by liji HP News | Mar 20, 2024 | Latest News, കേരളം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 360 രൂപ ഉയർന്ന് റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6080 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5050 രൂപയാണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2300 രൂപയിലധികമാണ് വര്‍ധിച്ചത്. ചൊവ്വാഴ്ചയാണ് ഒന്‍പതിന് രേഖപ്പെടുത്തിയ 48,600 എന്ന സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് 48,640 എന്നതിലെത്തിയത്.
by liji HP News | Mar 20, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയും താനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. കലാമണ്ഡലം ഗോപി വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ ക്ഷണിച്ചത്. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാമെന്നും ഗോപിയാശാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടുവെന്നും, നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വാഗ്ദാനം ചെയ്തുവെന്നും കലാമണ്ഡലം ഗോപിയുടെ മകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയതിലൂടെയാണ് സംഭവം വിവാദമാകുന്നത്.
by liji HP News | Mar 20, 2024 | Latest News, കേരളം
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി ജി വിദ്യാര്‍ത്ഥിനി ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഡോ. റുവൈസിന് തിരിച്ചടി. റുവൈസിന് പഠനം തുടരാമന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. റുവൈസിനെതിരായ അച്ചടക്ക നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റുവൈസിന്റെ സസ്‌പെന്‍ഷന്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
ഈ കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുഃനപരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇതിനു ശേഷം വീണ്ടും സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
by liji HP News | Mar 20, 2024 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിഴിഞ്ഞത്ത് അനന്തുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബി ഡി എസ് വിദ്യാര്‍ത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അതുകൂടി പരിഗണിച്ചു കൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. ഒരു കുട്ടിയുടെ കാലു മുറിക്കുന്ന സംഭവം അടക്കം ഇത്തരത്തില്‍ നിരവധി വിഷയങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ല. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങളുടെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല. ഉയര്‍ന്നു വന്ന വിഷയങ്ങളെല്ലാം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അനന്തുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.
by liji HP News | Mar 20, 2024 | Latest News, കേരളം
കൊച്ചി: കളമശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ആര്‍ഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.ആറ് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.
രാവിലെ ഒന്‍പതുമണിയോടെ സ്‌കൂട്ടറിലെത്തിയ ആര്‍ഷല്‍ കളമശേരി എകെജി റോഡില്‍വച്ച് നീനുവിനെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
by liji HP News | Mar 20, 2024 | Latest News, കേരളം
തിരുവനന്തപുരം വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച വിദ്യാർത്ഥി അനന്തുവിൻ്റെ സംസ്കാരം ഇന്ന്. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വീടിന് സമീപമുള്ള ശ്മശാനത്തിൽ നടക്കും. രാവിലെ എട്ട് മണിക്ക് അനന്തു പഠിച്ച കോളജിൽ പൊതുദർശനത്തിന് വെക്കും. അതിനുശേഷമായിരിക്കും വീട്ടിലേക്ക് മൃതദേഹം എത്തിക്കുക. അതേസമയം അപകടത്തിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധിക്കും.
നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന അനന്തു ഇന്നലെയാണ് മരിച്ചത്. രാവിലെ 8 മണിയോടെ മുക്കോല-ബാലരാമപുരം റോഡിൽ മണലിവിള മുള്ളുമുക്കിലാണ് അപകടം നടന്നത്. കോളജിൽ പോകാനായി ബാലരാമപുരത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അനന്തു. എതിർ ദിശയിൽ നിന്നുവരികയായിരുന്ന ലോറിയിൽ അമിതമായി കരിങ്കല്ലു കയറ്റിയിരുന്നു.
അതിൽനിന്നു തെറിച്ചുവന്ന വലിയകല്ല് അനന്തുവിന്റെ തലയുടെ മുൻഭാഗത്ത് ഇടിച്ച് നെഞ്ചിൽ പതിച്ചശേഷം സ്കൂട്ടറിന്റെ ഹാൻഡിലിൽ വീഴുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞു. അദാനി തുറമുഖത്തിനായി ടെട്രാപോഡ് നിർമ്മിക്കുന്ന കേന്ദ്രത്തിനു മുന്നിലെ റോഡിലെ കുഴിയിൽ വീണപ്പോഴാണ് ലോറിയിൽ നിന്നു കരിങ്കല്ല് തെറിച്ചത്. 20 കിലോഗ്രാമോളം ഭാരമുള്ള കല്ലിന്റെ വീഴ്ചയിൽ അനന്തുവിന്റെ ഹെൽമെറ്റ് തകർന്നു. നെഞ്ചിന്റെ ഭാഗത്തെ എല്ലുകൾ പൊട്ടുകയും ഹൃദയം, കരൾ അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ മെഡിക്കൽ കോളജിൽ വച്ച് പൂർത്തിയാക്കിയിരുന്നു. അതേസമയം അപകടത്തിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധിക്കും. അനന്തുവിൻ്റെ കുടുംബത്തിന് അർഹമായ സഹായം നൽകുക, ജനത്തിൻ്റെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ ചർച്ച നടത്തിയേക്കും.
Recent Comments