പത്തനംതിട്ട ലോ കോളജിലെ വിദ്യാര്‍ഥിയെ ഇടിവള കൊണ്ട് ഇടിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

പത്തനംതിട്ട ലോ കോളജിലെ വിദ്യാര്‍ഥിയെ ഇടിവള കൊണ്ട് ഇടിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ജെയ്‌സണ്‍ ജോസഫാണ് കീഴടങ്ങിയത്.

കോളജിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയെ ജെയ്‌സണ്‍ ജോസഫ് ഇടിവള കൊണ്ട് മുഖത്ത് മര്‍ദിച്ചെന്നാണ് ആരോപണം. ജെയ്‌സണ്‍ സത്രീത്വത്തെ അപമാനിച്ചെന്നും ആരോപണമുണ്ടായിരുന്നു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ജെയ്‌സണിനെതിരെ പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നെങ്കിലും കോടതികള്‍ അപേക്ഷ തള്ളിയിരുന്നു.

വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കണം; നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ

വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കണം; നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ

വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കണമെന്ന നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ. ഇനിയൊരു മുന്നറിയിപ്പ് നൽകുന്നതു വരെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിക്കില്ല. അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാനാണ് നിർദേശം. ഡെപ്യൂട്ടി കളക്ടറിന്റെ നേത്യത്വത്തിലുള്ള സംഘം വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.

അപകടത്തിൻ്റെ ഉത്തരവാദിത്തം നടത്തിപ്പുകാരുടെ തലയിൽ ചാരിയാണ് പൊലീസ് എഫ്ഐആർ ഇട്ടത്. ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തിപ്പ് ചുമതലയുള്ള ‘ജോയ് വാട്ടർ സ്പോർട്സ്’ എന്ന സ്ഥാപനത്തിന് എതിരെയാണ് കേസ് എടുത്തത്. ഐപിസി സെക്ഷൻ 336, 337, 338 എന്നീ വകുപ്പുകൾ ചുമത്തി.

മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ആളുകളെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കടത്തിവിട്ടതിനാണ് കേസ്. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അപകടം ഉണ്ടാകുമെന്ന് അറിവുള്ളവരാണ് പ്രതികൾ എന്ന് എഫ്ഐആറിൽ പൊലീസ് പറയുന്നു. അപകടത്തിൽപെട്ടയാളുടെ മൊഴി പ്രകാരമാണ് കേസ് എടുത്തത്. വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അടൂർ പ്രകാശ് എംപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ശാസ്ത്രീയ പഠനം നടത്തിയിരുന്നോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ, പദ്ധതിയിൽ അഴിമതി നടന്നോ എന്നീ വിഷയങ്ങൾ അന്വേഷണപരിധിയിൽ വരണമെന്നാണ് ആവശ്യം. അത്യന്തം ഗൗരവതരമായ സംഭവമാണ് നടന്നതെന്നും അടൂർ പ്രകാശ് കത്തിൽ പറയുന്നു.

വർക്കലയിൽ ചട്ടങ്ങൾ പാലിക്കാതെയാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമിച്ചതെന്ന് വിവരാവകാശ കമ്മീഷന്റെ മറുപടി രേഖയിൽ വ്യക്തമാക്കിയിരുന്നു. തീരദേശപരിപാലന ചട്ടങ്ങൾ പാലിച്ചില്ലെന്നും കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ലന്നും രേഖയിൽ പറയുന്നു.അപകടത്തിൽ ടൂറിസം ഡയറക്ടർ പിബി നൂഹിന്റെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മാണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിവരകാശ രേഖയിൽ. തീരദേശ പരിപാലന ചട്ടങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടത്തിയതെന്നും കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും ആരോപണമുണ്ട്. . പരിസ്ഥിതി പ്രവർത്തകനും കോളേജധ്യാപകനുമായ സഞ്ജീവ് നൽകിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. ബീച്ചിലെ അനധികൃത നിർമ്മാണങ്ങളെ പറ്റി അന്വേഷിക്കുന്ന ആവശ്യപ്പെട്ട് ഇയാൾ വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്.

വടകരയില്‍ നിന്നാല്‍ ജയിച്ചുപോയേനെ; തൃശൂരില്‍ ജാതകപ്രകാരം മുരളിയേട്ടന്റെ സമയം നോക്കണം; പദ്മജ

വടകരയില്‍ നിന്നാല്‍ ജയിച്ചുപോയേനെ; തൃശൂരില്‍ ജാതകപ്രകാരം മുരളിയേട്ടന്റെ സമയം നോക്കണം; പദ്മജ

തൃശൂര്‍: തൃശൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നതെന്നും അവര്‍ ആരാണെന്ന് മാധ്യമങ്ങള്‍ തന്നെ പറഞ്ഞാല്‍ മതിയെന്നും പദ്മജ വേണുഗോപാല്‍. തന്നെ വല്ലാതെ ചൊറിഞ്ഞാല്‍ ആ പേരുകള്‍ തുറന്നു പറയുമെന്നും വടകരയില്‍ നിന്നാല്‍ മുരളിയേട്ടന്‍ അവിടെ ജയിച്ച് പോയേനെയെന്നും പദ്മജ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പദ്മജ വേണുഗോപാല്‍.

തൃശൂരില്‍ കെ മുരളീധരന്‍ തോല്‍ക്കുമോ? എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; അദ്ദേഹം തോല്‍ക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ജാതകപ്രകാരം ഇനി സമയം നോക്കണം. എന്നാലേ അത് പറയാന്‍ പറ്റൂ. തൂശൂരില്‍ നല്ല ആളുകളണ്ട്. എന്നാല്‍ ചില വൃത്തികെട്ട നേതാക്കന്‍മാരുണ്ട്. അവരാണ് തന്റെ കാലുവാരിയത്. അവര്‍ തന്നെയാണ് മുരളിയേട്ടന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നത്. അവരുടെ അടുത്ത് നിന്ന് ഓടിപ്പോയതില്‍ സന്തോഷമുണ്ടെന്നും പദ്മജ പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാനാണ് സാധ്യതയെന്നും പദ്മജ പറഞ്ഞു.

തനിക്ക് ഒന്നും ചെയ്യാന്‍ കഴിവില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പറയുന്നത്. പിന്നെ എന്തിനാണ് മുരളിയേട്ടനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. ബിജെപിയിലേക്ക് വന്ന പലരും കോണ്‍ഗ്രസ് നേതാക്കന്‍മാരാണ്. തനിക്ക് രണ്ടുംതമ്മില്‍ വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ലെന്ന് പദ്മജ പറഞ്ഞു. വടകരയില്‍ സുഖമായി ജയിക്കുമായിരുന്ന മുരളിയേട്ടനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് എന്തിനാണെന്നും പദ്മജ ചോദിച്ചു.

സ്ഥിരമായി ചന്ദനക്കുറി തൊട്ടപ്പോള്‍ കോണ്‍ഗ്രസിലെ ചിലര്‍ തന്നെ വര്‍ഗീയവാദിയാക്കി. തുടര്‍ന്ന് ചന്ദനക്കുറി ഇടുന്നത് നിര്‍ത്തേണ്ടിവന്നു. അച്ഛന് ഇടാത്ത ചന്ദനക്കുറി മകള്‍ എന്തിനാണ് ഇടുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. യൂത്ത് കോണ്‍ഗ്രസുകാര്‍ ഇപ്പോ പൊട്ടിമുളച്ച ആളുകളാണ്. അവര്‍ പറയുന്നത് തനിക്ക് പുച്ഛമാണ്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിന് നല്‍കാനാണ് ഷാഫിയെ വടകരയില്‍ നിര്‍ത്തിയതെന്നു പദ്മജ പറഞ്ഞു.

സ്‌കൂളിലേക്ക് അമ്മയ്‌ക്കൊപ്പം പോകുന്നതിനിടെ പന്നിയുടെ ആക്രമണം; നാലു വയസ്സുകാരന് പരിക്ക്

സ്‌കൂളിലേക്ക് അമ്മയ്‌ക്കൊപ്പം പോകുന്നതിനിടെ പന്നിയുടെ ആക്രമണം; നാലു വയസ്സുകാരന് പരിക്ക്

പാലക്കാട്: പാലക്കാട് വീയക്കുറിശ്ശിയില്‍ പന്നിയുടെ ആക്രമണത്തില്‍ നാലു വയസ്സുകാരന് പരിക്കേറ്റു. വീയക്കുറിശി സ്വദേശി പ്രജീഷയുടെ മകന്‍ ആദിത്യനാണ് പരിക്കേറ്റത്. സ്‌കൂളിലേക്ക് അമ്മയ്‌ക്കൊപ്പം പോകുമ്പോഴാണ് പന്നിയുടെ ആക്രമണം ഉണ്ടാകുന്നത്.

അതിനിടെ വയനാട് മീനങ്ങാടി പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നു. മാലമ്പാടി കാവുങ്ങലില്‍ കുര്യന്റെ ആടിനേയും, അപ്പാട് കാഞ്ചിയുടെ ആടിനേയും ആട്ടിന്‍കുട്ടിയേയുമാണ് കൊന്നത്.

കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരി: കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളജിലെ ഒന്നാം വര്‍ഷ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ സ്വാതി കൃഷ്ണയാണ് (21) ആണ് മരിച്ചത്.

ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്.കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

വിഎസ് അരുണ്‍കുമാറിനെ ഡയറക്ടറാക്കാന്‍ ഐഎച്ചആര്‍ഡി യോഗ്യതയില്‍ ഭേദഗതി വരുത്തി; സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍

വിഎസ് അരുണ്‍കുമാറിനെ ഡയറക്ടറാക്കാന്‍ ഐഎച്ചആര്‍ഡി യോഗ്യതയില്‍ ഭേദഗതി വരുത്തി; സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം ആഡീഷണല്‍ ഡയറക്ടറുടെ പ്രവര്‍ത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ചട്ടവിരുദ്ധമായി ഗവേണിങ് ബോഡിക്ക് പകരം എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

2023 ഡിസംബര്‍ പതിമൂന്നിനാണ് ഐഎച്ച് ആര്‍ഡി ഡയറക്ടര്‍ക്കുള്ള യോഗ്യത ഭേദഗതി ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. അധ്യാപന പരിചയം ആവശ്യപ്പെടുന്ന നേരത്തെയുള്ള യോഗ്യത പരിചയത്തിനൊപ്പം ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അല്ലെങ്കില്‍ ഏഴ് വര്‍ഷം ഐഎച്ച് ആര്‍ഡിയുടെ കീഴിലുള്ള എഞ്ചിനിയറിങ് കോളജുകളില്‍ പ്രിന്‍സിപ്പില്‍ തസ്തികയില്‍ സേവനപരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ഇത് താത്കാലിക ഡയറക്ടര്‍ ചുമതല വഹിക്കുന്ന അരുണ്‍ കുമാറിന് വേണ്ടിയുളളതാണെന്നാണ് ആരോപണം.

ഐഎച്ച്ആര്‍ഡിയിലെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലെ വ്യവസ്ഥകള്‍ അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശ ചെയ്യാനുള്ള അധികാരം 23 അംഗ ഗവേണിങ് ബോഡിയില്‍ നിക്ഷ്പിതമാണ്. ഇതില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി സംസ്ഥാനത്തിന്റെ എക്‌സ് ഓഫിഷ്യല്‍ ചെയര്‍മാനും ചീഫ് സെക്രട്ടറി വൈസ് ചെയര്‍മാനുമാണ്. ഇതിന് പകരം എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ യോഗ്യത ഭേദഗതി വരുത്താനുള്ള ശുപാര്‍ശ സമര്‍പ്പിച്ചതും സര്‍ക്കാര്‍ ഉത്തരവിറക്കിയതും. ഇതുപ്രകാരം മുഴുവന്‍ സമയ ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കാനുളള വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു.

ഈ ഉത്തരവും വിജ്ഞാപനവും നിയമപരമായി നിലനില്‍ക്കില്ലെന്നും അതിനാല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഐഎച്ച്ആര്‍ഡി പ്രൊഫസറും സാങ്കേതിക സര്‍വകലാശാല ഡീനുമായ ഡോക്ടര്‍ വിനുതോമസ് ഹൈക്കോടതിയെ സമീപിച്ചത്. യോഗ്യത ഇല്ലാത്ത അരുണ്‍കുമാറിനെ താത്കാലിക ഡയറക്ടറുടെ തസ്തികയില്‍ നിന്ന് മാറ്റണമെന്നും നേരത്തെയുള്ള ചട്ടപ്രകാരം മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ഐഎച്ച്ആര്‍ഡി, എഐസിടി എതിര്‍ കക്ഷികളോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.