ശമ്പള പ്രതിസന്ധി: നിരാഹാര സമരം തുടർന്ന് ആക്ഷൻ കൗൺസിൽ

ശമ്പള പ്രതിസന്ധി: നിരാഹാര സമരം തുടർന്ന് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിൽ നിയന്ത്രണം ഇന്നും തുടരും. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ആണ് ഇന്ന് ശമ്പളം ലഭിക്കുന്നത്. ഇന്നലെ പൊലീസ്, എക്സൈസ്, റവന്യു, സെക്രട്ടേറിയറ്റ്, എക്സൈസ് ജീവനക്കാർക്കാണ് ശമ്പളം നൽകിയത്. എന്നാൽ രാത്രി വൈകിയും ഇതിൽ പലർക്കും ശമ്പളം കിട്ടിയിട്ടില്ല എന്നാണ് സർവീസ് സംഘടനകൾ പറയുന്നത്.

ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ലഭിച്ചവർക്ക് പരിധിയില്ലാതെ പിൻവലിക്കാൻ സാധിച്ചിട്ടുണ്ട്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. എല്ലാവർക്കും ശമ്പളം കിട്ടിയ ശേഷമേ സമരം നിർത്തു എന്നാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ നിലപാട്.

കെഎസ്എഫ്ഇ ഓഫിസിൽ കയറി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരി ഭർത്താവ് പിടിയിൽ

കെഎസ്എഫ്ഇ ഓഫിസിൽ കയറി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരി ഭർത്താവ് പിടിയിൽ

ആലപ്പുഴ: കെഎസ്എഫ്ഇ ഓഫിസിൽ കയറി യുവതിയെ വെട്ടികൊല്ലാൻ ശ്രമം. കളക്ഷൻ ഏജന്‍റായ പുന്നപ്ര കാളുതറ സ്വദേശിയായ മായാദേവിയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മായാദേവിയുടെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാർ പിടിയിലായി.

ആലപ്പുഴ കളർകോട് കെഎസ്എഫ്ഇ ശാഖയിലാണ് സംഭവമുണ്ടായത്. വൈകിട്ട് ഓഫീസിനുള്ളിൽ കയറി മായാദേവിയെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പുറത്താണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മായാദേവിയുടെ സഹോദരി നൽകിയ പരാതിയിൽ സുരേഷ് കുമാർ ജയിലിലായിരുന്നു. രണ്ട് ദിവസം മുൻപാണ് ഇയാൾ ജയിൽ മോചിതനായത്. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജീവനക്കാരുടെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്. ജീവനക്കാർ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 2000 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 2000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 47,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. 5945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 19 ദിവസത്തിനിടെ 2000 രൂപയിലധികമാണ് ഉയര്‍ന്നത്.

‘ഇരുമെയ്യാണെങ്കിലും…, കാലന്റെ കയറാണീ ടയറുകള്‍…!’; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

‘ഇരുമെയ്യാണെങ്കിലും…, കാലന്റെ കയറാണീ ടയറുകള്‍…!’; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: പരിമിത റോഡു ഗതാഗത സൗകര്യങ്ങളില്‍ സ്വകാര്യയാത്രകള്‍ക്കു ഏറ്റവും യോജിച്ച വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങള്‍. യാത്രക്കാര്‍ക്ക് യാതൊരുവിധ പരിരക്ഷയും ഇല്ലാത്ത ഏറ്റവും കൂടുതല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍ കാരണവുമായിട്ടുള്ള വാഹനങ്ങളും ഇരുചക്രവാഹനങ്ങളാണ്. മറ്റു വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി വാഹനത്തിന് പുറത്താണ് ഡ്രൈവറും സഹയാത്രികരും യാത്ര ചെയ്യുന്നത് എന്നത് ഇരുചക്ര വാഹനയാത്ര കൂടുതല്‍ ഗുരുതര സ്വഭാവമുള്ളതാക്കുന്നു.

നിരത്തുകളിലെ ഏതൊരപകടത്തിലും ഒരു വശത്ത് തീര്‍ച്ചയായും ഒരു ഇരുചക്രവാഹനം ആണ് എന്നതാണ് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്. മഹാഭൂരിപക്ഷം അപകടങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുണ്ടാവുക. അതിനാല്‍ പൊതുസമൂഹം, പ്രത്യേകിച്ചും യുവാക്കള്‍ ഇതിനെ ഗൗരവത്തോടെ കാണണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി മലയാളി കൊല്ലപ്പെട്ടു

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി മലയാളി കൊല്ലപ്പെട്ടു

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്വല്ലാണ് മരിച്ചത്. 31 വയസായിരുന്നു. ഇസ്രയേലിൽ ജോലി തേടി പോയതാണ് നിബിൻ.കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്ന കൊല്ലം വാടി കാർമൽ കോട്ടേജിൽ പത്രോസിന്റെ മകനാണ് നിബിൻ. രണ്ട് മാസം മുമ്പാണ് നിബിൻ ഇസ്രയേലിലേക്ക് പോയത്.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറിൽ മൊഷാവ് എന്ന സ്ഥലത്ത്വച്ചാണ് ആക്രമണം നടന്നത്. നിബിനൊപ്പമുണ്ടായിരുന്ന രണ്ട് മലയാളികൾ ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവരാണ് പരുക്കേറ്റ മലയാളികൾ. നിബിന്റെ മൃതദേഹം സീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ നാല് ദിവസം എടുക്കുമെന്നാണ് റിപ്പോർട്ട്. നിബിന്റെ സഹോദരൻ നിവിനും ഇസ്രയേലിലാണ്.

ഇന്ന് മുതല്‍ റേഷന്‍ കടകള്‍ക്ക് പുതിയ സമയ ക്രമം

ഇന്ന് മുതല്‍ റേഷന്‍ കടകള്‍ക്ക് പുതിയ സമയ ക്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ കടകള്‍ പുഃനക്രമീകരിച്ച സമയ ക്രമത്തില്‍ പ്രവര്‍ത്തിക്കും. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമായിരിക്കും പ്രവര്‍ത്തിക്കുക.

ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക.