by Midhun HP News | Jun 12, 2026 | Latest News, കേരളം
കോഴിക്കോട്: ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ എംഎസ് മാധവിക്കുട്ടി. സംശയനിവരാണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസല്‍ കണ്‍ട്രോള്‍ റൂം തുറന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2373 901, 9072007767.
43 വയസ്സുള്ള രാമനാട്ടുകര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്. നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 77 പേരാണുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സമ്പര്‍ക്ക പട്ടികയിലെ രണ്ടുപേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 62 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ആണുള്ളത്. ഇതില്‍ ഹൈയസ്റ്റ്, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്. രോഗബാധിതന്റെ റൂട്ട് മാപ്പ് തയാറായിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
ഫീല്‍ഡ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി ആര്‍.ആര്‍.ടി യോഗം ചേര്‍ന്നിരുന്നു. പി.പി.ഇ കിറ്റ്, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മുന്‍കരുതലായി മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ അറിയിച്ചു.

by Midhun HP News | Jun 12, 2026 | Latest News, കേരളം
ഫിഫ ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നുവെന്നാണ് പത്രക്കറിപ്പിലൂടെ കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ്, തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന “FIFA World Cup ലൈവ് ഫ്രീ, “1000+ ടിവി ചാനലുകൾ സൗജന്യം”, “പ്രീമിയം OTT ഉള്ളടക്കം ഫ്രീ”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” തുടങ്ങിയ ആകർഷകമായ പരസ്യങ്ങളുടെ മറവിൽ, HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന വ്യാജ APK ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നതെന്നാണ് മുന്നറിയിപ്പ്.
ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ “Update Required”, “Activate Subscription”, “Enable Service” തുടങ്ങിയ സന്ദേശങ്ങൾ സജീവമാക്കാൻ ആവശ്യപ്പെടുകയും ഇതിലൂടെ ഫോണിന്റെ Accessibility Service, Screen Overlay, Notification Access തുടങ്ങിയ എല്ലാ അനുമതികളും നേടി സുരക്ഷാ സംവിധാനങ്ങൾ ദുർബലപ്പെടുത്തി, ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശനം നേടുന്നു. ഇതിലൂടെ ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർ കൈ വശപ്പെടുത്തി UPI ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അനധികൃതമായി തട്ടിയെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.

by Midhun HP News | Jun 12, 2026 | Latest News, കേരളം
കണ്ണൂർ: ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ മലയാളി വിദ്യാർത്ഥി മരിച്ചു. മേലൂർ, മുഴപ്പിലങ്ങാട് കടവ് റോഡിൽ സുഷമാലയത്തിൽ ആദിത്യൻ ചാലാടൻ (20) ആണ് മരിച്ചത്. ബംഗളൂരു വിദ്യാനഗറിൽ വെച്ചായിരുന്നു അപകടം . ആദിത്യനും സഹപാഠിയും സഞ്ചരിച്ച ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും തലയ്ക്കാണ് ഗുരുതരമായി ക്ഷതമേറ്റത്. ആദിത്യൻ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹപാഠി നിലവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മേലൂർ-മുഴപ്പിലങ്ങാട് കടവ് റോഡിലെ സുഷമാലയത്തിൽ സജിത്ത് കെ.സി. (സൂസൻ) – വിമിത ദമ്പതികളുടെ മകനാണ് ആദിത്യൻ.സഹോദരി: അനുഷ്ക. നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
by Midhun HP News | Jun 12, 2026 | Latest News, കേരളം
ആലപ്പുഴ: ചരിത്രപ്രസിദ്ധമായ തുറവൂർ മഹാക്ഷേത്രത്തിലെ വിലപിടിപ്പുള്ള അമൂല്യവസ്തുക്കളിൽ പലതും കാണാനില്ലെന്ന് തിരുവാഭരണം കമ്മിഷണറുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഹൈക്കോടതി ദേവസ്വം ഡിവിഷൻ ബെഞ്ചിന് മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളുള്ളത്. മുദ്രവെച്ച ലക്കോട്ടിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് എന്നതിനാൽ കാണാതായ കൃത്യമായ വസ്തുക്കൾ ഏതെല്ലാമാണെന്ന് വ്യക്തമായിട്ടില്ല.
തുറവൂർ ശ്രീഭവനിൽ പി.എസ്. ശ്രീകുമാറിന്റെ പരാതിയെത്തുടർന്ന്, ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാമഗ്രികൾ വിശദമായി പരിശോധിക്കാൻ 2026 ഏപ്രിൽ 10-നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കണ്ടെത്തലുകൾ ഇങ്ങനെ:
രേഖകളിൽ ഇല്ലാത്തവ: ക്ഷേത്രത്തിലെ 45 ഇനം അമൂല്യവസ്തുക്കളുമായി ബന്ധപ്പെട്ട യാതൊരു വിവരവും തിരുവാഭരണ രജിസ്റ്ററിൽ ഇല്ല.
കാണാതായവ: പരിശോധനയിൽ 18 ഇനം സാധനങ്ങൾ കണ്ടെത്താനായിട്ടില്ല. ഇവ 1972-ന് മുൻപ് നടന്ന പരിശോധനകളിലും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഈ വസ്തുക്കൾ ഇപ്പോഴും ക്ഷേത്രത്തിന്റെ കൈവശമുണ്ടോ എന്ന് ഉറപ്പുവരുത്താൻ 2013 മുതൽ 2019 വരെയുള്ള മഹസറുകളും സ്ട്രോങ് റൂം രേഖകളും പരിശോധിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ രേഖകൾ അടിയന്തരമായി കമ്മിഷണർക്ക് കൈമാറാൻ ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിങ് കോൺസിലിനോട് ഹൈക്കോടതി നിർദേശിച്ചു.
ഹൈക്കോടതി നിരീക്ഷണം: > “ക്ഷേത്ര സ്വത്തുക്കൾ കേവലം തൂക്കം മാത്രം നോക്കി രേഖപ്പെടുത്തിയാൽ പോരാ. സ്വർണം, ഇതര ലോഹങ്ങൾ, രത്നങ്ങൾ എന്നിവയുടെ യഥാർത്ഥ മൂല്യം നിർണയിക്കാൻ വിദഗ്ധരുടെ സഹായത്തോടെ ഒറ്റത്തവണ സമഗ്ര മൂല്യനിർണയം നടത്തണം. ഇതിനായുള്ള വിശദമായ മാർഗരേഖ കമ്മിഷണർ കോടതിയിൽ സമർപ്പിക്കണം.”
റിപ്പോർട്ട് കിട്ടിയാലുടൻ കർശന നടപടി: മന്ത്രി കെ. മുരളീധരൻ
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഇരുപതിലധികം ക്ഷേത്രങ്ങളിൽ സ്വർണമടക്കമുള്ള തിരുവാഭരണങ്ങൾ കാണാനില്ലെന്ന തിരുവാഭരണം കമ്മിഷണറുടെ റിപ്പോർട്ടിനോട് ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു.
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഔദ്യോഗിക റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി കോഴിക്കോട്ട് വ്യക്തമാക്കി. റിപ്പോർട്ട് കിട്ടിയാലുടൻ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കും. ദൈവത്തിന്റെ സ്വത്ത് മോഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും യഥാർത്ഥ ഭക്തിയുള്ളവർ ഇത്തരം പ്രവൃത്തികൾ ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

by Midhun HP News | Jun 12, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍വര്‍ധന. ഇന്ന് പവന് ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. 1,08,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കൂടിയത്. 13,620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
മൂന്ന് ദിവസത്തിനിടെ 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jun 11, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കൂടുതല്‍ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ തീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. നേരത്തെ രണ്ട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
ഇന്ന് എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2025 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… എന്ന ലിങ്കിൽ ലഭ്യമാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.
Recent Comments