by liji HP News | Mar 21, 2024 | Latest News, കേരളം
ചാലക്കുടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കലാഭവന്‍ മണിക്ക് ജന്മനാട്ടിൽ സ്മാരകം യാഥാർഥ്യമാകുന്നു. ചാലക്കുടിക്കാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് കലാഭവൻ മണി സ്മാരക നിര്‍മാണത്തിന് തുടക്കമായത്. സാംസ്‌കാരിക വകുപ്പിന്‍റേയും കേരള ഫോക് ലോര്‍ അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിലാണ് സ്മാരക നിര്‍മാണം.
നിര്‍മാണത്തിന്‍റെ പ്രാരംഭ നടപടികളുടെ ഭാഗമായി മണ്ണ് പരിശോധന കഴിഞ്ഞ ദിവസം ആരംഭിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും. കുഴല്‍കിണര്‍ നിര്‍മാണവും അടുത്ത ദിവസം ആരംഭിക്കും. നാടൻ കലകളുടെ ഗവേഷണ കേന്ദ്രവും തിയ്യറ്റര്‍ സമുച്ചയവും സ്മാരക മന്ദിരത്തിന്‍റെ ആകര്‍ഷണങ്ങളാണ്.
സ്മാരക നിര്‍മാണത്തിനായി മൂന്ന് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിർമിക്കാൻ ഉദ്ദേശിച്ചിരുന്നതിന്‍റെ പകുതി വലിപ്പത്തിലാണ് സ്മാരകം നിർമിക്കുന്നത്. നഗരസഭ വിട്ടു നൽകിയ 20 സെന്‍റ് സ്ഥലത്ത് ആറായിരം ചതുരശ്രയടി വിസ്തീർണത്തിലാണ് ഇപ്പോൾ സ്മാരകം നിർമിക്കുക.സനീഷ്കുമാർ ജോസഫ് എംഎൽഎ നിരന്തരമായി മന്ത്രിക്ക് നൽകിയ കത്തിന്‍റേയും മറ്റും അടിസ്ഥാനത്തിലാണ് ഇപ്പോഴെങ്കിലും സ്മാരകത്തിന്‍റെ നിർമാണം ആരംഭിക്കുന്നത്. ഫോക് ലോർ അക്കാദമിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല.
വി.ആർ.പുരം സ്വദേശിയാണ് സ്മാരകത്തിന്‍റെ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം 6ന് മണിയുടെ എട്ടാം അനുസ്മരണത്തിന് മുന്നോടിയായി നിർമാണം ആരംഭിക്കാമെന്ന് സനീഷ് കുമാർ എംഎൽഎ, ഫോക് ലോർ അക്കാദമി സെക്രട്ടറി, ഊരാളുങ്കൽ സൊസൈറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല
സ്മാരക നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുക എന്നതായിരുന്നു ആദ്യം നേരിട്ട വെല്ലുവിളി. വിദ്യഭ്യാസ വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലം സാംസ്‌കാരിക വകുപ്പിന് വിട്ടു നൽകിയുള്ള ഉത്തരവ് ലഭിക്കാൻ ഏറെ സമയം എടുത്തതിനാൽ നിർമാണം നീണ്ടു പോവുകയായിരുന്നു.
നിലവില്‍ അനുവദിച്ചിട്ടുള്ള സ്ഥലത്തോട് ചേര്‍ന്ന് 15 സെന്‍റ് കൂടി ലഭ്യമായാല്‍ സ്മാരക മന്ദിരത്തില്‍ കൂടതല്‍ സൗകര്യങ്ങളൊരുക്കാനാകും. ഇതിനായി അധിക ഭൂമി വേണമെങ്കിൽ വിട്ടു നൽകാമെന്ന് നഗരസഭ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ തുക ഇനിയും അനുവദിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നഗരസഭ അധികൃതര്‍ക്ക് ഉറപ്പ് നല്കിയിരുന്നു. നിർമാണം നീണ്ടു പോയപ്പോൾ കലാകാരന്‍മാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ സമരങ്ങളാണ് നടത്തിയത്.
ചാലക്കുടിയുടെ സ്വന്തം കലാഭവൻ മണിയുടെ പേരിലുള്ള സ്മാരകം മുൻ തീരുമാനത്തിന് വിരുദ്ധമായി ചെറുതാക്കി പണിയുന്നതിൽ മണിയുടെ ആരാധകർക്ക് പ്രതിഷേധമുണ്ട് എങ്കിലും സാംസ്‌കാരിക വകുപ്പും ഫോക് ലോര്‍ അക്കാദമിയും കലാഭവന്‍ മണി സ്മാരകത്തിന്‍റെ നിര്‍മാണത്തിന് തുടക്കമിട്ടിരിക്കുന്നതിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്.
by liji HP News | Mar 21, 2024 | Latest News, കേരളം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍നാലിനു പ്രസിദ്ധീകരിക്കും. പുതുതായി പേരു ചേര്‍ക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും ഈ മാസം 25നകം അപേക്ഷിച്ചാല്‍ പട്ടികയില്‍ ഇടം നേടാം. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസമായ ഏപ്രില്‍ 4 വരെ പേരു ചേര്‍ക്കാമെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസമെങ്കിലും വേണ്ടതിനാല്‍ 25നു മുന്‍പെങ്കിലും അപേക്ഷിക്കുകയാണ് ഉചിതമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് എം കൗള്‍ പറഞ്ഞു.
ഏപ്രില്‍ 4ന് അന്തിമ പട്ടിക തയ്യാറാക്കിയശേഷം നാട്ടിലില്ലാത്തവര്‍, സ്ഥലംമാറിപ്പോയവര്‍, മരിച്ചവര്‍ എന്നിവരുടെ പട്ടിക ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടു ശേഖരിക്കുമെന്നും സഞ്ജയ് എം കൗള്‍ പറഞ്ഞു. ഈ പട്ടിക വോട്ടെടുപ്പിന്റെ ചുമതല വഹിക്കുന്ന പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കു കൈമാറും. ഇതില്‍ ഉള്‍പ്പെട്ട ആരെങ്കിലും വോട്ടു ചെയ്യാനെത്തിയാല്‍ സത്യവാങ്മൂലവും വിരലടയാളവും ശേഖരിച്ച ശേഷമേ അനുവദിക്കൂ. പേര് ഒന്നിലധികം തവണ ചേര്‍ത്തവരെയും മരിച്ചവരെയും മറ്റും കണ്ടെത്തി 30.44 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍നിന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നീക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
by liji HP News | Mar 21, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.
by liji HP News | Mar 20, 2024 | Latest News, കേരളം
തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങാനിരിക്കെയാണ് സംഭവം.
വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമാണ്.
ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ സംഘമാണെന്ന് സൂചന. എന്നാൽ രാഷ്ട്രീയ വിദ്വേഷമാണോ ആക്രമണത്തിന് കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്പലത്തിൻകാലയിൽ ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹാണ് വിഷ്ണു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
by liji HP News | Mar 20, 2024 | Latest News, കേരളം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 360 രൂപ ഉയർന്ന് റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6080 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5050 രൂപയാണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2300 രൂപയിലധികമാണ് വര്‍ധിച്ചത്. ചൊവ്വാഴ്ചയാണ് ഒന്‍പതിന് രേഖപ്പെടുത്തിയ 48,600 എന്ന സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് 48,640 എന്നതിലെത്തിയത്.
by liji HP News | Mar 20, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയും താനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. കലാമണ്ഡലം ഗോപി വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ ക്ഷണിച്ചത്. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാമെന്നും ഗോപിയാശാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടുവെന്നും, നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വാഗ്ദാനം ചെയ്തുവെന്നും കലാമണ്ഡലം ഗോപിയുടെ മകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയതിലൂടെയാണ് സംഭവം വിവാദമാകുന്നത്.
Recent Comments