കേരളത്തില്‍ ഏപ്രില്‍ 26; വോട്ടെണ്ണല്‍ ജൂണ്‍ നാല്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിന് ആയിരിക്കും ഫലപ്രഖ്യാപനം.

ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു.

രണ്ടാം ഘട്ടമായ ഏപ്രില്‍ 26 നാണ് കേരളത്തിലെ വോട്ടെടുപ്പ്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. അതിനുമുന്‍പ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കണം.

ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം

ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം

മാർച്ച് 16ന് കേരള തീരത്ത് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

• കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

• മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

• ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ലീവ് സറണ്ടര്‍ അനുവദിച്ചു; ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പണമായി നല്‍കും; സര്‍വീസ് പെന്‍ഷന്‍ കുടിശികയ്ക്ക് 628 കോടി

ലീവ് സറണ്ടര്‍ അനുവദിച്ചു; ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പണമായി നല്‍കും; സര്‍വീസ് പെന്‍ഷന്‍ കുടിശികയ്ക്ക് 628 കോടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 2024 – 25 ലെ ലീവ് സറണ്ടര്‍ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും ജിപിഎഫ് ഇല്ലാത്തവര്‍ക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് പിഎഫില്‍ ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍വീസ് പെന്‍ഷന്‍ കുടിശിക 628 കോടി രൂപ അനുവദിച്ചതായും മന്ത്രി അറയിച്ചു. വിരമിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പതിനൊന്നാം പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചു. 5.07 ലക്ഷം പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച് ഉത്തരവിറക്കി.

ചൂടിന് അറുതിയില്ല; ഇന്ന് ഒമ്പത് ജില്ലകളില്‍ താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

ചൂടിന് അറുതിയില്ല; ഇന്ന് ഒമ്പത് ജില്ലകളില്‍ താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ താപനില(യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം, കോഴിക്കോട് ,തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും താപനില ഉയരാന്‍ ഇടയുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ(സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയാരാന്‍ സാധ്യതണുണ്ട്. മാര്‍ച്ച് 15 മുതല്‍ 19 വരെയാണ് ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറയിപ്പുള്ളത്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 15 മുതല്‍ 19 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ മുന്‍കൂര്‍ അടച്ചാല്‍ ഇളവ്: പുതിയ വാഗ്ദാനവുമായി വൈദ്യുതി വകുപ്പ്

ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ മുന്‍കൂര്‍ അടച്ചാല്‍ ഇളവ്: പുതിയ വാഗ്ദാനവുമായി വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ മുന്‍കൂറായി അടച്ചാല്‍ ഇളവുകള്‍ നല്‍കുമെന്ന വാഗ്ദാനവുമായി വൈകാതെ വൈദ്യുതി വകുപ്പ് ഉപഭോക്താക്കളുടെ മുന്നിലെത്തും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോര്‍ഡിന് അടിയന്തരമായി പണം ആവശ്യമുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിനുള്ള സ്‌കീം തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ അനുവാദം നല്‍കി. വൈദ്യുതി മേഖലയിലെയും ബോര്‍ഡിന്റെയും പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ബോര്‍ഡ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.

നിലവില്‍ ആറ് മാസത്തെ ബില്‍ അടച്ചാല്‍ രണ്ട് ശതമാനവും ഒരു വര്‍ഷത്തേക്ക് നാലുശതമാനവും പലിശയാണ് ബോര്‍ഡ് കണക്കാക്കുന്നത്. പലിശ കൂട്ടി ഈ രീതി വ്യാപകമാക്കാനാണ് ബോര്‍ഡിന്റെ നീക്കം. വാണിജ്യ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ വാഗ്ദാനം ചെയ്താല്‍ മുന്‍കൂര്‍ പണം അടയ്ക്കാന്‍ കൂടുതല്‍ പേര്‍ തയ്യാറായേക്കുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ഈ പലിശത്തുക ബില്ലില്‍ നിന്ന് കുറയ്ക്കുകയും ചെയ്യും.

ഉപഭോക്താവിന് ബാങ്ക് നിക്ഷേപത്തിന്റെ പലിശ നല്‍കിയാലും പുറത്തുനിന്ന് വായ്പ എടുക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ബോര്‍ഡിന് പണം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രയോജനം. ഓരോ രണ്ടുമാസത്തെയും ബില്‍ തുക ഇതില്‍ നിന്ന് കുറയ്ക്കും. ശേഷിക്കുന്ന തുക എത്രയാണെന്ന് ഓരോ ബില്ലിലും അറിയിക്കും. അക്കൗണ്ടില്‍ മതിയായ തുകയുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ വരവുവെയ്ക്കും. കുറവാണെങ്കില്‍ ഉപഭോക്താവ് നല്‍കുകയും വേണം.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശ്ശിക ഉടനെ കിട്ടാനുള്ള സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂറായി പണം സമാഹരിക്കാന്‍ ബോര്‍ഡ് ശ്രമിക്കുന്നത്.

കോട്ടയത്ത് നൂറ് ശതമാനം വിജയസാധ്യതയെന്ന് തുഷാര്‍; ബിഡിജെഎസ് സ്ഥാനാര്‍ഥികളായി

കോട്ടയത്ത് നൂറ് ശതമാനം വിജയസാധ്യതയെന്ന് തുഷാര്‍; ബിഡിജെഎസ് സ്ഥാനാര്‍ഥികളായി

കോട്ടയം: ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാല് സ്ഥലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. ഇടുക്കിയില്‍ സംഗീത വിശ്വനാഥനും കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും സ്ഥാനാര്‍ഥികളാകും. ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും സംഗീത മത്സരിച്ചിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയ സംഗീത 9,286 വോട്ട് നേടിയിരുന്നു.

കോട്ടയത്ത് ജയിക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്ത് പതിനെട്ടാം തീയതിയും ഇടുക്കിയില്‍ ഇരുപതാം തീയതിയും കണ്‍വെന്‍ഷന്‍ നടക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ആറ് മാസത്തോളമായി പ്രചാരണവുമായി പാര്‍ട്ടി സജീവമായി രംഗത്തുണ്ടായിരുന്നെന്നും തുഷാര്‍ പറഞ്ഞു. ചാലക്കുടിയില്‍ കെഎ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ഥികള്‍.