലാം കൊണ്ടും അടിപൊളി പടം. സിനിമാറ്റോ​ഗ്രാഫർ പൊളി”, എന്നാണ് ഒരാൾ പറഞ്ഞത്. “ഒരു സിനിമാറ്റിക് മാസ്റ്റർപീസാണ് ആടുജീവിതം! ഹൃദയസ്പർശിയായ അതിജീവന ത്രില്ലറാണ് ചിത്രം. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച, എക്കാലത്തെയും മികച്ച പ്രകടനം. ബ്ലെസി സാർ നമിച്ചു..വിസ്മയിപ്പിക്കുന്ന സംഗീതം. തിയറ്ററിൽ തന്നെ കാണേണ്ട പടം” എന്ന് ഒരു പ്രേക്ഷകന്‍ പറയുന്നു. നോവലിൻ്റെ മൂല്യം മനസ്സിലാക്കി ബ്ലെസി സിനിമ ഒരുക്കിയിരിക്കുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.

മക്കളുടെ മൃതദേഹം വീടിനുള്ളില്‍; അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മക്കളുടെ മൃതദേഹം വീടിനുള്ളില്‍; അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ അയനിക്കാട് സ്വദേശി പുതിയോട്ടില്‍ സുമേഷിനെ (42) വീടിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരെ വീടിനുള്ളിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗോപിക പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും ജ്യോതിക ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.

മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സുമേഷ് മരിച്ചത് കണ്ട് വിവരം വീട്ടില്‍ അറിയിക്കാന്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.സുമേഷിന്റെ ഭാര്യ കോവിഡ് ബാധിച്ച് നാലുവര്‍ഷം മുമ്പ് മരിച്ചിരുന്നു. തുടര്‍ന്ന് സുമേഷും മക്കളും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കെജ്‍രിവാളിന്റെ അറസ്റ്റിനെതിരെ വീണ്ടും അമേരിക്ക; സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

കെജ്‍രിവാളിന്റെ അറസ്റ്റിനെതിരെ വീണ്ടും അമേരിക്ക; സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

അരവിന്ദ് കെജ്രിവാളിൻറെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. നിയമ നടപടികൾ നിഷ്‌പക്ഷവും സമയ ബന്ധിതവുമാകണമെന്നും നിലപാടറിയിച്ചു. ഒപ്പം അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസിന്റെ പരാതിയെക്കുറിച്ചും തങ്ങൾക്ക് അറിയാമെന്നും അമേരിക്ക പ്രതികരിച്ചു. അമേരിക്കൻ നിലപാടിനെ ആരെങ്കിലും എതിർക്കേണ്ട കാര്യമില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അമേരിക്കൻ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് യുഎസ് പ്രസ്താവന ആവർത്തിക്കുന്നത്.

അരവിന്ദ് കെജ്രിവാളിനെതിരായ നിയമ നടപടിയില്‍ യഥാസമയത്തുള്ള സുതാര്യമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യുഎസിന്റെ ആദ്യത്തെ പ്രതികരണം. പിന്നാലെ യുഎസ് ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. പ്രസ്താവന അനാവശ്യമെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ അറിയിച്ചു.

ഇതിനിടെ വിഷയത്തില്‍ പ്രതികരിച്ച ജർമൻ വിദേശകാര്യ മന്ത്രിയുടെ നടപടിക്കെതിരെ ജര്‍മ്മനിയുടെ നയതന്ത്ര പ്രതിനിധിയെയും വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് ശേഷം ജര്‍മ്മനിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല.

സംസ്ഥാനത്ത് സ്വർണവില അരലക്ഷത്തിലേക്ക് അടുക്കുന്നു

സംസ്ഥാനത്ത് സ്വർണവില അരലക്ഷത്തിലേക്ക് അടുക്കുന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവന് 280 രൂപയാണ് ഉയർന്നത്. ഇന്നലെ 80 രൂപ വർധിച്ച് സ്വർണവില വീണ്ടും 49,000 ത്തിനു മുകളിൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49360 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6170 രൂപയാണ്. ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന്റെ വില 5140 രൂപയാണ്. ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്. അന്താരാഷ്ട്ര സ്വർണവില ഏകദേശം 2171 ഡോളറിലാണ്.

ആഗോളതലത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. സാധാരണ ഡോളര്‍ സൂചിക ഉയരുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതിനൊപ്പം തന്നെ സ്വര്‍ണവിലയും കൂടുകയാണ്.