‘സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍’; ആദ്യ പ്രൊപ്പോസൽ നൽകി ബക്കാർഡി ഇന്ത്യ ലിമിറ്റഡ്

‘സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍’; ആദ്യ പ്രൊപ്പോസൽ നൽകി ബക്കാർഡി ഇന്ത്യ ലിമിറ്റഡ്

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് നീക്കം ഊർജിതമാക്കി സർക്കാരും മദ്യ കമ്പനികളും. വിൽപന നികുതി സംബന്ധിച്ച ആദ്യ പ്രൊപ്പോസൽ ബക്കാർഡി ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ചു. GST കമ്മീഷണർ പുതിയ നികുതി നിരക്ക് ശുപാർശ ചെയ്തതിന് പിന്നാലെയാണ് നീക്കം. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനം കൂട്ടാൻ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം.

ഏറെ കാലമായി ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് സമ്മർദ്ദം ശക്തമാക്കിയത്.നിലവിൽ 400 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251% വും 400ൽ താഴെയുള്ളതിന് 241% വും ആണ് നികുതി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80% വരെയാക്കണമെന്നാണ് കമ്പനികളുടെ ആവശ്യമെങ്കിലും അത്രയും കുറവിന് നികുതി വകുപ്പ് തയാറല്ല.

കോട്ടയത്ത് ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

കോട്ടയത്ത് ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

കോട്ടയം: ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. അതിഥി തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

കോട്ടയം അടിച്ചിറയില്‍ രാവിലെ 10.50നായിരുന്നു അപകടം.കാരിത്താസ് മേല്‍പ്പാലത്തിനു സമീപത്തുവച്ചാണ് ഇവരെ ട്രെയിന്‍ ഇടിച്ചത്. ഇതര സംസ്ഥാനക്കാരായ അമ്മയും അഞ്ച് വയസ്സ് തോന്നിക്കുന്ന കുഞ്ഞുമാണ് മരിച്ചത്. തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം.

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; മൂന്ന് ദിവസം ബാങ്ക് അവധി

കൊച്ചി: നാളെ ( വെള്ളിയാഴ്ച) മുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി. ശിവരാത്രി പ്രമാണിച്ചാണ് നാളെ ബാങ്ക് പ്രവര്‍ത്തിക്കാത്തത്. മാര്‍ച്ച് 9 രണ്ടാം ശനിയാഴ്ചയാണ്. തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് പ്രവര്‍ത്തിക്കാത്തത് കാരണം ഇടപാടുകള്‍ നടത്തേണ്ടവര്‍ ഇന്ന് തന്നെ ചെയ്യണം. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടിന് അവധികള്‍ തടസ്സമല്ല.

സംസ്ഥാനത്ത് ഈ മാസം 9 ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശിവരാത്രിയും ദുഃഖ വെള്ളിയാഴ്ചയും അടക്കമാണ് അവധി.

മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മാര്‍ച്ചില്‍ മൊത്തം 14 അവധികള്‍ വരുന്നത്.

കേരളത്തിലെ ബാങ്കുകളിലെ അവധി ദിവസങ്ങള്‍

മാര്‍ച്ച് 8: മഹാശിവരാത്രി

മാര്‍ച്ച് 9: രണ്ടാം ശനിയാഴ്ച

മാര്‍ച്ച് 10: ഞായറാഴ്ച

മാര്‍ച്ച് 17: ഞായറാഴ്ച

മാര്‍ച്ച് 23: നാലാം ശനിയാഴ്ച

മാര്‍ച്ച് 24: ഞായറാഴ്ച

മാര്‍ച്ച് 29: ദുഃഖവെള്ളി

മാര്‍ച്ച് 31: ഞായറാഴ്ച

ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം മണിലാലിന്

ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം മണിലാലിന്

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം മണിലാലിന്. സംവിധായകനും ചെമ്മീൻ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിൽ സഹസംവിധായകനുമായി പ്രവർത്തിച്ച ടി.കെ. വാസുദേവന്റെ സിനിമാ കാലമാണ് ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന സിനിമയിലൂടെ ദൃശ്യവത്കരിച്ചത്. അറുപതുകളിലെ സിനിമാ കാലം സംഗീതാത്മകമായിട്ടാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ നടത്തിയ സൈൻസ് ഫിലിം ഫെസ്റ്റിവലിലും ബ്ലാക്ക് ആൻഡ് വൈറ്റ് മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തിരുന്നു. സതി ബാബുവും രതി പതിശ്ശേരിയുമാണ് നിർമാണം. മണിലാൽ ഛായാഗ്രഹണവും സുരേഷ് നാരായണൻ എഡിറ്റിങും ടി. കൃഷ്ണനുണ്ണി ശബ്ദമിശ്രണവും അർജുൻ, ജോഫി എന്നിവർ സംഗീതവും നിർവഹിച്ചു.

ജഡ്ജിയുടെ നേരെ കുരച്ചുചാടി നായ; സായാഹ്ന സവാരിക്കിറങ്ങിയ യുവാവിന് പൂട്ട്; കയ്യോടെ പൊക്കി പൊലീസ്

ജഡ്ജിയുടെ നേരെ കുരച്ചുചാടി നായ; സായാഹ്ന സവാരിക്കിറങ്ങിയ യുവാവിന് പൂട്ട്; കയ്യോടെ പൊക്കി പൊലീസ്

കൊച്ചി: കുരച്ചുചാടുന്ന വളര്‍ത്തുനായയുമായി സായാഹ്ന സവാരിക്കിറങ്ങിയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട എരിമറ്റൂര്‍ സ്വദേശി അജു ജോസഫിനെയാണ് (42) അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടത്.

മറൈന്‍ഡ്രൈവിലെ അബ്ദുള്‍കലാം മാര്‍ഗില്‍ ആള്‍ത്തിരക്കുള്ള നടപ്പാതയിലാണ് കുരച്ചുചാടുന്ന വളര്‍ത്തുനായയുമായി യുവാവ് സായാഹ്നസവാരിക്കിറങ്ങിയത്. നടക്കുന്നവരുടെ മുന്നിലേക്ക് പലതവണ കുതിച്ചുചാടിയ നായയെ മാറ്റാനാവശ്യപ്പെട്ടിട്ടും വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് അജു ജോസഫിനെതിരെ കേസെടുത്തത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനും നടക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വിഷയത്തിലിടപെടാന്‍ ജഡ്ജി ഗണ്‍മാനോട് ആവശ്യപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് 6.45-നാണ് സംഭവം. നായയുടെ ബെല്‍റ്റില്‍ അജു പിടിച്ചിട്ടുണ്ടെങ്കിലും എതിരേ ആളുകള്‍ നടന്നുവരുമ്പോള്‍ പലവട്ടം കുരച്ചുചാടി. പലരും ഒഴിഞ്ഞുമാറി. ആളുകള്‍ക്ക് ഭീഷണിയാണെന്ന് ഒരാൾ മുന്നറിയിപ്പ് നല്‍കി. മറ്റാളുകളും നായയുമായി നടക്കാറുണ്ടെന്നും താന്‍ വന്നപ്പോള്‍ മാത്രം എന്താണ് പ്രശ്‌നമെന്നുമായിരുന്നു മറുചോദ്യം.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിര്‍ദേശപ്രകാരം യൂണിഫോമിലുള്ള ഗണ്‍മാന്‍ കിഷോര്‍ ആള്‍ത്തിരക്കുള്ളയിടത്ത് നായയുമായി നടക്കുന്നതിലെ പ്രശ്‌നം പറഞ്ഞു. ഇത് ഗൗനിക്കാതെ തര്‍ക്കം തുടര്‍ന്ന അജു, ഗണ്‍മാന്‍ പറയുന്നത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇതോടെ പൊലീസ് സ്ഥലത്തെത്തി അജുവിനെ കസ്റ്റഡിയിലെടുത്തു. ജനങ്ങള്‍ക്കും ഹൈക്കോടതി ജഡ്ജിക്കും അപകടംവരുത്തുംവിധം പട്ടിയെ അഴിച്ചുവിട്ട് ജീവന് ഭീഷണിയുണ്ടാക്കിയെന്നകാര്യം ചൂണ്ടിക്കാട്ടി മൃഗങ്ങളെ അലക്ഷ്യമായി കൊണ്ടുനടന്നതിനാണ് അജുവിനെതിരെ കേസെടുത്തത്.

‘പീക്ക് മണിക്കൂറുകളില്‍ അത്യാവശ്യമില്ലാത്ത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുത്’; മുന്നറിയിപ്പുമായി കെഎസ്ഇബി

‘പീക്ക് മണിക്കൂറുകളില്‍ അത്യാവശ്യമില്ലാത്ത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുത്’; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. പീക്ക് മണിക്കൂറുകളില്‍ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടു. വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള പീക്ക് മണിക്കൂറുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും താപവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ളതാണ്. ആഗോളതാപനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതുണ്ട്. അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുതെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്:

നമ്മുടെ ആവശ്യകതയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് സംസ്ഥാനത്തെ ജല വൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്. ബാക്കി ആവശ്യമായ വൈദ്യുതി മുഴുവന്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് ഉയര്‍ന്ന വില നല്‍കി വാങ്ങി എത്തിക്കുകയാണ് കെ എസ് ഇ ബി ചെയ്തുവരുന്നത്. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിയുടെ 80 ശതമാനത്തോളം ഉത്തരേന്ത്യയിലെ കല്‍ക്കരി ഇന്ധനമാക്കിയ താപവൈദ്യുതി നിലയങ്ങളില്‍നിന്നുള്ളതാണ്. വലിയ തോതില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിക്കൊണ്ടാണ് ഇത്തരം താപവൈദ്യുത പദ്ധതികളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എന്ന കാര്യം പറയേണ്ടതില്ലല്ലോ. വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള പീക്ക് മണിക്കൂറുകളില്‍ നാമുപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും താപവൈദ്യുതി നിലയങ്ങളില്‍ ഉത്പാദിപ്പിക്കുന്നതാണ് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ, ആഗോളതാപനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതുണ്ട്.

അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ചോഫ് ചെയ്യുമ്പോള്‍ ഭൂമിയുടെയും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെയും നമ്മുടെ ഭാവി തലമുറയുടെയും നന്മയ്ക്കായി നാം ചുവടുവയ്ക്കുകയാണ്.

അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങള്‍ സ്വിച്ചോഫ് ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്താം. പ്രകൃതിയെ സംരക്ഷിക്കാം, പണവും ലാഭിക്കാം.