by liji HP News | Mar 20, 2024 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിഴിഞ്ഞത്ത് അനന്തുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബി ഡി എസ് വിദ്യാര്‍ത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അതുകൂടി പരിഗണിച്ചു കൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. ഒരു കുട്ടിയുടെ കാലു മുറിക്കുന്ന സംഭവം അടക്കം ഇത്തരത്തില്‍ നിരവധി വിഷയങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ല. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങളുടെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല. ഉയര്‍ന്നു വന്ന വിഷയങ്ങളെല്ലാം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അനന്തുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.
by liji HP News | Mar 20, 2024 | Latest News, കേരളം
കൊച്ചി: കളമശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ആര്‍ഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.ആറ് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.
രാവിലെ ഒന്‍പതുമണിയോടെ സ്‌കൂട്ടറിലെത്തിയ ആര്‍ഷല്‍ കളമശേരി എകെജി റോഡില്‍വച്ച് നീനുവിനെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
by liji HP News | Mar 20, 2024 | Latest News, കേരളം
തിരുവനന്തപുരം വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച വിദ്യാർത്ഥി അനന്തുവിൻ്റെ സംസ്കാരം ഇന്ന്. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വീടിന് സമീപമുള്ള ശ്മശാനത്തിൽ നടക്കും. രാവിലെ എട്ട് മണിക്ക് അനന്തു പഠിച്ച കോളജിൽ പൊതുദർശനത്തിന് വെക്കും. അതിനുശേഷമായിരിക്കും വീട്ടിലേക്ക് മൃതദേഹം എത്തിക്കുക. അതേസമയം അപകടത്തിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധിക്കും.
നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന അനന്തു ഇന്നലെയാണ് മരിച്ചത്. രാവിലെ 8 മണിയോടെ മുക്കോല-ബാലരാമപുരം റോഡിൽ മണലിവിള മുള്ളുമുക്കിലാണ് അപകടം നടന്നത്. കോളജിൽ പോകാനായി ബാലരാമപുരത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അനന്തു. എതിർ ദിശയിൽ നിന്നുവരികയായിരുന്ന ലോറിയിൽ അമിതമായി കരിങ്കല്ലു കയറ്റിയിരുന്നു.
അതിൽനിന്നു തെറിച്ചുവന്ന വലിയകല്ല് അനന്തുവിന്റെ തലയുടെ മുൻഭാഗത്ത് ഇടിച്ച് നെഞ്ചിൽ പതിച്ചശേഷം സ്കൂട്ടറിന്റെ ഹാൻഡിലിൽ വീഴുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞു. അദാനി തുറമുഖത്തിനായി ടെട്രാപോഡ് നിർമ്മിക്കുന്ന കേന്ദ്രത്തിനു മുന്നിലെ റോഡിലെ കുഴിയിൽ വീണപ്പോഴാണ് ലോറിയിൽ നിന്നു കരിങ്കല്ല് തെറിച്ചത്. 20 കിലോഗ്രാമോളം ഭാരമുള്ള കല്ലിന്റെ വീഴ്ചയിൽ അനന്തുവിന്റെ ഹെൽമെറ്റ് തകർന്നു. നെഞ്ചിന്റെ ഭാഗത്തെ എല്ലുകൾ പൊട്ടുകയും ഹൃദയം, കരൾ അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ മെഡിക്കൽ കോളജിൽ വച്ച് പൂർത്തിയാക്കിയിരുന്നു. അതേസമയം അപകടത്തിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധിക്കും. അനന്തുവിൻ്റെ കുടുംബത്തിന് അർഹമായ സഹായം നൽകുക, ജനത്തിൻ്റെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ ചർച്ച നടത്തിയേക്കും.
by liji HP News | Mar 20, 2024 | Latest News, കേരളം
ഡല്‍ഹി: തെരഞ്ഞടുപ്പ് കവറേജിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍വോട്ട് ചെയ്യാന്‍ അവസരം. പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള അവശ്യസേവനങ്ങളുടെ പട്ടികയില്‍ തെരഞ്ഞെടുപ്പ് കവറേജിലുള്ള മാധ്യമപ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തിയാണ് കമ്മിഷന്റെ വിജ്ഞാപനം. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
മെട്രോ, റെയില്‍വേ, ആരോഗ്യ സംരക്ഷണം തുടങ്ങിയ അവശ്യ സേവനങ്ങളുടെ ഭാഗമായവര്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പിലും നാല് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിച്ചു വോട്ടുചെയ്യാം.
പോളിങ് ദിന പ്രവര്‍ത്തനങ്ങള്‍ കവര്‍ ചെയ്യുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അക്രഡിറ്റേഷന്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുള്ളത്. വോട്ടര്‍പ്പട്ടികയില്‍ പേരുള്ള പാര്‍ലമെന്റ് മണ്ഡലത്തിലെ അതത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസില്‍നിന്നു ഫോം 12 ഡി സ്വീകരിക്കുകയോ അതത് ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്സൈറ്റില്‍നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം.
by liji HP News | Mar 20, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ബുധനാഴ്ച, വ്യാഴാഴ്ച) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 10 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഈ രണ്ടുദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ 38°C വരെയും കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നി ജില്ലകളില്‍ 36°C വരെയും (സാധാരണയേക്കാള്‍ 2 – 4 °C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ രണ്ടുദിവസം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതിനിടെ കേരളത്തിന് ഒടുവില്‍ ആശ്വാസമായി വേനല്‍ മഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതല്‍ വേനല്‍ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴ സാധ്യതയുള്ളത്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
by liji HP News | Mar 20, 2024 | Latest News, കേരളം
കോഴിക്കോട്: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കുറുവങ്ങാട് സ്വദേശി അമല്‍ സൂര്യ (25) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഹരിമരുന്ന് സിറിഞ്ചും കണ്ടെത്തി.
ഇന്ന് രാവിലെയാണ് സംഭവം. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് യുവാക്കള്‍ ഇവിടെ സ്ഥിരമായി തമ്പടിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അത്തരത്തില്‍ ഒരു സംഘം ചേരല്‍ ഇന്നലെയും നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. അമല്‍ സൂര്യയോടൊപ്പം കൂട്ടുകാരും ഉണ്ടായിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Recent Comments