by liji HP News | Mar 7, 2024 | Latest News, കേരളം
തൃശൂര്‍: ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടശേരി വീട്ടില്‍ സുമേഷ്, ഭാര്യ സംഗീത, മകന്‍ ഹരിന്‍ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
തൃശൂര്‍ അടാട്ടിലാണ് സംഭവം. രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് അയല്‍വാസികള്‍ നല്‍കിയ വിവരമനുസരിച്ച് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പതു വയസ്സുകാരനായ മകന്‍ ഹരിന്‍ ഓട്ടിസം ബാധിതനായിരുന്നുവെന്നാണു വിവരം. ഹരിനെ പായ വിരിച്ച് അതില്‍ കിടത്തിയിരുന്ന നിലയിലാണു കണ്ടെത്തിയത്.
അബുദാബിയിലായിരുന്ന സുമേഷ് 12 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. പുതുതായി നിര്‍മിച്ച വീട്ടിലേക്ക് ഇക്കഴിഞ്ഞ നവംബറിലാണ് കുടുംബം താമസം മാറിയത്.
by liji HP News | Mar 7, 2024 | Latest News, കേരളം
ബംഗലൂരു: ബംഗലൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത പുതിയ ചിത്രം പുറത്തുവന്നു. തൊപ്പിയോ മുഖംമൂടിയോ ഇല്ലാതെ പ്രതി ബസില്‍ ഇരിക്കുന്ന സിസിടിവി ദൃശ്യമാണ് പുറത്തു വന്നിട്ടുള്ളത്. ബോംബ് വച്ചശേഷം തിരികെ പോകുന്ന വഴി ഇയാള്‍ വസ്ത്രം മാറിയിട്ടുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി.
നിരവധി ബിഎംടിസി ബസുകളില്‍ ഇയാള്‍ മാറിക്കയറിയതായി കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്ന കഫേയില്‍ രാവിലെ 11.34 നാണ് ഇയാള്‍ പ്രവേശിക്കുന്നത്. 11.43 ന് പുറത്തേക്ക് പോകുന്നു. കഫേയില്‍ വന്നപ്പോള്‍ ഇയാള്‍ ധരിച്ചിരുന്ന തൊപ്പി സമീപത്തെ ആരാധനാലയത്തിന് അടുത്ത് നിന്നും എന്‍ഐഎ കണ്ടെടുത്തു.
ബോംബ് ഉള്ള ടിഫിന്‍ കാരിയര്‍ രാമേശ്വരം കഫേയില്‍ വച്ച ശേഷം ഇയാള്‍ തിരികെ പോകാന്‍ സ്ഥലത്ത് നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരെയുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച എന്‍ഐഎ കണ്ടെത്തി. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.
by liji HP News | Mar 7, 2024 | Latest News, കേരളം
ഇന്ത്യയ്ക്കായി ലോക സുന്ദരിപ്പട്ടം നേടാൻ സിനി ഷെട്ടി. മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് സിനി ഷെട്ടിയാണ്. 2020 ഇൽ ഇവർ മിസ് ഇന്ത്യ കിരീടം ചൂടിയിരുന്നു. കർണാടകയെയാണ് താരം പ്രതിനിധാനം ചെയ്തത്. 14 വയസ്സ് മുതൽ ഭരതനാട്യം അഭ്യസിക്കുന്ന താരം മികച്ച നർത്തകി കൂടിയാണ്. മുംബൈ സെൻറ് ഡൊമനിക്
സാവിയോ വിദ്യാലയത്തിൽ നിന്നാണ് സിനി സാമ്പത്തികശാസ്‌ത്രത്തിൽ ഡിഗ്രി നേടുന്നത്. മിസ് വേൾഡ് മത്സരം ഇന്ത്യയിൽ വച്ച് നടക്കുന്നതിനാൽ സിനി ഷെട്ടി കിരീടം ചൂടാനായി കാത്തിരിപ്പിലാണ് രാജ്യം.
by liji HP News | Mar 7, 2024 | Latest News, കേരളം
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് നീക്കം ഊർജിതമാക്കി സർക്കാരും മദ്യ കമ്പനികളും. വിൽപന നികുതി സംബന്ധിച്ച ആദ്യ പ്രൊപ്പോസൽ ബക്കാർഡി ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ചു. GST കമ്മീഷണർ പുതിയ നികുതി നിരക്ക് ശുപാർശ ചെയ്തതിന് പിന്നാലെയാണ് നീക്കം. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനം കൂട്ടാൻ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം.
ഏറെ കാലമായി ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് സമ്മർദ്ദം ശക്തമാക്കിയത്.നിലവിൽ 400 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251% വും 400ൽ താഴെയുള്ളതിന് 241% വും ആണ് നികുതി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80% വരെയാക്കണമെന്നാണ് കമ്പനികളുടെ ആവശ്യമെങ്കിലും അത്രയും കുറവിന് നികുതി വകുപ്പ് തയാറല്ല.
by liji HP News | Mar 7, 2024 | Latest News, കേരളം
കോട്ടയം: ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. അതിഥി തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
കോട്ടയം അടിച്ചിറയില്‍ രാവിലെ 10.50നായിരുന്നു അപകടം.കാരിത്താസ് മേല്‍പ്പാലത്തിനു സമീപത്തുവച്ചാണ് ഇവരെ ട്രെയിന്‍ ഇടിച്ചത്. ഇതര സംസ്ഥാനക്കാരായ അമ്മയും അഞ്ച് വയസ്സ് തോന്നിക്കുന്ന കുഞ്ഞുമാണ് മരിച്ചത്. തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം.
by liji HP News | Mar 7, 2024 | Latest News, കേരളം
കൊച്ചി: നാളെ ( വെള്ളിയാഴ്ച) മുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി. ശിവരാത്രി പ്രമാണിച്ചാണ് നാളെ ബാങ്ക് പ്രവര്‍ത്തിക്കാത്തത്. മാര്‍ച്ച് 9 രണ്ടാം ശനിയാഴ്ചയാണ്. തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് പ്രവര്‍ത്തിക്കാത്തത് കാരണം ഇടപാടുകള്‍ നടത്തേണ്ടവര്‍ ഇന്ന് തന്നെ ചെയ്യണം. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടിന് അവധികള്‍ തടസ്സമല്ല.
സംസ്ഥാനത്ത് ഈ മാസം 9 ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശിവരാത്രിയും ദുഃഖ വെള്ളിയാഴ്ചയും അടക്കമാണ് അവധി.
മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മാര്‍ച്ചില്‍ മൊത്തം 14 അവധികള്‍ വരുന്നത്.
കേരളത്തിലെ ബാങ്കുകളിലെ അവധി ദിവസങ്ങള്‍
മാര്‍ച്ച് 8: മഹാശിവരാത്രി
മാര്‍ച്ച് 9: രണ്ടാം ശനിയാഴ്ച
മാര്‍ച്ച് 10: ഞായറാഴ്ച
മാര്‍ച്ച് 17: ഞായറാഴ്ച
മാര്‍ച്ച് 23: നാലാം ശനിയാഴ്ച
മാര്‍ച്ച് 24: ഞായറാഴ്ച
മാര്‍ച്ച് 29: ദുഃഖവെള്ളി
മാര്‍ച്ച് 31: ഞായറാഴ്ച
Recent Comments