by liji HP News | Mar 23, 2024 | Latest News, കേരളം
ഇന്‍ഡോര്‍: കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയോട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ട് കോടതി. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത്. വിവാഹം കഴിഞ്ഞ ഹിന്ദു സ്ത്രീ സിന്ദൂരം അണിയേണ്ടത് അവളുടെ ബാധ്യതയാണെന്നും വിവാഹിതയാണെന്നതിനുള്ള തെളിവാണതെന്നുമാണ് കോടതിയുടെ നിരീക്ഷണം.
ഭാര്യ പിണങ്ങിപ്പോയതിനെത്തുടര്‍ന്ന് ഹിന്ദു വിവാഹ നിയമ പ്രകാരം തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. യുവതി സിന്ദൂരം അണിയാറില്ലെന്ന് സമ്മതിക്കുകയും ചെയ്തു.
ഇന്‍ഡോര്‍ കുടുംബ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി എന്‍ പി സിങ് ആണ് വിധി പുറപ്പെടുവിച്ചത്. സിന്ദൂരം അണിയേണ്ടത് ഭാര്യയുടെ മതപരമായ ബാധ്യതയാണ്. സ്ത്രീ വിവാഹിതയാണെന്നതിന്റെ അടയാളമാണത്. ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചതല്ലെന്നും ഭാര്യയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് വിവാഹമോചനത്തിന് മുന്‍കൈയെടുത്തതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
അതേസമയം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതി ആരോപിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ യുവതി പൊലീസില്‍ പരാതി കൊടുത്തിട്ടില്ലെന്നും കോടതി പറഞ്ഞു. 2017ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് വയസയുള്ള മകനുമുണ്ട്.
by liji HP News | Mar 23, 2024 | Latest News, കേരളം
കൊല്ലം: ജോനകപ്പുറം ഹാര്‍ബറില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന്‍ മരിച്ചു. തമിഴനാട് സ്വദേശി പരശുറാം (60) ആണ് മരിച്ചത്. പരിക്കേറ്റ ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഹാര്‍ബറിനുള്ളിലെ റോഡരികില്‍ കിടന്ന് ഉറങ്ങിയവരുടെ ഇടയിലേക്കാണ് ബൈക്ക് ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. സിബിന്‍ മദ്യപിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ പരിശോധനയും അന്വേഷണവും നടത്താനാണ് പൊലീസ് തീരുമാനം.
പരിക്കേറ്റ ഒന്‍പതുപേരില്‍ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ രാജി, സരസ്വതി എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടലില്‍ പോയി മീന്‍ പിടിച്ചുവരുന്നവരില്‍ നിന്ന് മീന്‍ വാങ്ങാനായി ഹാര്‍ബറില്‍ കാത്തുനിന്നവരുടെ ഇടയിലേക്കാണ് ബൈക്ക് ഇടിച്ചുകയറ്റിയത്.
by liji HP News | Mar 23, 2024 | Latest News, കേരളം
കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണന് താരസംഘടനയായ അമ്മ പിന്തുണ നല്‍കാത്തതില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും അമ്മ സംഘടനയുടെ ഭാഗത്തുനിന്ന് ഒരു പിന്തുണയും കണ്ടില്ല. പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല എന്നാണ് ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ എന്നും ഹരീഷ് പേരടി കുറിച്ചു…
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം
വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും A.M.M.A എന്ന സിനിമാ അഭിനയ കലാകാരൻമാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല …പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല..നിങ്ങളൊക്കെ നല്ല നടി നടൻമാരാണ് എന്നാലും ഇങ്ങിനെയൊന്നും അഭിനയിക്കരുത്…ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ…അയാൾ ആനന്ദനൃത്തമാടട്ടെ…മെമ്പറല്ലാത്ത ഷാറുഖാന് നിങ്ങളുടെ വേദിയിൽ നൃത്തമാടാമെങ്കിൽ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം…മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ…എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത് ?…
by liji HP News | Mar 23, 2024 | Latest News, കേരളം
സംസ്ഥാനത്തെ ആർസി, ഡ്രൈവിംഗ് ലൈസൻസ് ലൈസൻസ്, PET G കാർഡ് എന്നിവയുടെ വിതരണം ഉടൻ പുനരാരംഭിക്കും. ITI ബെംഗളൂരുവിന് നൽകാനുള്ള തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അച്ചടി കുടിശിക തുക ബെംഗളൂരു ഐഐടിക്കും കൊറിയർ കുടിശിക തപാൽ വകുപ്പിനും നൽകി.
സർക്കാർ തീരുമാനം ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ ഇടപെടലിൽ. 24000 ബുക്കും ലൈസൻസും ഇന്ന് ആർടി ഓഫീസുകളിൽ എത്തിക്കും. വിതരണത്തിന് പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തും. തപാൽ വകുപ്പ് വിസമ്മതിച്ചാൽ KSRTCയിൽ കൊറിയർ എത്തിക്കാൻ നീക്കം.
കുടിശിക തുകയായ 15 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. ഇതേ തുടർന്ന് അച്ചടി വൈകാതെ പുനരാരംഭിക്കും. ആർസിയും ഡ്രൈവിങ് ലൈസൻസും അച്ചടിച്ചതിന് ബെംഗളൂരു ഐടിഐ ലിമിറ്റഡിന് നൽകാനുള്ള 8.66 കോടി രൂപയും സി ഡിറ്റിന് നൽകാനുള്ള 6.34 കോടി രൂപയുമാണ് അനുവദിച്ചത്.പണം നൽകാത്തതിനെ തുടർന്നു നവംബർ മുതൽ അച്ചടി നിർത്തി വച്ചിരിക്കുകയായിരുന്നു.
മോട്ടർ വാഹന വകുപ്പിന്റെ ഓഫിസുകളിലേക്ക് സ്റ്റേഷനറി സാധനങ്ങൾ നൽകുന്നത് സി ഡിറ്റാണ്. കുടിശിക വരുത്തിയതിനെ തുടർന്നു സിഡിറ്റ് വിതരണം നിർത്തിയത് ഓഫിസ് പ്രവർത്തനങ്ങളെ ബാധിച്ചു. ആർസി, ഡ്രൈവിങ് ലൈസൻസ് അച്ചടിക്ക് അപേക്ഷകരിൽ ഫീസ് വാങ്ങുന്നുണ്ടെങ്കിലും തുക നേരിട്ടു ട്രഷറിയിലേക്കാണു പോകുന്നത്. ഇതു പിന്നീട് സർക്കാർ അനുവദിക്കുക.
by liji HP News | Mar 23, 2024 | Latest News, കേരളം
മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാൾ പദവികൾ ഒഴിയില്ലെന്ന് ആം ആദ്മി പാർട്ടി. കെജ്രിവാൾ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുമെന്നും പാർട്ടി അറിയിച്ചു. ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നാണ് ഇപ്പോഴത്തെ വിവരം.ഇ ഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാൻ എഎപി ആലോചിക്കുന്നുണ്ട്.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് തീർത്തും രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് മുൻനിർത്തി പ്രചരണം നടത്താനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.ഇലക്ട്രോറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ ഉത്തരവനുസരിച്ച് പരസ്യപ്പെടുത്തിയതിലൂടെ ഉണ്ടാകുന്ന തിരിച്ചടി മറച്ചുവെക്കാനാണ് കെജ്രിവാളിനെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്തതെന്ന് പ്രചരണം ആക്കാനാണ് ആം ആദ്മി പാർട്ടിയുടെ പദ്ധതി. കെജ്രിവാളിന്റെ അറസ്റ്റിൽ രാജവ്യാപകമായുള്ള പ്രതിഷേധ പരിപാടികൾക്ക് ഇന്ത്യ മുന്നണി ഉടൻ രൂപം നൽകും.
അതേസമയം വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് അരവിന്ദ് കെജ്‌രിവാളിന്റെ നീക്കം. വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതിന് സമാന്തരമായി സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. പിഎംഎൽഎ വ്യവസ്ഥകൾ ലംഘിച്ചാണ് അറസ്റ്റ് എന്ന് സുപ്രീംകോടതി അറിയിക്കും. അന്വേഷണവുമായി നിസ്സഹകരിച്ച എന്ന പ്രതീതി തെറ്റായി ഇ ഡി ഉണ്ടാക്കിയെന്നും രാഷ്ട്രീയകാരണങ്ങളാലാണ് അറസ്റ്റ് എന്നും സുപ്രീംകോടതിയെ അറിയിക്കും. മുതിർന്ന ആം ആദ്മി നേതാക്കളും അഭിഷേക് സിംഖ്വിയും ചർച്ച നടത്തി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പാർട്ടിയും ഇന്ത്യ മുന്നണിയും. ഡയറക്ടറേറ്റ് നടപടിയിൽ ബിജെപിക്കെതിരെ പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി നേതൃത്വം ആഹ്വാനം ചെയ്തു. ഇന്ന് ഡൽഹിയിലെ ഷഹിദ് പാർക്കിന് സമീപം ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും. ഈ മാസം 26 ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം മാർച്ചും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
by liji HP News | Mar 23, 2024 | Latest News, കേരളം
കൊച്ചി: പറവൂരിൽ ഭർതൃപിതാവ് കൊലപ്പെടുത്തിയ ഷാനുവിന്റെ ശരീരത്തിൽ വെടിയേറ്റതിന്റെ പാടും. നെറ്റിയിൽ വെടികൊണ്ട് മുറിവേറ്റതിന്റെ പാടുണ്ട്. ഈ പെല്ലറ്റുകൾ ഷാനുവിന്റെ മൃതദേഹത്തിൽ നിന്നു കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നു പൊലീസ് എയർ പിസ്റ്റളും കണ്ടെടുത്തു.
കഴിഞ്ഞ ദിവസമാണ് വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളിൽ സെബാസ്റ്റ്യനാണ് (66) മകൻ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ഷാനുവിനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഇതിനു മുൻപ് വെടിവച്ചതാകാം എന്നാണ് കരുതുന്നത്. അല്ലെങ്കിൽ വെടിവച്ചിട്ടും മരിക്കാതിരുന്നതിനാൽ കഴുത്തു മുറിച്ചതുമാകാം.
വീട്ടിലെ അടുക്കളയിൽ നിന്നാണ് എയർ പിസ്റ്റൾ കണ്ടെടുത്തത്. ആർക്കും വാങ്ങാൻ കഴിയുന്ന ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൾ എറണാകുളത്തെ കടയിൽ നിന്നാണു സെബാസ്റ്റ്യൻ വാങ്ങിയതെന്നു വ്യക്തമായി. എയർ പിസ്റ്റളിലെ 2 പെല്ലറ്റ് ഉപയോഗിച്ചിട്ടുണ്ട്. അനുവദനീയമായതിലും കൂടുതൽ ശേഷി വർധിപ്പിച്ച എയർ പിസ്റ്റളാണോ ഇതെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന കോടതിയുടെ അനുവാദത്തോടെ നടത്തുമെന്നു പൊലീസ് പറഞ്ഞു.
Recent Comments