തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ വിലക്കണം: സുപ്രീംകോടതിയില്‍ ഹര്‍ജി

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ വിലക്കണം: സുപ്രീംകോടതിയില്‍ ഹര്‍ജി

ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സുപ്രീംകോടതി വിധി പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് ഡോ. ജയ താക്കൂറാണ് ഹര്‍ജി നല്‍കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സെലക്ഷന്‍ പാനൽ രൂപീകരിക്കാൻ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള സമിതി രൂപീകരിക്കാനുള്ള ബില്‍ പാസ്സാക്കി.

പ്രധാനമന്ത്രി, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ്, പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുക. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് ഇഷ്ടപ്പെട്ടവരെ തിരുകി കയറ്റാനാണ് പുതിയ നിയമത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപ, റിട്ടേണ്‍ 100രൂപ; തലശേരി- മാഹി ബൈപ്പാസ് ടോള്‍ നിരക്ക്

കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപ, റിട്ടേണ്‍ 100രൂപ; തലശേരി- മാഹി ബൈപ്പാസ് ടോള്‍ നിരക്ക്

കണ്ണൂര്‍: ഉദ്ഘാടത്തിന് മുന്‍പേ തലശേരി – മാഹി ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി. രാവിലെ എട്ടുമണി മുതലാണ് ദേശീയ പാത അതോറിറ്റി ടോള്‍ പിരിവ് തുടങ്ങിയത്. കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപയും റിട്ടേണ്‍ നിരക്ക് നൂറ് രൂപയുമാണ്. ബസിനും ട്രക്കിനും ഒരുഭാഗത്തേക്ക് 225 രൂപയും റിട്ടേണ്‍ നിരക്ക് 335 രൂപയുമാണ്. മിനി ബസ് ഒരു ഭാഗത്തേക്ക് 105 രൂപയാണ് നിരക്ക്‌.

ബൈപ്പാസിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയിട്ടാണ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും. തലശേരി, മാഹി എന്നീ തിരക്കേറിയ നഗരങ്ങളില്‍ കയറാതെ കണ്ണൂരില്‍ നിന്ന് കോഴിക്കോട് അഴിയൂരില്‍ എത്തുന്ന ആറുവരി പാതയാണ് ബൈപ്പാസ്.

നീണ്ട 47 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 45 മീറ്റര്‍ വീതിയും 18.6 കിലോമീറ്റര്‍ നീളവുമുള്ള ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നത്. 1977ലാണ് സ്ഥലമെടുപ്പ് ആരംഭിച്ചത്. മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്. ഒരു ഓവര്‍ ബ്രിഡ്ജ്, ഒരു റെയില്‍വേ ഓവര്‍ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 48,600 രൂപ. 6075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

46,320 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവര്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് 47,000 ത്തിലേക്ക് വിലയെത്തി. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇതേ വില നിലവാരത്തില്‍ തുടര്‍ന്ന് സ്ഥിരത കൈവരിച്ചു. പിന്നീട് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ചൊവ്വാഴ്ച 47,560 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡ് ഇട്ടത്.

പിന്നീട് 48000 കടന്ന സ്വര്‍ണവില ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചു. പിന്നീട് ഇത് 48,600 രൂപയിലേക്ക് എത്തുകയായിരുന്നു. ഇങ്ങനെ പോയാല്‍ 50,000 കടക്കുന്നതിന് അധികം സമയം വേണ്ടി വരില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

24 മണിക്കൂറില്‍ 30 ലക്ഷം അംഗങ്ങള്‍; രാഷ്ട്രീയത്തിലും ഹിറ്റ് ആയി വിജയ്

24 മണിക്കൂറില്‍ 30 ലക്ഷം അംഗങ്ങള്‍; രാഷ്ട്രീയത്തിലും ഹിറ്റ് ആയി വിജയ്

ചെന്നൈ: നടന്‍ വിജയ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തില്‍ അംഗമാകാന്‍ ആരാധകരുടെ ഒഴുക്ക്. അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി പാര്‍ട്ടി അവകാശപ്പെട്ടു.

കഴിഞ്ഞ മാസമാണ് വിജയ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പ്രത്യേക മൊബൈല്‍ ആപ് വഴി പാര്‍ട്ടിയില്‍ അംഗമാകുന്ന ക്യാംപെയ്ന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആദ്യ അംഗമായി വിജയ് ചേര്‍ന്നിരുന്നു.

പാര്‍ട്ടിയില്‍ അംഗമാകാന്‍ വിജയ് ആവശ്യപ്പെട്ടതോടെ ആദ്യ മണിക്കൂറില്‍ 20 ലക്ഷത്തില്‍പ്പരം ആളുകളാണ് അംഗത്വത്തിനായി ആപ്പ് സന്ദര്‍ശിച്ചത്. അംഗത്വമെടുക്കാനായി ഒരേ സമയം ഒട്ടേറെയാളുകള്‍ ആപ്പില്‍ കയറിയതോടെ സൈറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷക്കണക്കിന് ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്. തകരാര്‍ പരിഹരിച്ച് 24 മണിക്കൂറിനകം 30 ലക്ഷം പേര്‍ അംഗത്വമെടുത്തു. 2 കോടി അംഗങ്ങളെ ചേര്‍ക്കാനാണു ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.

വെന്തുരുകി കേരളം; രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടിയേക്കാമെന്ന് മുന്നറിയിപ്പ്

വെന്തുരുകി കേരളം; രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടിയേക്കാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, മലപ്പുറം, കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യത.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ കനത്ത ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണം.

വന്ദേഭാരത് മംഗളൂരുവിലേക്ക്, കൊല്ലത്തു നിന്നും തിരുപ്പതിയിലേക്കും ട്രെയിൻ; ഫ്ലാഗ് ഓഫ് നാളെ

വന്ദേഭാരത് മംഗളൂരുവിലേക്ക്, കൊല്ലത്തു നിന്നും തിരുപ്പതിയിലേക്കും ട്രെയിൻ; ഫ്ലാഗ് ഓഫ് നാളെ

തിരുവനന്തപുരം: വന്ദേഭാരത് അടക്കം മൂന്നു ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു വരെ നീട്ടിയ മംഗളൂരു–തിരുവനന്തപുരം -മംഗളൂരു സെൻട്രൽ വന്ദേഭാരത്, പുതിയതായി പ്രഖ്യാപിച്ച മൈസൂരു– ചെന്നൈ- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് , തിരുപ്പതി–കൊല്ലം എക്സ്പ്രസ് എന്നിവയുടെ ഉദ്ഘാടനമാണ് മോദി നിർവഹിക്കുക.

വിഡിയോ കോണ്‍ഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. മാർച്ച് 13 മുതൽ മംഗളൂരു–തിരുവനന്തപുരം സെൻട്രൽ-മംഗളൂരു ട്രെയിൻ റെഗുലർ സർവീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും. തുടർന്ന് ബുധൻ ഒഴികെ ആഴ്ചയിലെ ആറു ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക.

തിരുപ്പതി–കൊല്ലം –തിരുപ്പതി എക്സ്പ്രസ് ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും സർവീസ് നടത്തുക. ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽനിന്ന് കൊല്ലത്തേക്കും സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.