by liji HP News | Mar 1, 2024 | Latest News, കേരളം
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കി സര്‍ക്കാര്‍. പിഎസ് സി രീതിയില്‍ നിയമനങ്ങളില്‍ പട്ടികജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കും.
ദേവസ്വം ബോര്‍ഡിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക നിയമനങ്ങളിലാണ് സംവരണം നടപ്പാക്കുക. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ ചട്ടം രൂപീകരിച്ചാണ് സംവരണം നടപ്പാക്കേണ്ടത്.
ഇത്തരം നിയമനങ്ങളില്‍ സംവരണം പാലിച്ചിരുന്നില്ല. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉദ്യോഗ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനുകൂല തീരുമാനമെടുക്കാത്തതിനാല്‍ കേസ് നീണ്ടുപേകുകയായിരുന്നു.
by liji HP News | Mar 1, 2024 | Latest News, കേരളം
തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷന്‍ സംസ്ഥാനത്ത് ഇന്നു കൂടി വാങ്ങാം. ഭക്ഷ്യമന്ത്രി ജി ആന്‍ അനില്‍ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ മാസവും സ്റ്റോക്ക് അപ്‌ഡേഷനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ഇത്തവണ നാളെ (മാര്‍ച്ച് രണ്ട്) ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇപോസ് മെഷീനിലെ തകരാര്‍ മൂലം ഇന്നലെയും പലയിടത്തും റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്നത്തേക്ക് കൂടി നീട്ടിയത്.മാര്‍ച്ച് മാസത്തില്‍ നീല കാര്‍ഡ് ഉടമകള്‍ക്ക് നിലവിലെ റേഷന്‍ വിഹിതത്തിന് പുറമെ, ഒരു കാര്‍ഡിന് നാലു കിലോ അരിയും, വെള്ള കാര്‍ഡിന് അഞ്ച് കിലോ അരിയും 10.90 രൂപ നിരക്കില്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനാണ്.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസരത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മാത്രമാകും തുടര്‍നടപടി സ്വീകരിക്കുക. അതേസമയം ഗുരുതര രോഗബാധിതര്‍ക്ക് മുന്‍ഗണന കാര്‍ഡിനുള്ള അപേക്ഷ എല്ലാമാസവും 19 ന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് നല്‍കാം.
by liji HP News | Mar 1, 2024 | Latest News, കേരളം
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെയാണ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്. 12 വിദ്യാര്‍ത്ഥികളെ ഫെബ്രുവരി 22 ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇതോടെ കേസില്‍ പ്രതികളായ 18 വിദ്യാര്‍ത്ഥികളും സസ്‌പെന്‍ഷനിലായി. സംഭവത്തില്‍ കോളജ് ഡീനിനോട് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം തേടി. മര്‍ദ്ദന വിവരം അറിയാന്‍ വൈകിയതിലാണ് കോളജ് ഡീന്‍ ഡോ. എംകെ നാരായണനോട് വിശദീകരണം തേടിയത്.
സംഭവം അറിഞ്ഞില്ലെന്നാണ് ഡീന്‍ ഡോ. നാരായണന്‍ വിശദീകരണം നല്‍കിയത്. അറിഞ്ഞയുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഡീന്‍ അറിയിച്ചു. കോളജ് കാമ്പസില്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ പതിവാണെന്ന വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കോളജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രോ വൈസ് ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണം യഥാസമയം വീട്ടുകാരെ അറിയിക്കുന്നതില്‍ ഡീനിന് വീഴ്ച പറ്റി. എന്നാല്‍ സിദ്ധാര്‍ത്ഥനെ ആശുപത്രിയില്‍ എത്തിച്ചതും , തുടര്‍നടപടി സ്വീകരിച്ചതും ഡീന്‍ നാരായണന്‍ ആണെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
by liji HP News | Feb 29, 2024 | Latest News, കേരളം
കൊച്ചി: സിപിഎം നേതാവ് പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ ഒഴികെ ബാക്കിയെല്ലാ പ്രതികളെയും വെറുതെ വിട്ടു. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്നു കണ്ടെത്തിയ വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. 1999 ഓഗസ്റ്റ് 25 തിരുവോണദിവസത്തിലാണ് ജയരാജനു നേരെ ആക്രമണമുണ്ടായത്.
കണിച്ചേരി അജി, മനോജ്, പാറ ശശി, എളന്തോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂപ്, ജയപ്രകാശന്‍, പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.
കേസില്‍ ആര്‍എസ്എസ് ജില്ലാകാര്യവാഹക് അടക്കം ആറ് പ്രതികളെ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചിരുന്നു. പത്തുവര്‍ഷത്തെ കഠിനതടവും പിഴയുമായിരുന്നു ശിക്ഷ. മൂന്ന് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. ശിക്ഷിക്കപ്പെട്ട ആറ് പ്രതികള്‍ നല്‍കിയ അപ്പീലും മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലുമാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. 9 പ്രതികളില്‍ എട്ടുപേരും കുറ്റക്കാരല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. വിചാരണക്കോടതി കണ്ടെത്തിയ എല്ലാകാര്യങ്ങളും രണ്ടാം പ്രതി പ്രശാന്തിനെതിരെ ഹൈക്കോടതിയില്‍ തെളിയിക്കാന്‍ ആയില്ല.
by liji HP News | Feb 29, 2024 | Latest News, കേരളം
തിരുവനന്തപുരം: സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ അടക്കം മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചു. സര്‍വകലാശാല നിയമഭേദഗതി ബില്‍ (സര്‍ച്ച് കമ്മറ്റി ഘടന മാറ്റുന്നതിനുളളത്), സര്‍വകലാശാല നിയമഭേദഗതി ബില്‍
(സാങ്കേതിക സര്‍വകലാശാല സംബന്ധിച്ചത്) എന്നിവയുമാണ് തടഞ്ഞുവച്ചത്. രാജ്ഭവന്‍ വാര്‍ത്താകുറിപ്പിലുടെയാണ് ഇക്കാര്യം അറിയിച്ചത്.
രാഷ്ട്രപതിയുടെ അനുമതി ലോകായുക്ത ബില്ലിന് മാത്രമാണെന്നും കുറിപ്പില്‍ പറയുന്നു. ഏഴ് ബില്ലുകളാണ് രാഷ്ട്രപതിയുടെ അനുമതിയ്ക്കായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ചത്. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുകയാണ് സര്‍വകലാശാല ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഭരണഘടനയില്‍ പറയാത്ത ഉത്തരവാദിത്തത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനാണ് നിയമനിര്‍മാണമെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിയമിക്കുന്നതിനുള്ളതാണ് രണ്ടുബില്ലുകള്‍.
by liji HP News | Feb 29, 2024 | Latest News, കേരളം
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിസ്റ്റർ ലിനിയുടെ ഓർമ്മകള്‍ മുൻപില്‍ മുൻ മന്ത്രി കെ.കെ. ശൈലജ. വടകര പാർലമെൻറ് മണ്ഡലം സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ സജീവമായി പ്രചരണ രംഗത്താണ് ശൈലജ.ബുധനാഴ്ച പേരാമ്പ്ര മണ്ഡലത്തിലായിരുന്നു പര്യടനം. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ നിവാസികളോടും പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. ഒട്ടേറെ ഓർമ്മകളുണർത്തുന്ന സന്ദർശനമാണിതെന്ന് ശൈലജ ഫേസ് ബുക്കില്‍ കുറിച്ചു. നിപ്പ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചെങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പി കട എന്ന കൊച്ചു പ്രദേശത്താണ്. തൊട്ടടുത്തുള്ള ആശുപത്രി എന്ന നിലയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലായിരുന്നു രോഗബാധിതരെ ആദ്യമായി ചികിത്സിച്ചത്.
രോഗീപരിചരണത്തിനിടെയാണ് പ്രിയ ലിനിക്ക് നിപ വൈറസ് ബാധ ഉണ്ടായത്. ആതുരസേവനത്തിനിടയാണ് ലിനി രോഗബാധിതയായി മരണപ്പെടുന്നത്. ആരോഗ്യമേഖലയുടെ സേവനസന്നദ്ധതയുടെയും അർപ്പണ മനോഭാവത്തിൻ്റെയും പ്രതീകമാണ് ലിനി.ലിനിയെക്കുറിച്ചുള്ള ഓർമ്മകള്‍ എപ്പോഴും വേദനിപ്പിക്കുന്ന അനുഭവമാണ്. ഇതേ സമയം തന്നെ ത്യാഗത്തിന്റെ പ്രതീകം ആയിട്ടുള്ള ലിനി ഈ നാടിൻ്റെ അഭിമാനമാണെന്ന് ശൈലജ ഫേസ് ബുക്കില്‍ കുറിച്ചു.
കെ കെ ശൈലജ ഫേസ് ബുക്കില്‍ കുറിച്ചത്
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ നിവാസികളോടും പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. ഒട്ടേറെ ഓർമ്മകളുണർത്തുന്ന സന്ദർശനമായിരുന്നു അത്. നിപ്പ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പി കട എന്ന കൊച്ചു പ്രദേശത്താണ്. തൊട്ടടുത്തുള്ള ആശുപത്രി എന്ന നിലയിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലായിരുന്നു രോഗബാധിതരെ ആദ്യമായി ചികിത്സിച്ചത്.
രോഗീപരിചരണത്തിനിടെയാണ് പ്രിയ ലിനിക്ക് നിപ വൈറസ് ബാധ ഉണ്ടായത്. ആതുരസേവനത്തിനിടയാണ് ലിനി രോഗബാധിതയായി മരണപ്പെടുന്നത്. ആരോഗ്യമേഖലയുടെ സേവനസന്നദ്ധതയുടെയും അർപ്പണ മനോഭാവത്തിൻ്റെയും പ്രതീകമാണ് ലിനി. ലിനിയെക്കുറിച്ചുള്ള ഓർമ്മകൾ എപ്പോഴും വേദനിപ്പിക്കുന്ന അനുഭവമാണ്. ഇതേ സമയം തന്നെ ത്യാഗത്തിന്റെ പ്രതീകം ആയിട്ടുള്ള ലിനി ഈ നാടിൻ്റെ അഭിമാനമാണ്.
Recent Comments