by Midhun HP News | Mar 24, 2024 | Latest News, കേരളം
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇനി ഒരുനാള്‍ കൂടി അവസരം. മാര്‍ച്ച് 25 വരെ പട്ടികയില്‍ പേര് ചേര്‍ക്കാനാവും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക.
18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.in ല്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍. ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ എന്‍ട്രികള്‍ പൂരിപ്പിക്കാന്‍ കഴിയും.
ന്യൂ രജിസ്‌ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്‌സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ് രേഖകള്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും.ഇതിനകം അപേക്ഷ നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല . അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരം ഓണ്‍ലൈന്‍ ആയോ അതത് താലൂക്ക് ഓഫിസുകളിലെ ഇലക്ഷന്‍ വിഭാഗം , ബി എല്‍ ഓ എന്നിവിടങ്ങളില്‍ നിന്ന് അറിയാവുന്നതാണ്.
by Midhun HP News | Mar 24, 2024 | Latest News, കേരളം
പാലക്കാട്: പൊലീസ് സ്‌റ്റേഷന് മുന്നില്‍ ആത്മഹത്യ ശ്രമം. പാലക്കാട് ആലത്തൂര്‍ സ്‌റ്റേഷനിലാണ് സംഭവം. പത്താനപുരം സ്വദേശിയായ രാജേഷ് (30) ആണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
പരാതി ഒത്തുതീര്‍പ്പാക്കി സ്‌റ്റേഷനില്‍ നിന്ന് മടങ്ങവെയായിരുന്നു ആത്മഹത്യ ശ്രമം. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടർന്ന് ഇരുവരെയും ഇന്നു രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു.
ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീർപ്പാക്കിയശേഷം രാജേഷ് സ്റ്റേഷനിൽനിന്നു പോയതാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഉച്ചയോടെ മണ്ണെണ്ണയിൽ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ്, തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Mar 24, 2024 | Latest News, കേരളം
തിരുവനന്തപുരം: 11 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ചെമ്മരുതി മുട്ടപ്പലം സ്വദേശി തുളസിയെ (56)യാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19 ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം.
മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ തുളസി ഭിന്നശേഷിയുള്ള കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
പരാതി നല്‍കിയ വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോയി. ഒളിവിലായിരുന്ന പ്രതിയെ അയിരൂര്‍ എസ്എച്ച്ഒ വിപിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പോക്‌സോ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
by Midhun HP News | Mar 24, 2024 | Latest News, കേരളം
കൊച്ചി: വോട്ടര്‍മാര്‍ക്ക് തൊട്ടടുത്തുള്ള പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാനുള്ള സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്ത് ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കായി പത്ത് ലക്ഷത്തിലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. ഇലക്ഷന്‍ കമ്മീഷന്റെ https://electoralsearch.eci.gov.in വെബ്സൈറ്റിലൂടെ ഓരോ വോട്ടര്‍മാര്‍ക്കും തൊട്ടടുത്തുള്ള ബൂത്തുകള്‍ കണ്ടെത്തി വോട്ട് ചെയ്യാനാകും.
വെബ്സൈറ്റില്‍ പ്രവേശിച്ച് പേര്, വയസ്സ് , ജില്ല, നിയമസഭ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ബൂത്ത് ഏതെന്നു അറിയാനാകും. കൂടാതെ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്ത് പോളിങ് ബൂത്ത് കണ്ടെത്തുന്നതിനുള്ള സംവിധാനവും വെബ്സൈറ്റിലുണ്ട്. വോട്ടര്‍ ഐഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി നല്‍കിയാലും വിവരം ലഭ്യമാകും. മൂന്ന് രീതിയിലൂടെയും പോളിങ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്‌ക്രീനില്‍ കാണിക്കുന്ന ക്യാപ്ച്ച കോഡ് കൃത്യമായി നല്‍കണം.
പോളിങ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ബൂത്തിന്റെ ലൊക്കേഷന്‍ മനസിലാക്കാം. ആന്‍ഡ്രോയ്ഡ്, ഐഒ എസ് പ്ലാറ്റ്ഫോമില്‍ വരുന്ന വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പ് വഴിയും ഹെല്‍പ്ലൈന്‍ നമ്പറായ 1950 ല്‍ ബന്ധപ്പെട്ടാലും പോളിങ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.
by liji HP News | Mar 23, 2024 | Latest News, കേരളം
കേരളത്തില്‍ എത്തിയ നടൻ വിജയിക്ക് ആരാധകർ ഒരുക്കിയത് വൻ സ്വീകരണമായിരുന്നു. മലയാളി ആരാധകർക്ക് നന്ദി അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിൽ സെല്‍ഫി വീഡിയോയ്‌ക്കൊപ്പമായിരുന്നു വിജയ് നന്ദി പങ്കുവെച്ചത്. തന്നെ കാണാനെത്തിയ ആരാധകർക്കൊപ്പമായിരുന്നു താരത്തിന്റെ വിഡിയോ.
എന്റെ അനിയത്തിമാര്‍, അനിയന്‍മാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, അമ്മമാര്‍. എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എന്നാണ് വിജയ് കുറിച്ചത്. പൂര്‍ണമായും മലയാളത്തിലായിരുന്നു താരത്തിന്റെ കുറിപ്പ്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ് താരം കേരളത്തിൽ എത്തിയത്. വന്‍ സ്വീകരണമായിരുന്നു താരത്തിന് തിരുവനന്തപുരത്ത് ആരാധകര്‍ ഒരുക്കിയത്. സയന്‍സ് ഫിക്ഷന്‍ ചിത്രം ഗോട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വിജയ് തലസ്ഥാനത്ത് എത്തിയത്. വന്‍ ജനാവലിയാണ് വിമാനത്തവളത്തിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
by liji HP News | Mar 23, 2024 | Latest News, കേരളം
പരവൂരിൽ കടലിൽ തിരയിൽ അകപ്പെട്ട രണ്ടു വിദ്യാർത്ഥിനികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ കൊല്ലം പുനലൂർ സ്വദേശി കാഞ്ഞിരമല അനസ് മൻസിലിൽ അൻസർ (30) മരണപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജോലിക്കാരനായിരുന്ന അൻസർ ജോലി സംബന്ധമായ ആവശ്യത്തിനാണ് പരവൂരിൽ എത്തുന്നത്. കസ്റ്റമർ എത്താൻ വൈകിയതിനാൽ വിശ്രമിക്കാനായിരുന്നു അൻസർ കൊല്ലം താന്നി കടപ്പുറത്തേക്ക് പോയത്. ഈ സമയത്താണ് രണ്ടു പെൺകുട്ടികൾ കടലിലെ ഒഴുക്കിൽ അകപ്പെട്ടത് കാണുന്നത്. കൊട്ടാരക്കര കോളേജിലെ വിദ്യാർത്ഥിനികളായിരുന്നു അവർ. അൻസർ ഉടൻ തന്നെ അവരെ രക്ഷിക്കാനായി കടലിലേക്ക് ഇറങ്ങി. ഒരാപത്തും ഇല്ലാതെ പെൺകുട്ടികളെ കരയ്ക്കെത്തിക്കാൻ സാധിച്ചെങ്കിലും അൻസർ തിരയിൽ അകപ്പെടുകയായിരുന്നു. പരവൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് അൻസറിൻ്റെ മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റുമാർട്ടത്തിന് ശേഷം അൻസറിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ദുഖം താങ്ങാനാകാതെ തടിച്ചുകൂടിയത് നിരവധി ആളുകളായിരുന്നു. അൻസറിൻ്റെ ചേതനയറ്റ ശരീരം കണ്ട് ആറു മാസം ഗർഭിണിയായ ഭാര്യ രഹ്ന ഫാത്തിമ കുഴഞ്ഞ് വീണു.ബുധനാഴ്ച ഉച്ചക്ക് ശേഷം അലഞ്ചേരി ജുമാ മസ്ജിദിൽ അൻസറിൻ്റെ ഭൗതിക ശരീരം ഖബറടക്കി.
ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതീക്ഷകൾക്കും ഒടുവിൽ ലഭിച്ച കുഞ്ഞിൻ്റെ മുഖം ഒരുനോക്ക് കാണാനാകാതെയാണ് ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പരിചയമില്ലാത്ത രണ്ടു പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാനായി ഈ റംസാൻ മാസത്തിൽ അൻസർ തൻ്റെ ജീവൻ ത്യജിച്ചത്.
Recent Comments