by liji HP News | Mar 26, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്‍പോക്സ് പടരുന്നു. കഴിഞ്ഞ ദിവസം മാത്രം 101 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷം ഇതുവരെ 7,506 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 2,027 പേര്‍ക്ക് രോഗം ബാധിച്ചത് ഈ മാസമാണ്. ചിക്കന്‍പോക്സ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനവുണ്ടായി. മൂന്ന് മാസത്തിനിടെ കുട്ടികളുള്‍പ്പെടെ ഒമ്പത് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹെല്‍ത്ത് സര്‍വീസ് ഡയറക്്ടറേറ്റിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആകെ നാല് മരണങ്ങളും 26,363 ചിക്കന്‍പോക്‌സ് കേസുകളുമായിരുന്നു സ്ഥിരീകരിച്ചിരുന്നത്.
ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും വകുപ്പ് അറിയിച്ചു. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച് ഐ വി- ക്യാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി/ സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കന്‍ പോക്സ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളതോ ലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം തേടണം.
വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ വരാത്തവര്‍ക്കോ, വാക്സീന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്. രോഗമുള്ളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. പത്ത് മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും. രോഗം വന്നിട്ടില്ലാത്തവര്‍ക്ക് ചിക്കന്‍ പോക്സ്/ ഹെര്‍പിസ് സോസ്റ്റര്‍ രോഗികളുമായി സമ്പര്‍ക്കം വന്ന് 72 മണിക്കൂറിനുള്ളില്‍ വാക്സീന്‍ എടുത്താല്‍ പ്രതിരോധിക്കാവുന്നതാണ്.
ലക്ഷണങ്ങള്‍
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാല് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.
ശ്രദ്ധിക്കേണ്ടത്
നാല് ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയക്കുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുള്ള ഛര്‍ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.
രോഗം വന്നാല്‍
വായുസഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കുകയും പഴവര്‍ഗങ്ങള്‍ കഴിക്കുകയും വേണം. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്.
അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടക്കിടെ ഒപ്പിയെടുക്കുക.
ചൊറിച്ചില്‍ കുറക്കുന്നതിനും ആശ്വാസത്തിനും സാധാരണ വെള്ളത്തിലെ കുളി സഹായിക്കും. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുമിളയില്‍ ചൊറിഞ്ഞാല്‍ കൈകള്‍ സോപ്പും വെള്ളവും കൊണ്ട് കഴുകുക. ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്.
by liji HP News | Mar 26, 2024 | Latest News, കേരളം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർ പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,88,533 ആയി.
മാർച്ച് 25 വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടർമാരാണ് ഉള്ളത്. 18നും 19നും ഇടയിൽ പ്രായമുള്ള സമ്മതിദായകരാണ് യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർകൂടിയാണ് ഇവർ. ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർദ്ധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്.
ഭിന്നലിംഗകാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ ഇത് 309 ആയി. ഇന്നുവരെയുള്ള കണക്ക് പ്രകാരം ഭിന്നലിംഗക്കാരായ 338 പേർ പട്ടികയിൽ ഉണ്ട്. ചീഫ് ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കിയതെന്നാണു വിലയിരുത്തലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ(സ്വീപ്പ്) പ്രവർത്തനങ്ങളുടെ ഭാഗമായി സോഷ്യൽ മീഡിയ മുഖേനയും കോളജുകൾ, സർവകലാശാലകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടുവണ്ടി പ്രചാരണ വാഹനം സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. വോട്ടർ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫിസറുടേയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാരുടേയും നേതൃത്വത്തിൽ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്ത പോസ്റ്റുകൾക്കു വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും സഞ്ജയ് കൗൾ പറഞ്ഞു.
by liji HP News | Mar 26, 2024 | Latest News, കേരളം
കൊച്ചി: കോതമംഗലത്ത് വീട്ടമ്മയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിന്റെ നിരീക്ഷണത്തില്‍. ഇവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മോഷണത്തിനായി മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വീട്ടമ്മ സാറാമ്മയെ മരിച്ച നിലയില്‍ കാണുന്നത്. എന്നാല്‍ സംഭവസമയം തങ്ങള്‍ സ്ഥലത്തില്ലെന്നാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞത്. ഇതു സ്ഥിരീകരിക്കാന്‍ ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള രേഖകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. കൃത്യം നടത്തിയത് മറ്റാരെങ്കിലും ആണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് ( അമ്മിണി-72) നെയാണ് ഇന്നലെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടിലെത്തിയ മരുമകള്‍ സിഞ്ജുവാണ് മരിച്ച നിലയില്‍ സാറാമ്മയെ കണ്ടത്. കഴുത്തില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഹാളില്‍ നിലത്തുകിടക്കുകയായിരുന്നു മൃതദേഹം.
ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം അയല്‍വാസി സാറാമ്മയെ കണ്ടിരുന്നു. അതിനാല്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. ഈ സമയത്ത് വീട്ടില്‍ സാറാമ്മ തനിച്ചായിരുന്നു. സാറാമ്മ ധരിച്ചിരുന്ന സ്വര്‍ണമാലയും വളകളും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിലും സമീപത്തും മഞ്ഞള്‍പ്പൊടി വിതറിയിരുന്നു.
by liji HP News | Mar 26, 2024 | Latest News, കേരളം
തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചു നിർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ വ്യാഴാഴ്ച ( മാർച്ച് 28) ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും.
13 ഇനം സബ്‌സിഡി സാധനങ്ങൾ ചന്തകളിൽ ലഭിക്കും. സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ് സൂപ്പർ മാർക്കറ്റ് ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകും. മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1630 വിൽപ്പനശാലകളും വിലക്കയറ്റം പ്രതിരോധിക്കാൻ മുന്നിലുണ്ട്.
വിപണി ഇടപെടലിന് 200 കോടി കഴിഞ്ഞ ദിവസം സംസ്ഥാനസർക്കാർ അനുവദിച്ചിരുന്നു. അതിനുമുമ്പ് 80 കോടി രൂപയും നൽകി. ഈ തുകയുൾപ്പെടെ ഉപയോഗിച്ചാണ് ചന്തകൾ സജ്ജമാക്കുന്നത്. ശബരി കെ റൈസ് വിതരണവും തുടരുന്നുണ്ട്. ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമാണ് വില.
by liji HP News | Mar 26, 2024 | Latest News, കേരളം
മലപ്പുറം: മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഫായിസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റവും ഫായിസിന് മേല്‍ ചുമത്തിയിട്ടുണ്ട്.
കുട്ടിയുടെ മരണം ക്രൂരമര്‍ദ്ദനം ഏറ്റിട്ടാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്‍പ്പിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയില്‍ രക്തം കെട്ടി കിടക്കുന്നുണ്ട്. മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ പിതാവ് ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
by liji HP News | Mar 25, 2024 | Latest News, കേരളം
വ്യാജ വിവാഹ പരസ്യങ്ങള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ സജീവമായതോടെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്.
വൈവാഹിക പരസ്യങ്ങള്‍ നല്കുന്ന സൈറ്റുകളിലും മറ്റും ഉള്ള പരസ്യങ്ങളുടെ സത്യാവസ്ഥ നേരിട്ട് അന്വേഷിച്ചറിഞ്ഞതിനു ശേഷം മാത്രമേ മുന്നോട്ടു പോകാവൂവെന്നാണ് പോലീസ് മുന്നറിയിപ്പിലുളളത്. തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളോട് പ്രതികരിച്ച് വഞ്ചിതരാകരുതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.
Recent Comments