by liji HP News | Mar 6, 2024 | Latest News, കേരളം
തിരുവനന്തപുരം: അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ വിമാനത്തിലെ ടോയിലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ 10.30-ന് ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ നിന്നാണ് കുഴമ്പ് രൂപത്തിലാക്കിയ മൂന്നരക്കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്. സ്വര്‍ണം പൊടിച്ചെടുത്ത് പ്രോട്ടീന്‍ പൗഡറുമായി കൂട്ടിച്ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കിയാണ് സൂക്ഷിച്ചിരുന്നതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഷാര്‍ജയില്‍നിന്ന് വരുന്ന വിമാനത്തില്‍ സ്വര്‍ണം കടത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റും ഡിആര്‍ഐയും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.
by liji HP News | Mar 5, 2024 | Latest News, Uncategorized, കേരളം
നടി കവിയൂര്‍ പൊന്നമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബൈജുവും ജഗദീഷും. നിരവധി അമ്മ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരം ഇപ്പോള്‍ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വീട്ടില്‍ വിശ്രമ ജീവതത്തിലാണ്.
‘പൊന്നമ്മ ചേച്ചിയോടൊപ്പം’ എന്ന അടിക്കുറുപ്പോടെയാണ് നടന്‍ ബൈജു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. മൂന്ന് പേരെയും ഒരുമിച്ച് കാണുമ്പോള്‍ കുടുംബ വിശേഷം എന്ന ചിത്രമാണ് ഓര്‍മവരുന്നതെന്നായിരുന്നു പലരും കമന്‍റ് ചെയ്തത്.
ആറ് പതിറ്റാണ്ട് കാലം മലയാള സിനിമയില്‍ സജീവമായിരുന്ന താരത്തിന് നാല് തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2021ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മ അഭിനയിച്ച അവസാനം ചിത്രം.
by liji HP News | Mar 5, 2024 | Latest News, കേരളം
തൃശൂർ: മൂര്‍ഖനെ തോളിലിട്ട് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അതിസാഹസികത കാട്ടിയ ആൾക്ക് പാമ്പിന്റെ കടിയേറ്റു. കൊല്ലം പാരിപ്പിള്ളി സ്വദേശി സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിനടുത്ത് വെച്ച് രാത്രി 11 മണിയോടെയാണ് പാമ്പിനെ കണ്ടത്. സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടു. നാരായണാലയം ഭാഗത്തേക്കു പോയ പാമ്പിനെ അനില്‍കുമാര്‍ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവന്നു.
പാമ്പിനെ കളയാന്‍ സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. അരമണിക്കൂറോളം പാമ്പുമായി സാഹസം തുടർന്നു. ഇതിനിടെ ഇയാൾക്ക് പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. കടിയേറ്റതോടെ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിഞ്ഞു. തളര്‍ന്നുവീണ അനില്‍കുമാറിനെ ദേവസ്വം ജീവനക്കാർ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു.
by liji HP News | Mar 5, 2024 | Latest News, കേരളം
ഡല്‍ഹി: ക്ഷീരസഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി. മില്‍മ ഭരണം പിടിക്കാനുള്ള ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ മൂന്നു ബില്ലുകള്‍ക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
മില്‍മ ഭരണം പിടിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ക്ഷീര സഹകരണസംഘം ബില്‍ നിയമസഭ പാസ്സാക്കിയിരുന്നു. പ്രാദേശിക ക്ഷീര സംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കോ സമിതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവകാശം നല്‍കുന്നതാണ് ബില്‍.
അതുവഴി 58 അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ വോട്ടു ചെയ്തിരുന്നു. ക്ഷീരസംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള വ്യവസ്ഥ രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചതോടെ ഇല്ലാതാകും. മില്‍മ ബില്ലിന് അനുമതി തേടി മന്ത്രി ചിഞ്ചുറാണി ഗവര്‍ണറെ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.
by liji HP News | Mar 5, 2024 | Latest News, കേരളം
മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുൻ കോണ്‍ഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ് മൂന്നാം പ്രതി. മോണ്‍സണ്‍ മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരൻ ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു, മോണ്‍സന്‍റെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്ന നിലയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം ഉള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മോൻസന്‍റെ വീട്ടിൽ വച്ച് 25 ലക്ഷം രൂപ പരാതിക്കാരിൽ ഒരാൾ കൈമാറുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്നും അതിൽ 10 ലക്ഷം രൂപ സുധാകരന് നൽകിയെന്നും ആയിരുന്നു മൊഴി. ഇതും കുറ്റപത്രത്തില്‍ ശരിവയ്ക്കുന്നുണ്ട്.
by liji HP News | Mar 5, 2024 | Latest News, കേരളം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിൽ നിയന്ത്രണം ഇന്നും തുടരും. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ആണ് ഇന്ന് ശമ്പളം ലഭിക്കുന്നത്. ഇന്നലെ പൊലീസ്, എക്സൈസ്, റവന്യു, സെക്രട്ടേറിയറ്റ്, എക്സൈസ് ജീവനക്കാർക്കാണ് ശമ്പളം നൽകിയത്. എന്നാൽ രാത്രി വൈകിയും ഇതിൽ പലർക്കും ശമ്പളം കിട്ടിയിട്ടില്ല എന്നാണ് സർവീസ് സംഘടനകൾ പറയുന്നത്.
ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ലഭിച്ചവർക്ക് പരിധിയില്ലാതെ പിൻവലിക്കാൻ സാധിച്ചിട്ടുണ്ട്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. എല്ലാവർക്കും ശമ്പളം കിട്ടിയ ശേഷമേ സമരം നിർത്തു എന്നാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ നിലപാട്.
Recent Comments